Monday, September 5, 2011

അവാര്‍ഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുമെന്ന് മന്ത്രി അബ്ദുറബ്


 06 Sep 2011
മലപ്പുറം: സംസ്ഥാന അധ്യാപക അവാര്‍ഡ് നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുമെന്നും അവാര്‍ഡ്തുക ഉയര്‍ത്തുമെന്നും മന്ത്രി പി.കെ. അബ്ദുറബ് പറഞ്ഞു. ദേശീയ അധ്യാപകദിനത്തിന്റെ സുവര്‍ണജൂബിലി ആഘോഷവും സംസ്ഥാന അധ്യാപക അവാര്‍ഡ് വിതരണവും ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.


അവാര്‍ഡിനായി അധ്യാപകര്‍ അപേക്ഷിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇതിനുപകരം മികച്ച അധ്യാപകരെ കണ്ടെത്താന്‍ മറ്റുമാര്‍ഗങ്ങള്‍ സ്വീകരിക്കും. ഇപ്പോള്‍ 5000 രൂപയായ അവാര്‍ഡ് തുക കാലാനുസൃതമായി പരിഷ്‌കരിക്കും. അവാര്‍ഡ് ലഭിക്കുന്ന അധ്യാപകര്‍ക്ക് സര്‍വീസുമായി ബന്ധപ്പെട്ട് എന്തെങ്കിലും നേട്ടം ലഭ്യമാക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കും. സംതൃപ്ത അധ്യാപക സമൂഹമാണ് ലക്ഷ്യമെന്നും അതുവഴി പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുകയാണ് ഉദ്ദേശ്യമെന്നും മന്ത്രി വ്യക്തമാക്കി.


ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം, നന്നായി പ്രവര്‍ത്തിക്കുന്ന അധ്യാപക രക്ഷാകര്‍തൃസമിതിക്കുള്ള അവാര്‍ഡ് തുക വര്‍ധിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസരംഗത്ത് സമൂലമാറ്റങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നതെന്നും പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ അധ്യാപകരുടെ ഭാഗത്തുനിന്ന് കൂട്ടായ ശ്രമം ഉയരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


പ്രൈമറി, സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി 42 പേര്‍ക്ക് മന്ത്രി അവാര്‍ഡുകള്‍ വിതരണംചെയ്തു.


മികച്ച പി.ടി.എയായി തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകള്‍ക്കും അവാര്‍ഡും ട്രോഫിയും നല്‍കി. സെക്കന്‍ഡറി വിഭാഗത്തില്‍ ഇടുക്കി വെള്ളാരംകുന്ന് സെന്റ് മേരീസ് എച്ച്.എസ്.എസ്സിനാണ് 2.5 ലക്ഷംരൂപയും സി.എച്ച്. മുഹമ്മദ്‌കോയ എവര്‍റോളിങ് ട്രോഫിയും ലഭിച്ചത്. കാസര്‍കോട് ഉദിനൂര്‍ ജി.എച്ച്.എസ്.എസ് സ്‌കൂള്‍ പി.ടി.എ രണ്ടാംസ്ഥാനവും(രണ്ടുലക്ഷം) സെന്റ് ഗൊരേത്തി എച്ച്.എസ്.എസ് കൊല്ലം മൂന്നാംസ്ഥാനവും (ഒന്നരലക്ഷം) തിരുവനന്തപുരം വെള്ളനാട് ജി.എച്ച്.എസ്.എസ് നാലാംസ്ഥാനവും (ഒരുലക്ഷം) പത്തനംതിട്ട കോഴഞ്ചേരി സെന്റ് തോമസ് എച്ച്.എസ്.എസ് അഞ്ചാംസ്ഥാനവും (50,000) നേടി.


പ്രൈമറി വിഭാഗത്തില്‍ തിരുവനന്തപുരം മണക്കാട് ഗവ. ടി.ടി.ഐക്കാണ് ഒന്നാംസ്ഥാനവും എവര്‍റോളിങ് ട്രോഫിയും. കോഴിക്കോട് പുതിയറ ബി.ഇ.എം.യു.പി സ്‌കൂള്‍, വയനാട് വാരമ്പറ്റ ഗവ. യു.പി.എസ്, മലപ്പുറം പെരിന്തല്‍മണ്ണ ജി.എം.എല്‍.പി.എസ്, കൊല്ലം പട്ടത്താനം ഗവ. എസ്.എന്‍.ഡി.പി.യു.പി.എസ് എന്നീ സ്‌കൂളുകള്‍ യഥാക്രമം രണ്ടുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങള്‍ നേടി.


പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് സര്‍ഗാത്മക സാഹിത്യത്തില്‍ വയനാട് കണിയാമ്പറ്റ ഗവ. എച്ച്.എസ്.എ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ ഷാജിക്കും വൈജ്ഞാനിക സാഹിത്യത്തില്‍ ചിറയ്ക്കല്‍ രാജാസ് എച്ച്.എസ്സിലെ ഡോ. എ.എസ്. പ്രശാന്ത്കൃഷ്ണനും ബാലസാഹിത്യത്തില്‍ മലപ്പുറം വാഴക്കാട് ചെറുവട്ടൂര്‍ എം.ഐ.എ.എം.യു.പി സ്‌കൂളിലെ അഷറഫ് കാവിലിനും സമ്മാനിച്ചു.


ചടങ്ങില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു. അധ്യാപക കലാമത്സര വിജയികള്‍ക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് അവാര്‍ഡുകള്‍ നല്‍കി. ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, എസ്.എസ്.എ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ ഡോ. കെ.എം. രാമാനന്ദന്‍, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ ജോണി കെ. ജോണ്‍, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ പ്രൊഫ. കെ.എ. ഹാഷിം, ഐ.ടി അറ്റ് സ്‌കൂള്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത്, ജില്ലാപഞ്ചായത്ത് വൈസ്​പ്രസിഡന്റ് പി.കെ. കുഞ്ഞു, മലപ്പുറം നഗരസഭാ ചെയര്‍മാന്‍ കെ.പി. മുസ്തഫ, ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ജല്‍സീമിയ, വികസനകാര്യ സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്‍ സക്കീന പുല്‍പ്പാടന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്‍ വനജ, നഗരസഭ വൈസ്‌ചെയര്‍പേഴ്‌സണ്‍ കെ.എം. ഗിരിജ തുടങ്ങിയവര്‍ സംബന്ധിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്‍ സ്വാഗതവും മലപ്പുറം ഡി.ഡി.ഇ കെ.സി. ഗോപി നന്ദിയും പറഞ്ഞുനിര്‍ധന വിദ്യാര്‍ഥികള്‍ക്ക് വീടൊരുക്കിയ അധ്യാപകന് അംഗീകാരപ്പെരുമ


രാജപുരം: നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് വീടൊരുക്കാന്‍ മുന്‍നിന്നു പ്രവര്‍ത്തിച്ച അധ്യാപകന് സംസ്ഥാന അധ്യാപക അവാര്‍ഡ്. രാജപുരം സ്വദേശിയും കോട്ടയം കൈപ്പുഴ സെന്റ് ജോര്‍ജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലുമായ പി എ ബാബുവിനാണ് അംഗീകാരം. സ്കൂളിലെ വിദ്യാര്‍ഥികളുടെ ഭവന സന്ദര്‍ശനത്തിനിടെയാണ് വീടില്ലാതെ വലയുന്ന പട്ടിക വിഭാഗത്തില്‍പെട്ട ശ്രുതി മോളുടെ ദയനീയാവസ്ഥ ഇദ്ദേഹം മനസ്സിലാക്കിയത്. തുടര്‍ന്ന് ബാബു ജീവനക്കാരുടെയും പിടിഎയുടെയും യോഗം വിളിച്ച് കുട്ടിയുടെ കുടുംബത്തിന് വീട് പണിയാനുള്ള സൗകര്യമൊരുക്കുകയായിരുന്നു. പിന്നീട് ഇത്തരത്തില്‍ വീടില്ലാത്ത മൂന്ന് പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കുകൂടി വീട് നിര്‍മിച്ചുനല്‍കി. വീടില്ലാതെ കഷ്ടപ്പെടുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി ഓരോ വര്‍ഷവും ഓരോ വീടെന്ന ആശയം നടപ്പാക്കുകയാണ് ബാബുവിന്റെ നേതൃത്വത്തില്‍ . കൂലിപ്പണിക്കാരായ രക്ഷിതാക്കള്‍ക്ക് പിടിഎ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ലെന്ന് മനസ്സിലാക്കി കോളനികളില്‍ രാത്രി രക്ഷാകര്‍തൃ യോഗം വിളിച്ചു. കാര്‍ഷിക വൃത്തിയിലേക്ക് കുട്ടികളെയും സമൂഹത്തേയും ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ കൈപ്പുഴ സെന്റ് ജോര്‍ജ് സ്കൂളിലും പരിസരത്തും പച്ചക്കറി കൃഷിയും രണ്ടര ഏക്കര്‍ പാടത്ത് നെല്‍കൃഷിയും ചെയ്യുന്നുണ്ട്. സ്കൂളിനോട് ചേര്‍ന്ന് ഒന്നരയേക്കര്‍ സ്ഥലത്ത് കരനെല്ല് കൃഷിയും ചെയ്യുന്നുണ്ട്. എസ്എസ്എല്‍സി പരീക്ഷക്ക് 100 ശതമാനമാണ് സ്കൂളിന്റെ വിജയം. സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഉച്ചഭക്ഷണം നല്‍കുന്നതും ബാബുവിന്റെ ആശയമാണ്. കുറുപ്പന്തുറ സെന്റ് തോമസ് എല്‍പി സ്കൂള്‍ അധ്യാപിക ജെസിയാണ് ഭാര്യ. രഹ്ന, റൂബിള്‍ , പ്രിയ എന്നിവരാണ് മക്കള്‍ .
വിദ്യാഭ്യാസ പാക്കേജ് ഒരു മാസത്തിനകം- മന്ത്രി
മലപ്പുറം: വിദ്യാഭ്യാസ പാക്കേജ് ഒരു മാസത്തിനകം പ്രഖ്യാപിക്കുമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ്. എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപക നിയമനം സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമാകുമെന്നും മന്ത്രി മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ പാക്കേജ് പ്രഖ്യാപിക്കൂ. പ്രഖ്യാപിക്കുമ്പോള്‍ കുറ്റമറ്റ രീതിയിലായിരിക്കണമെന്നുള്ളതിനാലാണിത്. അധ്യാപക സംഘടനാ നേതാക്കളുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാലിക്കറ്റ് സര്‍വകലാശാലയുടെ നാമനിര്‍ദ്ദേശ സിന്‍ഡിക്കേറ്റിന്റെ കാര്യത്തില്‍ ചൊവ്വാഴ്ചയോടെ തീരുമാനമാകുമെന്നും മന്ത്രി വെളിപ്പെടുത്തി.
കൃഷി പാഠം പഠിക്കാന്‍ സൗജന്യ വിത്ത്






മധൂര്‍: വീട്ടുവളപ്പില്‍ കൃഷി ചെയ്യുന്നതിന് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പച്ചക്കറി വിത്ത്.സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി മധൂര്‍ കൃഷി ഭവനാണ് പരിപാടി സംഘടിപ്പിച്ചത്. ഷിരിബാഗിലു ഗവ:വെല്‍ഫെയര്‍ യു.പി. സ്‌ക്കൂളില്‍ വിത്ത് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവ ഉദ്ഘാടനം ചെയ്തു.കൃഷി ഓഫീസര്‍ അനിത കെ.മേനോന്‍ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജാത ശ്യാംഭോഗ്, ഗോപാല കൃഷ്ണ, ഷാഫി പുളിക്കൂര്‍, മുഹമ്മദ് ഹബീബ്, പ്രഭാശങ്കര്‍, എസ്.ലീലാമണി, പി.രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
ഓണസ്മൃതികളുണര്‍ത്തി ബാനം സ്‌കൂളിലെ 'ചിറ്റാട'
വെള്ളരിക്കുണ്ട്: ''ചിറ്റാടയുണ്ടു ഞാന്‍ തെട്ടകം തന്നുള്ളില്‍ മറ്റാരും കാണാതെ വച്ചുപോന്നു''


കൃഷ്ണഗാഥയിലെ വൈകാരികസ്​പര്‍ശമുള്ള വരികളിലുള്ള ചിറ്റാട ബാനം ഗവണ്‍മെന്റ് യു.പി.സ്‌കൂളിലെ കുട്ടികളുടെ കൈയില്‍ മറ്റൊരു രൂപത്തിലെത്തുകയാണ്. സ്വര്‍ണക്കസവുള്ള കോടിമുണ്ടായ ചിറ്റാടയല്ല, കുരുന്നുമനസ്സുകളിലെ അനുഭവങ്ങളുടെ അക്ഷരക്കൂട്ടുകളാണ് ഇതില്‍ നിറയെ.


കുട്ടികളുടെ ഓണാനുഭവങ്ങളും വായനക്കുറിപ്പുകളും ഓണക്കവിതകളും യാത്രാനുഭവങ്ങളും നിറഞ്ഞ ചിറ്റാട' കഴിഞ്ഞദിവസം പുറത്തിറങ്ങി.
ഏഴാം തരത്തിലെ കെ.അര്‍ച്ചന എഡിറ്ററായുള്ള എഡിറ്റോറിയല്‍ ബോര്‍ഡാണ് ഓണപ്പതിപ്പ് പുറത്തിറക്കിയത്. കുട്ടികളായ എന്‍.അര്‍ജുന്‍, കെ.ബ്രിജേഷ്, കെ.എം.ശ്രുതി, ഹൃത്വിക് രാജ്, എം.ശരണ്യ, അധ്യാപകരായ എം.വി.കമലാക്ഷന്‍, സ്മിത ആനന്ദ്, പ്രധാനാധ്യാപകന്‍ കെ.ബാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഒന്നാം തരത്തിലെ ശ്രീജിതയുടെ കൂട്ടുകൃഷി എന്ന കവിത മുതല്‍ ജപ്പാന്‍ സാഹിത്യകാരനായ മസനോബു ഫുക്കുവോക്കയുടെ ഒറ്റവൈക്കോല്‍ വിപ്ലവമെന്ന പുസ്തകത്തെക്കുറിച്ച് 7-ാം തരത്തിലെ അര്‍ജുന്‍ എഴുതിയ വായനക്കുറിപ്പുവരെ ഓണപ്പതിപ്പിലുണ്ട്. പ്രകാശനകര്‍മം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാനം കൃഷ്ണന്‍ നിര്‍വ്വഹിച്ചു. കെ.എന്‍.ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. കെ.കെ.കുഞ്ഞിരാമന്‍, ബി.കൃഷ്ണന്‍, കെ.എം.ഷാഫി, വി.ലീല, ടി.ദിനേശ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ.അര്‍ച്ചന പതിപ്പിനെക്കുറിച്ച് വിവരണം നടത്തി. കെ.ബാലന്‍ സ്വാഗതവും എം.വി.കമലാക്ഷന്‍ നന്ദിയും പറഞ്ഞു. '
ഫിലിം ഫെസ്റ്റ്


ഉദിനൂര്‍: ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സാഹിത്യക്ലബിന്റെ നേതൃത്വത്തില്‍ ഫിലിം ഫെസ്റ്റ് നടത്തി. പടന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.സി. ബാലകൃഷ്ണന്‍ അധ്യക്ഷനായി. പി. പ്രേമചന്ദ്രന്‍ സിനിമാ ആസ്വാദനത്തെ കുറിച്ച് ക്ലാസെടുത്തു. പി.വി. അജിതകുമാരി, വി.ടി. അശ്വിന്‍ എന്നിവര്‍ സംസാരിച്ചു. പഥേര്‍ പാഞ്ചാലി, ബഷീര്‍ ദ മാന്‍, ദി കിഡ് എന്നി സിനിമകളും ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിച്ചു.
വിദ്യാഭ്യാസ പാക്കേജ്: കെ.എസ്.ടി.എ വാദം നിരര്‍ഥകം - അധ്യാപകസമിതി


മലപ്പുറം: യു.ഡി.എഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ പാക്കേജ് എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാരെ സഹായിക്കാനെന്ന കെ.എസ്.ടി.എയുടെ വാദം നിരര്‍ഥകമാണെന്ന് സംയുക്ത അധ്യാപകസമിതി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ചുവര്‍ഷം നിയമനാംഗീകാരവും ശമ്പളവുമില്ലാതെ ജോലിചെയ്ത നൂറുകണക്കിന് അധ്യാപകരുടെയും 97ല്‍ സര്‍വീസില്‍ വന്ന് പുറത്തുപോയ നാലായിരത്തി അഞ്ഞൂറുപേരടക്കം 10503 അധ്യാപകരും അവരുടെ കുടുംബവുമാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ പാക്കേജ്മൂലം രക്ഷപ്പെട്ടത് - യോഗം അഭിപ്രായപ്പെട്ടു.


ചെയര്‍മാന്‍ പി. ഹരിഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍കണ്‍വീനര്‍ എ.കെ. സൈനുദ്ദീന്‍ സ്വാഗതം പറഞ്ഞു. കെ.എസ്.ടി.യു പ്രസിഡന്റ് സി.പി. ചെറിയമുഹമ്മദ് യോഗം ഉദ്ഘാടനംചെയ്തു. ജെ. ശശി, എം. സലാഹുദ്ദീന്‍. എ.കെ. അബ്ദുസ്സമദ്, സിറിയക് കാവില്‍, എ. മുഹമ്മദ്, കെ. മോയിന്‍കുട്ടി, വി.കെ. മൂസ്സ, കെ. ജയകൃഷ്ണന്‍, ജോര്‍ജ് കുളത്തൂര്‍, സി.കെ. അഹമ്മദ്കുട്ടി, ബഷീര്‍ ചെറിയാണ്ടി, വി.കെ. ഹംസ, ഷാജു പുത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
പൂര്‍വ്വാധ്യാപകര്‍ ഒത്തുചേര്‍ന്നു; പുതിയ തലമുറയുമായി സംവദിക്കാന്‍...


എടവണ്ണ: പോയകാല ഗുരുക്കന്മാരും പുതുതലമുറ അധ്യാപകരും വിദ്യാര്‍ഥികളും ഒത്തുചേര്‍ന്നപ്പോള്‍ അത് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വേദിയായി. അന്ന് വടിയെടുത്തവരും ഇന്ന് വടിയെടുക്കാത്തവരും പൊതുവെ ഒരുകാര്യമാണ് അഭിപ്രായപ്പെട്ടത്- വിദ്യാഭ്യാസ രംഗത്ത് മൂല്യചുതി വന്നിട്ടുണ്ടെങ്കിലും മാറ്റങ്ങള്‍ കാലത്തിന്റെ പ്രത്യേകതയാണെന്ന്. ഒരുകാര്യത്തില്‍ മാത്രം ആര്‍ക്കും തര്‍ക്കമുണ്ടായിരുന്നില്ല, വിദ്യാര്‍ഥികള്‍ക്കുപോലും - വിരല്‍തുമ്പിലെത്തി നില്‍ക്കുന്ന വിജ്ഞാന വിസ്‌ഫോടന കാലത്തും അധ്യാപകര്‍ പ്രിയപ്പെട്ടവര്‍തന്നെ. അധ്യാപകരുടെ പ്രാധാന്യം ഒട്ടും കുറയുന്നില്ലെന്ന കാഴ്ചപ്പാടിനെ വിദ്യാര്‍ഥികളും ശരിവെച്ചു.


എടവണ്ണ എംപ്ലോയീസ് കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ഒത്തുചേരല്‍ സംഘടിപ്പിച്ചത്. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി. മുഹമ്മദ്ഹാജി ഉദ്ഘാടനം ചെയ്തു. റിട്ടയേര്‍ഡ് ഡി.ഇ.ഒ കെ.എം.എ. റഹ്മാന്‍ അധ്യക്ഷതവഹിച്ചു. എക്കോ എജ്യുക്കേഷണല്‍ കോംപ്ലക്‌സ് പ്ലസ് വണ്‍ കെട്ടിട ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു.


സപ്തതി പിന്നിട്ട 15 അധ്യാപകര്‍ ചടങ്ങില്‍ പങ്കെടുത്തു. സുലൈമാന്‍ മദനി, പറമ്പന്‍ മുഹമ്മദ്ഹാജി എന്നിവര്‍ ഉപഹാരസമര്‍പ്പണം നടത്തി. ഡോ. വി. കുഞ്ഞാലി അധ്യാപകദിന സന്ദേശം നല്‍കി. പഞ്ചായത്ത് വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എ.അഹമ്മദ്കുട്ടി, വി.പി.ലുഖ്മാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ടി.പി.റഹൂഫ് സ്വാഗതവും അധ്യാപകന്‍ ഷാഫി നന്ദിയും പറഞ്ഞു.
വരയനുഭവങ്ങള്‍ കുരുന്നുകള്‍ക്ക് പകര്‍ന്ന് ടോംസ്
മലപ്പുറം: പ്രായഭേദമെന്യേ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുംചെയ്ത 'ബോബനും മോളിയും' ഒരിക്കല്‍ക്കൂടി കാന്‍വാസില്‍ തെളിഞ്ഞപ്പോള്‍ കുട്ടികളടങ്ങിയ സദസ്സ് ആവേശത്തിലായി. ഐ.ടി അറ്റ് സ്‌കൂള്‍ മലപ്പുറത്ത് സംഘടിപ്പിച്ച സൗജന്യ ആനിമേഷന്‍ പരിശീലന പദ്ധതിയില്‍ കുട്ടികളുടെ ഡി.വി.ഡി പ്രകാശനംചെയ്യാനും ക്ലാസെടുക്കാനുമായി എത്തിയതായിരുന്നു 'ബോബന്റെയും മോളിയു'ടെയും സ്വന്തം ടോംസ്. ആനിമേഷന്‍ പഠിക്കുന്നതിനുമുമ്പ് ചിത്രരചന പഠിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ട്ടൂണിസ്റ്റാകണമെങ്കില്‍ അര്‍പ്പണമനോഭാവവും കല്ലേറുകൊള്ളാനുള്ള മനസ്സാന്നിധ്യവും വേണം. വരച്ച കാര്‍ട്ടൂണുകളുടെ പേരില്‍ സുപ്രീംകോടതിവരെ കയറിയ അനുഭവങ്ങള്‍ അദ്ദേഹം വിവരിച്ചു. ബോബനെയും മോളിയെയും കൂടെ അവരുടെ പൂച്ചക്കുട്ടിയെയും വരച്ചുകൊണ്ടാണ് ക്ലാസ് തുടങ്ങിയത്. കാര്‍ട്ടൂണ്‍വരയുടെ ചില പ്രാഥമിക പാഠങ്ങള്‍ അദ്ദേഹം പകര്‍ന്നുനല്‍കി.
'കുട്ടിക്കൂടാരം' നാടകശില്‌പശാല തുടങ്ങി

ചാവക്കാട്: മുല്ലശ്ശേരി ബി.ആര്‍.സി. സര്‍വ്വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ത്രിദിന നാടകക്കളരി ചലച്ചിത്രതാരം ശിവജി ഗുരുവായൂര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഭിനി ശശി അധ്യക്ഷയായി. മുല്ലശ്ശേരി ബിപിഒ എന്‍.എ. സ്‌കന്ദകുമാര്‍, അഷറഫ് തങ്ങള്‍, ട്രെയിനര്‍ എം. സല്‍മാബി എന്നിവര്‍ പ്രസംഗിച്ചു. തൃശ്ശൂര്‍ എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ മേജോ ബ്രൈറ്റ് പദ്ധതി വിശദീകരിച്ചു. അഭിനയശേഷി, സര്‍ഗ്ഗാത്മകത, വ്യക്തിത്വവികാസം, ഭാവനാശേഷി എന്നിവ വികസിപ്പിക്കുന്നതിനായാണ് ത്രിദിനശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്.



















No comments: