Tuesday, June 10, 2014

വിദ്യാലയമരണങ്ങള്‍


ഒരു ബന്ധു ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഉറ്റ ബന്ധുക്കള്‍ ഉപേക്ഷിച്ചു പോകുന്നതിനെക്കുറിച്ച് ആലോചിക്കുക. അതാണിവിടെ സംഭവിക്കുന്നത്. പ്രതിസന്ധിയിലാകുന്ന വിദ്യാലയങ്ങളെ ഉപേക്ഷിച്ച് അധ്യാപകര്‍ രക്ഷപെടുകകയാണ്. അവസാനത്തെ കുട്ടിയേയും പഠിപ്പിക്കുമെന്ന വാശിയില്ലാതെ.മരണാശംസകള്‍ നേര്‍ന്നുളള ഒളിച്ചോട്ടം. ഇന്നത്തെ വാര്‍ത്തയാണിത് പത്തനംതിട്ടയില്‍ നിന്നും.
കുട്ടികളാരുമില്ല: വട്ടാര്‍കയം ഗവ. എല്‍.പി.എസ്. അടച്ചുപൂട്ടുന്നു
10 Jun 2014
അരനൂറ്റാണ്ടിലേറെ പഴക്കമുള്ള വട്ടാര്‍കയം സര്‍ക്കാര്‍ എല്‍പി സ്കൂള്‍ അടച്ചുപൂട്ടി. പഴവങ്ങാടി പഞ്ചായത്തിലെ ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ അടച്ചുപൂട്ടലിലെത്തിച്ചത് അധ്യാപകരുടെ കൂട്ട സ്ഥലംമാറ്റം.
1962-ല്‍ സ്ഥാപിച്ച സ്കൂളില്‍ ഈ വര്‍ഷം പ്രവേശനോത്സവവും സംഘടിപ്പിച്ചു. എന്നാല്‍, കുട്ടികളാരും എത്തിയില്ല. കുട്ടികളുടെ അഭാവത്തില്‍ റാന്നിയില്‍ അടച്ചുപൂട്ടുന്ന രണ്ടാമത്തെ സ്കൂളാകും വട്ടാര്‍കയം. നേരത്തേ കുട്ടികളില്ലാത്തതിനാല്‍ ഐത്തല ഗവ. എല്‍പി സ്കൂള്‍ അടച്ചുപൂട്ടിയിരുന്നു.
ഒന്നാംക്ലാസ്സില്‍ ആരുമെത്തിയില്ല. അധ്യാപകര്‍ സ്ഥലംമാറ്റംവാങ്ങി പോകുന്നതറിഞ്ഞ് മറ്റ് ക്ലാസ്സുകളിലുണ്ടായിരുന്ന 4 പേര്‍ ടി.സി. വാങ്ങിപ്പോയി. വട്ടാര്‍കയം ഗവ. എല്‍.പി.എസ്സില്‍ ഇനി സ്ഥലംമാറ്റം കാത്തിരിക്കുന്ന മൂന്ന് അധ്യാപകര്‍ മാത്രം. മൂന്നുവര്‍ഷംമുമ്പ് അടച്ചുപൂട്ടിയ റാന്നി ഐത്തല ഗവ. എല്‍.പി.എസ്സിന് പിന്നാലെ വട്ടാര്‍കയം സ്‌കൂളും അടച്ചുപൂട്ടുന്നു.
ആറാം പ്രവൃത്തിദിവസമായ തിങ്കളാഴ്ചയും ഒന്നാംക്ലാസ്സിലേക്ക് ആരുമെത്തിയില്ല. കഴിഞ്ഞവര്‍ഷം ഇവിടെ 8 കുട്ടികളാണുണ്ടായിരുന്നത്. 4-ാം ക്ലാസ്സിലുണ്ടായിരുന്ന 4 പേരും ഉപരിപഠനത്തിനര്‍ഹരായി മറ്റ് സ്‌കൂളുകളിലേക്കുപോയി. ഒന്ന്, 3 ക്ലാസ്സുകളില്‍ ഓരോ വിദ്യാര്‍ഥിയും, 2ല്‍ രണ്ടു കുട്ടികളുമാണുണ്ടായിരുന്നത്. ഇവര്‍ക്കെല്ലാം െപ്രാമോഷന്‍ ലഭിച്ച് അടുത്ത ക്ലാസ്സുകളിലെത്തി.
അധ്യാപകര്‍ 4 പേരും സ്ഥലമാറ്റത്തിനപേക്ഷിച്ചിരുന്നു. പ്രഥമാധ്യാപിക മെയ് അവസാനം പുല്ലൂപ്രം സ്‌കൂളിലേക്ക് സ്ഥലംമാറിപ്പോയി. മറ്റുള്ള 3 അധ്യാപകരും സ്ഥലം മാറ്റ ഉത്തരവിനായി കാത്തിരിക്കുകയാണ്.ജനറല്‍ ട്രാന്‍സ്ഫറിന് ഇവര്‍ നാലുപേരും അപേക്ഷിച്ചിരുന്നു. സ്ഥലംമാറ്റത്തിന് അപേക്ഷിച്ച മൂന്നുപേര്‍ വിദ്യാലയം സ്ഥിതി ചെയ്യുന്ന പഞ്ചായത്തില്‍ തന്നെയുള്ളവരാണ് എന്നതാണ് ഏറെ ശ്രദ്ധേയം. അധ്യാപകരെല്ലാം പോകുന്നുവെന്നറിഞ്ഞ് സ്‌കൂളിലുണ്ടായിരുന്ന 4 കുട്ടികളുടെയും രക്ഷിതാക്കളെത്തി ടി.സി. വാങ്ങിക്കൊണ്ടു പോവുകയായിരുന്നു. സ്‌കൂള്‍ തുറക്കുന്നതിനുമുമ്പുതന്നെ 3 പേര്‍ ടി.സി. വാങ്ങി. അവശേഷിച്ച വിദ്യാര്‍ഥി ജൂണ്‍ 3 നും ടി.സി .വാങ്ങിപ്പോയപ്പോള്‍ സ്‌കൂളില്‍ കുട്ടികളില്ലാതെയായി. സ്‌കൂളിലുണ്ടായിരുന്ന എല്ലാ അധ്യാപകരും സ്ഥലംമാറ്റത്തിനായി തയ്യാറായി ഇരിക്കുന്നതിനാല്‍ കുട്ടികളെ എങ്ങനെ ഇവിടെ പഠിപ്പിക്കുമെന്നായിരുന്നു രക്ഷിതാക്കളുടെ ചോദ്യം.ത്. ഇതിന് മറുപടി നല്‍കാനോ, ഉത്തരവാദിത്വമേല്‍ക്കാനോ ആര്‍ക്കും കഴിഞ്ഞില്ല.അധ്യാപകരില്ലാത്ത സ്കൂളില്‍ തങ്ങളുടെ കുട്ടികളെ ആരെ ഏല്‍പ്പിക്കും എന്ന ആശങ്കയാണ് ടിസി വാങ്ങാന്‍ രക്ഷാകര്‍ത്താക്കളെ പ്രേരിപ്പിച്ചത്

തിരിഞ്ഞുനോക്കാം............................
ആദ്യം പാഠ്യപദ്ധതിയെ കുറ്റം പറഞ്ഞു
പിന്നെ സ്വന്തം മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ത്തു
തുടര്‍ന്ന് വിദ്യാലയങ്ങളില്‍ സമാന്തര ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു
ശേഷം ഒന്നാം ക്ലാസുമുതല്‍ ഇംഗ്ലീഷ് പഠിപ്പിക്കാനാരംഭിച്ചു
പിന്നെയോ ഒന്നാം ക്ലാസുമുതല്‍ ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങളും നടപ്പാക്കി
ഏകീകൃതസിലബസ് രക്ഷിക്കുമെന്നു പ്രചരിപ്പിച്ചു
ഉളളടക്കം കൂട്ടിയാല്‍ പറ്റുമെന്നു പറഞ്ഞു
തന്റെ പഠിപ്പിക്കലിനെക്കുറിച്ച് മാത്രം പരാതി പറഞ്ഞില്ല.
തന്റെ മുന്നിലുളള കുട്ടിക്ക് ആത്മവിശ്വാസം നല്‍കുന്നതിനു പകരം എല്ലാ പരിഷ്കാരങ്ങളേയും അവജ്ഞയോടെ സമീപിച്ചു
നിരന്തരവിലയിരുത്തല്‍ നിലവാരത്തില്‍ ചേര്‍ത്തുവെന്നാക്ഷേപിച്ചു.. (സി ബി എസ് ഇ സ്കൂള്‍തലപ്പരീക്ഷയും നിരന്തരവിലിയരുത്തലും നടത്തിയപ്പോള്‍ അതിനെ പുകഴ്ത്തി.)
വിദ്യാഭ്യാസത്തിന്റെ സാമൂഹികമാനം തിരിച്ചറിയാത്ത അധ്യാപകരും തദ്ദേശവാസികളും വിദ്യാലയമരണങ്ങള്‍ക്ക് ആശംസനേരുകയാണ്
അധ്യാപകസംഘടനകളുടെ പ്രവര്‍ത്തനരീതി മാറേണ്ടതുണ്ട്. ഈ വര്‍ഷം പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്താനെത്ര ധര്‍ണ നടത്തി എന്നതുപോലെ പ്രസക്തമാണ് എത്ര ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു എന്നതും. ഗുണനിലവാരം മാത്രം അജണ്ടയാക്കി ഏതെങ്കിലുംസംഘടന ഏതെഹ്കിലും ജില്ലയില്‍ അധ്യാപകക്കൂട്ടായ്മകള്‍ സംഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് പങ്കിടുക. മറ്റുളളവര്‍ക്ക് വെളിച്ചമാകട്ടെ.

No comments: