Wednesday, July 30, 2014

അടച്ചു പൂട്ടരുത് നിലനിറുത്താന്‍ മാര്‍ഗമുണ്ട്.വട്ടാര്‍കയം സ്കൂളില്‍ ഇന്നലെയായിരുന്നു പ്രവേശനോത്സവം

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഇടപെടല്‍ ഫലം കാണുന്നു
1.......................................................................

പഠിക്കാന്‍ വിദ്യാര്‍ഥികളെ കിട്ടാതെ അടച്ചു പൂട്ടിയെന്നു വിധിയെഴുതിയ റാന്നി മന്ദമരുതി വട്ടാര്‍കയം സര്‍ക്കാര്‍ സ്‌കൂളിന്‌ പുതു ജീവന്‍ .
പ്രഥമാധ്യാപിക അടക്കം നാല്‌ അധ്യാപകര്‍ ഉണ്ടായിരുന്ന വട്ടാര്‍കയം എല്‍.പി സ്‌കൂളില്‍ ഈ അധ്യയന വര്‍ഷം പ്രവേശനത്തിന്‌ ആരും എത്തിയില്ല. കുട്ടികള്‍ ഇല്ലാത്തതിനാല്‍ സ്‌കൂള്‍ പൂട്ടുമെന്ന്‌ പ്രചരിപ്പിക്കുകയും പ്രഥമാധ്യാപികയടക്കമെല്ലാവരും സ്ഥലം മാറ്റത്തിനു ശ്രമിക്കുകയും ചെയ്തപ്പോഴാണ് ഇവിടെ ഉണ്ടായിരുന്ന മറ്റു വിദ്യാര്‍ഥികള്‍ മറ്റു സ്‌കൂളുകളിലേക്കു പോയത്. പ്രഥമാധ്യാപികയും റാന്നിയില്‍ തന്നെയുള്ള മറ്റൊരു സ്‌കൂളിലേക്കു സ്‌ഥലം മാറി പോയി. പകരം എത്തിയ പ്രഥമാധ്യാപികയ്ക് സ്‌കൂള്‍അടച്ചുപൂട്ടി താക്കോല്‍ കൈമാറാനുള്ള ചുമതലയേ നിര്‍വഹിക്കാനുണ്ടായിരുന്നുള്ളു.
സര്‍ക്കാര്‍ സ്‌കൂളിനു സമീപത്തായി പ്രവര്‍ത്തനം തുടങ്ങിയ ചില അണ്‍ എയ്‌ഡഡ്‌ സ്‌കൂളുകളുടെ സ്വാധീനം മൂലം അടച്ചുപൂട്ടേണ്ടിവന്ന വട്ടാര്‍കയം സ്‌കൂളിനെ നിലനിര്‍ത്താന്‍ കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌ റാന്നി മേഖലാ കമ്മറ്റി രംഗത്തെത്തി. പരിഷത്ത്‌ പ്രസിഡന്റ്‌ ടി.ജെ. ബാബുരാജ്‌, സെക്രട്ടറി ജോബി മാത്യു എന്നിവര്‍ ഗ്രാമപഞ്ചായത്ത്‌ മുന്‍ അംഗം ജോസ്‌ കൊച്ചുമേപ്രത്തിന്റെ സഹായത്തോടെ സ്‌കൂളിന്റെ ചുറ്റുവട്ടത്തെ വീടുവീടാന്തരം കയറിയിറങ്ങി. തലമുറകള്‍ക്ക്‌ അറിവു പകര്‍ന്നു നല്‍കിയ സര്‍ക്കാര്‍ സ്‌കൂള്‍ ഇല്ലാതാകുന്നതിന്റെ ദുഃഖം അവര്‍ നാട്ടുകാരുമായി പങ്കുവച്ചു. വട്ടാര്‍കയം സ്‌കൂളിലെ അധ്യാപികയുടെ മകന്‍ അണ്‍ എയ്‌ഡഡ്‌ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവി എങ്ങനെ സുരക്ഷിതമാകുമെന്നായിരുന്നു മറ്റു രക്ഷിതാക്കളുടെ പരാതി. അധ്യാപികയുടെ മകനെ ഈ സ്‌കൂളില്‍ ചേര്‍ത്തു പഠിപ്പിച്ചാല്‍ തങ്ങളുടെ മക്കളേയും അയയ്‌ക്കാന്‍ സന്നദ്ധമാണെന്നാണ്‌ രക്ഷിതാക്കള്‍ അറിയിച്ചത്‌. തുടര്‍ന്നു നടന്ന ചര്‍ച്ചയിലാണ്‌ അധ്യാപികയായ സീമ മകന്‍ ശ്രീകിരണിനെ വട്ടാര്‍കയം ഗവ.എല്‍.പി സ്‌കൂളില്‍ ചേര്‍ത്തത്‌. വിദ്യാര്‍ഥിയുടെ പ്രവേശന കാര്യത്തിലും ചില തര്‍ക്കങ്ങള്‍ ഉണ്ടായെങ്കിലും നാട്ടുകാരും പരിഷത്ത്‌ പ്രവര്‍ത്തകരും ശക്‌തമായ നിലപാടു സ്വീകരിച്ചതോടെ വട്ടാര്‍കയം ഗവ.എല്‍.പി.എസിന്‌ പുതു ജീവന്‍ പകര്‍ന്ന്‌ ശ്രീകിരണ്‍ ഇവിടുത്തെ ഏക വിദ്യാര്‍ഥിയായി. കൂടുതല്‍ കുട്ടികള്‍ ഈ അധ്യയന വര്‍ഷം തന്നെ ഇവിടെ ചേരാന്‍ സന്നദ്ധമായിട്ടുണ്ടെന്ന്‌ പരിഷത്ത്‌ ഭാരവാഹികള്‍ പറഞ്ഞു. പുതുതായി പ്രവേശനം നേടിയ ശ്രീകിരണിന്‌ മധുരം നല്‍കിയാണ്‌ നാട്ടുകാര്‍ സന്തോഷം പങ്കുവച്ചത്‌. -
2
അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സര്‍ക്കാര്‍ സ്കൂളിന് കൈത്താങ്ങായി ശാസ്ത്രസാഹിത്യ പരിഷത്ത്
15-Jul-2014
റാന്നി: അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന കരികുളം ഗവ. എല്‍പി സ്കൂളിനെ കൈപിടിച്ചുയര്‍ത്താന്‍ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ബൃഹത് പദ്ധതി. ഇതിനായി ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുകയും പൂര്‍വ്വാധ്യാപകരെ ആദരിക്കുകയും ചെയ്ത ചടങ്ങ് വികാരനിര്‍ഭരമായി. കുട്ടികള്‍ക്കായി കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യു സംഘടിപ്പിച്ച വരമേളം പുതിയ അനുഭവമായി. പഴവങ്ങാടി പഞ്ചായത്തിലെ കരികുളം ഗവ. എല്‍പി സ്കൂളിനെക്കുറിച്ച് ദേശാഭിമാനിയില്‍ നേരത്തെ വാര്‍ത്ത വന്നിരുന്നു. ആകെ 11 കുട്ടികള്‍ മാത്രമാണ് ഇവിടെ പഠനം നടത്തുന്നത്. ഇത്തവണ ഒരുകുട്ടി മാത്രമാണ് ഒന്നാംക്ലാസിലേക്കെത്തിയത്. റാന്നിയിലെ സ്വകാര്യ അണ്‍എയിഡഡ് സ്കൂളുകളെ വെല്ലുന്ന കെട്ടിടവും മറ്റ് അത്യാധുനിക സൗകര്യങ്ങളുമുള്ള സ്കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് സ്കൂള്‍ നിലനിര്‍ത്തുന്നതിനായി കുട്ടികളെ ആകര്‍ഷിക്കുന്ന വിവിധ പരിപാടികളുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്തുവന്നത്. നാട്ടുകാരുടെ സഹായത്തോടെ കൂടുതല്‍ കുട്ടികളെ സ്കൂളിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി സര്‍വ്വീസില്‍നിന്ന് വിരമിച്ച അഞ്ച് പേര്‍ ഉള്‍പ്പെടെ ആറ് പൂര്‍വ്വാധ്യാപകരെ യോഗത്തില്‍ പൊന്നാടയണിഞ്ഞ് ആദരിച്ചു. കുട്ടികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ഈ അധ്യയന വര്‍ഷം മുതല്‍ സ്കൂളില്‍ യോഗാപരിശീലനം സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകള്‍, ചിത്രരചന, സോപ്പ് നിര്‍മാണം, ഗ്ലാസ് പെയിന്റിങ് എന്നിവയില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുമെന്ന് പരിഷത്ത് മേഖലാ പ്രസിഡന്റ് ബാബുരാജ് പറഞ്ഞു. അടച്ചുപൂട്ടിയ വട്ടാര്‍കയം ഉള്‍പ്പെടെയുള്ള സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി ജോര്‍ജ് യോഗം ഉദ്ഘാടനം ചെയ്തു. പേഴ്സണ്‍ റൂബി കോശി പൂര്‍വ്വാധ്യാപകരെ പൊന്നാടയണിയിച്ചു. തോമസ് ഫിലിപ്പ് യോഗത്തില്‍ അധ്യക്ഷനായി. എസ് സി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മിസ്ട്രസ് സുജ ജേക്കബ്, എം എ അലക്സാണ്ടര്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് രുഗ്മിണിയമ്മ, സന്തോഷ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു

No comments: