Monday, May 14, 2012

മറ്റൊരു പാഠപുസ്തക വിവാദം കൂടി


  14 May 2012
ചുരുങ്ങിയ കാലംകൊണ്ടുതന്നെ പാഠപുസ്തകങ്ങളിലെ ഗണിതവും രസതന്ത്രവും ഭൗതികവും അതുപോലുള്ള 'ശുദ്ധ' ശാസ്ത്രവിഷയങ്ങളും കൂടി വിവാദങ്ങള്‍ക്ക് ആസ്പദമായേക്കാം. ഇടയ്ക്കിടെ ഇത് ആവര്‍ത്തിക്കുന്നത് കാണുമ്പോള്‍ ആരും അങ്ങനെ ചിന്തിച്ചുപോകും.ചരിത്രപുസ്തകങ്ങള്‍, കഥകള്‍, ചിത്രങ്ങള്‍, സിനിമകള്‍, നാടകങ്ങള്‍ എന്നിവയ്ക്കു പുറമെ, പാഠപുസ്തകങ്ങളും തര്‍ക്കങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുക ഇപ്പോള്‍ അത്രകണ്ട് പതിവായിരിക്കുന്നു. സാമൂഹ്യശാസ്ത്രവും ചരിത്രവും സംബന്ധിച്ച പുസ്തകങ്ങള്‍ക്കാണ് പൊതുവേ ഈ ദുര്‍വിധി.

ഈ വിഷയങ്ങളെ വ്യത്യസ്തരീതിയില്‍ നോക്കിക്കാണാമെന്നതു കൊണ്ട് അവ സംബന്ധിച്ച് വിയോജിപ്പുകള്‍ക്ക് പഴുതുണ്ടാവും. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഇവയെ പ്രയോജനപ്പെടുത്താന്‍ ധാരാളം സാധ്യതകളുമുണ്ട്. എന്നാല്‍ പല തട്ടിലുമുള്ള നീരീക്ഷണങ്ങള്‍ക്കും ആലോചനകള്‍ക്കും ശേഷം, രചയിതാക്കളുടെ വ്യക്തിനിഷ്ഠമായനിലപാടുകള്‍ പരമാവധി ചോര്‍ത്തിക്കളഞ്ഞ്, തയ്യാറാക്കപ്പെടുന്ന പുസ്തകങ്ങളില്‍പ്പോലും ഏതെങ്കിലും ഒരു വിഭാഗത്തിന് അനിഷ്ടകരമായ എന്തെങ്കിലും ചിലത് സങ്കല്പിച്ച് ഉണ്ടാക്കാന്‍ വലിയ പ്രയാസമുണ്ടാവില്ല.

ഇത് ഉന്നയിക്കുക ഒരു രാഷ്ട്രീയ ആവശ്യമാവുന്നതോടെ പുസ്തകവും അവയുടെ പിന്നില്‍ ഉപദേശകരായും മറ്റും പ്രവര്‍ത്തിച്ച ആളുകളും വിവാദത്തിന്റെ ചുഴിയിലേക്ക് വലിച്ചെറിയപ്പെടുകയായി. 11-ാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തില്‍ ബി.ആര്‍. അംബേദ്കറുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഉയര്‍ന്നിട്ടുള്ള കോലാഹലങ്ങള്‍ ഇത്തരത്തിലുള്ള സംഭവങ്ങളില്‍ ഒടുവിലത്തേതാണ്.ഇങ്ങനെ പോയാല്‍ ഇത് അവസാനത്തേതുമാകാന്‍ ഇടയില്ല.

വിദ്യാഭ്യാസ ഗവേഷണങ്ങള്‍ക്കും പരിശീലനത്തിനുമുള്ള ദേശീയസമിതി (എന്‍.സി.ഇ.ആര്‍.ടി.) തയ്യാറാക്കിയ പുസ്തകമാണ് ഇപ്പോള്‍ ചിലരുടെ കോപത്തിന് ഇരയായിരിക്കുന്നത്. സി.ബി.എസ്.ഇ.പാഠ്യപദ്ധതി പിന്തുടരുന്ന ക്ലാസുകളില്‍ 2006 മുതല്‍ പഠിപ്പിച്ചു വരുന്നതാണ് ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചുള്ള ഈ പുസ്തകം എന്നതാണ് കൗതുകകരമായ കാര്യം. ഇതില്‍ എടുത്തു ചേര്‍ത്തിട്ടുള്ള കാര്‍ട്ടൂണാകട്ടെ പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ 1949-ല്‍ വരച്ചതാണ്.

അന്ന് 'ശങ്കേഴ്‌സ് വീക്ക്‌ലി'യില്‍ വന്ന ഈ കാര്‍ട്ടൂണ്‍ പലരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടായിരിക്കണം. ഭരണഘടനാനിര്‍മാണം വൈകുന്നതിനോടുള്ള ഒരു കാര്‍ട്ടൂണിസ്റ്റിന്റേതായ പ്രതികരണമായി കണ്ട് ഇത് ഒരുപാടുപേര്‍ ആസ്വദിച്ചിട്ടുമുണ്ടായിരിക്കണം. അത് മറ്റു തരത്തിലുള്ള വിവാദങ്ങള്‍ ഉണ്ടാക്കിയതായി അറിവില്ല. അത് ഒരുകാലം!

ഭരണഘടന എന്നെഴുതിയിട്ടുള്ള ഒച്ചിന്റെ പുറത്തിരുന്ന് ചാട്ട ചുഴറ്റുന്ന അംബേദ്കറെയും പിന്നില്‍ നിന്ന് ചാട്ട വീശുന്ന നെഹ്രുവിനെയും ചിത്രീകരിച്ചിട്ടുള്ള ഈ കാര്‍ട്ടൂണ്‍ കാലം ഇത്ര കഴിഞ്ഞിട്ടും കാഴ്ചക്കാരില്‍ ചിരിയുയര്‍ത്തും. പഴയ സംഭവങ്ങളെയും ആവിഷ്‌കാരങ്ങളെയും പുതിയ കാലത്തിന്റെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കുക പതിവാണ്. അങ്ങനെ ചെയ്താല്‍ പോലും അംബേദ്കറെ നിന്ദിക്കുന്നതായി എന്തെങ്കിലും ഇതില്‍ കണ്ടെത്താന്‍ കഴിയുമെന്നു തോന്നുന്നില്ല.

കാര്‍ട്ടൂണ്‍ നീക്കാന്‍ മന്ത്രി കപില്‍സിബല്‍ ഉത്തരവിട്ടതിനെത്തുടര്‍ന്ന് എന്‍.സി.ഇ.ആര്‍.ടി.യുടെ ഉപദേശക സ്ഥാനം രാജിവെച്ച സുഹാസ് പല്‍ഷികറും യോഗേന്ദ്ര യാദവും ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.അംബേദ്കറെക്കുറിച്ച് പഠിപ്പിക്കുന്ന പത്താം ക്ലാസിലെ പുസ്തകത്തിന്റെ തുടര്‍ച്ചയാണ് ഇത്. പുസ്തകത്തില്‍ 'പാഠ'ത്തോടൊപ്പം, കുട്ടികളുടെ അന്വേഷണത്വര ഉദ്ദീപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ചിത്രങ്ങളും അക്കാലത്തെ രേഖകളുടെ പകര്‍പ്പുകളും കാര്‍ട്ടൂണുകളും എടുത്തു ചേര്‍ത്തിട്ടുണ്ട്.

അവയിലൊന്നാണ് ശങ്കറുടെ കാര്‍ട്ടൂണ്‍. പതിവിന്‍പടി കാര്‍ട്ടൂണ്‍ നീക്കം ചെയ്യുമെന്ന് മന്ത്രി പ്രഖ്യാപിച്ചിട്ടും സുഹാസ് പല്‍ഷികറുടെ , പുണെ സര്‍വകലാശാലയിലെ മുറി ചില അക്രമികള്‍ കേടുപാടു വരുത്തിയതിന്റെ ലക്ഷ്യം രാഷ്ട്രീയനേട്ടമല്ലാതെ മറ്റൊന്നാകാന്‍ വഴിയില്ല.
അംബേദ്കറുടെ പാരമ്പര്യം അവകാശപ്പെടുന്നവരാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും. മഹാനായ ഒരിന്ത്യക്കാരനായ അംബേദ്കറെ നിന്ദിക്കുന്നതില്‍ ഇവര്‍ക്ക് മാത്രമല്ല മറ്റെല്ലാവര്‍ക്കും തന്നെ ഖേദമുണ്ടാവും. എന്നാല്‍, ഇവിടെ അങ്ങനെ സംഭവിച്ചിട്ടുണ്ട് എന്നു പറയാന്‍ പറ്റില്ല.

അതിരുവിട്ടത് എന്നനിലയ്‌ക്കേ ഇപ്പോഴുണ്ടായിട്ടുള്ള പ്രതികരണങ്ങളെ കാണാന്‍ കഴിയൂ. അതേസമയം, ഗുണകരമായ നിയമനിര്‍മാണങ്ങള്‍ പലതും നടന്നിട്ടും ഭാഷാ പ്രയോഗങ്ങളിലും ചിത്രീകരണങ്ങളിലും സമീപനങ്ങളിലും ദളിതരോടുള്ള നിന്ദ ഇപ്പോഴും സമൂഹത്തില്‍ ഒളിഞ്ഞും ചിലപ്പോള്‍ തെളിഞ്ഞും കിടക്കുന്നു എന്നത് വാസ്തവമാണ്.സമൂഹം മൊത്തത്തില്‍ ഏറ്റെടുക്കേണ്ട വിഷയമാണി
mathrubhumi

1 comment:

Manoj മനോജ് said...

ചിദമ്പരത്തിന്റെ അഴിമതി മറയ്ക്കുവാൻ വേണ്ടി പെട്ടെന്ന് മാനത്ത് നിന്ന് വലിച്ചിട്ടതാനു ഈ വിവാദമെന്ന് വ്യക്തമാണു... അല്ലെങ്കിൽ 2006ൽ ഉണ്ടാകാതിരുന്ന ഭൂകമ്പം ഈ സമയത്ത് ഉണ്ടാകേണ്ടതുണ്ടോ?????