Saturday, September 10, 2011

സമ്പൂര്‍ണ' വിവരശേഖരം അധ്യാപകര്‍ക്ക് തലവേദന

അരൂര്‍: സ്‌കൂള്‍ മാനേജ്‌മെന്റ് സോഫ്റ്റ് വെയറായ 'സമ്പൂര്‍ണ'യുടെ വിവരശേഖരം അധ്യാപകര്‍ക്ക് തലവേദനയായി.
വിദ്യാര്‍ഥികളുടെ വ്യക്തിപരവും കുടുംബപരവുമായ വിവരങ്ങളാണ് 10 ഇനങ്ങളിലായി ശേഖരിക്കേണ്ടത്. പ്രതിരോധ കുത്തിവയ്പ് സംബന്ധിച്ചവിവരങ്ങള്‍ മുതല്‍ ബ്ലഡ്ഗ്രൂപ്പ് ഏതെന്നുവരെ ഇതുസംബന്ധിച്ച അപേക്ഷാ ഫാറത്തില്‍ ചേര്‍ക്കണം.
മുമ്പ് പഠിച്ചിരുന്ന സ്‌കൂള്‍, പ്രവേശനവിവരം, വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നമ്പര്‍, തിയ്യതി മുതലായവയെല്ലാം രേഖപ്പെടുത്തണം. സ്‌കൂളുകളില്‍ അഡ്മിഷന്‍ രജിസ്റ്ററിനുവേണ്ടി പിടിയുംവലിയും തുടങ്ങിയെന്നാണ് അധ്യാപകര്‍തന്നെ പറയുന്നത്.
ഓണാവധി കഴിഞ്ഞാല്‍ ഉടന്‍തന്നെ 'സമ്പൂര്‍ണ' വിവരങ്ങള്‍ പൂര്‍ണമാക്കി നല്‍കണമെന്നാണ് ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, ഇനിയും തിയ്യതി നീട്ടിനല്‍കണമെന്നാണ് അധ്യാപകര്‍ ആവശ്യപ്പെടുന്നത്. ഗ്രാമപ്രദേശങ്ങളിലെ സ്‌കൂളുകളിലെ വിവരശേഖരമാണ് ഏറെ ക്ലേശകരം. രക്തഗ്രൂപ്പ് കണ്ടുപിടിക്കാനും തിരിച്ചറിയല്‍ അടയാളങ്ങള്‍ കണ്ടെത്താനും ചില സ്‌കൂളുകള്‍ പുറംഏജന്‍സികളെ ഏര്‍പ്പെടുത്തിയതായും പറയപ്പെടുന്നു.





മാടായിപ്പാറ സംരക്ഷണസമിതിക്ക് ഐക്യദാര്‍ഢ്യവുമായി അധ്യാപകര്‍

പഴയങ്ങാടി: സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ മാടായിപ്പാറയില്‍ ഏര്‍പ്പെടുത്തിയ കാവലിന് ഐക്യദാര്‍ഢ്യവുമായി ജി.എസ്.ടി.യു. റവന്യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ എത്തി. മാടായിപ്പാറയില്‍ മാലിന്യം തള്ളുന്നത് തടയാനും ജലസംഭരണ പ്രദേശങ്ങളില്‍നിന്ന് വാഹനം കഴുകുന്നത് ഒഴിവാക്കാനും മാടായിപ്പാറ സംരക്ഷണ സമിതി ഏര്‍പ്പെടുത്തിയ കാവല്‍ ഒന്നരമാസം പിന്നിട്ടു.

മാടായിപ്പാറയില്‍ സുരേന്ദ്രന്‍ കൂക്കാനം നിര്‍മിച്ച കാവല്‍ശില്പത്തിനടുത്ത് സംഗമം ജി.എസ്.ടി.യു. സംസ്ഥാന നിര്‍വാഹകസമിതി അംഗം കെ.സി.രാജന്‍ ഉദ്ഘാടനം ചെയ്തു. മാടായിപ്പാറ സംരക്ഷണ സമിതി നടത്തുന്ന സമരത്തിന് അധ്യാപകര്‍ പിന്തുണ പ്രഖ്യാപിച്ചു. സംരക്ഷണ സമിതി ചെയര്‍മാന്‍ പി.പി.കരുണാകരന്‍ മാസ്റ്റര്‍ പാറയുടെ ജൈവ വൈവിധ്യത്തെക്കുറിച്ച് വിശദീകരിച്ചു. ഡോ.ശശിധരന്‍ കുനിയില്‍ അധ്യക്ഷനായി.

വി.പി.കൃഷ്ണന്‍ മാസ്റ്റര്‍,എന്‍.തമ്പാന്‍, എ.ഒ.നാരായണന്‍, പി.അബ്ദുള്‍ഖാദര്‍, ടി.കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു. പി.മുസ്തഫ, കെ.പ്രദീപന്‍, വി.മണികണ്ഠന്‍, പി.എ.സുരേശന്‍, വി.ഇ.കുഞ്ഞനന്തന്‍, എം.കെ.അരുണ, പി.പി.രാധാകൃഷ്ണന്‍, എ.നാരായണന്‍, കെ.വി.രാജന്‍, കാര്‍ത്ത്യായനി എന്നിവര്‍ നേതൃത്വം നല്‍കി.

No comments: