Monday, June 30, 2014

ഓരോ സ്‌കൂളിലെയും അധ്യാപകരുടെയും കുട്ടികളുടെയും വിവരം സൈറ്റില്‍


അനീഷ് ജേക്കബ്‌Newspaper Edition

: 01 Jul 2014

അനാദായകരമായവ 3500 കവിയും

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളെയും സംബന്ധിച്ച വിവരങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഒരോ സ്‌കൂളിലും ഓരോ ക്ലാസ്സിലുമുള്ള കുട്ടികളുടെ എണ്ണം, അധ്യാപകര്‍ ആരൊക്കെ, അവര്‍ എന്ന് സര്‍വീസില്‍ പ്രവേശിച്ചു, എന്ന് പിരിയും എന്നു തുടങ്ങി സ്‌കൂളിനെക്കുറിച്ച് അറിയേണ്ടതെല്ലാം സൈറ്റിലുണ്ടാകും.

ആദ്യപടിയായി അധ്യാപകരെയും വിദ്യാര്‍ഥികളെയും സംബന്ധിക്കുന്ന കാര്യങ്ങളാണ് സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടുത്തഘട്ടത്തില്‍ സ്‌കൂളിലെ അടിസ്ഥാന സൗകര്യം സംബന്ധിച്ച വിവരങ്ങളുമുണ്ടാകും.

സംസ്ഥാനത്തെ 3557 സ്‌കൂളുകള്‍ അനാദായകരമാണെന്ന് കണക്കുകളില്‍ നിന്ന് വ്യക്തം. 60 കുട്ടികളെങ്കിലുമില്ലാത്ത സ്‌കൂളുകളെയാണ് അനാദായകരമായി കണക്കാക്കുന്നത്. പത്തു കുട്ടികള്‍ പോലുമില്ലാത്ത സ്‌കൂളുകള്‍ 190 എണ്ണമാണുള്ളത്. ശരാശരി ഏഴു കുട്ടികളാണ് ഈ സ്‌കൂളുകളിലുള്ളത്. എന്നാല്‍ ഈ സ്‌കൂളില്‍ 543 അധ്യാപകരുണ്ട്. 11 മുതല്‍ 20 കുട്ടികള്‍ വരെയുള്ള സ്‌കൂളുകളുടെ എണ്ണം 593 വരും. ശരാശരി 16 കുട്ടികള്‍ ഒരു സ്‌കൂളില്‍ െവച്ച് കണക്കാക്കാം. ഇവരെ പഠിപ്പിക്കാന്‍ വേണ്ട അധ്യാപകരാകട്ടെ 2047 ഉം. 30 കുട്ടികളില്‍ താഴെയുള്ള സ്‌കൂളുകളുടെ എണ്ണം 717 ആണ്. ഈ സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണം 18149 ഉം. ശരാശരി കുട്ടികളുടെ എണ്ണം 25. ഈ സ്‌കൂളുകളിലേക്കുള്ള അധ്യാപകര്‍ 2862.

60 കുട്ടികളില്‍ കുറവുള്ള ആകെ സ്‌കൂളുകളുടെ എണ്ണമാണ് 3557. ഈ സ്‌കൂളിലായി 14800 അധ്യാപകരാണുള്ളത്.

ഒരു സ്‌കൂളും അനാദായകരമെന്ന് വിശേഷിപ്പിച്ച് പൂട്ടേണ്ടെന്നാണ് സര്‍ക്കാര്‍ നയം. എന്നാല്‍ കുട്ടികള്‍ വല്ലാതെ കുറഞ്ഞ സ്‌കൂളുകള്‍ എന്തു ചെയ്യണമെന്ന ആലോചന സര്‍ക്കാര്‍ വൃത്തങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. തലസ്ഥാനത്തെ ഒരു സ്‌കൂള്‍ ഉദാഹരണമായി എടുക്കാം. നഗരത്തിലെ ഏറെ പഴക്കമുള്ള ഒരു സ്‌കൂളില്‍ ഒന്നുമുതല്‍ അഞ്ചു വരെയുള്ള ക്ലാസുകളില്‍ ആകെയുള്ളത് ഒരോ കുട്ടികള്‍ വീതം. ആറാം ക്ലാസ്സില്‍ നാലുപേര്‍. ഏഴില്‍ മൂന്നുപേര്‍. പത്തുവരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ എണ്ണമെടുത്താല്‍ ആകെ 37 പേര്‍. അധ്യാപകര്‍ 12 പേര്‍. ആകെ ജീവനക്കാര്‍ 16.

ഒരു ക്ലാസ്സില്‍ ഒരു കുട്ടിയെ മാത്രം ഇരുത്തുന്ന രീതി അധ്യാപകര്‍ സൃഷ്ടിക്കുന്നതാണെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നു. ക്ലാസ്സില്‍ ആരുമില്ലാതായാല്‍ അധ്യാപികയ്ക്ക് സ്ഥലംമാറ്റമുണ്ടാകും. ഒരു കുട്ടിയെങ്കിലുമുണ്ടെങ്കില്‍ അവിടെത്തന്നെ നില്‍ക്കാം. എങ്ങനെയും ഒരു കുട്ടിയെ സംഘടിപ്പിച്ച് ആ സ്‌കൂളില്‍ തന്നെ നിലനില്‍ക്കുകയെന്നതാണ് തന്ത്രം.

തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് സ്‌കൂളുകളുടെ ചുമതല. ഓരോ തദ്ദേശസ്ഥാപനത്തിലുമുള്ള സ്‌കൂളുകളില്‍ തീരെ കുട്ടികള്‍ ഇല്ലാത്തവ ഒഴിവാക്കണമെന്ന നിര്‍ദേശം താഴെത്തട്ടില്‍ നിന്നാണ് ഉയരേണ്ടത്. അല്ലെങ്കില്‍ നിര്‍ദേശം വൈകാരികമാകുകയും തീരുമാനം എടുക്കാന്‍ കഴിയാതെ വരികയും ചെയ്യും. അനാദായകരമായ സ്‌കൂളുകളില്‍ 1000 എണ്ണം ഏറ്റെടുത്ത് മുന്‍പന്തിയിലേക്ക് കൊണ്ടുവരാന്‍ എസ്.എസ്.എ വഴി ശ്രമം നടക്കുന്നുണ്ട്.

ഏകീകൃത തിരിച്ചറിയല്‍ രേഖയിലൂടെ കുട്ടികളുടെ എണ്ണം കൃത്യമായെടുത്തപ്പോള്‍ തന്നെ കുട്ടികളുടെ എണ്ണത്തില്‍ സ്‌കൂളധികൃതര്‍ കാട്ടിയിരുന്ന കള്ളത്തരം പുറത്തുവന്നു. മൂന്നര ലക്ഷത്തോളം കുട്ടികളുടെ കുറവാണ് സ്‌കൂളുകളില്‍ നിന്ന് നല്‍കിയ കണക്കും യഥാര്‍ത്ഥ എണ്ണവും തമ്മിലുള്ള വ്യത്യാസം. നിലവില്‍ 12000 ഓളം അധ്യാപകര്‍ അധികമായുണ്ട്.
 Newspaper Edition
 
കെ.കെ. ഊര്‍മിളാദേവിയെ മോഡല്‍ സ്‌കൂളിലേക്ക് മാറ്റി നിയമിച്ചു
Posted on: 01 Jul 2014
സ്ഥലംമാറ്റ വിവാദം: ട്രിബ്യൂണല്‍ കേസുമായി മുന്നോട്ടുപോകുമെന്ന് പ്രഥമാധ്യാപിക
തിരുവനന്തപുരം: ക്ലാസ് മുടക്കിക്കൊണ്ട് സ്‌കൂളില്‍ പൊതുയോഗം നടത്തിയതിനെതിരെ മന്ത്രിയിരിക്കെ പ്രതികരിച്ചതിന്റെ പേരില്‍ സ്ഥലം മാറ്റത്തിന് വിധേയയായ കോട്ടണ്‍ഹില്‍ ഗേള്‍സ് സ്‌കൂളിലെ മുന്‍ പ്രഥമാധ്യാപിക കെ.കെ. ഊര്‍മിളാദേവിയെ അയിര സ്‌കൂളിന് പകരം തൈക്കാട് മോഡല്‍ ഹൈസ്‌കൂളില്‍ മാറ്റി നിയമച്ചു. മുഖ്യമന്ത്രി വിദ്യാഭ്യാസമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തൈക്കാട് സ്‌കൂളിലേക്ക് മാറ്റാന്‍ തീരുമാനമായത്. സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കുന്നതായും, തന്റെ ആവശ്യത്തിന് അംഗീകാരം ലഭിക്കാത്തതില്‍ സംതൃപ്തയല്ലെന്നും ഊര്‍മിളാദേവി വ്യക്തമാക്കി.

കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ക്ലാസ്സ് മുടക്കിക്കൊണ്ട് ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തിയതിനെതിരെയായിരുന്നു പ്രഥമാധ്യാപിക മന്ത്രി അബ്ദുറബ്ബ് ഇരിക്കെ പൊതുവേദിയില്‍ പ്രതികരിച്ചത്. ജൂണ്‍ 16നായിരുന്നു യോഗം. ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രഥമാധ്യാപികയ്ക്ക് 21-ന് ചാര്‍ജ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ മെമ്മോയ്ക്ക് മറുപടി നല്‍കുന്നതിന് മുന്‍പ് ഇവരെ അയിലം സ്‌കൂളിലേക്ക് മാറ്റുകയായിരുന്നു. ഇതിനെതിരെ നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധം ശക്തമായിരുന്നു. മാത്രവുമല്ല അവര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയും ചെയ്തിരുന്നു.

സ്ഥലംമാറ്റ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം തുടര്‍ച്ചയായി രണ്ടു ദിവസം നിയമസഭ സ്തംഭിപ്പിച്ചിരുന്നു. ഇതിനിടെ ഊര്‍മിളാദേവി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അപ്പീലും നല്‍കിയിരുന്നു. അപ്പീലിന്‍മേല്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു.

തന്റെ ഭാഗത്തുനിന്ന് വീഴ്ചയില്ലെന്നും ഒരിക്കലും മന്ത്രിക്കെതിരെയല്ല പ്രതികരിച്ചതെന്നും അതുകൊണ്ട് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ തന്നെ നിയമിക്കണമെന്നുമായിരുന്നു അവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കോട്ടണ്‍ഹില്‍ സ്‌കൂളില്‍ മറ്റൊരു പ്രഥമാധ്യാപികയെ നിയമിച്ച സാഹചര്യത്തില്‍ അവിടെത്തന്നെ നിയമിക്കാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതിനെത്തുടര്‍ന്നാണ് അയിലം സ്‌കൂളില്‍ നിന്നും തൈയ്ക്കാട് മോഡല്‍ സ്‌കൂളിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും സ്ഥലംമാറ്റ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് അയിലത്ത് നിന്ന് മാറ്റി നഗരത്തിലെ സ്‌കൂളില്‍ നിയമനം നല്‍കാന്‍ ധാരണയായത്. ഇതോടെയാണ് ദിവസങ്ങളോളം നീണ്ട സ്ഥലംമാറ്റ വിവാദത്തിന് അവസാനമായത്. തൈക്കാട് സ്‌കൂളിലേക്ക് സ്ഥലംമാറ്റം സംബന്ധിച്ച് ഉത്തരവിട്ടതായി ഡി.പി.ഐ കെ. ഗോപാലകൃഷ്ണ ഭട്ട് പറഞ്ഞു. എന്നാല്‍ എത്രദിവസത്തിനകം ജോലിയില്‍ പ്രവേശിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. പ്രഥമാധ്യപികയ്ക്ക് നല്‍കിയ ചാര്‍ജ് മെമ്മോയ്ക്ക് ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും ഡി.പി.ഐ. വ്യക്തമാക്കി.

സ്ഥലംമാറ്റിയ നടപടി തെറ്റായിരുന്നില്ല. അവര്‍ മുഖ്യമന്ത്രിയ്ക്ക് നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് തൈക്കാട് സ്‌കൂളിലേക്ക് മാറ്റി നിയമിച്ചതെന്നും മന്ത്രി പി.കെ. അബ്ദുറബ്ബ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അപ്പീലില്‍ പറയുന്ന എല്ലാകാര്യങ്ങളും പരിഗണിക്കാനാവില്ല. അഡീഷണല്‍ ഡി.പി.ഐ ആദ്യം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടോയെന്നറിയാനായി പ്രഥമാധ്യാപികയ്ക്ക് നോട്ടീസ് നല്‍കുമെന്നും മന്ത്രി പി.കെ. അബ്ദുറബ്ബ് വ്യക്തമാക്കി.

സ്ഥലംമാറ്റിയതില്‍ പ്രതിഷേധിക്കാന്‍ എല്ലാഭാഗത്തുനിന്നും പിന്തുണ ലഭിച്ചതില്‍ നന്ദിയുണ്ടെന്നും എന്നാല്‍ തന്റെ സത്യാവസ്ഥ കുട്ടികളെയും അധ്യാപകരെയും ബോധ്യപ്പെടുത്താന്‍ കോട്ടണ്‍ഹില്‍ സ്‌കൂളിലേക്ക് മാറ്റം ലഭിക്കാത്തതില്‍ ദുഃഖമുള്ളതായും ഊര്‍മിളാദേവി പറഞ്ഞു. താന്‍ചെയ്ത ശരി, ശരിയായി നില്‍ക്കണമെങ്കില്‍ ഒരു ദിവസമെങ്കിലും കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ജോലി ചെയ്യണം. സ്ഥലംമാറ്റത്തിനെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ നല്‍കിയ കേസുമായി മുന്നോട്ടുപോകും. 24 മുതല്‍ അവധിലാണെന്നും ഇത് രണ്ടാഴ്ചവരെ നീട്ടിക്കിട്ടാന്‍ അപേക്ഷിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു

പാഠപുസ്തകമില്ല, ഇടവേളയുമില്ല; ഹയര്‍ സെക്കന്‍ഡറി പഠനം 'പരീക്ഷണ'മാവുന്നു
: 01 Jul 2014
Newspaper Edition

 
പുതിയ ടൈംടേബിള്‍ ഇന്നു മുതല്‍

തൃശ്ശൂര്‍: പാഠപുസ്തകങ്ങളില്ല, ആവശ്യത്തിന് ഇടവേളയുമില്ല. ഹയര്‍ സെക്കന്‍ഡറി ക്ലാസ്സുകളിലെ പഠനം ഇനി കുട്ടികള്‍ക്ക് 'പരീക്ഷണ'മാവും. ജൂലായ് ഒന്നു മുതലാണ് പുതുക്കിയ സമയക്രമം നിലവില്‍ വരുന്നത്.

ശനിയാഴ്ച അവധിയാക്കിയതിന്റെ ഭാഗമായി ടൈംടേബിള്‍ പുനഃക്രമീകരിച്ചതോടെയാണ് ഇടവേളകള്‍ വെട്ടിക്കുറച്ചത്. രാവിലെ ഒമ്പതു മണിക്ക് ക്ലാസ്സ് തുടങ്ങിയാല്‍ മൂന്നു പീരിയഡ് കഴിഞ്ഞ് 11.05-നാണ് ആദ്യ ഇടവേള. അഞ്ചുമിനിറ്റേയുള്ളൂ സമയം. പിന്നെ രണ്ടു പീരിയഡ് കഴിഞ്ഞ് ഉച്ചഭക്ഷണസമയം 35 മിനിറ്റ്. 12.30-ന് തുടങ്ങിയാല്‍ 1.05-ന് ഇടവേള കഴിയും. വീണ്ടും മൂന്ന് പീരിയഡ് ക്ലാസ്സ് കഴിഞ്ഞ് 3.15-ന് അഞ്ച് മിനിറ്റ് ഇടവേള. രണ്ടു പീരിയഡ് കൂടി കഴിഞ്ഞ് 4.30-ന് ക്ലാസ്സ് വിടും.

മിക്ക സ്‌കൂളുകളിലും അഞ്ച് മിനിറ്റുകൊണ്ട് ഇത്രയും കുട്ടികള്‍ക്ക് മൂത്രമൊഴിക്കാന്‍ പോയിവരാനുള്ള സൗകര്യംപോലുമില്ല. ക്ലാസ്സ് മുറികളോട് ചേര്‍ന്ന് ടോയ്‌ലറ്റ് സൗകര്യമുള്ള സ്‌കൂളുകള്‍ വിരലിലെണ്ണാവുന്നതേ ഉള്ളൂ. മുതിര്‍ന്ന പെണ്‍കുട്ടികള്‍ ഉള്‍പ്പടെ പഠിക്കുന്ന സ്‌കൂളുകളില്‍ അത്യാവശ്യം വേണ്ട ഇടവേളയെങ്കിലും കൊടുത്തില്ലെങ്കില്‍ കുട്ടികളെ രോഗികളാക്കുകയാവും ഫലം.

ഇപ്പോള്‍ തന്നെ ക്ലാസ്സ് സമയത്ത് വെള്ളം കുടിക്കാതിരിക്കുന്നത് വിദ്യാര്‍ഥിനികളില്‍ മൂത്രാശയ, വൃക്ക രോഗങ്ങള്‍ക്ക് ഇടയാക്കുന്നതായി ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. ഉച്ചഭക്ഷണത്തിനുള്ള ഇടവേളയില്‍ പോലും ആവശ്യത്തിന് സമയമില്ലെന്നതാണ് സ്ഥിതി. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസ്സുകള്‍ക്ക് ഇടവേളകള്‍ വ്യത്യസ്ത സമയത്താവുന്നതും ആശയക്കുഴപ്പമുണ്ടാക്കും.

പ്ലസ് ടു ക്ലാസ്സ് തുടങ്ങി ഒരു മാസമായിട്ടും പാഠപുസ്തകങ്ങളെത്തിയിട്ടില്ല. ഭാഷകളുടെ ടെക്സ്റ്റ് ബുക്ക് പോലും കിട്ടാതെ കുഴങ്ങുകയാണ് അധ്യാപകര്‍. കഴിഞ്ഞ വര്‍ഷത്തെ കുട്ടികളുടെ പുസ്തകങ്ങള്‍ സംഘടിപ്പിച്ചാണ് പലയിടത്തും ക്ലാസ്സ് നടത്തുന്നത്. പ്ലസ് വണ്‍ ക്ലാസ്സുകള്‍ക്ക് പുതുക്കിയ പാഠപുസ്തകങ്ങളാണ് ഈ വര്‍ഷം വേണ്ടത്. ഇവ ഇതുവരെ പ്രസിദ്ധീകരിക്കുകയോ അധ്യാപകര്‍ക്ക് പരിശീലനം കൊടുക്കുകയോ ചെയ്തിട്ടില്ല. ജൂലായില്‍ പ്ലസ് വണ്‍ ക്ലാസ്സ് തുടങ്ങാനിരിക്കെ പുസ്തകം എന്ന് കിട്ടുമെന്ന് ഒരു പിടിയുമില്ലാത്ത അവസ്ഥയാണ്.


ഹയര്‍ സെക്കന്‍ഡറിയില്‍ ഇന്നുമുതല്‍ പുതിയ സമയക്രമം
: 01 Jul 2014
Newspaper Edition


കൊടുമണ്‍: ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇന്നുമുതല്‍ ക്ലാസ്സുകള്‍ രാവിലെ ഒമ്പതിന് തുടങ്ങും. വൈകീട്ട് 4.30ന് ക്ലാസ്സുകള്‍ അവസാനിക്കും. ജൂലായ് ഒന്നുമുതല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ശനിയാഴ്ച പ്രവൃത്തിദിനം ഒഴിവാക്കിയതിനെത്തുടര്‍ന്നാണ് ബാക്കിയുള്ള ദിവസങ്ങളില്‍ സമയക്രമത്തിന് മാറ്റമുണ്ടായത്.

നേരത്തെ രാവിലെ 9.15 മുതല്‍ വൈകീട്ട് 4.15 വരെയായിരുന്നു സമയം. ശനിയാഴ്ച ഒഴിവാക്കുന്നതിലൂടെ നഷ്ടപ്പെടുന്ന പീരിയഡുകള്‍ മറ്റ് അഞ്ചുദിവസങ്ങളിലായി ക്രമീകരിച്ചപ്പോഴാണ് സമയമാറ്റം ഉണ്ടായത്.

No comments: