Wednesday, July 16, 2014

ഗുണമേന്മാധിഷ്ഠിത വിദ്യാലയ പദ്ധതിക്ക് ഡയറ്റ് ഈ വര്‍ഷം തുടക്കമിടുന്നു

 16 Jul 2014
ചെങ്ങന്നൂര്‍: സമ്പൂര്‍ണ ഗുണമേന്മാധിഷ്ഠിത വിദ്യാലയം പദ്ധതിക്ക് ഡയറ്റ് ഈ വര്‍ഷം തുടക്കമിടുന്നു. ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടിയിട്ടുള്ള മുഴുവന്‍ കുട്ടികളുടെയും വിദ്യാഭ്യാസ പുരോഗതി ഉറപ്പാക്കുന്നതിനും അത് സമൂഹത്തെ ബോധ്യപ്പെടുത്താനും ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി.
ചെങ്ങന്നൂര്‍ ഡയറ്റില്‍ നടന്ന കാര്യോപദേശക സമിതി യോഗം ഈ വര്‍ഷത്തെ പദ്ധതിരൂപരേഖ അംഗീകരിച്ചു. പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിടുന്ന പദ്ധതി, പഠനോപകരണങ്ങളുടെ നിര്‍മാണം, നിരവധി ഗവേഷണ പദ്ധതികളുടെ പരിശീലനം എന്നിവകള്‍ക്ക് കാര്യോപദേശക സമിതിയോഗം രൂപം നല്കി.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ജി. രാജേശ്വരി യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ സുജ ജോണ്‍ അധ്യക്ഷയായിരുന്നു.
ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. എയ്ഞ്ചലിന്‍ മേബല്‍, മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഡോ. ജയിംസ് ജേക്കബ്, കേരള സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗം മുന്‍മേധാവി ഡോ. എക്‌സെമ്മാള്‍, എസ്.സി.ഇ.ആര്‍.ടി. ഫാക്കല്‍റ്റി അംഗം ഡോ. മണക്കാല ഗോപാലകൃഷ്ണന്‍, ഡോ. ഗോകുലദാസന്‍പിള്ള, ഡോ. പ്രഭാകരന്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജിമ്മി കെ.ജോസ് എന്നിവര്‍ പ്രസംഗിച്ചു.
ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങളായ പി. മോഹന്‍കുമാര്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും എന്‍. ശ്രീകുമാര്‍ ഭാവിപ്രവര്‍ത്തന രേഖകളും അവതരിപ്പിച്ചു. സര്‍വശിക്ഷാ അഭിയാന്‍ ഉദ്യോഗസ്ഥര്‍, സാക്ഷരതാ സമിതി ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാര്‍, അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. (മാതൃഭൂമി)
പ്ലസ് വണ്‍: 19615 സീറ്റിന് അപേക്ഷകരില്ല; ആദായകരമല്ലാത്ത സ്‌കൂളുകള്‍ കൂടും
എന്‍. സുസ്മിത
 
തൃശ്ശൂര്‍: പ്ലസ് വണ്‍ പ്രവേശനത്തിന് രണ്ട് അലോട്ട്‌മെന്റുകള്‍ കഴിഞ്ഞപ്പോള്‍ അപേക്ഷകരില്ലാതെ ഒഴിഞ്ഞു കിടക്കുന്നത് 19,615 മെരിറ്റ് സീറ്റ്. 20 ശതമാനം സീറ്റ് വര്‍ധന കൂടി നിലവില്‍ വന്നതോടെ ഒഴിവുള്ള സീറ്റുകളുടെ എണ്ണം 64,270 ആയി ഉയര്‍ന്നു. അതേസമയം അപേക്ഷ നല്‍കിയ ഒരു ലക്ഷത്തോളം കുട്ടികള്‍ പുറത്തു നില്‍ക്കുകയാണ്. അപേക്ഷകരുള്ള സ്‌കൂളുകളിലും വിഷയങ്ങളിലും ആവശ്യത്തിന് സീറ്റ് ഇല്ലാതെ കുട്ടികള്‍ വലയുമ്പോള്‍ നിരവധി സ്‌കൂളുകള്‍ ആദായകരമല്ലാത്ത സ്‌കൂളുകളുടെ പട്ടികയിലേക്ക് നീങ്ങുന്ന സ്ഥിതിയാണ്.

പത്തനംതിട്ട എഴുമറ്റൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഏറ്റവുമധികം സീറ്റ് ഒഴിഞ്ഞു കിടക്കുന്നത്. ഇവിടെ സയന്‍സ് വിഷയത്തില്‍ 21 പേര്‍ മാത്രമാണ് പ്രവേശനം സ്വീകരിച്ചത്. 79 സീറ്റ് ഒഴിവ്. 20 ശതമാനം സീറ്റ് വര്‍ധനയോടെ 119 സീറ്റുകള്‍ ബാക്കിയാവും. ജില്ലകളില്‍ ഏറ്റവുമധികം സീറ്റുകള്‍ അപേക്ഷകരില്ലാതെ കിടക്കുന്നത് മലപ്പുറം ജില്ലയിലാണ് - 2440 എണ്ണം. ഏറ്റവും കുറവ് വയനാട്ടിലും - 501. മലബാറിലെ ജില്ലകളൊഴിച്ച് മറ്റെല്ലായിടത്തും ആദായകരമല്ലാത്ത സ്‌കൂളുകളുടെ എണ്ണം കൂടുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

എറണാകുളം ജില്ലയിലെ കൊച്ചി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മൂന്ന് കോമ്പിനേഷനുകളിലായി 120 സീറ്റിലേക്ക് ആരും പ്രവേശനം നേടിയിട്ടില്ല. സയന്‍സിന് 56 സീറ്റുകളാണ് ഇവിടെ ഒഴിവ്. ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണി ഗവ. എച്ച്.എസ്.എസ്., വട്ടവട ഗവ. എച്ച്.എസ്.എസ്., ചുണ്ടുവരൈ ഗവ. എച്ച്.എസ്.എസ്. തുടങ്ങിയ വിദൂര വിദ്യാലയങ്ങളിലും സീറ്റിന്റെ പകുതി പോലും അപേക്ഷകരില്ല. ഒഴിവുവന്ന സീറ്റുകളുടെ എണ്ണം ജില്ല തിരിച്ച് -

തിരുവനന്തപുരം 1321, കൊല്ലം 1399, പത്തനംതിട്ട 1017, ആലപ്പുഴ 740, കോട്ടയം 1577 , ഇടുക്കി 1093 , എറണാകുളം 1942 , തൃശ്ശൂര്‍ 2068 , പാലക്കാട് 1358 , മലപ്പുറം 2440 , കോഴിക്കോട് 1874 , വയനാട് 501 , കണ്ണൂര്‍ 1448 , കാസര്‍കോട് 837

No comments: