Wednesday, April 18, 2012

സ്കൂള്‍ പ്രവേശന പ്രായം 5, ക്ലസ്റ്ററുകള്‍ രൂപീകരിക്കും.


Thursday, April 12, 2012
സ്കൂളുകളിലെ ഘടനാപരമായ മാറ്റം ഈ വര്‍ഷം നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ്. ഈ വര്‍ഷം ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി അഞ്ചുവയസായിരിക്കും. അധ്യാപകസംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

കേന്ദ്രീയ വിദ്യാലയങ്ങളില്‍ സ്കൂള്‍ പ്രവേശനപ്രായം വര്‍ധിപ്പിക്കുംവരെ കേരളത്തില്‍ ഒന്നാംക്ലാസ് പ്രവേശനത്തിന് അഞ്ചുവയസ് തുടരാനാണ് തീരുമാനം. അഞ്ചാം ക്ലാസ് എല്‍പിയിലേക്കും എട്ടാം ക്ലാസ് യുപിയിലേക്കും മാറ്റാനാണ് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ നിഷ്കര്‍ഷിച്ചിരിക്കുന്നത്. ഘടനാമാറ്റം സാങ്കേതികമായി മാത്രം നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനായി സമീപസ്കൂളുകള്‍ ചേര്‍ത്ത് ക്ലസ്റ്ററുകള്‍ രൂപീകരിക്കും. 

ഈ വര്‍ഷം നാലും ഏഴും ക്ലാസ് പൂര്‍ത്തിയാകുന്ന കുട്ടികള്‍ക്ക് തൊട്ടടുത്ത ക്ലാസിലേക്ക് മാറാന്‍ ടിസി നല്‍കില്ല. ഇതിനുപകരം പ്രധാനഅധ്യാപകന്‍ സാക്ഷ്യപത്രം നല്‍കും. ഈ സാക്ഷ്യപത്ര പ്രകാരം മറ്റു സ്കൂളുകള്‍ക്ക് അഞ്ചിലും എട്ടിലും വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാം. 

ഒരു കിലോമീറ്റര്‍ ചുറ്റളവിലെ യുപി- എല്‍പി സ്കൂളുകളെയും മൂന്നുകിലോമീറ്റര്‍ ചുറ്റളവിലെ ഹൈസ്കൂളുകളെയും ചേര്‍ത്ത് സ്കൂളുകളുടെ ക്ലസ്റ്ററുകളുണ്ടാക്കും. ഈ ക്ലസ്റ്റര്‍ സ്കൂളുകള്‍ തമ്മിലാവും സാക്ഷ്യപത്രപ്രകാരം കുട്ടികളെ ചേര്‍ക്കാനും വിടുതല്‍ നല്‍കാനും അനുവദിക്കുക. ഇങ്ങനെ അഞ്ചിലും എട്ടിലും പ്രവേശനം നേടുന്ന കുട്ടികള്‍ രേഖകള്‍ പ്രകാരം നാലിലും ഏഴിലും പഠിച്ച സ്കൂളുകളിലെ വിദ്യാര്‍ഥികളായി തുടരും. 

പഠനം പുതിയ സ്കൂളിലാണെങ്കിലും രേഖകള്‍ പഴയസ്കൂളില്‍. ഇവയെ മദര്‍ സ്കൂള്‍, ഫീഡര്‍ സ്കൂള്‍ എന്ന രീതിയില്‍ വേര്‍തിരിക്കും. കേന്ദ്രനിയമപ്രകാരം ഒന്നാംക്ലാസ് പ്രവേശനപ്രായം ആറുവയസാണ്. ഇതു നടപ്പാക്കാന്‍ സംസ്ഥാനം നേരത്തെതന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ കേന്ദ്രീയവിദ്യാലയങ്ങളില്‍ ഈ വര്‍ഷവും അഞ്ചുവയസിലാണ് പ്രവേശനം. സ്കൂള്‍പ്രവേശനത്തിന് രണ്ടുപ്രായം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് എല്ലാ സ്കൂളുകളിലും ഒരേസമയത്ത് പ്രായമാറ്റം നടപ്പാക്കാന്‍ തീരുമാനിച്ചത്. 

വിഎച്ച്എസ്ഇ പ്ലസ് ടുവില്‍ ഉടന്‍ ലയിപ്പിക്കില്ല. വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുകയെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി. ഈ വര്‍ഷം പഴയ രീതിയില്‍ പ്രവേശനം തുടരും. വിഎച്ച്എസ്ഇയും എച്ച്എസ്എയും ഒരേ ബോര്‍ഡിന്‍റെ കീഴിലാക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ കോഴ്സുകള്‍ കാലോചിതമായി പരിഷ്കരിക്കും. വിദ്യാഭ്യാസ മേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ അധ്യാപകര്‍ക്കു യോഗ്യതാ പരീക്ഷ നടത്തും. നിലവില്‍ അധ്യാപകരായി തുടരുന്നവര്‍ക്ക് ഇതു ബാധകമാകില്ല. 

വിദ്യാലയങ്ങളില്‍ ചിത്രരചന, ആരോഗ്യ കായിക വിദ്യാഭ്യാസം, പ്രവൃത്തി പരിചയം തുടങ്ങിയവയ്ക്കു പ്രാധാന്യം നല്‍കി എല്ലാ പഞ്ചായത്തുകളിലും ആശ്വാസ് വിദ്യാലയം പദ്ധതി നടപ്പാക്കും. പന്ത്രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ ഈ വര്‍ഷം ഇത് നടപ്പാക്കും. 6,000 സ്പെഷ്യലിസ്റ്റ് അധ്യാപകരെ ഇതില്‍ നിയമിക്കും. നിലവാരം കുറഞ്ഞ വിദ്യാലയങ്ങളുടെ പുരോഗതി ഉറപ്പാക്കാന്‍ പ്രിഫറന്‍സ് സ്കൂള്‍ പദ്ധതി നടപ്പാക്കും. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനു ചാര്‍ജ് നല്‍കും. ആര്‍എസ്എംഎ പദ്ധതി കാര്യക്ഷമമാക്കും. 

പുതിയ വിദ്യാഭ്യാസ ഡയറക്റ്ററായി രാജമാണിക്യത്തെ നിയമിച്ചെന്നും മന്ത്രി അറിയിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍, ഡിപിഐ എ. ഷാജഹാന്‍, ഹയര്‍സെക്കന്‍ഡറി ഡയറക്റ്റര്‍ മുഹമ്മദ് സഹീര്‍, മറ്റു ഡയറക്റ്റര്‍മാര്‍ എന്നിവര്‍ സംസാരിച്ചു metro vartha
 -------
സ്കൂള്‍ അധ്യാപകര്‍ക്ക് അടുത്ത അധ്യയനവര്‍ഷം 60 ദിവസം പരിശീലനം നല്‍കാന്‍ ക്യുഐപി മോണിറ്ററിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഈ അധ്യയന വര്‍ഷം നടത്തേണ്ടിയിരുന്ന രണ്ടു ക്ലസ്റ്റര്‍ യോഗങ്ങളും റദ്ദാക്കി.മധ്യവേനലവധിക്കാലത്ത് 10 ദിവസം പരിശീലനം നടത്തുമെങ്കിലും  താല്‍പര്യമുള്ള അധ്യാപകര്‍ മാത്രം പങ്കെടുത്താല്‍ മതി. പങ്കെടുക്കുന്നവര്‍ക്കു ലീവ് സറണ്ടര്‍ ലഭിക്കില്ല. പകരം 10 ദിവസം അവധി നല്‍കും. 10, 20, 5, 20, 5 ദിവസങ്ങള്‍ വീതമുള്ള അഞ്ചു ഘട്ടങ്ങളായി പരിശീലനം നടത്തണമെന്നാണു നിര്‍ദേശമെങ്കിലും . അന്തിമ തീരുമാനമെടുത്തിട്ടില്ല. പരിശീലനം എങ്ങനെയായിരിക്കുമെന്ന് 24നകം അധ്യാപക സംഘടനകളെ അറിയിക്കാനും തുടര്‍ന്ന് തീരുമാനമെടുക്കാനുമാണ് ഉദ്ദേശിക്കുന്നത്. ആകെയുള്ള 1,60,000 അധ്യാപകര്‍ക്കും പരിശീലനം നല്‍കും. 300 കേന്ദ്രങ്ങളിലായി 40 പേര്‍ക്കു വീതമായിരിക്കും ഒരു ഘട്ടത്തില്‍ പരിശീലനം. ഈ സാഹചര്യത്തില്‍ വര്‍ഷം മുഴുവന്‍ പരിശീലനം നീളും. അധ്യാപകര്‍ പരിശീലനത്തിനു പോകുന്ന സമയത്ത് അധ്യാപക പാക്കേജിലുള്ള അധ്യാപകരായിരിക്കും സ്കൂളുകളില്‍ പകരം ക്ലാസ് എടുക്കുക. പരിശീലനം നല്‍കേണ്ട ഏജന്‍സിയുടെ കാര്യത്തിലും തീരുമാനമായിട്ടില്ല.പത്താം ക്ലാസ് കുട്ടികളുടെ പരീക്ഷാ ഫീസ് തുടര്‍ന്നും പിരിക്കും. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കിയതിനെ തുടര്‍ന്ന് പരീക്ഷാ ഫീസ്  പാടിലെ്ലന്ന തെറ്റിദ്ധാരണയുണ്ടായിരുന്നു. എന്നാല്‍, എട്ടാംക്ലാസ് വരെയാണ് ഇതു ബാധകമെന്നു വ്യക്തമായ സാഹചര്യത്തിലാണ് 9,10 ക്ലാസുകളിലെ ഫീസ് പിരിക്കുന്നത്. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 13 മുതല്‍ 21 വരെയും  എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 12 മുതലും നടത്തുന്നതിന്‍റെ തയാറെടുപ്പുകള്‍ യോഗം വിലയിരുത്തി.പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്‍,അധ്യാപക നേതാക്കളായ ഹരിഗോവിന്ദന്‍, കെ.എം. സുകുമാരന്‍, പി.കെ. കൃഷ്ണദാസ്, സിറിയക് കാവില്‍, കെ. മോയിന്‍കുട്ടി, ജെ. ശശി, ഇ. ഇമാമുദീന്‍, പി.ജെ. ജോസ്, വി.കെ. മൂസ തുടങ്ങിയവര്‍  പങ്കെടുത്തു(.മനോരമഓണ്‍ലൈന്‍ – 2012 ജനു 14, ശനി)

No comments: