Thursday, April 19, 2012

പൊതുവിദ്യാലയങ്ങള്‍ വീണ്ടും അടച്ചുപൂട്ടല്‍ ഭീഷണിയില്‍


തിരു: ദേശീയ വിദ്യാഭ്യാസ നിയമത്തിന്റെ മറവില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് 25 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് കൊള്ള നടത്താന്‍. സംവരണത്തിന്റെ മറവില്‍ അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നതോടെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ കൊഴിഞ്ഞ്പോക്ക് രൂക്ഷമാകും. ഇത് നൂറുകണക്കിന് പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടാനിടയാക്കുമെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഉത്തരേന്ത്യയിലെ പിന്നോക്ക പ്രദേശങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസംപോലും ലഭിക്കാത്ത കുട്ടികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അണ്‍എയ്ഡഡ് സ്കൂളില്‍ ഉള്‍പ്പെടെ 25 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന് ദേശീയ മനുഷ്യാവകാശനിയമത്തില്‍ വ്യവസ്ഥ ചെയ്തത്. എന്നാല്‍, കേരളത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികളും ഇപ്പോള്‍ തന്നെ വിദ്യാലയങ്ങളിലെത്തുന്നുണ്ട്. പന്ത്രണ്ടാം ക്ലാസുവരെ സൗജന്യ വിദ്യാഭ്യാസവുമാണ്. അതിനാല്‍ കേരളത്തില്‍ ഇത്തരം സംവരണം കൊണ്ടുവരുന്നതിന് പകരം അതിനുപയോഗിക്കുന്ന ഫണ്ട് പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുന്നതിനും നിലവാരം ഉയര്‍ത്തുന്നതിനുമാണ് ഉപയോഗിക്കേണ്ടതെന്നും വിദ്യാഭ്യാസ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വാര്‍ഷിക വരുമാനം 60,000 രൂപയില്‍ താഴെയുള്ള കുടുംബങ്ങളിലെ കുട്ടികളെ ദുര്‍ബല വിഭാഗത്തില്‍പ്പെടുത്തി ഓരോ വിദ്യാഭ്യാസ സ്ഥാപനവും 25 ശതമാനം സംവരണം ഏര്‍പ്പെടുത്തണം. ഇങ്ങനെ പഠിക്കുന്ന കുട്ടികളുടെ പഠനച്ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. പ്രത്യക്ഷത്തില്‍ പാവപ്പെട്ട കുട്ടികളെ സഹായിക്കാനെന്ന് തോന്നിപ്പിക്കുന്ന ഈ തീരുമാനത്തിന്റെ യഥാര്‍ഥ ഉദ്ദേശം അണ്‍എയ്ഡഡ് സ്ഥാപനങ്ങളെ സഹായിക്കലാണ്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തിയതോടെ പ്രധാന അണ്‍എയ്ഡഡ് സ്കൂളുകള്‍ ഒഴികെയുള്ള നൂറുകണക്കിന് സ്കൂളുകളില്‍ ഡിവിഷന്‍ തികയ്ക്കാന്‍ കുട്ടികളെ കിട്ടുന്നില്ല. ഇങ്ങനെയിരിക്കെയാണ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വീണ്ടും അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് വ്യാപകമായി അനുമതി നല്‍കിയത്. പുതുതായി തുടങ്ങുന്ന സ്കൂളുകളിലേക്ക് കുട്ടികളെ റിക്രൂട്ടുചെയ്യാനുള്ള കുറുക്ക് വഴിയാണ് സര്‍ക്കാര്‍ തീരുമാനം. ഈ സ്കൂളുകള്‍ വിദ്യാര്‍ഥികളില്‍നിന്നും ഈടാക്കുന്ന അമിതഫീസ് പഠനച്ചെലവ് എന്ന ഓമനപ്പേരില്‍ സര്‍ക്കാര്‍ നല്‍കും. സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 58 ലക്ഷം കുട്ടികള്‍ക്ക് പഠിക്കാനുള്ള ക്ലാസ് മുറികളുണ്ട്. എന്നാല്‍, 40 ലക്ഷം കുട്ടികള്‍ മാത്രമേ ഇന്ന് പഠിക്കുന്നുള്ളൂ. നാലുവര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് 1694 എയ്ഡഡ് സ്കൂളുകളും 1720 അണ്‍എയ്ഡഡ് സ്കൂളുകളും ഇപ്പോള്‍ അനാദായകരമായാണ് പ്രവര്‍ത്തിച്ചിരുന്നത്. അതേസമയം, അഞ്ചുവര്‍ഷമായി പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയാണുണ്ടായത്. ഈ ഉണര്‍വ് തകര്‍ക്കുന്ന സമീപനമാണ് യുഡിഎഫ് അധികാരത്തില്‍ വന്ന ഉടനെ തുടങ്ങിയത്. 
കണ്‍സള്‍ട്ടന്‍സി സര്‍വീസിന് അധ്യാപക പരിശീലനത്തിന്റെ ചുമതല നല്‍കരുത്: വി എസ്

തിരു: അധ്യാപക പരിശീലനത്തിന്റെ ചുമതല ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനെ ഏല്‍പ്പിക്കാനുള്ള സര്‍ക്കാര്‍തീരുമാനം പാഠ്യപദ്ധതിപോലും കോര്‍പറേറ്റുകളെ ഏല്‍പ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. കോര്‍പറേറ്റുകള്‍ക്ക് സ്കൂളുകള്‍ ആരംഭിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കയാണ്. എവറോണ്‍ ഉള്‍പ്പെടെയുള്ള ബഹുരാഷ്ട്ര കമ്പനികള്‍ തങ്ങള്‍ സ്കൂള്‍ തുടങ്ങാനുദ്ദേശിക്കുന്ന സ്ഥലങ്ങള്‍ പത്രങ്ങളിലൂടെ പരസ്യപ്പെടുത്തുന്നു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സിബിഎസ്ഇ സ്കൂളുകള്‍ ഇവര്‍ വിലയ്ക്ക് വാങ്ങിത്തുടങ്ങി. സ്കൂള്‍ പാഠ്യപദ്ധതി, പാഠപുസ്തകങ്ങള്‍, അധ്യാപക പരിശീലനം തുടങ്ങിയ അക്കാദമിക കാര്യങ്ങള്‍പോലും കോര്‍പറേറ്റുകളെ ഏല്‍പ്പിച്ച് പൊതുവിദ്യാഭ്യാസത്തിന്റെ ചുമതലയില്‍നിന്ന് തലയൂരാനുള്ള സര്‍ക്കാരിന്റെ ശ്രമം ആപല്‍ക്കരമാണ്. കേരളത്തില്‍ നിലനിന്നിരുന്ന ക്ലസ്റ്റര്‍ പരിശീലനങ്ങളും അവധിക്കാല പരിശീലനങ്ങളും നിര്‍ത്തിക്കഴിഞ്ഞു. പകരം അധ്യാപകരുടെ വ്യക്തിത്വവികസനത്തിനുള്ള പരിശീലനം ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഏല്‍പ്പിക്കാനാണ് ധാരണ. കേരളത്തിന്റെ പൊതുവിദ്യാഭ്യാസം ഹൈജാക്ക് ചെയ്യുന്നതിന് 2001-2006 കാലത്ത് ഇന്റലിനെയും മൈക്രോസോഫ്റ്റിനെയും അഞ്ജലി ടെക്നോളജി ഹോള്‍ഡിങ്സിനെയും കൊണ്ടുവരാന്‍ ശ്രമിച്ച അതേ മാര്‍ഗത്തിലൂടെയാണ് ഇപ്പോള്‍ ടാറ്റയെയും കൊണ്ടുവരുന്നത്. ഇത് അനുവദിക്കാനാവില്ല. ഈ മേഖലയില്‍ സംഘടനകളുടെ എതിര്‍പ്പിനെ മറികടന്ന് അധ്യാപകരെ ബഹുരാഷ്ട്ര കമ്പനികളുടെ വ്യക്തിത്വവികസന പരിശീലനത്തിന് വിട്ടുകൊടുക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു.
 
വിദ്യാര്‍ഥികള്‍ക്ക് മനസ്സ് തുറക്കാന്‍


കല്‍പ്പറ്റ: ഇഷ്ടബാല്യം ക്യാമ്പുകള്‍ നാട്ടില്‍ സജീവമായി. അവധിക്കാലത്ത് കുട്ടികള്‍ അവരുടെ പ്രശ്നങ്ങള്‍ സമൂഹത്തിന് മുന്നിലെത്തിക്കുകയാണ്. ചൈല്‍ഡ് ലൈനാണ് അതിന്റെ സംഘാടകര്‍. ""ഞങ്ങളുടെ പ്രശ്നങ്ങള്‍ തുറന്ന് പറയാനുള്ള അവസരം ലഭിച്ചുവല്ലോ. ആദ്യമായാണ് ഇങ്ങനെയൊരാവസരം ഞങ്ങള്‍ക്ക് ലഭിക്കുന്നത്്"". വിദ്യാര്‍ഥികള്‍ പറയുന്നു. ഓരോ വിദ്യാര്‍ഥിയും അവര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ അഴിച്ച് ക്യാമ്പില്‍ പങ്കാളിയായി. പത്ത് മുതല്‍ 18 വയസ്സുവരെയുള്ളവരാണ് ബാല്യകാല ക്യാമ്പുകളില്‍ പങ്കെടുക്കുന്നത്. പെണ്‍കുട്ടികളാണ് കൂടുതലായും ക്യാമ്പിലെത്തുന്നത്്്്. വ്യത്യസ്ത ഗ്രൂപ്പുകളായിട്ടാണ് ക്യാമ്പുകളില്‍ കുട്ടികള്‍ തങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നത്. കുടുംബത്തില്‍, സമൂഹത്തില്‍, വിദ്യാലയങ്ങളില്‍ നേരിടുന്ന പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയാണ് കുട്ടികളെ ക്യാമ്പുകളില്‍ വേര്‍തിരിച്ചിരിക്കുന്നത്. കൂട്ടമായി ചര്‍ച്ചചെയ്ത് പ്രശ്നം പഠിച്ച് പ്രശ്ന പരിഹാരവും ക്യാമ്പില്‍ നിര്‍ദേശിക്കുന്നു. ജനപ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍, പൊലീസ് എന്നിങ്ങനെ വിവിധ വിഭാഗം പ്രതിനിധികളുംക്യാമ്പുകളിലുണ്ടാകും. വിദ്യാര്‍ഥികള്‍ തങ്ങളുടെ പ്രശ്നങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ടാക്കി സ്കിറ്റ് രൂപത്തിലവതരിപ്പിക്കും. പിന്നീട് ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ എന്നിവരുമായി ചര്‍ച്ചചെയ്ത് പരിഹാരം കണ്ടെത്തും. ഓരോ വാര്‍ഡിലെയും ബാലസഭകളിലെ പ്രതിനിധികളാണ് ഇഷ്ടബാല്യക്യാമ്പുകളിലെത്തുക. അവര്‍ അവരുടെ കൂട്ടുകാരുടെ പ്രശ്നങ്ങളും ക്യാമ്പുകളില്‍ അവതരിപ്പിക്കും. പഞ്ചായത്ത് തലത്തിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. കുട്ടികള്‍ക്ക് പ്രശ്നങ്ങള്‍ മടിയില്ലാതെ തുറന്നുപറയാനുള്ള വേദിയൊരുക്കുകയാണ് ചൈല്‍ഡ് ലൈന്‍. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുവാന്‍ തീയേറ്റര്‍ ഗ്രൂപ്പും ചൈല്‍ഡ് ലൈന്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ചു. "ഇഷ്ടബാല്യം കുട്ടികള്‍ക്കെല്ലാം ഒരു കുട്ടിക്കാലം" എന്ന പേരില്‍ മെയ് ആദ്യവാരം കുട്ടികള്‍ക്കായി ചൈല്‍ഡ് ലൈനിന്റെ ആഭിമുഖ്യത്തില്‍ പരിപാടി സംഘടിപ്പിക്കുമെന്ന് ചൈല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ സി കെ ദിനേശ്കുമാര്‍ പറഞ്ഞു. 
 
 

No comments: