Thursday, September 29, 2011

അധ്യാപക പാക്കേജിന് അംഗീകാരം


29 Sep 2011

* 8076 പേര്‍ ടീച്ചേഴ്‌സ് ബാങ്കില്‍
നിയമനത്തിന് മുന്‍കൂര്‍ അനുമതി വേണം
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ നിയമനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്ന അധ്യാപക പാക്കേജിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 8076 അധ്യാപകരെ ടീച്ചേഴ്‌സ് ബാങ്കില്‍ ഉള്‍പ്പെടുത്തിയാണ് അധ്യാപക പാക്കേജ് രൂപവത്കരിച്ചത്. 
പുതിയ അധ്യാപക- വിദ്യാര്‍ഥി അനുപാതം 
  • എല്‍.പി.യില്‍ 1:30ഉം 
  • യു.പി.യില്‍ 1:35ഉം ആയിരിക്കും.
അധ്യാപക നിയമനം
  • അധ്യാപക നിയമനത്തിന് മാനേജ്‌മെന്റ് മുന്‍കൂര്‍ അനുമതി തേടണം. 
  • പുതുക്കിയ അനുപാതം പ്രകാരം വരുന്ന അധിക തസ്തിക നിര്‍ണയത്തിന് യു.ഐ.ഐ.ഡി. നിര്‍ബന്ധമാക്കും.
  • കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിക്കുന്ന മാനേജ്‌മെന്റുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. 
  • അനുപാതം വര്‍ധിപ്പിക്കുന്നതുകൊണ്ട് കൂടുതലായി ഉണ്ടാകുന്ന തസ്തികകളില്‍ ആദ്യത്തേതില്‍ ടീച്ചേഴ്‌സ് ബാങ്കില്‍ നിന്നായിരിക്കും നിയമിക്കുക.
  • ബാക്കിയുള്ള ഒഴിവുകളില്‍ മാനേജ്‌മെന്റിന് നിയമനം നടത്താം. പുതിയ അധ്യാപക നിയമനത്തിന് അധ്യാപകയോഗ്യതാ പരീക്ഷ ഏര്‍പ്പെടുത്തും.

അധ്യാപക പാക്കേജിലെ മറ്റ് പ്രധാന വ്യവസ്ഥകള്‍:-

* ശമ്പളമില്ലാതെ ജോലി ചെയ്യുന്ന 3389 അധ്യാപകര്‍ക്ക് 2011 ജൂണ്‍ ഒന്നുമുതല്‍ നിയമന അംഗീകാരം നല്‍കും.

* 2010-11 അധ്യയനവര്‍ഷത്തില്‍ അനുവദിക്കപ്പെട്ട തസ്തികകളില്‍ രാജി, മരണം, പ്രൊമോഷന്‍, റിട്ടയര്‍മെന്റ് എന്നീ കാരണങ്ങള്‍ മൂലമുണ്ടായ ഒഴിവുകളില്‍ ഈ വര്‍ഷം നിയമനം ലഭിച്ച അധ്യാപകര്‍ക്കും അംഗീകാരം നല്‍കും. അവര്‍ നിയമിതരായ ദിവസം മുതല്‍ അംഗീകാരവും ശമ്പളവും നല്‍കും.

* 2987 പ്രൊട്ടക്ടഡ് അധ്യാപകരും പ്രൊട്ടക്ഷന്‍ കാലാവധിക്കുശേഷം സ്ഥിര തസ്തികകളില്‍ നിയമനം നേടിയവരും കുട്ടികളുടെ കുറവുകാരണം ജോലി നഷ്ടപ്പെട്ടവരുമായ 1700 പേരും ശമ്പളമില്ലാതെ ജോലി ചെയ്യുന്ന 3389 പേരും ഉള്‍പ്പെടെ മൊത്തം 8076 അധ്യാപകരെ ഉള്‍പ്പെടുത്തിയതാണ് ടീച്ചേഴ്‌സ് ബാങ്ക്. 
  • റവന്യൂ ജില്ലാടിസ്ഥാനത്തിലായിരിക്കും ബാങ്ക് രൂപവത്കരിക്കുക.

* നിലവില്‍ എല്ലാ സ്‌കൂളിലെയും സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ പൂള്‍ ചെയ്ത് ടീച്ചേഴ്‌സ് ബാങ്കില്‍ നിയോഗിക്കുകയും അവരുടെ സേവനം എല്ലാ സ്‌കൂളുകളിലും ലഭ്യമാക്കുകയും ചെയ്യും. ഇവരുടെ ഒഴിവുകള്‍ ഭാവിയില്‍ പി.എസ്.സി. വഴിയാകും നികത്തുക.

തസ്തിക നികത്താന്‍ മുന്‍ഗണനാക്രമം

പുതുക്കിയ അനുപാതപ്രകാരമുള്ള അധിക തസ്തികകള്‍ നികത്തുന്നത് താഴെ പറയുന്ന മുന്‍ഗണനയനുസരിച്ചായിരിക്കും:-

(1) ശമ്പളമില്ലാതെ ജോലി ചെയ്യുന്ന ആ സ്‌കൂളിലെ തന്നെ അധ്യാപകര്‍

(2) ടീച്ചേഴ്‌സ് ബാങ്കിലെ ഒരു അധ്യാപകന്‍

(3) അതത് സ്‌കൂളില്‍ ക്ലെയിമുള്ളവരുടെ സീനിയോറിട്ടി ലിസ്റ്റില്‍ നിന്ന് സീനിയോറിട്ടി ക്രമപ്രകാരം.

* ഓരോ സ്‌കൂളിലും ക്ലെയിമുള്ളവരുടെ സീനിയോറിട്ടി പട്ടിക ഒരു മാസത്തിനകം തയ്യാറാക്കും. ഇതിന്റെ പരാതികള്‍ കൂടി പരിശോധിച്ച് അന്തിമപട്ടിക തയ്യാറാക്കും.

*എയ്ഡഡ് സ്‌കൂളുകളിലെ ഡ്രോയിങ് ആന്‍ഡ് ഡിസ്‌ബേഴ്‌സിങ് അധികാരി ഹെഡ്മാസ്റ്റര്‍മാര്‍ ആയിരിക്കും.

* ഹ്രസ്വകാല ഒഴിവുകളിലേക്ക് ടീച്ചേഴ്‌സ് ബാങ്കില്‍ നിന്ന് മാനേജര്‍മാര്‍ക്ക് തിരഞ്ഞെടുക്കാം.

*അപ്രകാരം അധ്യാപകന്‍ ലഭ്യമല്ലാത്ത പക്ഷം 48 മണിക്കൂറിനകം യോഗ്യതയുള്ള അധ്യാപകനെ നിയമിക്കാന്‍ മാനേജര്‍ക്ക് അംഗീകാരം നല്‍കും.

ഒരുദിവസമെങ്കിലും അംഗീകാരത്തോടെ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്തവര്‍ക്ക് ഇനിമുതല്‍ ശമ്പളം ഉണ്ടാകും  . 
  • തലയെണ്ണലും പ്രൊട്ടക്ഷനും സര്‍വീസില്‍ നിന്ന് പുറത്തുപോകലും ഇനിയുണ്ടാകില്ല.
  • എന്നാല്‍ അനധികൃതമായി അധ്യാപകരെ നിയമിക്കാന്‍ ഇനി മാനേജ്‌മെന്റുകള്‍ക്ക് കഴിയില്ല. മാനേജ്‌മെന്റിന്റെ ഒരധികാരവും കവര്‍ന്നിട്ടില്ല. എന്നാല്‍ ഇനിയുള്ള നിയമനം സര്‍ക്കാര്‍ അറിഞ്ഞേ നടത്താന്‍ പറ്റൂ. മാനേജരും ഡി.ഇ.ഒ.യും കൂടി അറിഞ്ഞാല്‍ നിയമനം നടത്താമെന്ന സ്ഥിതി മാറും. 
  • കൃത്രിമമായി അവധിയെടുപ്പിച്ച് നിയമനം നടത്തി ക്ലെയിം ഉണ്ടാക്കാനും അനുവദിക്കില്ല. തത്കാല ഒഴിവുകളിലേക്ക് ടീച്ചേഴ്‌സ് ബാങ്കില്‍ നിന്ന് നിയമനം നിര്‍ബന്ധമാക്കിയത് ഇക്കാരണത്താലാണ്.
സംരക്ഷിതാധ്യാപകര്‍ മടങ്ങണം
നിലവില്‍ പ്രൊട്ടക്ഷനിലൂടെ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന 1700-ഓളം പേര്‍ ടീച്ചേഴ്‌സ് ബാങ്ക് വഴി എയ്ഡഡ് സ്‌കൂളിലേക്ക് മടങ്ങും.
അധ്യാപക ബാങ്ക് നടപ്പാകുന്നതോടെ ശമ്പളമില്ലാത്ത അധ്യാപകരുണ്ടാകില്ല. പ്രൊട്ടക്റ്റഡ് അധ്യാപകരെ പുനര്‍നിയമിക്കുമ്പോള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ 1600 ല്‍ അധികം ഒഴിവുകള്‍ വരും.സര്‍ക്കാര്‍ സ്‌കൂളില്‍ ഇങ്ങനെയുണ്ടാകുന്ന ഒഴിവുകളില്‍ പി.എസ്.സി. വഴി നിയമനം നടത്തും.
സാമ്പത്തികം
പൂര്‍ണമായും കേന്ദ്രസഹായത്തോടെയാണ് പാക്കേജ് നടപ്പാക്കുക. 6.68 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് ഇതിനായി ചെലവ് വരുമെന്ന് ആദ്യം കണക്കാക്കിയെങ്കിലും കേന്ദ്രപദ്ധതികളുടെ ഭാഗമാക്കിയതിനാല്‍ സംസ്ഥാന സര്‍ക്കാരിന് വലിയ സാമ്പത്തികഭാരം വരില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബും പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. ശിവശങ്കറും മുഖ്യമന്ത്രിയോടൊപ്പം തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ എത്തി
 
 

No comments: