Saturday, March 31, 2012

എട്ടാം ക്ലാസ് വരെ ഇനി 'ഓള്‍ പാസ്' എസ്. എസ്. എല്‍. സി. പരീക്ഷ ക്രമേണ ഇല്ലാതാകും

31 Mar 2012
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ എട്ടാംക്ലാസ് വരെ ഇനി 'ഓള്‍ പാസ്'. ഒമ്പതാം ക്ലാസിലേക്കുള്ള പ്രവേശനം വരെ ഒരു കുട്ടിയേയും തോല്പിക്കരുതെന്ന് നിര്‍ദേശിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെയടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം. എട്ടാം ക്ലാസ് വരെയാണ് കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം ബാധകം. ഇതനുസരിച്ച് എട്ടാം ക്ലാസ് വരെ ആരേയും തോല്പിക്കാനോ, സ്‌കൂളില്‍ നിന്ന് പറഞ്ഞുവിടാനോ പാടില്ല. നിലവില്‍ രണ്ടാം ക്ലാസ് വരെയാണ് എല്ലാവരെയും ജയിപ്പിച്ചുവരുന്നത്.

അടുത്ത വര്‍ഷം മുതല്‍ അഞ്ചാം ക്ലാസ് എല്‍.പിയിലേക്കും എട്ടാം ക്ലാസ് യു.പിയിലേക്കും മാറ്റുകയാണ്. അതോടെ ഒമ്പത്, പത്ത് ക്ലാസുകള്‍ മാത്രം ഹൈസ്‌കൂളില്‍ അവശേഷിക്കും. ഒമ്പത്, പത്ത് ക്ലാസുകള്‍ 11,12 ക്ലാസുകളുമായി ബന്ധിപ്പിച്ച് ഒറ്റ ഘട്ടമാക്കി മാറ്റും. ഇവ പൊതുവിദ്യാഭ്യാസത്തിന്റെ കീഴിലാക്കണമോ, ഹയര്‍ സെക്കന്‍ഡറിയുടെ ഭാഗമാക്കണമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എട്ടാം ക്ലാസ് വരെ ഡി.പി.ഐ യുടെയും ഒമ്പത് മുതല്‍ 12 വരെ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെയും കീഴിലാക്കാനാണ് ആലോചന.


ഒമ്പത് മുതല്‍ 12 വരെ ഒരു കുടക്കീഴിലാകുന്നതോടെ പത്താം ക്ലാസ് പരീക്ഷയ്ക്ക് നിലവിലുള്ള പ്രാധാന്യം ഇല്ലാതാകും. പത്തിലെ പരീക്ഷയുടെ സ്ഥാനത്തേക്ക് 12-ാം ക്ലാസ് പരീക്ഷയായിരിക്കും വരിക. പ്രാധാന്യം കുറയുന്നതോടെ എസ്.എസ്.എല്‍.സി പരീക്ഷ തന്നെ പൊതുവായി നടത്തേണ്ട ആവശ്യമില്ലാതാകും. ഒമ്പതാം ക്ലാസ് വരെയുള്ള പരീക്ഷ പോലെ അതത് സ്‌കുളുകളില്‍ തന്നെ പത്താം ക്ലാസ് പരീക്ഷയും നടത്തിയാല്‍ മതിയാകും. സി.ബി.എസ്.ഇയിലും മറ്റും ഈ മാറ്റം നടപ്പായിക്കഴിഞ്ഞു.


പത്തിലെ ബോര്‍ഡ് പരീക്ഷ നിര്‍ത്തലാക്കിയില്ലെങ്കിലും അതത് സ്‌കൂളുകളില്‍ പത്താം ക്ലാസിലെ വാര്‍ഷിക പരീക്ഷ നടത്തുന്നുണ്ട്. സ്‌കൂളില്‍ നടത്തുന്ന പരീക്ഷയുടെ ഫലം ബോര്‍ഡിനെ അറിയിച്ചാല്‍ മതിയാകും. അഥവാ ബോര്‍ഡ് പരീക്ഷ തന്നെ എഴുതണമെന്നുള്ളവര്‍ക്ക് അതിനും അവസരം നല്‍കാറുണ്ട്.


പല ജോലികള്‍ക്കും പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യതയായി നിലനില്‍ക്കുന്നതിനാല്‍ കുറച്ചുനാളത്തേക്ക് കൂടി എസ്.എസ്.എല്‍. സി പരീക്ഷ നടത്തേണ്ടി വന്നേക്കാം. എന്നാല്‍ പ്രധാനപ്പെട്ട പരീക്ഷ പന്ത്രണ്ടാംക്ലാസിലേതാണെന്ന് വരുന്നതോടെ ക്രമേണ എസ്. എസ്.എല്‍.സി യുടെ പ്രാധാന്യം കുറയും. എന്നാല്‍ നയപരമായ തീരുമാനം ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടതുണ്ട്.


വി.എച്ച്.എസ്.ഇ ഹയര്‍ സെക്കന്‍ഡറിയുടെ ഭാഗമാക്കുകയും താത്പര്യമുള്ളവര്‍ക്ക് തൊഴില്‍ അധിഷ്ഠിത കോഴ്‌സ് ഓപ്ഷണലായി പഠിക്കാനും അവസരം നല്‍കുന്നതിലൂടെ കൂടുതല്‍ പഠന സൗകര്യങ്ങള്‍ നിലവില്‍ വരും. വി.എച്ച്.എസ്.ഇ യിലെ മാറ്റം അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഈ മാറ്റങ്ങളിലൂടെ ഒമ്പത് , പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്ക് നിലവില്‍ ഹയര്‍ സെക്കന്‍ഡറിയില്‍ പഠിപ്പിക്കുന്ന താരതമ്യേന ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള അധ്യാപകരുടെ ശിക്ഷണം ലഭിക്കും. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ സ്‌കൂളിന്റെ മുഖ്യ ചുമതലക്കാരനാകുമ്പോള്‍ ഹെഡ്മാസ്റ്റര്‍ക്ക് വൈസ് പ്രിന്‍സിപ്പല്‍ പദവി ലഭിച്ചേക്കും. 

60 സ്‌കൂളുകളുടെ പ്രാഥമികവികസനം മുടങ്ങി
 31 Mar 2012
പാലക്കാട്: സംസ്ഥാനത്ത് ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ട 60 സ്‌കൂളുകളിലെ പ്രാഥമികവികസനം മുടങ്ങി. അടിസ്ഥാനസൗകര്യ വികസനത്തിനായി ഓരോസ്‌കൂളിനും അനുവദിച്ച 58 ലക്ഷം സാമ്പത്തികവര്‍ഷം കഴിയുന്നതോടെ നഷ്ടമാവുമോയെന്ന ആശങ്കയിലാണ് അധ്യാപകര്‍.

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന് കീഴില്‍ കഴിഞ്ഞ അധ്യയനവര്‍ഷം ഹൈസ്‌കൂളാക്കി ഉയര്‍ത്തിയ സ്‌കൂളുകള്‍ക്കാണ് ഈഗതി. 2009ല്‍ പദ്ധതി ആരംഭിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ അധ്യയനവര്‍ഷമാണ് ഇതിനുകീഴില്‍ 60 യു.പി. സ്‌കൂളുകള്‍ ഹൈസ്‌കൂളുകളാക്കിയത്.


ചില സ്‌കൂളുകളില്‍ എട്ടാംക്ലാസ്മാത്രം ആരംഭിച്ചപ്പോള്‍ മറ്റിടങ്ങളില്‍ പത്താംക്ലാസ്‌വരെ ആരംഭിച്ചു. ലഭ്യമായ സൗകര്യങ്ങളുപയോഗിച്ചായിരുന്നു ഇവയുടെ പ്രവര്‍ത്തനം. മറ്റ് സംസ്ഥാനങ്ങള്‍ ആദ്യ മൂന്നുവര്‍ഷവും പദ്ധതിയുടെ ഗുണഭോക്താക്കളായിരുന്നു.


നാല് ക്ലാസ്മുറികള്‍, ഓഫീസ്, സ്റ്റാഫ്‌റൂം, കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറിമുറികള്‍ എന്നിവ പണിതീര്‍ക്കാനാണ് 58 ലക്ഷം അനുവദിച്ചത്. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കാന്‍ സ്‌കൂള്‍മാനേജ്‌മെന്റ് കമ്മിറ്റികളും രൂപവത്കരിച്ചു.


തദ്ദേശസ്വയംഭരണവകുപ്പിന്റെ എന്‍ജിനിയറിങ് വിഭാഗം അടങ്കല്‍തയ്യാറാക്കി അയച്ചെങ്കിലും അടങ്കല്‍ അനുവദിച്ച തുകയേക്കാള്‍ കൂടിയെന്നുപറഞ്ഞ് അധികൃതര്‍ മടക്കി. പൊതുമരാമത്തുവകുപ്പിന്റെ നിലവിലെ നിരക്കനുസരിച്ചായിരുന്നു അടങ്കല്‍. പാലക്കാട് ജില്ലയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 20 ലക്ഷം വീതം തുക മുന്‍കൂറായി നല്‍കിയെങ്കിലും പണി നടത്തേണ്ടെന്ന് പിന്നാലെ നിര്‍ദേശവും നല്‍കി.


ഈ വേനലില്‍ പണി നടന്നില്ലെങ്കില്‍ അടുത്ത അധ്യയനവര്‍ഷം തുടങ്ങുമ്പോഴും പഴയ സൗകര്യങ്ങളുപയോഗിച്ചുതന്നെ ഈ സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കേണ്ടിവരും. ആവശ്യമായ കെട്ടിടങ്ങള്‍ ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ വികസനത്തിന് സംസ്ഥാനസര്‍ക്കാര്‍ ആരംഭിക്കുന്ന പദ്ധതികളുടെ പ്രയോജനവും ഈ സ്‌കൂളുകള്‍ക്ക് ലഭിക്കുന്നില്ല.


ഈ പ്രശ്‌നം പരിഹരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നതരുടെ യോഗം കഴിഞ്ഞമാസം വിളിച്ചുചേര്‍ത്തിരുന്നു. ഗ്രാമവികസന, വിദ്യാഭ്യാസ വകുപ്പുകളുടെ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ യോഗം നടത്താനായിരുന്നു തീരുമാനം. എന്നാല്‍, ഈ യോഗം നടന്നില്ല. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക സാമ്പത്തികവര്‍ഷം കഴിഞ്ഞാലും നഷ്ടമാവില്ലെന്നാണ് ആര്‍.എം.എസ്.എ. അധികൃതരുടെ വിശദീകരണം. മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ഉടന്‍ യോഗം ചേരുമെന്നും അവര്‍ പറഞ്ഞു.


സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഒരുദിവസം ബാക്കി നില്‍ക്കെ സ്‌കൂളുകള്‍ക്ക് 20 ലക്ഷംവീതം വെള്ളിയാഴ്ച അനുവദിച്ചു. എന്നാല്‍, അനുമതിയില്ലാതെ ഇതുപയോഗിച്ച് പണി തുടങ്ങാനാവില്ല. പണി തദ്ദേശസ്വയംഭരണവകുപ്പിന്റെ എന്‍ജിനിയറിങ് വിഭാഗത്തെ ഏല്പിക്കാനാണ് അധികൃതരുടെ നീക്കം. എന്നാല്‍, ഇതും ഉന്നതലയോഗത്തിനുശേഷമേ തീരുമാനമാകൂ.

പുതിയ സര്‍ക്കാര്‍ സ്‌കൂളുകള്‍ തുടങ്ങും; അധ്യാപക പാക്കേജ് പട്ടികയായി
 31 Mar 2012
തിരുവനന്തപുരം: വിദ്യാഭ്യാസാവകാശ നിയമപ്രകാരം ആവശ്യമുള്ള സ്ഥലങ്ങളില്‍ പുതുതായി സര്‍ക്കാര്‍ സ്‌കൂളുകള്‍ തുടങ്ങും. ഇതിന് തത്വത്തില്‍ അനുമതിയായിട്ടുണ്ട്. കുട്ടിയുടെ താമസസ്ഥലത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍.പി.യും മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ യു.പി. സ്‌കൂളും ഉണ്ടായിരിക്കണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. ഈ ദൂരപരിധിക്കുള്ളില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ ഇല്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ സ്‌കൂള്‍ തുടങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

1997നു ശേഷം ജോലി നഷ്ടപ്പെട്ടവരും തുടര്‍ന്ന് പ്രൊട്ടക്ഷന്‍ ലഭിക്കാത്തവരുമായ അധ്യാപകരുടെ പട്ടിക വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. 1419 അധ്യാപകരാണ് ഈ പട്ടികയിലുള്ളത്. www.education.gov.in എന്ന വെബ്‌സൈറ്റില്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവര്‍ക്ക് പരിശീലനം നല്‍കും. ആദ്യം 10 ദിവസത്തെ മാനേജ്‌മെന്റ് പരിശീലനമാണ് നല്‍കുക. ലിസ്റ്റ് പരിശോധിച്ച് തങ്ങളുടെ ജില്ലാ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഏപ്രില്‍ 13ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം. സത്യപ്രസ്താവന പൂരിപ്പിച്ച് ഒപ്പിട്ട് ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തി ജില്ല / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്‍കണം. പരിശീലനം ആരംഭിക്കുമ്പോള്‍ ഈ കത്തുമായാണ് ട്രെയിനിങ് സെന്ററുകളില്‍ ഹാജരാകേണ്ടത്.
തലപ്പന്തും ഇട്ടൂലിയും കളിക്കാം; കുട്ടികളെ പഠിപ്പിക്കാം
 31 Mar 2012തൊടുപുഴ:' അക്കുത്തിക്കുത്താന വരമ്പേല്‍. . .' സ്‌കൂളുകളിലിപ്പോള്‍ അച്ഛനമ്മമാര്‍ ചെറുപ്പത്തിലെ ചില കളികള്‍ ഓര്‍ത്തെടുത്ത് കളിക്കുകയാണ്. പഴയ നാടന്‍ശീലുകള്‍ വീണ്ടും ചൊല്ലിപ്പഠിക്കുമ്പോള്‍ ചിലര്‍ക്ക് നാണം, ചിലര്‍ക്ക് പഴയ കൂട്ടുകാരുമൊത്ത് വീണ്ടും കളിക്കാന്‍ കഴിയുന്നതിന്റെ സന്തോഷം, മറ്റുചിലര്‍ക്കാകട്ടെ ഇത് ചെറുപ്പകാലത്തെ ഓര്‍മ്മകളിലേക്കുള്ള തിരിച്ചുപോക്ക്. . .

നാടന്‍കളികള്‍ ഓര്‍മ്മയില്‍നിന്ന് ചികഞ്ഞെടുത്ത് സ്‌കൂള്‍മുറ്റത്തിരുന്ന് കളിച്ചാല്‍ മാത്രം പോരാ. ഇതെല്ലാം വീട്ടിലെത്തി കുട്ടികളെ പഠിപ്പിക്കുകയും വേണം. അതിനെ ഹോംവര്‍ക്കെന്ന് വിളിക്കാം.


ആര്‍ത്തുല്ലസിക്കുന്ന ഒരു അവധിക്കാലം കുട്ടികള്‍ക്ക് വീണ്ടെടുത്തുനല്‍കാനാണ് സ്‌കൂള്‍മുറ്റത്ത് രക്ഷിതാക്കളുടെ പഠനവും വീട്ടിലെത്തിയുള്ള ഹോംവര്‍ക്കും.


സര്‍വ്വശിക്ഷാ അഭിയാന്‍ ഇടുക്കി ജില്ലയില്‍ നടപ്പാക്കുന്ന 'അവധിക്കാലം ആഹ്ലാദഭരിതം' പദ്ധതിയുടെ ഭാഗമായാണ് രക്ഷിതാക്കള്‍ക്ക് പുത്തന്‍ ബോധവത്കരണ ക്ലാസ്സുകള്‍ . ടി.വി.യുടെയും കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും വരവോടെ കുട്ടികള്‍ക്ക് നഷ്ടമായ വേനല്‍കാല വിനോദങ്ങള്‍ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. ക്രിക്കറ്റ് മാത്രമല്ല കളിയെന്നും ശാരീരിക, മാനസിക, ബൗദ്ധിക വികാസത്തിന് അതിനേക്കാള്‍ നല്ല കളികള്‍ നമ്മുടെ നാട്ടിന്‍പുറങ്ങളിലുണ്ടായിരുന്നുവെന്ന തിരിച്ചറിവും കുട്ടികളിലേക്ക് പകരുകയാണിവിടെ. കിളിത്തട്ടും തലപ്പന്തും സാറ്റും കബഡിയും അക്കുകളിയും ഇങ്ങനെ തിരിച്ചുവരികയാണ്, തലമുറകളിറങ്ങി.


കാറ്റാടിയും ഓലപ്പീപ്പിയും മച്ചിങ്ങ തേരുമൊക്കെയുണ്ടാക്കാന്‍ രക്ഷിതാക്കള്‍ വട്ടംകൂടിയിരുന്നപ്പോള്‍ അവര്‍ക്ക് ഓര്‍മ്മകളിലേക്കൊരു മടക്കയാത്ര.


കളിച്ചും ചിരിച്ചും കാടിനോടും കാറ്റിനോടും കഥപറഞ്ഞുനടക്കേണ്ട കുട്ടിക്കാലം ഇന്നത്തെ കുട്ടികള്‍ക്ക് അപരിചിതമായിരിക്കുന്നു എന്ന തിരിച്ചറിവാണ് പുതിയ പദ്ധതിക്കു പിന്നില്‍.


ഇല മ്യൂസിയം, ഗ്രാമചരിത്രം, വാര്‍ത്താശേഖരണം, നാടന്‍പാട്ടുകൂട്ടം, നിര്‍മ്മാണക്കളരി, കഥാവേദി, കവിയരങ്ങ്, പഴയകാല രുചിപ്പെരുമ, കടംകഥകേളി, പക്ഷിനിരീക്ഷണം, പഴഞ്ചൊല്‍ ശേഖരണം, കളിപ്പാട്ട നിര്‍മ്മാണം, കുടുംബവൃക്ഷം തയ്യാറാക്കല്‍ തുടങ്ങി അന്‍പതോളം പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് ഒരുദിവസം നീണ്ടുനില്‍ക്കുന്ന ക്ലാസ്സില്‍ രക്ഷാകര്‍ത്താക്കളെ പഠിപ്പിക്കുന്നത്.


നാടന്‍കളികളില്‍ കളിത്തട്ട്, തലപ്പന്ത്, ഗോലി, കിങ്, കബഡി, ഞൊണ്ടിപ്പിടിത്തം, അക്ക്, സാറ്റ്, ഇട്ടൂലി തുടങ്ങിയ കളികളും കളിപ്പാട്ടനിര്‍മ്മാണത്തില്‍ ഓലപ്പീപ്പി, ഓലപ്പന്ത്, തത്ത, പേപ്പര്‍വള്ളം, കൊതുമ്പുവള്ളം, ഓലപ്പാമ്പ്, വണ്ടി, ഓലപ്പമ്പരം, മച്ചിങ്ങതേര് എന്നിവ നിര്‍മ്മിക്കാനും പരിശീലിപ്പിക്കുന്നുണ്ട്.


മുഖംമൂടി നിര്‍മ്മാണം, യാത്രാനുഭവങ്ങള്‍, അടുക്കള നുറുങ്ങുകളുടെ ശേഖരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും പഠനത്തില്‍ ഉള്‍പ്പെടുന്നു. മാര്‍ച്ച് 30, 31 തിയ്യതികളിലാണ് ജില്ലയിലെ സ്‌കൂളുകളില്‍ രക്ഷാകര്‍തൃ ബോധവത്കരണം നടത്തുന്നത്.


ജില്ലയിലെ സ്‌കൂളുകളില്‍ നടക്കുന്ന പഠനത്തില്‍ പരിശീലനംസിദ്ധിച്ച അധ്യാപകരാണ് ക്ലാസ്സുകള്‍ എടുക്കുന്നത്. 2008ല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ടുമെന്റ് കേരളത്തില്‍ നടത്തിയ പഠനത്തില്‍ കുട്ടികള്‍ ശാരീരികവും മാനസികവും ലൈംഗികവുമായ ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നത് ഏറെയും അവധിക്കാലത്താണെന്ന് കണ്ടെത്തിയിരുന്നു.


അണുകുടുംബങ്ങളുടെ കടന്നുവരവും ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരവും മാതാപിതാക്കളുടെ അജ്ഞതയും സമയക്കുറവുമാണ് ഇതിനു കാരണമായി കണ്ടെത്തിയത്. ഇതിനു പരിഹാരമായി, അവധിക്കാലം ആഹ്ലാദകരമാക്കാന്‍ കുട്ടികളെ എങ്ങനെ സഹായിക്കാമെന്ന് രക്ഷിതാക്കളെ ബോധവത്കരിക്കുന്നത്.
വി.എച്ച്.എസ്. ഇ ഹയര്‍ സെക്കന്‍ഡറിയില്‍ ലയിപ്പിക്കും
: 30 Mar 2012
ഒമ്പതു മുതല്‍ പന്ത്രണ്ടുവരെ ഒരുകുടക്കീഴിലാക്കും


തിരുവനന്തപുരം: വി.എച്ച്.എസ്. ഇ. യുടെ അലകുംപിടിയും മാറ്റി ഹയര്‍ സെക്കന്‍ഡറിയില്‍ ലയിപ്പിക്കാനും ഒമ്പത്, പത്ത് ക്ലാസുകള്‍ ഹയര്‍ സെക്കന്‍ഡറിയുടെ ഭാഗമാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. വി.എച്ച്.എസ്. ഇയിലെ കാലഹരണപ്പെട്ട കോഴ്‌സുകള്‍ ഒഴിവാക്കും. പകരം ആധുനിക കാലത്ത് ജോലി സാധ്യതയുണ്ടെന്ന് കണ്ടെത്തി ദേശീയ സ്‌കില്‍ ഡെവലപ്‌മെന്റ് മിഷന്‍ നിര്‍ദേശിച്ച കോഴ്‌സുകളാണ് വി.എച്ച്.എസ്. ഇയില്‍ പഠിപ്പിക്കുക.


ഹയര്‍ സെക്കന്‍ഡറിയില്‍ വി.എച്ച്.എസ്. ഇ ലയിപ്പിക്കുക വഴി തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ഓപ്ഷണലാക്കും. ഹയര്‍ സെക്കന്‍ഡറിയില്‍ എത്തുന്നവരില്‍ താത്പര്യമുള്ളവര്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ പഠിക്കാം. ദേശീയ സ്‌കില്‍ ഡെവലപ്‌മെന്റ് മിഷനും കൗണ്‍സിലും നിര്‍ദേശിച്ച നാല് കോഴ്‌സുകളാണ് ആദ്യപടിയായി തൊഴിലധിഷ്ഠിത കോഴ്‌സുകളായി പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. ടൂറിസം മേഖലയില്‍ സാധ്യതയുള്ള ഹോസ്​പിറ്റാലിറ്റി, ആരോഗ്യ മേഖലയുമായി ബന്ധപ്പെടുത്തി ഹെല്‍ത്ത് കെയര്‍, ഐ. ടി. അധിഷ്ഠിത പഠനം, റീട്ടെയ്ല്‍ മേഖലയുമായി ബന്ധപ്പെട്ട പഠനം എന്നിവയിലാണ് പുതിയ കോഴ്‌സുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്.


വി.എച്ച്.എസ്. ഇ ഹയര്‍ സെക്കന്‍ഡറിയില്‍ ലയിപ്പിക്കുന്നതോടെ എല്ലാ വി.എച്ച്.എസ്. ഇ. സ്‌കൂളുകളിലും ഹയര്‍ സെക്കന്‍ഡറി കോഴ്‌സ് നല്‍കും. നിലവില്‍ വി.എച്ച്.എസ്.ഇയില്‍ പഠിപ്പിക്കുന്ന അധ്യാപകരില്‍ യോഗ്യതയുള്ളവരെ ഹയര്‍ സെക്കന്‍ഡറിയില്‍ അധ്യാപകരാക്കും. വി.എച്ച്. എസ്. ഇയില്‍ 1100 വീതം അധ്യാപകരും ഇന്‍സ്ട്രക്ടര്‍മാരും ലാബ് അസിസ്റ്റന്റുമാരുമാണുള്ളത്. അധ്യാപകരില്‍ ഹയര്‍ സെക്കന്‍ഡറിയില്‍ പഠിപ്പിക്കാന്‍ യോഗ്യതയുള്ളവരെ ഉപയോഗപ്പെടുത്തിയശേഷം ബാക്കിയുള്ളവരെ ഈ കോഴ്‌സുകളുടെ പ്രോഗ്രാം കോ- ഓര്‍ഡിനേറ്റേഴ്‌സായി മാറ്റും. ഇന്‍സ്ട്രക്ടര്‍മാരെയും പുതിയ പദ്ധതിയില്‍ യോഗ്യതയ്ക്കനുസരിച്ച് പുനര്‍വിന്യസിക്കും. ലാബ് അസിസ്റ്റന്റുമാര്‍ക്കും തൊഴില്‍ നഷ്ടപ്പെടാതെ ഹയര്‍ സെക്കന്‍ഡറിയില്‍ ജോലി നല്‍കും.


വ്യവസായ, വാണിജ്യ മേഖലയുടെ ആവശ്യമറിഞ്ഞ് അവരുടെ താത്പര്യം കണക്കിലെടുത്താണ് പുതിയ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ആരംഭിക്കുക. ഹയര്‍ സെക്കന്‍ഡറിയില്‍ പ്രവേശനം ലഭിക്കാത്തവര്‍ ചേരുന്ന കോഴ്‌സെന്ന നിലയില്‍ നിന്ന് വി.എച്ച്.എസ്. ഇ യെമാറ്റി 12- ാം ക്ലാസ് കഴിഞ്ഞാല്‍ ജോലി ലഭിക്കാന്‍ സാധ്യതയുള്ള കോഴ്‌സാക്കി അതിനെ മാറ്റുകയെന്നതാണ് ലക്ഷ്യമിടുന്നതെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍ 'മാതൃഭൂമി'യോട് പറഞ്ഞു. ഇതിലൂടെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം സാര്‍വത്രികമാകുമെന്നും അദ്ദേഹം പറഞ്ഞു.


വി.എച്ച്.എസ്.ഇ യുടെ പുനസംഘാടനം അടുത്ത വര്‍ഷം നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിന് മുന്നോടിയായി ഏപ്രില്‍ 11 ന് അധ്യാപക സംഘടനാ നേതാക്കളുടെ യോഗം സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. കരട് നിര്‍ദേശങ്ങള്‍ ഈ യോഗത്തില്‍ വെച്ച് അവരുടെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍ക്കൊണ്ടായിരിക്കും അന്തിമ പദ്ധതിക്ക് രൂപം നല്‍കുക.


കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമത്തിന്റെ ഭാഗമായി അഞ്ചാം ക്ലാസ് എല്‍.പി.യിലേക്കും എട്ടാംക്ലാസ് യു. പി.യിലേക്കും അടുത്ത അധ്യയന വര്‍ഷം മാറുന്നതോടെ ഒമ്പത് , പത്ത് ക്ലാസുകള്‍ മാത്രമായി ഹൈസ്‌കുളില്‍ നിലനില്‍ക്കുക ബുദ്ധിമുട്ടാകും. അതുകൊണ്ടാണ് കാലക്രമത്തില്‍ ഈ രണ്ട് ക്ലാസുകള്‍ക്കൂടി ഹയര്‍ സെക്കന്‍ഡറിയുടെ ഭാഗമാക്കാനും ആലോചിക്കുന്നത്.

No comments: