ബത്തേരി: സംസ്ഥാന അധ്യാപക അവാര്‍ഡ് രാധാകൃഷ്ണന് അര്‍ഹതയ്ക്കുള്ള അംഗീകാരം. ചെട്യാലത്തൂര്‍ ഗവ. എല്‍പി സ്കൂള്‍ പ്രധാനാധ്യാപകന്‍ എസ് രാധാകൃഷ്ണനാണ് ഇത്തവണ പ്രൈമറി വിഭാഗത്തില്‍ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ്. മുന്‍ രാഷ്ട്രപതി എസ് രാധാകൃഷ്ണന്റെ ജന്മദിനത്തിന്റെ ഭാഗമായി നടത്തുന്ന ദേശീയ അധ്യാപകദിനത്തില്‍ അദ്ദേഹത്തിന്റെ അതേ പേരുകാരനായ രാധാകൃഷ്ണന് ലഭിച്ച അംഗീകാരത്തില്‍ മതിമറന്നാഹ്ലാദിക്കുകയാണ് ഈ അധ്യാപകന്റെ ശിഷ്യഗണങ്ങളും സഹപ്രവര്‍ത്തകരും നാട്ടുകാരും. പരിചയപ്പെടുന്നവര്‍ക്കെല്ലാം അടുത്ത സുഹൃത്തും ഗുരുനാഥനും സംഘാടകനുമാണ് ഈ അമ്പത്തഞ്ചുകാരന്‍ . കുട്ടികള്‍ക്ക് അറിവിന്റെ വെളിച്ചം പകരുന്നതിനൊപ്പം നാട്ടുകാരുടെ സാമൂഹ്യപ്ര്ശനങ്ങളിലും ഈ അധ്യാപകന്‍ നിസ്വാര്‍ഥമായി ഇടപെടുന്നു. ഇതാണ് രാധാകൃഷ്ണനെ എല്ലാവരുടെയും പ്രിയങ്കരനാക്കിയത്. ചീരാല്‍ മുണ്ടക്കൊല്ലിയിലെ സ്രായ്ക്കാട്ടില്‍ രാധാകൃഷ്ണന്‍ 1981ല്‍ കോഴിക്കോട് കുന്നുമ്മല്‍ ഉപജില്ലയിലെ ചേരാപുരം എല്‍പി സ്കൂള്‍ അധ്യാപകനായാണ് സര്‍വീസില്‍ ചേര്‍ന്നത്. 2007ല്‍ പ്രധാനാധ്യാപകനായി ജോലിക്കയറ്റം ലഭിച്ചതോടെയാണ് ഈ അവിവാഹിതന്‍ നാലുവശവും ഘോരവനത്താല്‍ ചുറ്റപ്പെട്ട കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ചെട്യാലത്തൂര്‍ സ്കൂളിലെത്തിയത്. വയനാടന്‍ ചെട്ടിമാരും ആദിവാസികളും കൂടുതലായി താമസിക്കുന്ന മുന്നൂറോളം മാത്രം ജനസംഖ്യയുള്ള ഈഗ്രാമത്തിലെ ഏകവിദ്യാലയമാണിത്. 2001-06 ലെ യുഡിഎഫ് ഭരണത്തില്‍ അനാദായകരം എന്ന പേരില്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട ജില്ലയിലെ 56 സ്കൂളുകളില്‍ ഇതും ഉള്‍പ്പെട്ടിരുന്നു. അധ്യാപകര്‍ കൃത്യമായി സ്കൂളില്‍ എത്താത്തത് മൂലം പഠനനിലവാരം മോശമായതിനാല്‍ ഇവിടെ കുട്ടികളുടെ കൊഴിഞ്ഞുപോക്കും വര്‍ധിച്ചു. ആനക്കാടിന് നടുവിലായതിനാല്‍ നിയമനം ലഭിക്കുന്ന അധ്യാപകര്‍ ചാര്‍ജെടുക്കാതെയും ചാര്‍ജെടുക്കുന്നവര്‍ മാസങ്ങള്‍ക്കകം സ്ഥലം മാറ്റം വാങ്ങിപ്പോവുകയോ ആണ് ചെയ്തിരുന്നത്. ഇതിനിടെയാണ് രാധാകൃഷ്ണന്‍ പ്രധാനാധ്യാപകനായി എത്തുന്നത്. സ്കൂളില്‍ നിന്നും എട്ട് കി.മീ അകലെ താമസിക്കുന്ന അദ്ദേഹം മുണ്ടക്കൊല്ലിയില്‍ നിന്നും ബസ് കയറി അഞ്ച് കി. മീ അകലെ പാട്ടവയല്‍ ചങ്ങല ഗെയ്റ്റില്‍ ബസിറങ്ങി രണ്ടര കി. മീ വനപാതയിലൂടെ ഒറ്റയ്ക്ക് നടന്നാണ് മുടങ്ങാതെ സ്കൂളില്‍ കൃത്യസമയത്തെത്തി വൈകുന്നേരം മടങ്ങുന്നത്. കാട്ടാനയും കാട്ടുപോത്തും കരടിയുമെല്ലാം വിഹരിക്കുന്നതാണ് ഈ വനപാത. ഏത് പ്രതികൂല കാലാവസ്ഥയിലും ഇദ്ദേഹം സ്കൂളില്‍ നടന്നെത്തുന്നത് നാട്ടുകാര്‍ക്ക് അത്ഭുതമുളവാക്കുന്നതാണ്. കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനൊപ്പം അവരുടെ മറ്റ് കാര്യങ്ങളിലും ഈ ഗുരുനാഥന്‍ ശ്രദ്ധാലുവാണ്. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള കുട്ടികളില്‍ ആരെങ്കിലും സ്കൂളിലെത്തിയില്ലെങ്കില്‍ ഇദ്ദേഹം അവരുടെ വീടുകളിലും കോളനികളിലും എത്തി വിവരം തിരക്കും. അസുഖം ബാധിച്ച കുട്ടികളെയും രക്ഷിതാക്കളെയും സ്വന്തം കൈയില്‍ നിന്നും കാശു മുടക്കി ആശുപത്രികളിലെത്തിക്കും. മുണ്ടക്കൊല്ലിയില്‍ വീടിന് സമീപത്തെ കോളനികളിലും ഇതേ ശ്രദ്ധയുണ്ട്. ശമ്പളമായി കിട്ടുന്ന തുകയുടെ വലിയൊരു ഭാഗവും ഇത്തരം സാമൂഹ്യ പ്രവര്‍ത്തനത്തിനാണ് ചെലവഴിക്കുന്നത്. സ്കൂളില്‍ ഉച്ചക്കഞ്ഞിക്കു പകരം ചോറ് നല്‍കാനും ഇദ്ദേഹം സ്വന്തം കൈയില്‍ നിന്നും പണം ചെലവഴിച്ചു. ചെറുകിട കര്‍ഷകന്‍ കൂടിയായ രാധാകൃഷ്ണന്‍ സ്കൂളിലേക്ക് വരുമ്പോള്‍ സഞ്ചിയില്‍ കുട്ടികള്‍ക്കായി പഴം, ചേമ്പ്, ചേന, തേങ്ങ, കാച്ചില്‍ തുടങ്ങിയ കാര്‍ഷികോല്‍പ്പന്നങ്ങളും കരുതും. കാട്ടാനക്കൂട്ടങ്ങള്‍ക്കും ഒറ്റയാനും മുന്നില്‍പ്പെട്ട് പലപ്പോഴും ഓടുന്നതിനിടെ വീണ് പരിക്കേറ്റെങ്കിലും ഈ അധ്യാപകന്റ നിശ്ചയദാര്‍ഡ്യത്തിന് മാറ്റമൊന്നുമില്ല. ജില്ലയില്‍ നടക്കുന്ന സ്കൂള്‍ കായികമേളകളിലും യുവജനോത്സവങ്ങളിലും രാധാകൃഷ്ണന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്. അച്ഛന്‍ : പരേതനായ പരമേശ്വരന്‍ നായര്‍ അമ്മ: ഗൗരിയമ്മ
പടിയിറങ്ങിയിട്ടും പതിവുതെറ്റിക്കാതെ ശ്യാമളാദേവി ടീച്ചര്‍
ചേര്‍ത്തല: വിരമിക്കല്‍ എന്നത് ശ്യാമളാദേവി ടീച്ചര്‍ക്ക് ഔദ്യോഗിക നടപടി മാത്രം. സ്‌കൂളിനെന്നും ടീച്ചറെ വേണം; അതിനേക്കാളേറെ സ്‌കൂളിനെ പിരിയാന്‍ ടീച്ചര്‍ക്കും കഴിയില്ല. അങ്ങനെ സര്‍വീസ് കാലയളവിനേക്കാള്‍ കൃത്യതയോടെതന്നെ ശ്യാമളാദേവി ടീച്ചര്‍ അരൂര്‍ ഗവ.ഗവണ്‍മെന്റ് ഹൈസ്‌കൂളിലെത്തും. സ്‌കൂളില്‍ വേണ്ടതെല്ലാം ചെയ്യും. നിയമം അനുവദിക്കാത്തതിനാല്‍ പഠിപ്പിക്കല്‍ മാത്രം ഇല്ല.
അരൂര്‍ തട്ടാപറമ്പില്‍ ശ്യാമള ടീച്ചര്‍ക്ക് അരൂര്‍ ഗവ.ഹൈസ്‌കൂള്‍ എന്നാല്‍ സ്വന്തം കുടുംബം. 28 വര്‍ഷം നീണ്ട അധ്യാപന ജീവിതത്തില്‍ 18 വര്‍ഷവും കണക്കുകളിലെ തന്ത്രങ്ങള്‍ പറഞ്ഞ് ടീച്ചര്‍ അരൂര്‍ ഗവ.സ്‌കൂളിലായിരുന്നു. 2008-ലാണ് ഇവിടെനിന്ന് ഔദ്യോഗികമായി വിരമിച്ചത്.
സ്‌കൂളിനോടുള്ള ഇത്രയും ഹൃദയബന്ധത്തിന്റെ കാര്യം തിരക്കിയാല്‍ 'കുടുംബത്തോടുള്ള സ്‌നേഹം സ്വാഭാവികമല്ലേ, അവിടെനിന്ന് നമുക്കു വിരമിക്കലില്ലല്ലോ' എന്ന നിഷ്‌കളങ്ക മറുപടിയാണ് ലഭിക്കുക. അച്ഛന്‍ അനന്തപൈ പഠിച്ച സ്‌കൂളാണെന്ന പ്രത്യേകസ്‌നേഹവും അരൂര്‍ സ്‌കൂളിനോടുണ്ട്.
സ്‌കൂളിലെ ക്ലാസ്മുറികളില്‍ അഴുക്കും പൊടിയും കണ്ടാല്‍ ചൂലെടുത്ത് ശുചീകരിക്കാന്‍ ശ്യാമള ടീച്ചറുണ്ടാകും. സ്‌കൂളിന്റെ ഭൗതികസാഹചര്യങ്ങള്‍ ഉയര്‍ത്താന്‍ അവശ്യം വേണ്ടകാര്യങ്ങളും ടീച്ചര്‍ വാങ്ങി നല്കുന്നുണ്ട്. അവിവാഹിതയായ ടീച്ചര്‍ക്ക് സ്‌കൂളുതന്നെയാണ് എല്ലാം. ടീച്ചറെത്തിയാല്‍ കണക്കിന്റെ സംശയങ്ങള്‍ തിരക്കാന്‍ കുട്ടികളും ഓടിയെത്തും.
1980ല്‍ സ്വകാര്യസ്‌കൂളില്‍ അധ്യാപികയായി ആദ്യനിയമനം. 1982ല്‍ ഹൈസ്‌കൂള്‍ കണക്ക് അധ്യാപികയായി സര്‍ക്കാര്‍ സര്‍വീസിലെത്തി. ചന്തിരൂര്‍ സ്‌കൂളില്‍നിന്നാണ് 1993ല്‍ അരൂര്‍ സ്‌കൂളിലേക്കെത്തുന്നത്. ഇപ്പോള്‍ ഹിന്ദി പഠിപ്പിക്കാന്‍ ഒരു വിദ്യാലയംതന്നെ തുറന്നിട്ടുമുണ്ട്.
പഠനനിലവാരത്തിലും സംവിധാനങ്ങളിലും സര്‍ക്കാര്‍ സ്‌കൂളുകളുടെ അടുത്തെത്താന്‍ സ്വകാര്യ ഇംഗ്ലീഷ്മീഡിയം സ്‌കൂളുകള്‍ക്ക് കഴിയില്ലെങ്കിലും രക്ഷിതാക്കളില്‍ വന്ന നിലപാടുമാറ്റമാണ് സ്വകാര്യ സ്‌കൂളുകള്‍ക്ക് പ്രാധാന്യം ലഭിക്കാന്‍ കാരണമെന്നും ടീച്ചര്‍ പറയുന്നു. ഒന്നാംക്ലാസു മുതല്‍ ബി.എഡ്.വരെ സര്‍ക്കാര്‍ സംവിധാനം പ്രയോജനപ്പെടുത്തിയതിലെ ആത്മവിശ്വാസം ആ വാക്കുകളില്‍ തെളിയുന്നു.
കാടിന്റെ മക്കളെ പഠിപ്പിക്കാന്‍ പുഴയും കുന്നും താണ്ടി മാത്യുമാഷ്
മണ്ണാര്‍ക്കാട് ആനമൂളിക്കുസമീപം പാങ്ങോടാണ് മാത്യുവിന്റെ വീട്. ഇവിടെനിന്ന് അരമണിക്കൂര്‍ നടന്നാലെ അട്ടപ്പാടിയിലേക്കുള്ള ബസ്‌സ്റ്റോപ്പായ ആനമൂളിയിലെത്തൂ. ബസ്‌കയറി രാവിലെ 8.45ന് അട്ടപ്പാടി പാറക്കുളത്തിറങ്ങുന്ന ഇദ്ദേഹം പിന്നീടൊരു നടത്തമാണ്. ഭവാനിപ്പുഴയുംകടന്ന് ആനക്കല്ലിലെത്തി അവിടുന്ന് ഒറ്റയടിപ്പാതയിലൂടെ കുത്തനെയുള്ള കുന്നുകയറിവേണം അബണ്ണൂരിലെത്താന്‍. കുന്നുകേറി മടുക്കുമ്പോള്‍ സമീപത്തെപാറയില്‍ പത്തുമിനിട്ട് വിശ്രമം. വീണ്ടും നടത്തം. അങ്ങനെ ഒരുമണിക്കൂറോളം നടന്ന് അബണ്ണൂരിലെത്തുമ്പോഴേക്കും ഏറെ ക്ഷീണിച്ചിരിക്കും. അധ്യാപകജോലിയോടുള്ള ഇഷ്ടംമാത്രമാണ് തന്നെ ഇപ്പോഴും ഇവിടെ പിടിച്ചുനിര്‍ത്തുന്നതെന്ന് മാത്യുമാഷ് അഭിമാനത്തോടെ പറയുന്നു.
22 കുട്ടികളാണ് അബണ്ണൂരിലെ ഏകാധ്യാപക വിദ്യാലയത്തിലുള്ളത്. ഇവര്‍ക്ക് ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസുകളിലെ പാഠങ്ങള്‍ മാത്യുമാഷ് പഠിപ്പിക്കുന്നു.
ഏഴുവര്‍ഷംമുമ്പ് മാത്യുമാഷ് ഊരിലെത്തുമ്പോള്‍ 37 കുട്ടികളാണ് സ്‌കൂളില്‍പോകാതെ ഉണ്ടായിരുന്നത്. ഇവരെ സ്‌കൂളിലെത്തിച്ച് പഠിപ്പിക്കുന്നതിന് ഒട്ടേറെ പരിശ്രമങ്ങള്‍ വേണ്ടിവന്നു. ഇപ്പോള്‍ ഒരുകുട്ടിപോലും ഇവിടെ സ്‌കൂളില്‍പോവാതെ വെറുതെ നടക്കുന്നില്ല.
ഏകാധ്യാപക വിദ്യാലയത്തില്‍നിന്ന് കിട്ടുന്ന 3500 രൂപ ശമ്പളം ഇദ്ദേഹത്തിന്റെ ജീവിതച്ചെലവിന് ഒട്ടും തികയുന്നില്ല. സുഖമില്ലാതെ കിടക്കുന്ന ഭാര്യയുടെ ചികിത്സയ്ക്കും മൂന്നുമക്കളുടെ പഠനത്തിനുമുള്ള പണം കണ്ടെത്താന്‍ ഇദ്ദേഹം ഏറെ പാടുപെടുന്നു.
ജില്ലയില്‍ 31 ഏകാധ്യാപക വിദ്യാലയമുള്ളതില്‍ 23 എണ്ണവും അട്ടപ്പാടിയിലാണ്. 15 വര്‍ഷത്തോളമായി 3500 രൂപ ശമ്പളത്തില്‍ ജോലിചെയ്യുന്ന ഏകാധ്യാപകരുടെ കഷ്ടപ്പാട് സര്‍ക്കാര്‍ കാണുമെന്ന പ്രതീക്ഷയിലാണ് മാത്യു.
വേറിട്ട വഴികളിലൂടെയുള്ള ശിക്ഷണവുമായി ഉസ്മാന്‍മാഷ്
മലപ്പുറം: ഫുട്‌ബോളിന്റെ ഈറ്റില്ലമായ മലപ്പുറം ജില്ലയില്‍ കുരുന്നുകള്‍ ഹോക്കിയില്‍ വിജയഗാഥകള്‍ ഒന്നൊന്നായി രചിച്ചപ്പോള്‍ പിന്നില്‍ ഒരു കായികാധ്യാപകന്റെ കഠിനാധ്വാനമുണ്ടായിരുന്നു; മലപ്പുറം ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഉസ്മാന്‍ മാഷിന്റെ... നാടെങ്ങും ഫുട്‌ബോള്‍ ജ്വരം പടര്‍ന്നകാലത്ത് വേറിട്ട വഴിയിലൂടെ കുട്ടികളെ നയിച്ച കായികാധ്യാപകന്‍. അതും 30 മീറ്റര്‍ നീളംപോലുമില്ലാത്ത സ്‌കൂള്‍ ഗ്രൗണ്ടില്‍ നല്‍കിയ പരിശീലനത്തിലൂടെ. 2002 മുതല്‍ 2010 വരെ സംസ്ഥാന സ്‌കൂള്‍ ഹോക്കി മത്സരങ്ങളില്‍ ഒന്നാമതോ രണ്ടമതോ ആയി സ്‌കൂള്‍ ടീമിനെ മാറ്റി. അതും പലപ്പോഴും പ്രഗല്ഭരായ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ടീമുകളെ തോല്‍പ്പിച്ച്.
ഹോക്കിയെന്തന്നറിയാത്ത മലപ്പുറം ഗവ. ബോയ്‌സ് സ്‌കൂളിലേക്ക് 2001ല്‍ ഹോക്കി അസോസിയേഷന്‍ നല്‍കിയ അഞ്ച് ഹോക്കി സ്റ്റിക്കുകളുമായി ഉസ്മാന്‍ മാഷ്‌കടന്നുവന്നപ്പോള്‍ കുട്ടികള്‍ ആദ്യമൊന്ന് അമ്പരന്നു. ഫുട്‌ബോള്‍ ജ്വരം കത്തിപ്പടരുന്ന നാട്ടില്‍ ഹോക്കിയെന്തെന്ന ചിന്തതന്നെ ഇതിനു കാരണം.
ഒരു കായികാധ്യാപകനെന്നതിലുപരി കുട്ടികളുമായി പുലര്‍ത്തുന്ന ആത്മബന്ധം വെസ്റ്റ് കോഡൂര്‍ മഞ്ഞക്കണ്ടന്‍ വീട്ടില്‍ ഉസ്മാനെ വ്യത്യസ്തനാക്കി. അതുകൊണ്ടുതന്നെ 10 വര്‍ഷമായി ശിക്ഷണം നല്‍കിയ കുട്ടികള്‍ ചേര്‍ന്ന് 'എച്ച്.ഒ.പി.എ മലപ്പുറം' എന്ന സംഘടനയ്ക്ക് രൂപവും നല്‍കി. ജില്ലയില്‍ ഹോക്കിയെ പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികള്‍ക്ക് ശിക്ഷണം നല്‍കുന്നതിനുമായുള്ളതാണ് സംഘടന.
1998ലാണ് ബോയ്‌സ് സ്‌കൂളില്‍ കായികാധ്യാപകനായി ഉസ്മാന്‍ എത്തിയത്. മൂന്നുവര്‍ഷം തുടര്‍ച്ചയായി ഫുട്‌ബോള്‍ടീമിന് പരിശീലനം നല്‍കി. ആകെ മൂന്നു കുട്ടികള്‍ക്ക് ഓരോവര്‍ഷവും സംസ്ഥാനടീമിലേക്ക് പ്രവേശനം കിട്ടി. ഇതുകൊണ്ട് തൃപ്തിയാകാതെ വന്നപ്പോഴാണ് മാഷ് ഹോക്കി പരിശീലനത്തിലേക്ക് തിരിഞ്ഞത്.
അവധിദിനം നാലുമണിക്കൂറും ക്ലാസുള്ള ദിവസം രണ്ടരമണിക്കൂറും വീതം പരിശീലനം നല്‍കും. അദ്ദേഹത്തിന്റെ കുട്ടികള്‍ നാലുതവണ സംസ്ഥാന സ്‌കൂള്‍ ഹോക്കി ടൂര്‍ണമെന്റില്‍ സീനിയര്‍ വിഭാഗത്തില്‍ കിരീടവും ആറുതവണ ജൂനിയര്‍ വിഭാഗത്തില്‍ കിരീടവും നേടി. 2010ല്‍ ദേശീയ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഈ സ്‌കൂളിലെ ജൂനിയര്‍ ടീം മത്സരിച്ചിരുന്നു.
വെറും കളിമാത്രം പോരാ പഠനവും വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമാണ്. ജൂനിയര്‍ ടീമില്‍ ഇടം നേടിയ രണ്ട് കുട്ടികള്‍ എസ്.എസ്.എല്‍.സിക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. മറ്റ് രണ്ടുപേര്‍ക്ക് ഒമ്പത് വിഷയങ്ങള്‍ക്കും എ പ്ലസ് ഉണ്ട്.
ഭാഷാപഠനത്തിന് മാതൃക സൃഷ്ടിച്ച് അധ്യാപക ദമ്പതികള്‍
കക്കട്ടില്‍: വളയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഭാഷാപഠനത്തിന് നേതൃത്വം നല്കുന്നത് മൂന്ന് അധ്യാപക ദമ്പതികള്‍. പാതിരിപ്പറ്റ സ്വദേശിയായ കെ. കരുണനും ഭാര്യ എന്‍.കെ. ഷീജയും രാഷ്ട്രഭാഷ സംബന്ധിച്ച എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കുമ്പോള്‍ മാതൃഭാഷയെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കാവിലുംപാറയില്‍ താമസിക്കുന്ന കെ.എം. ആന്റണി- ഷീല ദമ്പതിമാര്‍ തയ്യാര്‍. ഒരേ സര്‍ക്കാര്‍ വിദ്യാലയത്തില്‍ ഒരേ വിഷയം പഠിപ്പിക്കുന്ന ഈ കുടുംബങ്ങള്‍ക്ക് ഒപ്പം രണ്ട് വ്യത്യസ്ത ഭാഷകള്‍ പഠിപ്പിക്കുന്ന ദമ്പതിമാരും ഉണ്ട്. ഇംഗ്ലീഷ് അധ്യാപികയായ കെ.എം. പ്രസീജിയും മലയാളം അധ്യാപകനായ ഭര്‍ത്താവ് പി.പി. പ്രദീപ് കുമാറുമാണ് അവര്‍.
പുതിയ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന പഠനപ്രവര്‍ത്തനങ്ങള്‍ അതിനും എത്രയോ മുമ്പേതന്നെ തങ്ങളുടെ ക്ലാസ് മുറിയിലും വിദ്യാലയത്തിലും നടപ്പാക്കിയവരാണ് ഈ ദമ്പതികള്‍. ഭാഷാപഠനം രസകരമാക്കുന്നതിനായി പുതിയ പുതിയ രീതികള്‍ ഇവര്‍ അവതരിപ്പിച്ചപ്പോള്‍ ഉള്‍നാടന്‍ഗ്രാമമായ വളയത്തിന്റെ ഭാഷാനിലവാരം ഉയര്‍ന്നതായി സഹപ്രവര്‍ത്തകരും നാട്ടുകാരും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
ഭാഷാപഠനം മെച്ചപ്പെടുത്താന്‍ സ്‌കൂള്‍ ലൈബ്രറി നവീകരിക്കുകയാണ് ഇവരാദ്യം ചെയ്തത്. ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷകള്‍ പഠിക്കാന്‍ സാധിക്കുന്ന പുസ്തകങ്ങള്‍ക്കു പുറമെ എല്ലാ ഭാഷയിലെയും സാഹിത്യകൃതികളും ഗ്രന്ഥശാലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്റണി മാസ്റ്റര്‍ക്കാണ് ലൈബ്രറിയുടെ ചുമതല.
വായന പ്രോത്സാഹിപ്പിക്കാനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കുന്ന കുട്ടികള്‍ക്കും ഹോം ലൈബ്രറി സജ്ജീകരിക്കുന്ന കുട്ടികള്‍ക്കും അവാര്‍ഡ്, പത്രവാര്‍ത്തകളെ അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം എന്നിവയ്ക്ക് പുറമെ അമ്മവായന പദ്ധതിയും നടപ്പാക്കിവരുന്നു. പരിശീലനം നേടിയ കുട്ടികള്‍ സ്‌കൂള്‍ ലൈബ്രറിയില്‍ നിന്നുള്ള പുസ്തകങ്ങള്‍ അമ്മമാര്‍ക്ക് എത്തിച്ചുകൊടുക്കുന്നതാണ് പദ്ധതി.
ഭാര്യയും ഭര്‍ത്താവും ഒരേ വിഷയം പഠിപ്പിക്കുന്നതിനാല്‍ പുതിയ പഠനാസൂത്രണങ്ങള്‍ തയ്യാറാക്കാനും പ്രയോഗത്തില്‍ വരുത്താനും കഴിയുന്നുണ്ടെന്ന് ഇവര്‍ പറയുന്നു.
വിദ്യാര്‍ഥിയായ അധ്യാപകന്‍
വടകര: വിദ്യാര്‍ഥിജീവിതം വേറെ, അധ്യാപകജീവിതം വേറെ. എന്നാല്‍ ഇതു രണ്ടും ഒരേ സമയം ആസ്വദിക്കുകയാണ് പുതുപ്പണം ഗവ. ജെ.എന്‍.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍പ്രിന്‍സിപ്പല്‍ ടി.സി. സത്യനാഥന്‍. അധ്യാപകജീവിതം തുടങ്ങിയശേഷം ഇദ്ദേഹം നേടിയത് അഞ്ച് ബിരുദാനന്തരബിരുദങ്ങള്‍, കൂടാതെ എല്‍.എല്‍.ബിയും. രണ്ട് കോഴ്‌സുകളില്‍ ബിരുദാനന്തരബിരുദപഠനം തപാല്‍വഴിയിലുമാണ്. ഇപ്പോഴാകട്ടെ എം.എ. സൈക്കോളജി പഠിക്കാന്‍ തയ്യാറെടുക്കുകയാണ്.
ഒരേസമയം അധ്യാപകനായും, മികച്ച വിദ്യാര്‍ഥിയായും ജീവിച്ച് വിസ്മയം പകരുകയാണ് 48 കാരനായ ഈ പ്രിന്‍സിപ്പല്‍.
സത്യനാഥന്റെ നേട്ടങ്ങളെല്ലാം സ്വപ്രയത്‌നത്തിന്റെ ഫലമാണ്. 1987-ലാണ് ഇദ്ദേഹം ഇരിക്കൂര്‍ താഴെകളരി യു.പി. സ്‌കൂള്‍ അധ്യാപകനായി ഔദ്യോഗികജീവിതം തുടങ്ങിയത്. അതിനുശേഷം കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് എം.എ. പൊളിറ്റിക്‌സ്, എം.എ. ചരിത്രം, മധുര കാമരാജ് സര്‍വകലാശാലയില്‍ നിന്ന് എം.എഡ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് കമ്യൂണിക്കേഷന്‍, കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് എം.എ. സോഷ്യോളജി എന്നിവ വിജയകരമായി പൂര്‍ത്തിയാക്കി. പി.ജി.ഡി.ഇ.സി.യില്‍ ഒന്നാംക്ലാസ് നേടിയപ്പോള്‍ മറ്റെല്ലാ വിഷയങ്ങളിലും രണ്ടാംക്ലാസ് മാര്‍ക്ക് നേടി. ഗുരുക്കന്‍മാരില്ലാതെ 'ഏകലവ്യ'രീതിയിലായിരുന്നു പഠനം. ഇതിനിടെ,
1993-ല്‍ കാലിക്കറ്റ് ഗവ. ലോകോളേജിലെ സായാഹ്നബാച്ചില്‍ പഠിച്ച് എല്‍.എല്‍.ബി.യും നേടി.
ഉപഭോക്തൃ കോടതിയില്‍ ഒരു കേസ് വാദിച്ച് ജയിച്ചിട്ടുമുണ്ട് ഇദ്ദേഹം.
എം.കോം ഒന്നാംവര്‍ഷ പരീക്ഷ എഴുതിയെങ്കിലും അച്ഛന്റെ മരണത്തെത്തുടര്‍ന്ന് പഠനം പൂര്‍ത്തിയാക്കാനായില്ല. ഇതേപോലെ എം.എ. ഇംഗ്ലീഷും പൂര്‍ത്തിയാക്കാനുണ്ട്. ഇതിനു പിന്നാലെയാണ് മനഃശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടാന്‍ ഒരുങ്ങുന്നത്.
16 വര്‍ഷമായി പുതുപ്പണം ജെ.എന്‍.എം. സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്യുന്ന സത്യനാഥന്‍ മാസ്റ്റര്‍ 2005-ലാണ് പ്രിന്‍സിപ്പലായത്. മണിയൂര്‍ പഞ്ചായത്തിലെ മന്തരത്തൂരിലാണ് വീട്. ഇവിടെ നിന്ന് സ്‌കൂളിലേക്ക് ഏഴര കിലോമീറ്റര്‍ ദൂരമുണ്ട്. ഇതത്രയും നടന്നാണ് ഇദ്ദേഹം വരിക. അതുകൊണ്ടുതന്നെ വഴി നീളെ ഇദ്ദേഹം സുപരിചിതന്‍. 1500ഓളം വേദികളില്‍ വിവിധ ക്ലാസ്സുകള്‍ നയിച്ചിട്ടുണ്ട് ഇദ്ദേഹം. അതും നയാപൈസ പ്രതിഫലം വാങ്ങാതെ. ക്ലാസില്‍ കുട്ടികളെ ശിക്ഷിക്കുന്നത് സത്യനാഥന്റെ രീതിയല്ല. പരീക്ഷ നടത്തിയാല്‍ പിറ്റേന്നുതന്നെ ഉത്തരക്കടലാസ് നല്കും.
വടകര താലൂക്കിലെ ഹയര്‍ സെക്കന്‍ഡറി ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ക്ലാസ്സെടുക്കാറുണ്ട്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മൂന്ന് പുസ്തകങ്ങളും എഴുതി. ആറ് വര്‍ഷമായി നഗരസഭയുടെ വിദ്യാഭ്യാസ കര്‍മ സമിതി കണ്‍വീനറാണ്. ഈ തിരക്കുകള്‍ക്കെല്ലാം ഇടയിലാണ് സത്യനാഥന്‍ തന്റെ വിദ്യാര്‍ഥി ജീവിതവും ആഘോഷമാക്കുന്നത്.
മണിയൂര്‍ കൃഷി ഓഫീസര്‍ പി. രേണുവാണ് ഭാര്യ. മക്കള്‍: സ്വാതി, സൗരവ്.
ചന്ദ്രമോഹന്‍ മാഷ് പഠിച്ചുകൊണ്ടേയിരിക്കുന്നു
പാറക്കടവ്(കാസര്‍കോട്):താന്‍ പഠിപ്പിച്ച കുട്ടികള്‍ പഠിപ്പ് തീര്‍ത്ത് ജോലിയെടുക്കുമ്പോള്‍ ചന്ദ്രമോഹന്‍ മാഷ് എന്ന പ്രധാനാധ്യാപകന്‍ ഇപ്പോഴും പഠിച്ചുകൊണ്ടേയിരിക്കുകയാണ്, അധ്യാപനത്തിനിടെ.....! ഡോക്ടറേറ്റും എം.ഫില്ലും ഉള്‍പ്പെടെ എട്ട് ബിരുദങ്ങള്‍ നേടിയ അമ്പത്തിമൂന്നുകാരനായ ഈ അധ്യാപകന്‍ എം.എ. ഇംഗ്ലീഷിനു പഠിക്കുന്ന 'വിദ്യാര്‍ഥിയാണ്' ഇപ്പോള്‍
പാറക്കടവ് എ.എല്‍.പി.സ്‌കൂളിലെ പ്രധാനാധ്യാപകനാണ് മാത്തില്‍ സ്വദേശിയായ കെ.എം.ചന്ദ്രമോഹന്‍. 19 വര്‍ഷമായി അധ്യാപനരംഗത്തുള്ളചന്ദ്രമോഹന്‍ മാഷ് 10 വര്‍ഷമായി പ്രധാനാധ്യാപകനാണ്. കുടിയേറ്റ മേഖലയായ ചിറ്റാരിക്കല്‍ ഉപജില്ലയിലെ ഈ സ്‌കൂളില്‍ 1993 ലാണ് മാഷ് എത്തിയത്. ഹിസ്റ്ററിയിലും ഹിന്ദിയിലും ബിരുദവും ബി.എഡുമായിരുന്നു അന്നത്തെ യോഗ്യത. 1995ല്‍ എം.ജി.യൂണിവേഴ്‌സിറ്റിയില്‍ നിന്നു മാസ്റ്റര്‍ ഇന്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍(എം.പി.ഇ.) ബിരുദമെടുത്തു.
1983ല്‍ കരസ്ഥമാക്കിയ ബാച്ചിലര്‍ ഇന്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ (ബി.പി.ഇ.) ബിരുദത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത്. 2003ല്‍ അളകപ്പ യൂണിവേഴ്‌സിറ്റിയില്‍ നിന്നു മൂന്നാംറാങ്കോടെ സ്‌പോര്‍ട്‌സ് ഫിസിയോതെറാപ്പിയില്‍ എം.ഫില്‍ കരസ്ഥമാക്കി. തുടര്‍ന്ന് യോഗയിലായിരുന്നു മാഷിന്റെ പഠനം.
ടീച്ചേഴ്‌സ് ട്രെയിനിങ്ങ് കോഴ്‌സ് ഇന്‍ യോഗ എജ്യുക്കേഷനിലായിരുന്നു ബിരുദം(ടി.ടി.സി.വൈ.എഡ്.). 2007 ലാണ് ചന്ദ്രമോഹന്‍മാഷ് കാരക്കുടി അളകപ്പ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോ. ഷന്‍ബഗവല്ലിയുടെ കീഴില്‍ കായിക മനഃശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയത്. കായികതാരങ്ങളുടെ മാനസിക പ്രശ്‌നങ്ങളും അവയുടെ പരിഹാരവും എന്നതിലായിരുന്നു ഗവേഷണം. ഇപ്പോള്‍ അണ്ണാമല യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ എം.എ. ഇംഗ്ലീഷിന് പഠിക്കുന്നു.
അധ്യാപകന്‍ ഒരു വിദ്യാര്‍ഥിയായിരിക്കണം എന്നത് പാലിക്കുന്ന ചന്ദ്രമോഹന്‍ മാഷ് പാറക്കടവ് എ.എല്‍.പി.സ്‌കൂളിലെ സര്‍വസ്വവുമാണ്. 25 കിലോമീറ്റര്‍ സഞ്ചരിച്ച് രാവിലെ 8.45ന് ഈ പ്രധാനാധ്യാപകന്‍ സ്‌കൂളിലെത്തും.
ഔഷധസസ്യത്തോട്ടവും തണല്‍മരങ്ങളും പരിപാലിക്കലാണ് ആദ്യ പണി. 50 തണല്‍മരങ്ങളാണ് മാഷുടെ മേല്‍നോട്ടത്തില്‍ നട്ടത്. കുട്ടികളാണ് വെള്ളമൊഴിക്കലും മറ്റും .73 കുട്ടികളാണ് സ്‌കൂളിലുള്ളത്.
ഈസ്റ്റ് എളേരി പഞ്ചായത്തിലെ മികച്ച വിദ്യാലയമാണ് പാറക്കടവ് എ.എല്‍.പി.സ്‌കൂള്‍.ഇംഗ്ലീഷും മലയാളവുമാണ് ചന്ദ്രമോഹന്‍ മാഷ് പഠിപ്പിക്കുന്നത്. നാലാം ക്ലാസിലെ ഓരോ കുട്ടിക്കും ഓരോ ഇംഗ്ലീഷ് മാഗസിനുണ്ട് എന്നത് ഈ സ്‌കൂളിന്റെ മാത്രം പ്രത്യേകതയാണ്. ഇതിന് ബഹുമതികളും ലഭിച്ചിട്ടുണ്ട്.
അധ്യാപികയായ ടി.എം.സുനന്ദയാണ് ഭാര്യ. വിദ്യാര്‍ഥികളായ അര്‍ജുനും അനിരുദ്ധും മക്കളാണ്.
പാറക്കടവ് എ.എല്‍.പി.സ്‌കൂളിലെ പ്രധാനാധ്യാപകനാണ് മാത്തില്‍ സ്വദേശിയായ കെ.എം.ചന്ദ്രമോഹന്‍. 19 വര്‍ഷമായി അധ്യാപനരംഗത്തുള്ളചന്ദ്രമോഹന്‍ മാഷ് 10 വര്‍ഷമായി പ്രധാനാധ്യാപകനാണ്. കുടിയേറ്റ മേഖലയായ ചിറ്റാരിക്കല്‍ ഉപജില്ലയിലെ ഈ സ്‌കൂളില്‍ 1993 ലാണ് മാഷ് എത്തിയത്. ഹിസ്റ്ററിയിലും ഹിന്ദിയിലും ബിരുദവും ബി.എഡുമായിരുന്നു അന്നത്തെ യോഗ്യത. 1995ല്‍ എം.ജി.യൂണിവേഴ്‌സിറ്റിയില്‍ നിന്നു മാസ്റ്റര്‍ ഇന്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍(എം.പി.ഇ.) ബിരുദമെടുത്തു.
1983ല്‍ കരസ്ഥമാക്കിയ ബാച്ചിലര്‍ ഇന്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ (ബി.പി.ഇ.) ബിരുദത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത്. 2003ല്‍ അളകപ്പ യൂണിവേഴ്‌സിറ്റിയില്‍ നിന്നു മൂന്നാംറാങ്കോടെ സ്‌പോര്‍ട്‌സ് ഫിസിയോതെറാപ്പിയില്‍ എം.ഫില്‍ കരസ്ഥമാക്കി. തുടര്‍ന്ന് യോഗയിലായിരുന്നു മാഷിന്റെ പഠനം.
ടീച്ചേഴ്‌സ് ട്രെയിനിങ്ങ് കോഴ്‌സ് ഇന്‍ യോഗ എജ്യുക്കേഷനിലായിരുന്നു ബിരുദം(ടി.ടി.സി.വൈ.എഡ്.). 2007 ലാണ് ചന്ദ്രമോഹന്‍മാഷ് കാരക്കുടി അളകപ്പ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോ. ഷന്‍ബഗവല്ലിയുടെ കീഴില്‍ കായിക മനഃശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയത്. കായികതാരങ്ങളുടെ മാനസിക പ്രശ്‌നങ്ങളും അവയുടെ പരിഹാരവും എന്നതിലായിരുന്നു ഗവേഷണം. ഇപ്പോള്‍ അണ്ണാമല യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ എം.എ. ഇംഗ്ലീഷിന് പഠിക്കുന്നു.
അധ്യാപകന്‍ ഒരു വിദ്യാര്‍ഥിയായിരിക്കണം എന്നത് പാലിക്കുന്ന ചന്ദ്രമോഹന്‍ മാഷ് പാറക്കടവ് എ.എല്‍.പി.സ്‌കൂളിലെ സര്‍വസ്വവുമാണ്. 25 കിലോമീറ്റര്‍ സഞ്ചരിച്ച് രാവിലെ 8.45ന് ഈ പ്രധാനാധ്യാപകന്‍ സ്‌കൂളിലെത്തും.
ഔഷധസസ്യത്തോട്ടവും തണല്‍മരങ്ങളും പരിപാലിക്കലാണ് ആദ്യ പണി. 50 തണല്‍മരങ്ങളാണ് മാഷുടെ മേല്‍നോട്ടത്തില്‍ നട്ടത്. കുട്ടികളാണ് വെള്ളമൊഴിക്കലും മറ്റും .73 കുട്ടികളാണ് സ്‌കൂളിലുള്ളത്.
ഈസ്റ്റ് എളേരി പഞ്ചായത്തിലെ മികച്ച വിദ്യാലയമാണ് പാറക്കടവ് എ.എല്‍.പി.സ്‌കൂള്‍.ഇംഗ്ലീഷും മലയാളവുമാണ് ചന്ദ്രമോഹന്‍ മാഷ് പഠിപ്പിക്കുന്നത്. നാലാം ക്ലാസിലെ ഓരോ കുട്ടിക്കും ഓരോ ഇംഗ്ലീഷ് മാഗസിനുണ്ട് എന്നത് ഈ സ്‌കൂളിന്റെ മാത്രം പ്രത്യേകതയാണ്. ഇതിന് ബഹുമതികളും ലഭിച്ചിട്ടുണ്ട്.
അധ്യാപികയായ ടി.എം.സുനന്ദയാണ് ഭാര്യ. വിദ്യാര്‍ഥികളായ അര്‍ജുനും അനിരുദ്ധും മക്കളാണ്.
അധ്യാപകദിനം സുവര്‍ണജൂബിലി ആഘോഷം ഇന്ന്
മലപ്പുറം: ദേശീയ അധ്യാപകദിനം സുവര്‍ണജൂബിലി സംസ്ഥാനതല ആഘോഷം തിങ്കളാഴ്ച മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഒമ്പതുമണിക്ക് അധ്യാപകര്‍ക്കുള്ള കലാ സാഹിത്യ മത്സരങ്ങള്‍ നടക്കും. രണ്ടുമണിക്ക് ആഘോഷപരിപാടി വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനംചെയ്യും. അധ്യാപക അവാര്‍ഡുകളും മന്ത്രി വിതരണംചെയ്യും. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷതവഹിക്കും. വിവിധ അവാര്‍ഡുകള്‍ ടൂറിസം പിന്നാക്ക ക്ഷേമവകുപ്പുമന്ത്രി എ.പി. അനില്‍കുമാര്‍, ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് എന്നിവര്‍ വിതരണംചെയ്യും.
No comments:
Post a Comment