Friday, February 3, 2012

ഇത് കൂട്ടുകാരുടെ സ്‌നേഹത്തണല്‍


04 Feb 2012


കോഴിക്കോട്: കണ്ണീരണിഞ്ഞ് ആ അമ്മ മുഖ്യമന്ത്രിക്കുമുന്നില്‍ തൊഴുകൈയോടെ നിന്നു. ആ മുഹൂര്‍ത്തത്തിന് സാക്ഷിയായി മനസ്സുനിറഞ്ഞ് ഒരു നാടുമുഴുവനും. അമ്മയുടെ മകള്‍ റീനയ്ക്ക് അത്തോളി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സഹപാഠികള്‍ ഉണ്ടാക്കിക്കൊടുത്ത വീടിന്റെ താക്കോല്‍നല്‍കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെത്തിയപ്പോഴായിരുന്നു വികാരനിര്‍ഭരമായ ഈ രംഗം.

സ്‌കൂള്‍മുറ്റത്ത് കാല്‍കുത്തിയപ്പോള്‍ത്തന്നെ നിവേദനങ്ങളുമായി ആളുകള്‍ മുഖ്യമന്ത്രിയെ പൊതിഞ്ഞു. ആ സങ്കടക്കടലാസുകള്‍ മുഴുവന്‍ കൈയിലൊതുക്കിപ്പിടിച്ച് മുഖ്യമന്ത്രി ആ അമ്മയെ സാന്ത്വനിപ്പിച്ചു. അമ്മയ്ക്കിരുവശത്തുമായി റീനയും കുഞ്ഞനുജത്തിയും. സുരക്ഷിതമായി തലചായ്ക്കാനിടമില്ലാതെ പകച്ചുപോയൊരു കുടുംബത്തിന് തണലുണ്ടാക്കിക്കൊടുക്കാനുള്ള സുമനസ്സുകളുടെ തീരുമാനം പൂവണിയുന്ന മുഹൂര്‍ത്തത്തിന് സാക്ഷികളാവാന്‍ സ്‌കൂള്‍മുറ്റം നിറഞ്ഞ് കുട്ടികളും നാട്ടുകാരും.


വേളൂര്‍ നമ്പുക്കുടിയില്‍ ദേവിയെയും മക്കളായ റീനയെയും ബീനയെയും അനാഥരാക്കി കുടുംബനാഥന്‍ അരിയന്‍ മരിച്ചത് 2009-ലാണ്. മീന്‍പിടിക്കുന്നതിനിടെ പുഴയില്‍വീണായിരുന്നു മരണം. അന്ന് റീന അത്തോളി ഗവ. വി.എച്ച്.എസ്.എസില്‍ വിദ്യാര്‍ഥിനിയായിരുന്നു. മരണത്തില്‍ അനുശോചിക്കാന്‍ റീനയുടെ വീട്ടില്‍ വന്ന സഹപാഠികളും അധ്യാപകരും ഒരു തീരുമാനമെടുത്തു-അവര്‍ക്ക് സുരക്ഷിതരായി കഴിയാന്‍ ഒരുവീടുണ്ടാക്കിക്കൊടുക്കണം.


സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റാണ് 'സഹപാഠിക്കൊരു ഭവനം ' എന്ന ഈ പദ്ധതി സാക്ഷാത്കരിക്കുന്നതിന് പ്രവര്‍ത്തിച്ചത്. അന്നത്തെ അത്തോളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാജന്‍ ചെയര്‍മാനും സ്‌കൂളിലെ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ എം. ലീന കണ്‍വീനറുമായി 'റീന കുടുംബസഹായക്കമ്മിറ്റി' യുണ്ടാക്കി. പത്രങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും റീനയുടെയും കുടുംബത്തിന്റെയും കഥ അറിഞ്ഞ ഒട്ടേറെപ്പേര്‍ സഹായവുമായെത്തി. അങ്ങനെ ആറുലക്ഷം രൂപ സമാഹരിച്ചു. ഇ. എം.എസ്. ഭവനപദ്ധതി മുഖേനെ ഒരു ലക്ഷം രൂപ അത്തോളി ഗ്രാമപ്പഞ്ചായത്തും അനുവദിച്ചു. എന്‍.എസ്.എസ്. വിദ്യാര്‍ഥികളും നാട്ടുകാരും വീടുപണിയുടെ ഓരോ ഘട്ടത്തിലും ഒരുമിച്ചു പ്രവര്‍ത്തിച്ചതോടെ ആ സ്വപ്നം യാഥാര്‍ഥ്യമായി.


വീടുണ്ടായെങ്കിലും റീനയുടെ ജീവിതവഴിയില്‍ പ്രതിസന്ധികള്‍ ഇനിയുമുണ്ട്. എട്ടാംക്ലാസ്സില്‍ പഠിക്കുന്ന അനിയത്തിക്കും സുഖമില്ലാത്ത അമ്മയ്ക്കും ആശ്രയം റീന മാത്രമാണ്. സ്ഥിരംജോലിയെന്നതാണ് അവളുടെ സ്വപ്നം. അത് യാഥാര്‍ഥ്യമാക്കാന്‍ സഹായിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിലാണ് ഇനിയുള്ള പ്രതീക്ഷ. പുതിയ വീട്ടിലേക്ക് ടി.വി. അനുവദിച്ചുകൊണ്ട്, കുട്ടികളുടെയും നാടിന്റെയും നന്മയില്‍ മുഖ്യമന്ത്രിയും പങ്കുചേര്‍ന്നു.


സമൂഹത്തിന് വഴികാണിക്കുന്ന കര്‍മമാണ് അത്തോളി സ്‌കൂളിലെ കുട്ടികളുടേതെന്ന് വീടിന്റെ താക്കോല്‍ കൈമാറി മുഖ്യമന്ത്രി പറഞ്ഞു. മറ്റുള്ളവരെക്കുറിച്ച് കരുതലുള്ള തലമുറ വളര്‍ന്നുവരുന്നത് ശുഭസൂചനയാണെന്നും ഇത്തരം മാതൃകകളാണ് നാടിനുവേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജമീല കാനത്തില്‍ അധ്യക്ഷയായി. മികച്ച പ്രവര്‍ത്തനത്തിനുള്ള എന്‍.എസ്.എസ്. അവാര്‍ഡ് നേടിയ എം. ലീനയെ ചടങ്ങില്‍ ആദരിച്ചു. എം.കെ. രാഘവന്‍ എം.പി. മുഖ്യാതിഥിയായിരുന്നു.  അത്തോളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രമ പാലോത്ത് സ്വാഗതവും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.എം. ചന്ദ്രന്‍ നന്ദിയും പറഞ്ഞു. (mathrubhumi )

സ്‌കൂള്‍ അധ്യാപകരുടെ അടിസ്ഥാന യോഗ്യത ബിരുദമാക്കണം: പിജിടിഎ
പെരുമ്പാവൂര്‍: സ്‌കൂള്‍ അധ്യാപകരുടെ കുറഞ്ഞ അടിസ്ഥാന യോഗ്യത ബിരുദമാക്കി നിജപ്പെടുത്തണമെന്ന് പ്രൈവറ്റ് സ്‌കൂള്‍ ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് അസോസിയേഷന്‍(പി.ജി.ടി.എ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഇതിനായി നിലവിലുള്ള ടി.ടി.സി. കോഴ്‌സ് ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിച്ച് മൂന്ന് കൊല്ലത്തെ ബാച്ചിലര്‍ ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ ആക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

No comments: