Saturday, September 17, 2011

വിദ്യാലയത്തിന് ഉപകരണങ്ങള്‍ നിര്‍മിച്ചുനല്‍കി വിശ്വകര്‍മദിനം ആചരിച്ചു

 18 Sep 2011

മങ്കൊമ്പ്: വിശ്വകര്‍മ സര്‍വീസ് സൊസൈറ്റിശാഖ വിശ്വകര്‍മദിനാചരണം നടത്തിയത് വിദ്യാലയത്തിന് ഉപകരണങ്ങള്‍ നിര്‍മിച്ചുനല്‍കിക്കൊണ്ട്. വെളിയനാട് 1317 ാം നമ്പര്‍ വിശ്വകര്‍മ സര്‍വീസ് സൊസൈറ്റിയുടെ വിശ്വകര്‍മദിനാചരണത്തിന്റെ ഭാഗമായാണ് ഗവ.എല്‍.പി.ജി.സ്‌കൂളില്‍ പുതിയഡെസ്‌ക്കും ബെഞ്ചും നിര്‍മിച്ച് നല്‍കുകയും കേടുവന്നവയുടെ അറ്റകുറ്റപ്പണികള്‍ ശ്രമദാനമായി നടത്തുകയും ചെയ്തത്.

രാവിലെ 9 മുതല്‍ ശാഖയിലെ അംഗങ്ങളായ ഇരുപത്തഞ്ചോളം മരപ്പണി ചെയ്യുന്ന ചെറുപ്പക്കാരാണ് ഉപകരണനിര്‍മാണത്തിലും അറ്റകുറ്റപ്പണിയിലും ഏര്‍പ്പെട്ടത്. 1912 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഗേള്‍സ് എല്‍.പി.സ്‌കൂളില്‍ പതിറ്റാണ്ടുകളായി അറ്റകുറ്റപ്പണി ചെയ്യാത്ത ഉപകരണങ്ങളാണുള്ളത്. നശിച്ചുകിടന്ന 30 ബെഞ്ച്, 12 ഡെസ്‌ക്ക്, 10 മേശ, ക്ലാസ്‌റൂമുകളുടെ ജനല്‍പ്പാളികള്‍, കതക്, കട്ടള എന്നിവയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചസംഘം വൈകീട്ട് 4ന് പണി അവസാനിപ്പിക്കുമ്പോള്‍ സ്‌കൂളിലേക്ക് മൂന്ന് ചാരുബെഞ്ചുകള്‍ അധികമായി നിര്‍മിച്ചുനല്‍കിയിരുന്നു. ശാഖയിലെ മരപ്പണി തൊഴിലാളികളായ സുരേഷ്‌കുമാര്‍, മനോജ്, മജേഷ്, സുനീഷ്, ഗോപാലകൃഷ്ണന്‍, പ്രവീണ്‍, അഭിലാഷ്, സന്തോഷ്, ശ്രീജിത്ത്, അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികള്‍ നടന്നത്.


ശാഖാപ്രസിഡന്റ് കെ.എം.ശശിധരന്‍, സെക്രട്ടറി സുഭാഷ്‌കുമാര്‍ എന്നിവര്‍ ഉപകരണനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ശാഖയിലെ വനിതാ സമാജം പ്രവര്‍ത്തകരായ ലീലമ്മ, ഗീത, ജയലക്ഷ്മി, സുമ, ശ്രീകല, സരസ്വതി, തങ്കമണി, ജിജി, മഞ്ജു, അനിത എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂളും പരിസരവും ശുചീകരിച്ചു. വിശ്വകര്‍മദിനാചരണത്തിന്റെ ഭാഗമായി വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി ശാഖാംഗങ്ങളുടെ ശ്രമദാനപ്രവര്‍ത്തനങ്ങളെ ഹെഡ്മിസ്ട്രസ് ത്രേസ്യാമ്മ തോമസ് അഭിനന്ദിച്ചു.
ഐ.ടി. പരിശീലനത്തില്‍ നിറഞ്ഞുനിന്നത് അമ്മമാര്‍
പടന്ന: ഐ.ടി. അറ്റ് സ്‌കൂളിന്റെ നേതൃത്വത്തില്‍ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന രക്ഷിതാക്കള്‍ക്കുള്ള കമ്പ്യൂട്ടര്‍ പരിശീലനത്തില്‍ പങ്കെടുക്കാന്‍ മുന്‍പന്തിയില്‍ അമ്മമാര്‍. പടന്ന കടപ്പുറം ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച ആദ്യബാച്ചില്‍ പങ്കെടുത്ത പതിനാറുപേരും അമ്മമാരായിരുന്നു.


ഇതുവരെ കമ്പ്യൂട്ടര്‍ തൊട്ടുനോക്കിയിട്ടുപോലുമില്ലാത്ത കര്‍ഷകത്തൊഴിലാളികളും ഉമ്മമാരുമായിരുന്നു ഒരു ദിവസംമുഴുവന്‍ കമ്പ്യൂട്ടറിന് മുന്നില്‍ ചെലവഴിച്ചത്. തുടര്‍ന്നുള്ള അവധിദിവസങ്ങളിലും പരിശീലനം തുടരും. സ്റ്റുഡന്റ് ഐ.ടി. കൊ-ഓര്‍ഡിനേറ്റര്‍മാര്‍ക്കാണ് പരിശീലനച്ചുമതല. പി.ടി.എ. പ്രസിഡന്റ് പി.വി. രാമകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു.

പഠനനിലവാരമുയര്‍ത്താന്‍ ഇനി മാനേജ്‌മെന്റ് കമ്മിറ്റിയും

കാസര്‍കോട്: വിദ്യാലയങ്ങളില്‍ പഠന നിലവാരമുയര്‍ത്താന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി (എസ്.എം.സി)നിലവില്‍ വരുന്നു. വിദ്യാര്‍ഥി പ്രതിനിധിയായി സ്‌കൂള്‍ ലീഡറടക്കമുള്ളവര്‍ ഇതില്‍ അംഗങ്ങളാകും എന്നത് ഈ കമ്മിറ്റിയുടെ പ്രത്യേകതയാണ്. വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നതോടെ മാനേജ്‌മെന്റ് കമ്മിറ്റിയുടെ രൂപവത്കരണം ഈ വര്‍ഷം തന്നെ സംസ്ഥാനത്തെ സ്‌കൂളുകളിലുണ്ടാകും. ഇതിനായി അധ്യാപകര്‍ക്കും മറ്റുമായി പഞ്ചായത്ത് തലത്തില്‍ പരിശീലനം തുടങ്ങിക്കഴിഞ്ഞു. നിലവിലുള്ള പാരന്റ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്റെ (പി.ടി.എ)നിലനില്‍പ്പ് കെ.ഇ.ആര്‍ ഭേദഗതിക്കനുസൃതമായിട്ടായിരിക്കും തീരുമാനിക്കുക. പി.ടി.എ യും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയും അടക്കമുള്ളവയുടെ പൂര്‍ണ്ണമായ രൂപരേഖ തയ്യാറായിട്ടില്ലെന്ന് സര്‍വശിക്ഷാ അഭിയാന്‍ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ ശശികുമാര്‍ പറഞ്ഞു.

രണ്ടു വര്‍ഷം കാലാവധിയുള്ള സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ പരമാവധി 16 അംഗങ്ങളാണ് ഉണ്ടാവുക. 750 ല്‍ കൂടുതല്‍ വിദ്യാര്‍ഥികളുള്ള സ്‌കൂളുകളില്‍ 20 അംഗങ്ങളാകാം. മദര്‍ പി.ടി.എ. ഉള്‍പ്പെടെയുള്ള രക്ഷിതാക്കള്‍ 75 ശതമാനം കമ്മിറ്റിയില്‍ വേണമെന്ന് നിര്‍ബന്ധമാണ്. ബാക്കിയുള്ള 25 ശതമാനത്തില്‍ വാര്‍ഡ് അംഗം, പ്രധാനാധ്യാപകന്‍, അധ്യാപകര്‍,സ്‌കൂള്‍ ലീഡര്‍ അടക്കമുള്ളവര്‍ ഉള്‍പ്പെടും. കമ്മിറ്റിയില്‍ 50 ശതമാനം സ്ത്രീകളായിരിക്കണം. രക്ഷിതാക്കളില്‍ നിന്നാണ് ചെയര്‍പേഴ്‌സണ്‍, വൈസ ്‌ചെയര്‍പേഴ്‌സണ്‍ എന്നിവരെ തിരഞ്ഞെടുക്കേണ്ടത്. എയ്ഡഡ് സ്‌കൂളില്‍ സ്‌കൂള്‍ മാനേജരോ അദ്ദേഹത്തിന്റെ നോമിനിയോ ആയിരിക്കും ചെയര്‍പേഴ്‌സണ്‍. പ്ലസ്ടു വരെയുളള സ്‌കൂളുകളില്‍ പ്രിന്‍സിപ്പല്‍ ആയിരിക്കും കണ്‍വീനര്‍. ഹെഡ് മാസ്റ്റര്‍ ജോയിന്റ് കണ്‍വീനര്‍ ആയിരിക്കും. ക്വാറത്തിന്റെ ഭാഗമാണെങ്കിലും വോട്ടവകാശമില്ലാത്ത മൂന്ന് വിദഗ്ദ്ധരും കമ്മിറ്റിയില്‍ ഉണ്ടാകും. വിദ്യാര്‍ഥി സംരക്ഷണം, ആരോഗ്യപരിപാലനം അടക്കമുള്ള വിഷയങ്ങളില്‍ ഈ വിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ തേടാം. രണ്ട് മാസത്തില്‍ ഒരിക്കല്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചേരണം.

22 ബഡ്‌സ് സ്‌കൂളുകള്‍ക്ക് കുടുംബശ്രീ വക മിനിബസ്സുകള്‍ നല്‍കി

മലപ്പുറം: ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ 22 ബഡ്‌സ് സ്‌കൂളുകള്‍ക്ക് കുടുംബശ്രീ മിഷന്‍ വഴി മിനിബസ്സുകള്‍ നല്‍കി. സംസ്ഥാന സാമൂഹികക്ഷേമവകുപ്പ് നടപ്പാക്കിയ പദ്ധതിയില്‍, വാഹനങ്ങളുടെ താക്കോല്‍ദാനകര്‍മം മന്ത്രി എം.കെ. മുനീര്‍ നിര്‍വഹിച്ചു. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് പ്രസംഗിച്ചു. മലപ്പുറം നഗരസഭാ ചെയര്‍മാന്‍ കെ.പി. മുസ്തഫ, വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം. ഗിരിജ, കൗണ്‍സിലര്‍ കല്ലുവളപ്പില്‍ ആശ, ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് സി.കെ.എ റസാഖ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സി.എന്‍. ബാബു എന്നിവര്‍ സംബന്ധിച്ചു. എ. ജയകുമാര്‍ സ്വാഗതവും കുടുംബശ്രീമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സി.ആര്‍. മുരളീകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം, എറണാകുളം ജില്ലയിലെ കിഴക്കമ്പലം, ചെല്ലാനം, ആലങ്ങാട്, കടുങ്ങല്ലൂര്‍, എഴിക്കര, കുന്നുകര, വേങ്ങൂര്‍, അശമന്നൂര്‍, പല്ലാരിമംഗലം, കോഴിക്കോട്ടെ ചോറോട്, ഒഞ്ചിയം, ഏറാമല, വില്യാപ്പള്ളി, കാസര്‍കോട് ജില്ലയിലെ എന്‍മകജെ, മുളിയാര്‍, കാറടുക്ക, കയ്യൂര്‍ ചീമേനി, പുല്ലൂര്‍ പെരിയ, കള്ളാര്‍ എന്നീ ഗ്രാമപ്പഞ്ചായത്തുകള്‍ക്കും മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് ബ്ലോക്ക്, കാസര്‍കോട്ടെ നീലേശ്വരം നഗരസഭ എന്നിവയ്ക്കുമാണ് വാഹനങ്ങള്‍ നല്‍കിയത്.

പഠനവൈകല്യ പരിഹാരത്തിന് മാര്‍ഗം പകര്‍ന്ന് 'സ്‌പര്‍ശം' വാര്‍ഷികം

തേഞ്ഞിപ്പലം: വിദ്യാര്‍ഥികളുടെ പഠനവൈകല്യങ്ങള്‍ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പഠനവൈകല്യ ക്ലിനിക്കിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു. തിരൂരങ്ങാടി താലൂക്ക് ആസ്​പത്രി, പരപ്പനങ്ങാടി ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍, കോഴിക്കോട് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി. പരപ്പനങ്ങാടി സി.ആര്‍.സിയില്‍ ആണ് ഒന്നിടവിട്ട ആഴ്ചകളില്‍ ക്ലിനിക്ക് നടക്കുന്നത്. 2010-11 അധ്യാന വര്‍ഷത്തില്‍ 432 വിദ്യാര്‍ഥികളാണ് ക്ലിനിക്കിലെത്തിയത്. 25 വിദ്യാര്‍ഥികളില്‍ പഠനവൈകല്യം കണ്ടെത്തി. മറ്റുള്ളവരെ അവരുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിദഗ്ധരുടെ പക്കലേക്കയയ്ക്കുകയും ചെയ്തു.

പ്രദേശത്തെ അധ്യാപകര്‍ക്ക് പ്രത്യേക ക്ലാസുകള്‍, പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് ക്ലാസുകള്‍, യോഗ, ധ്യാനം എന്നിവ ക്ലിനിക്കിന്റെ ഭാഗമാണ്.


'സ്​പര്‍ശം 2011' വാര്‍ഷികാഘോഷ, ശില്‍പശാലയില്‍, ക്ലാസുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ അമ്മമാര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. എഴുത്തിലും പെരുമാറ്റത്തിലും കുട്ടികളേറെ മെച്ചപ്പെട്ടതായി അവര്‍ സാക്ഷ്യപ്പെടുത്തി.


കാലിക്കറ്റ് സര്‍വകലാശാല സെമിനാര്‍ കോംപ്ലക്‌സില്‍ നടന്ന ചടങ്ങ് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഇംഹാന്‍സിലെ ഡോ. സുഷമ, ഡോ സാദിഖ് എന്നിവര്‍ ക്ലാസെടുത്തു. പരപ്പനങ്ങാടി ബി.ആര്‍.സി. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എ.കെ. ദിലീപ് വര്‍മ രാജ റിപ്പോര്‍ട്ടവതരിപ്പിച്ചു. ജനപ്രതിനിധികളായ ഫിറോസ് കള്ളിയില്‍, എം.എ. ഖാദര്‍, കല്ല്യാണി രാമചന്ദ്രന്‍, വി.പി. അഹമ്മദ്കുട്ടി ഹാജി, സീനത്ത് അലിബാപ്പു, കാരിക്കുട്ടി, വി.പി. സൈതലവി, കെ.ടി.സഫിയ, കെ.പി. ഷാഹിന, ഉദ്യോഗസ്ഥരായ വി.സി. സതീശന്‍, ഡോ. ശ്രീബിജു, അബ്ദുള്‍ റസാഖ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വി.വി. ജമീല സ്വാഗതവും കെ. ഹസ്സന്‍ നന്ദിയും പറഞ്ഞു.


വിദ്യാര്‍ഥിയെ അടിച്ചതിന് പ്രധാനാധ്യാപികയ്‌ക്കെതിരെ കേസ്

ഒറ്റപ്പാലം: നഗരത്തിലെ അണ്‍ എയിഡഡ് ഇംഗ്ലീഷ്മീഡിയം സ്‌കൂളില്‍ പ്രധാനാധ്യാപിക വിദ്യാര്‍ഥിയെ അടിച്ച് പരിക്കേല്പിച്ചതായി പരാതി. ഒറ്റപ്പാലം ആര്‍.എസ്. റോഡില്‍ മലയത്തുംകുഴിയില്‍ മുജീബ്‌റഹ്മാന്റെ മകന്‍ എം.കെ. ജാഷിഫിനാണ് (11) ചൂരല്‍കൊണ്ട് കാലിനും കൈക്കും അടിയേറ്റ് ഒറ്റപ്പാലം താലൂക്കാസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ പ്രധാനാധ്യാപിക പങ്കജത്തിനെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്തു.

നാലാംതരത്തില്‍ പഠിക്കുന്ന കുട്ടിയുടെ ഹിന്ദിഅധ്യാപികകൂടിയായ പങ്കജം ഹോംവര്‍ക്ക്‌ചെയ്യാത്തതിനാണ് അടിച്ചതെന്ന് ജാഷിഫ് പറഞ്ഞു. വെള്ളിയാഴ്ചഉച്ചയ്ക്ക് പ്രധാനാധ്യാപികയുടെ മുറിയില്‍വെച്ചാണ് സംഭവം.


മാധ്യമ വിമര്‍ശം വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരം -മന്ത്രി തിരുവഞ്ചൂര്‍
കോട്ടയം: വിദ്യാഭ്യാസരംഗം ഗുണമേന്മയിലെത്തിക്കാന്‍ മാധ്യമങ്ങളുടെ വിമര്‍ശം ആവശ്യമാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. അഞ്ചു വര്‍ഷത്തെ ഇടതുപക്ഷ ഭരണം കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ അന്ധകാരത്തിലാഴ്ത്തിയിരുന്നു. അതിന്റെ മോചനത്തിനായി യു.ഡി.എഫ്. സര്‍ക്കാര്‍ തയ്യാറായതിന്റെ ഫലമാണ് പുതിയ വിദ്യാഭ്യാസ പാക്കേജ് -മന്ത്രി കൂട്ടിച്ചേര്‍ത്തു. ജി.എസ്.ടി.യു. സംസ്ഥാന സമിതി സംഘടിപ്പിച്ച 'പൊതുവിദ്യാഭ്യാസവും മാധ്യമങ്ങളും' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


സംസ്ഥാന പ്രസിഡന്റ് ജെ. ശശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രൊഫ. സാജു മാത്യു വിഷയം അവതരിപ്പിച്ചു. മാധ്യമപ്രവര്‍ത്തകരായ മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ പി.കെ. ജയചന്ദ്രന്‍, മനോരമ സീനിയര്‍ സബ് എഡിറ്റര്‍ വി. വേണുഗോപാല്‍, ഡോ. ഹരി ലക്ഷ്മീന്ദ്രകുമാര്‍, നഗരസഭാധ്യക്ഷന്‍ സണ്ണി കല്ലൂര്‍, ജി.എസ്.ടി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം. സലാഹുദ്ദിന്‍, ഭാരവാഹികളായ ടി.എസ്. സലിം, കെ. സുരേഷ്‌കുമാര്‍, അഡ്വ. ടോമി കല്ലാനി, എം.ഒ. നാരായണന്‍, ആര്‍. മുരളീധരന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.ഐ.ടി.യുഗത്തിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണംനടവയല്‍: ഐ.ടി.യുഗത്തിലെ സാധ്യതകള്‍ കുട്ടികള്‍ക്കു പ്രയോജനപ്പെടുത്താന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. പറഞ്ഞു. സെന്റ്‌തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായി സംഘടിപ്പിച്ച വിവരവിനിമയ സാങ്കേതികവിദ്യ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്മാര്‍ട്ട് സിറ്റി പോലുള്ള വന്‍ പദ്ധതികള്‍ വരുമ്പോള്‍ വയനാട്ടിലെ കുട്ടികള്‍ പിന്‍തള്ളപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.


പി.ടി.എ. പ്രസിഡന്റ് ഷാന്റി ചേനപ്പാടി അധ്യക്ഷത വഹിച്ചു. മാനേജര്‍ ഫാ. ജെയിംസ് കുന്നത്തേട്ട് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സ്‌കൂള്‍ ഐ.ടി.കോ-ഓര്‍ഡിനേറ്റര്‍ വി.ജെ.തോമസ് കുട്ടികള്‍ നിര്‍മിച്ച ഡിജിറ്റല്‍ മാഗസിന്‍ പ്രകാശനംചെയ്തു. പ്രധാനാധ്യാപകന്‍ എം.എം.ടോമി, സാലിഷാജി, എം.കെ.ജോണ്‍, രാജന്‍ നായര്‍, എന്‍.യു.ടോമി, സി.വി.രതീഷ് സംസാരിച്ചു. ഡയറ്റ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.പി.ലക്ഷ്മണന്‍ ക്ലാസെടുത്തു. കുട്ടികള്‍ നിര്‍മിച്ച ആനിമേഷന്‍ ചിത്രത്തിന്റെ പ്രദര്‍ശനവുമുണ്ടായിരുന്നു.

No comments: