Wednesday, September 21, 2011

വായന പ്രോത്സാഹിപ്പിക്കാന്‍ പുസ്തകസഞ്ചികള്‍

 22 Sep 2011


കോലഞ്ചേരി: വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോലഞ്ചേരി ഉപജില്ലയിലെ പ്രൈമറി ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പുസ്തക സഞ്ചിവിതരണം ചെയ്തു. ഉപജില്ലയിലെ ടീച്ചേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ബി.ആര്‍.സി.യുടെയും ഹെഡ്മാസ്റ്റേഴ്‌സ് ഫോറത്തിന്റെയും സഹകരണത്തോടെയാണ് പുസ്തകസഞ്ചി വിതരണം ചെയ്തത്. ഒരു ഡിവിഷന് ഒരു സഞ്ചി എന്ന നിരക്കില്‍ 200ഓളം ഡിവിഷനുകള്‍ക്ക് പുസ്തകങ്ങള്‍ നല്‍കി. 41സ്‌കൂളുകളിലായി അയ്യായിരത്തോളം പുസ്തകങ്ങളാണ് വിതരണം നടത്തിയത്. സഞ്ചിയിലെ പുസ്തകം വീട്ടില്‍ കൊണ്ടുപോയി വായിച്ച് തിരികെ ഏല്പിക്കാം. കുറിപ്പുതയ്യാറാക്കലും സമ്മാനവിതരണവും പദ്ധതിയുടെ തുടര്‍ പരിപാടിയായിരിക്കും. ടീച്ചേഴ്‌സ് ക്ലബ്ബ് പ്രസിഡണ്ട് ടി.വി. പീറ്ററിന്റെ അധ്യക്ഷതയില്‍ വി.പി. സജീന്ദ്രന്‍ എം.എല്‍.എ. പുസ്തകസഞ്ചി വിതരണം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. അയ്യപ്പന്‍കുട്ടി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ധനുജദേവരാജന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എം.എസ്. രാജി, രമാസാജൂ, നിബു കെ. കുര്യാക്കോസ്, ഷൈല നൗഷാദ്, ഏലിയാമ്മ ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി അലക്‌സ്, ബിനീഷ് പുല്യാട്ടേല്‍, ശശിധരന്‍ വെണ്ണ്യാര്‍വീട്ടില്‍, സന്തോഷ് പി. പ്രഭാകര്‍, ടി.എസ്. രാമകൃഷ്ണന്‍, സി.ഡി. പത്മാവതി, എം.പി. പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.

കുട്ടികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സമഗ്രപദ്ധതി

പത്തനംതിട്ട: ജില്ലയില്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറിതലം വരെയുളള വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ കൗണ്‍സിലിങും മറ്റ് സഹായങ്ങളും നല്‍കുന്നതിനും ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കി അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമുളള പദ്ധതിക്ക് ജില്ലയില്‍ തുടക്കമാകുന്നു. സ്ക്കൂള്‍ അധിക്യതരുടേയും, അധ്യപക രക്ഷകര്‍തൃ സംഘടനകളുടേയും പൊതുസമൂഹത്തിന്റേയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും സഹകരണത്തോടെയാണ് പദ്ധതി. ചൈല്‍ഡ് ഡെവലപ്പ്മെന്റ് സെന്ററിന്റെ ഡയറക്ടര്‍ ഡോ . എം കെ സി നായര്‍ ആണ് ഇതിനുവേണ്ട സാങ്കേതിക ഉപദേശങ്ങള്‍ നല്‍കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നവംബര്‍ 14 ന് നടത്തും. പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുളള ക്ലാസുകളിലെ പ്രവര്‍ത്തനങ്ങള്‍ സര്‍വശിക്ഷാ അഭിയാനും ഒന്‍പത് പത്ത് ക്ലാസുകളിലേത് ജില്ലാപഞ്ചായത്തും ഹയര്‍ സെക്കണ്ടറി തലത്തിലേത് ചൈല്‍ഡ് ഡെവലപ്പ്മെന്റ് സെന്ററും ഏറ്റെടുത്ത് നടത്തും. യോഗത്തില്‍ ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പഴകുളം മധു, കലക്ടര്‍ പി വേണുഗോപാല്‍ ഡിഎംഒ ഡോ. ലൈലാ ദിവാകര്‍ , വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി പി ശിവരാമന്‍ , എന്‍ആര്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി എന്‍ വിദ്യാധരന്‍ , ആലപ്പുഴ മെഡിക്കല്‍ കോളജിലെ അസ്സോസിയേറ്റ് പ്രൊഫ. ഡോ. നിഷ എന്നിവര്‍ സംസാരിച്ചു.

പരിശീലകരാകാന്‍ അധ്യാപകര്‍ക്ക് വൈമുഖ്യം


കാഞ്ഞങ്ങാട്: അധ്യാപകരുടെ പ്രതിമാസ ക്ലസ്റ്റര്‍ പരിശീലനം ദുര്‍ബലമാവുന്നു. പരിശീലനം നല്‍കേണ്ട അധ്യാപകര്‍ (റിസോഴ്‌സ് പേഴ്‌സണ്‍) ജോലി ഏറ്റെടുക്കാന്‍ തയ്യാറാകാത്തതിനാല്‍ പരിശീലനം പലപ്പോഴും കൃത്യമായിനടത്താന്‍ വകുപ്പധികാരികള്‍ക്ക് കഴിയുന്നില്ല. ശനിയാഴ്ചകളിലാണ് ക്ലസ്റ്റര്‍ പരിശീലനം നടക്കുന്നത്. പരിശീലകര്‍ക്ക് 200 രൂപയും പങ്കെടുക്കുന്ന അധ്യാപകര്‍ക്ക് 100രൂപയും മെസ്സ് അലവന്‍സായി എസ്.എസ്.എ. ഫണ്ടില്‍നിന്ന് ബി.പി.ഒ. (ബ്ലോക്ക് പ്രോജക്ട്ഓഫീസര്‍) നല്‍കുന്നുണ്ട്.എന്നാല്‍ അവധിദിവസമാകുന്നതിനാലും റിസോഴ്‌സ് പേഴ്‌സണ്‍ ആകുമ്പോള്‍ അധികതയ്യാറെടുപ്പുകള്‍ വേണ്ടിവരുന്നതിനാലും പലരും പരിശീലനത്തില്‍ പങ്കെടുക്കാതെ ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നതെന്ന് അധികാരികള്‍ പറയുന്നു.


ബേക്കല്‍ ഉപജില്ലയിലെ പ്രധാനാധ്യാപകരോട് പരിശീലകരാകാന്‍ താത്പര്യമുള്ള അധ്യാപകരുടെ വിവരങ്ങള്‍ ബി.പി.ഒ.വിന് നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ഒരധ്യാപകന്റെ പേരുപോലും ലഭിച്ചില്ല. അതേത്തുടര്‍ന്ന് മുന്‍കാലങ്ങളില്‍ ഒരുതവണയെങ്കിലും പരിശീലനംനല്‍കിയവരോട് പരിശീലനംനല്‍കാന്‍ തയ്യാറാവണമെന്ന് ബി.പി.ഒ. ആവശ്യപ്പെട്ടിരിക്കുകയാണ്.


ചെറുവത്തൂര്‍ ഉപജില്ല, കണ്ണൂര്‍ജില്ല തുടങ്ങിയ സ്ഥലങ്ങളില്‍ ക്ലസ്റ്റര്‍ പരിശീലനം തൃപ്തികരമായി നടക്കുന്നുണ്ട്. എന്നാല്‍ പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞുവരുന്ന ബേക്കല്‍, കാസര്‍കോട് പ്രദേശങ്ങളില്‍ അധ്യാപകപരിശീലനത്തില്‍ മാന്ദ്യം അനുഭവപ്പെടുന്നത് ഇവിടങ്ങളിലെ വിദ്യാഭ്യാസരംഗത്തെ തകര്‍ച്ചയ്ക്ക് വഴിവെക്കുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.


അതേസമയം ക്ലസ്റ്ററുകളിലെ ക്ലാസുകള്‍ ഫലപ്രദമല്ലാത്തതാണ് പരിശീലനത്തിന് പങ്കെടുക്കുന്നതില്‍ വിമുഖതകൂടാന്‍ കാരണമെന്ന് അധ്യാപകര്‍പറയുന്നു. മുന്‍മാസങ്ങളിലെ അവലോകനങ്ങളും വരുംമാസത്തെ ആസൂത്രണങ്ങളും ക്ലസ്റ്ററുകളില്‍ നടക്കാറില്ല. കേവലം ചടങ്ങുകള്‍പോലെ നടക്കുന്ന പരിപാടിയില്‍നിന്ന് മാറി ഫലപ്രദമായ ക്ലാസുകള്‍ സംഘടിപ്പിച്ചാല്‍ പൂര്‍ണപങ്കാളിത്തം പരിശീലനങ്ങളില്‍ ഉറപ്പുവരുത്താമെന്നും ഇവര്‍ പറയുന്നു.
യുപി സ്കൂളുകളിലെ കംപ്യൂട്ടര്‍ പഠനം അവതാളത്തില്‍


കല്‍പ്പറ്റ: പ്രാഥമിക തലം മുതല്‍ തന്നെ ഈ വര്‍ഷത്തെ പാഠ്യപദ്ധതിയില്‍ കംപ്യൂട്ടര്‍ പഠനം ഉള്‍പ്പെടുത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്വാക്കായി. ടെക്സ്റ്റ് ബുക്കില്ലാത്തതും അധ്യാപകരെനിയമിക്കാത്തതുമാണ് എല്‍പി, യു പി സ്കൂളുകളിലെ കംപ്യുട്ടര്‍ പഠനം അനിശ്ചിത്വത്തിലാക്കിയത്. ഇതോടെ സ്കൂളുകളില്‍ സ്ഥാപിച്ച നൂറ് കണക്കിന് കമ്പ്യൂട്ടറുകള്‍ ഉപയോഗ ശൂന്യമായി. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റടുത്ത ഉടന്‍ എല്‍പി, യു പി സ്കൂളുകളില്‍ കംപ്യുട്ടര്‍ പഠനം നിര്‍ബന്ധമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തീരുമാനം നടപ്പായിട്ടില്ല. മുന്‍ സര്‍ക്കാറിന്റെ കാലത്ത് തന്നെ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കംപ്യൂട്ടറുകള്‍ അനുവദിച്ചിരുന്നു. സര്‍ക്കാര്‍ , എയ്ഡഡ് സ്കൂളുകളിലെല്ലാം ആവശ്യത്തിലധികം കംപ്യൂട്ടറുകള്‍ വാങ്ങി കൂട്ടുകയും ചെയ്തു. ജില്ലയിലെ 38 യുപി സ്കൂളുകളില്‍ പത്ത് വീതം കംപ്യൂട്ടറുകള്‍ ഉണ്ട്. 91 സര്‍ക്കാര്‍ ജിഎല്‍പി സ്കൂളുകളിലാകട്ടെ ഒരോ കംപ്യൂട്ടറുകളും ഉണ്ട്. എന്നാല്‍ കംപ്യൂട്ടറിന് ഒരു പിരിയഡ് നിര്‍ബന്ധമാക്കാത്തതിനാലാണ് പഠനം തടസപ്പെടുന്നത്. കംപ്യൂട്ടര്‍ പഠിപ്പിക്കാന്‍ യോഗ്യതയുള്ള അധ്യാപകരുടെ അഭാവവും പഠനം മുടങ്ങാന്‍ കാരണമാകുന്നുണ്ട്. യുപി വിഭാഗത്തില്‍ വര്‍ക്ക് എക്സ്പീരിയന്‍സ് പിരിയഡിലാണ് ചില സ്കൂളുകളില്‍ കംപ്യൂട്ടര്‍ ലാബില്‍ കുട്ടികളെ കയറ്റുന്നത്. എന്നാല്‍ വേണ്ട നിര്‍ദേശം ഇല്ലാത്തതിനാല്‍ കുട്ടികള്‍ക്ക് കംപ്യൂട്ടര്‍ ഉപയോഗപ്പെടുന്നില്ല. ഹൈസ്കൂളുകളില്‍ ആധുനികസൗകര്യങ്ങളോടെയുള്ള ലബോറട്ടറികള്‍ ഉണ്ടെങ്കിലും കംപ്യൂട്ടര്‍ പഠനം വേണ്ടത്ര ഫല പ്രദമല്ലെന്ന് വിമര്‍ശനമുണ്ട്.ഹൈസ്കൂളുകളില്‍ എട്ട് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ രണ്ട് പിരിയഡ് തിയറി ക്ലാസും രണ്ട്പിരിയഡ് പ്രാക്ടിക്കല്‍ ക്ലാസും ഉണ്ട്. പത്താം ക്ലാസില്‍ ഐടി പരീക്ഷയുമുണ്ട്. ഓരോ ഹൈസ്കൂളിലും 50 നടുത്ത് കംപ്യൂട്ടറുകളുമുണ്ട്. പുതിയ സാങ്കേതികവിദ്യ അതിവേഗം പുരോഗതി പ്രാപിക്കുന്ന ഈകാലഘട്ടത്തില്‍ കൂടുതല്‍ പിരിയഡുകള്‍ നല്‍കി സാങ്കേതിക വിദ്യ പാഠ്യ പദ്ധതിയില്‍ ഉപയോഗിക്കണമെന്ന അഭിപ്രായം ഉയരുന്നുണ്ട്. ഹൈസ്കൂളുകളില്‍ പാഠ്യ പദ്ധതി കംപ്യൂട്ടര്‍ ഉപയോഗിച്ച് പഠിപ്പിക്കാനാണ് നിര്‍ദേശം. ഇതും ഭൂരിഭാഗം സ്കൂളുകളിലും നടപ്പാക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. ഹൈസ്കൂളുകളില്‍ കംപ്യൂട്ടറിന് പുറമേ ലാപ്ടോപ്, ഹാന്‍ഡി ക്യാമറ,സ്റ്റില്‍ ക്യാമറ, പെന്‍ഡ്രൈവ്, പ്രിന്റര്‍ തുടങ്ങിയവയും നല്‍കുന്നുണ്ട്. കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ ഈ സംവിധാനങ്ങളെല്ലാം ഒരുക്കിയത്. എന്നാല്‍ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളില്ലാത്തതിനാല്‍ ഇതിന്റെ ഗുണം പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല. ഭൗതിക സാഹചര്യങ്ങളെല്ലാമുണ്ടായിട്ടും സര്‍ക്കാര്‍ -എയ്ഡഡ് സ്കൂളുകളിലെ കംപ്യുട്ടര്‍ പഠനം വേണ്ടത്ര ഫല പ്രദമാക്കാത്തതില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രതിഷേധമുണ്ട്. അതേ സമയം മെച്ചപ്പെട്ട ഒരു കംപ്യൂട്ടര്‍ ലാബ് പോലുമില്ലാത്ത സ്വകാര്യ സ്കൂളുകളില്‍ കംപ്യൂട്ടര്‍ പഠനത്തിന്റെ പേരില്‍ വന്‍ തുക ഫീസ് വാങ്ങുന്നുണ്ട്. സര്‍ക്കാര്‍ സ്കൂളുകളിലെ കംപ്യൂട്ടര്‍ പഠനം ഒന്ന് കുടി കാര്യക്ഷമമാക്കിയാല്‍ കൂടുതല്‍ പേരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
മാങ്ങാട് എല്‍.പി. സ്‌കൂളില്‍ വിജിലന്‍സ് പരിശോധന
കണ്ണൂര്‍: മാങ്ങാട് എല്‍.പി. സ്‌കൂളില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ അധികൃതര്‍ പരിശോധന നടത്തി. സ്‌കൂളില്‍ ഫണ്ട് തിരിമറി നടക്കുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു പരിശോധന. വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ സജേഷ് വാഴാളപ്പിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.


സഞ്ചയിക പദ്ധതി, പി.ടി.എ., എസ്.എസ്.എ., ഉച്ചക്കഞ്ഞി ഫണ്ടുകളില്‍ തിരിമറി നടന്നതായി പരിശോധനയില്‍ കണ്ടെത്തിയതായി അറിയുന്നു. സഞ്ചയികാ പദ്ധയില്‍ വിദ്യാര്‍ഥികള്‍ നിക്ഷേപിച്ച പണം ബാങ്കില്‍ നിക്ഷേപിച്ചതായും കണ്ടെത്തി. ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


എല്‍.കെ.ജി.വിദ്യാര്‍ഥിയെ അടിച്ചതിന് അധ്യാപികയ്‌ക്കെതിരെ കേസ്


ആലത്തൂര്‍: നാലരവയസ്സുള്ള എല്‍.കെ.ജി.വിദ്യാര്‍ഥിയെ തല്ലിയതിന് അധ്യാപികയ്‌ക്കെതിരെ ആലത്തൂര്‍ പോലീസ് കേസെടുത്തു. ചുണ്ടക്കാട് പട്ടത്താഴത്ത്‌വീട്ടില്‍ ഷാജിയുടെ മകന്‍ മിഥുനിനാണ് അടികൊണ്ടത്.


വെസ്റ്റ്കാട്ടുശ്ശേരി (ചുണ്ടക്കാട്) കെ.കെ.എം. എല്‍.പി. സ്‌കൂളിലെ എല്‍.കെ.ജി. വിദ്യാര്‍ഥിയാണ്. എഴുതാന്‍ പറഞ്ഞത് അനുസരിക്കാത്തതിന് അധ്യാപിക അടിച്ചെന്നാണ് പരാതി. താലൂക്ക് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ മുതുകില്‍ അടിയേറ്റ പാടുകളുണ്ട്. എല്‍.കെ.ജി. അധ്യാപിക സൗരിയത്തിനെതിരെ കേസെടുത്തു.
അധ്യാപക ശാക്തീകരണം 23നും 24നും


പെരിന്തല്‍മണ്ണ: മേലാറ്റൂര്‍, പെരിന്തല്‍മണ്ണ വിദ്യാഭ്യാസ ഉപജില്ലകളില്‍ എല്‍.പി, യു.പി. സ്‌കൂള്‍ അധ്യാപകര്‍ക്ക് വെള്ളി ശനി ദിവസങ്ങളില്‍ അധ്യാപക ശാക്തീകരണ പരിശീലനം നടത്തും. വെള്ളിയാഴ്ച മുസ്‌ലിം സ്‌കൂളുകളിലെയും ശനിയാഴ്ച ജനറല്‍ സ്‌കൂളുകളിലെയും അധ്യാപകര്‍ക്കായിരിക്കും പരിശീലനം.


വെള്ളിയാഴ്ചത്തെ പരിശീലനകേന്ദ്രങ്ങളും പങ്കെടുക്കേണ്ടവരും: എരവിമംഗലം എ.എം.യു.പി.എസ്: പെരിന്തല്‍മണ്ണ ഉപജില്ലയിലെ ഒന്ന്, രണ്ട്, മൂന്ന്, നാല് ക്ലാസുകളിലെ അധ്യാപകര്‍. മേലാറ്റൂര്‍ എ.എം.എല്‍.പി.എസ്: മേലാറ്റൂര്‍ ഉപജില്ലയിലെ ഒന്ന്, രണ്ട്, മൂന്ന് നാല് ക്ലാസുകളിലെ അധ്യാപകര്‍. പെരിന്തല്‍മണ്ണ എ.ഇ.ഒ. ഓഫീസിലെ അക്കാദമിക് ഹാള്‍: പെരിന്തല്‍മണ്ണ, മേലാറ്റൂര്‍ ഉപജില്ലകളിലെ എല്‍.പി. അറബിക് അധ്യാപകര്‍. എരവിമംഗലം എ.എം.യു.പി.എസ്: പെരിന്തല്‍മണ്ണ, മേലാറ്റൂര്‍ ഉപജില്ലകളിലെ യു.പി. വിഭാഗം മലയാളം, ഹിന്ദി, അറബിക്, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, മാത്‌സ് അധ്യാപകര്‍. പെരിന്തല്‍മണ്ണ ഗലീലിയോ സയന്‍സ് സെന്റര്‍: പെരിന്തല്‍മണ്ണ, മേലാറ്റൂര്‍ ഉപജില്ലകളിലെ ബേസിക് സയന്‍സ് അധ്യാപകര്‍.


ശനിയാഴ്ചയിലെ കേന്ദ്രങ്ങളും പങ്കെടുക്കേണ്ടവരും: ചെറുകര എ.യു.പി.എസ്: പുലാമന്തോള്‍, ഏലംകുളം പഞ്ചായത്തുകളിലെ ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലെ അധ്യാപകര്‍. പെരിന്തല്‍മണ്ണ ഈസ്റ്റ് ജി.എല്‍.പി.എസ്: താഴേക്കോട്, ആലിപ്പറമ്പ് പഞ്ചായത്തുകളിലെയും പെരിന്തല്‍മണ്ണ നഗരസഭയിലെയും ഒന്ന്, രണ്ട് ക്ലാസുകളിലെ അധ്യാപകര്‍. കക്കൂത്ത് ജി.എം.എല്‍.പി.എസ്: താഴേക്കോട്, ആലിപ്പറമ്പ് പഞ്ചായത്തുകളിലെയും പെരിന്തല്‍മണ്ണ നഗരസഭയിലെയും മൂന്ന്, നാല് ക്ലാസുകളിലെ അധ്യാപകര്‍. പട്ടിക്കാട് ജി.എല്‍.പി.എസ്: മേലാറ്റൂര്‍ ഉപജില്ലയിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ അധ്യാപകര്‍. ചെമ്മാണിയോട് ജി.എല്‍.പി.എസ്: മേലാറ്റൂര്‍ ഉപജില്ലയിലെ മൂന്ന്, നാല് ക്ലാസുകളിലെ അധ്യാപകരും എല്‍.പി. അറബിക് അധ്യാപകരും. പെരിന്തല്‍മണ്ണ എ.ഇ.ഒ. ഓഫീസിലെ അക്കാദിക് ഹാള്‍: പെരിന്തല്‍മണ്ണ ഉപജില്ലയിലെ എല്‍.പി. അറബിക് അധ്യാപകര്‍. പട്ടിക്കാട് ജി.എല്‍.പി.എസ്: പെരിന്തല്‍മണ്ണ, മേലാറ്റൂര്‍ ഉപജില്ലകളിലെ യു.പി. വിഭാഗം മലയാളം, ഇംഗ്ലീഷ് അധ്യാപകര്‍. പെരിന്തല്‍മണ്ണ സെന്‍ട്രല്‍ ജി.എം.എല്‍.പി.എസ്: മേലാറ്റൂര്‍, പെരിന്തല്‍മണ്ണ ഉപജില്ലകളിലെ അറബിക്, ഉറുദു, സംസ്‌കൃതം, ഹിന്ദി അധ്യാപകര്‍. പെരിന്തല്‍മണ്ണ ഗവ. ബോയ്‌സ് എച്ച്.എസ്.എസ്: പെരിന്തല്‍മണ്ണ, മേലാറ്റൂര്‍ ഉപജില്ലകളിലെ സോഷ്യല്‍ സയന്‍സ്, മാത്‌സ് അധ്യാപകര്‍. പെരിന്തല്‍മണ്ണ ഗലീലിയോ സയന്‍സ് സെന്റര്‍: പെരന്തല്‍മണ്ണ, മേലാറ്റൂര്‍ ഉപജില്ലകളിലെ ബേസിക് സയന്‍സ് അധ്യാപകര്‍.

No comments: