Wednesday, June 4, 2014

അക്ഷരങ്ങളുടെ തണല്‍വിരിച്ച അട്ടക്കുളങ്ങര സ്കൂള്‍ ഇനിയെത്ര കാലം?-എസ് ഗീതാഞ്ജലി
05-Jun-2014
തിരു: ഈ വിദ്യാലയം എത്രയോ തലമുറകള്‍ക്ക് അക്ഷരങ്ങളുടെയും വിദ്യയുടെയും തണല്‍ നല്‍കി. വിദ്യാലയമുറ്റത്തെ മരങ്ങള്‍ നൂറ്റാണ്ടുകള്‍ കടന്ന് വളര്‍ന്ന് തണല്‍വിരിച്ചുനില്‍ക്കുന്നു. തണല്‍മരങ്ങള്‍ മുറിച്ചുമാറ്റി, സ്കൂള്‍ പൂട്ടി, വിദ്യയുടെ ശവപ്പറമ്പ് തീര്‍ത്ത്, അതിനു മുകളില്‍ കമ്പോളസംസ്കാരത്തിന്റെ കെട്ടുകാഴ്ചകള്‍തീര്‍ക്കാന്‍ അണിയറയില്‍ ഒരുക്കം തുടങ്ങി. അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്കൂള്‍ നിലനില്‍പ്പിനുള്ള നിലവിളിയിലാണ്. കേള്‍ക്കേണ്ട കാതുകള്‍ കൊട്ടിയടച്ചിരിക്കുന്നു. സ്കൂള്‍ നിലനിര്‍ത്താന്‍ നിരന്തര പരിശ്രമത്തിലാണ് പൂര്‍വവിദ്യാര്‍ഥികളായ സാംസ്കാരികനായകരും പിടിഎയും. ഒരുകാലത്ത് തിരുവനന്തപുരം നഗരത്തിന്റെ പ്രൗഢിയുടെ പ്രതീകമായിരുന്നു അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്കൂള്‍. നഗരത്തിലെ ഈ പഴയ സ്കൂള്‍ അടച്ചുപൂട്ടി ഷോപ്പിങ് കോംപ്ലക്സ് പണിയണമെന്നു പറയുന്നവര്‍ ഒരിക്കലെങ്കിലും ഇതിന്റെ മുറ്റത്തുകൂടി നടക്കണം. നാടാകെ വേനലില്‍ ചുട്ടുപൊള്ളുമ്പോള്‍ സ്കൂളിന്റെ ഗേറ്റ് കടന്നെത്തുന്നവര്‍ അമ്പരന്നുപോകും. നഗരമരുഭൂമിയിലെ മരുപ്പച്ചയാണിത്. സ്കൂള്‍ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ അപവാദപ്രചാരണത്തില്‍ തുടങ്ങുന്നു. എപ്പോള്‍ വേണമെങ്കിലും പൂട്ടിപ്പോകാമെന്നു പറഞ്ഞ് പ്രചരിപ്പിച്ച് കുട്ടികളെ പിന്തിരിപ്പിക്കാനാണ് ആദ്യം ശ്രമിച്ചത്. സ്കൂള്‍ ഇല്ലാതാകുകയെന്നത് ഇവിടുത്തെ കുട്ടികള്‍ക്ക് ചിന്തിക്കാന്‍പോലുമാകില്ല. എന്തെന്നാല്‍ ഇവര്‍ക്ക് പോയി പഠിക്കാന്‍ മറ്റൊരു സ്കൂളില്ല. ചാലയിലും പരിസരപ്രദേശങ്ങളിലും കരിമഠം കോളനിയിലുമുള്ള നിര്‍ധനകുടുംബങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. തമിഴ് മീഡിയമുള്ളതുകൊണ്ട് പഠിക്കാന്‍ വരുന്ന വിദ്യാര്‍ഥികളാണ് കൂടുതല്‍. 1889ല്‍ അനുവദിച്ച സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്കൂള്‍ കോമ്പൗണ്ടില്‍നിന്ന് രണ്ടേക്കര്‍ ഭൂമി ഷോപ്പിങ് കോംപ്ലക്സും ബസ് ബേയും നിര്‍മിക്കുന്നതിനായി തിരുവനന്തപുരം നഗരവികസന അതോറിറ്റി (ട്രിഡ)ക്ക് ജനുവരിയില്‍ ഗവണ്‍മെന്റ് കൈമാറിക്കഴിഞ്ഞു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ തകര്‍ക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ നയങ്ങളുടെ ജീവിക്കുന്ന രക്തസാക്ഷിയാവുകയാണ് ഈ സ്കൂള്‍. കിഴക്കേകോട്ടയിലെ ഗതാഗതതടസ്സം പരിഹരിക്കാന്‍ സഹായിക്കുമെന്ന ന്യായം നിരത്തി നഗരത്തിന്റെതന്നെ ഹരിതശ്വാസകോശമായ സ്കൂള്‍ പരിസരത്തെ നശിപ്പിക്കാനാണ് നീക്കം. ട്രിഡയ്ക്ക് സ്വന്തമായി അഞ്ചേക്കറോളം സ്ഥലം സമീപത്തുണ്ടെന്നിരിക്കെയാണ് നഗരത്തിലെ പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂള്‍ പൊളിക്കുന്നത്. എസ്എസ്എല്‍സിക്ക് ഒന്നാംറാങ്ക് വരെ നേടിയ ചരിത്രമുളള സ്കൂളാണ് സര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ ആലോചിക്കുന്നത്. ഇപ്പോള്‍ കുട്ടികളുടെ എണ്ണം കുറവാണെങ്കിലും കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ സ്കൂള്‍ നൂറുശതമാനം വിജയം കൈവരിച്ചിരുന്നു. നേറ്റീവ് സ്കൂള്‍ എന്ന പേരില്‍ ആരംഭിച്ച സ്കൂളിന്റെ സുവര്‍ണകാലത്ത് 2500ലധികം വിദ്യാര്‍ഥികളുണ്ടായിരുന്നു. മതിയായ അധ്യാപകരെയും പ്ലസ്ടു ബാച്ചും അനുവദിക്കാതിരുന്നതോടെയാണ് സ്കൂളിലേക്കുള്ള വിദ്യാര്‍ഥികളുടെ ഒഴുക്ക് കുറഞ്ഞത്. മുപ്പതു വര്‍ഷത്തേക്കാണ് ട്രിഡയ്ക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയിരിക്കുന്നത്. 30 കോടി രൂപ ചെലവഴിച്ച് ബസ് ടെര്‍മിനലും ഷോപ്പിങ് കോംപ്ലക്സും നിര്‍മിക്കുമെന്നാണ് ട്രിഡ പറയുന്നത്.

ഒന്നാം ക്ലാസ് പ്രവേശനം; പൊതുവിദ്യാലയങ്ങളില്‍ വര്‍ധന
04-Jun-2014
തൃശൂര്‍: കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഇടവേളക്കുശേഷം റവന്യൂ ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധന. സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 904 വിദ്യാര്‍ഥികളുള്‍പ്പെടെ ആകെ 1149 വിദ്യാര്‍ഥികളാണ് ജില്ലയില്‍ വര്‍ധിച്ചത്. തലയെണ്ണല്‍ വെള്ളിയാഴ്ച നടക്കും. സര്‍ക്കാര്‍ എയ്ഡഡ് അണ്‍ എയ്ഡഡ് മേഖലകളില്‍ 26,358 കുട്ടികളാണ് ഇത്തവണ ഒന്നാംക്ലാസില്‍ പ്രവേശനം നേടിയത്. കഴിഞ്ഞവര്‍ഷം ഇത് 25,209 ആയിരുന്നു. നാലുവര്‍ഷം മുമ്പ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണകാലത്ത് പൊതു വിദ്യാഭ്യാസ മേഖലയിലുണ്ടാക്കിയ മുന്നേറ്റത്തിലൂടെ ജില്ലയില്‍ പ്രവേശനം തേടിയവരുടെ എണ്ണം 30,000 വരെ എത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ മൂന്നുവര്‍ഷമായി സര്‍ക്കാര്‍ എയ്ഡഡ് മേഖലകളില്‍ പ്രവേശനം തേടിയെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം 26700, 24500, 25209 എന്നിങ്ങനെ കുറയുകയായിരുന്നു. ഇത്തവണ സര്‍ക്കാര്‍ സ്കൂളുകളില്‍ 3721 വിദ്യാര്‍ഥികളും എയ്ഡഡ് സ്കൂളുകളില്‍ 18426ഉം, അണ്‍ എയ്ഡഡ് സ്കൂളുകളില്‍ 4211പേരുമാണ് പ്രവേശനം നേടിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇത് യഥാക്രമം 3696, 17547, 3966 എന്നിങ്ങനെയായിരുന്നു. ജില്ലയിലെ 12 ഉപജില്ലകളിലെയും കണക്കെടുത്താല്‍ ഭൂരിഭാഗം ഉപജില്ലകളിലും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ എണ്ണം കൂടുകയും അണ്‍ എയ്ഡഡ് മേഖലകളില്‍ കുറയുകയും ചെയ്തതായി കാണാം. ചേര്‍പ്പ് ഉപജില്ലയില്‍ ആകെയുള്ള 54 സ്കൂളുകളില്‍ 22 ഇടങ്ങളിലും വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു. സര്‍ക്കാര്‍ സ്കൂളുകളില്‍ 194 വിദ്യാര്‍ഥികളും എയ്ഡഡ് സ്കൂളുകളില്‍ 1650 പേരും അണ്‍ എയ്ഡഡ് സ്കൂളുകളില്‍ 27 പേരുമുള്‍പ്പെടെ 1871 വിദ്യാര്‍ഥികള്‍ ഇത്തവണ പ്രവേശനം നേടി. തൃശൂര്‍ ഈസ്റ്റ് ഉപജില്ലയില്‍ സര്‍ക്കാര്‍ 240, എയ്ഡഡ് 1452, അണ്‍ എയ്ഡഡ് 304 എന്നിങ്ങനെ 1996 പേരും തൃശൂര്‍ വെസ്റ്റ് ഉപജില്ലയില്‍ സര്‍ക്കാര്‍ 266, എയ്ഡഡ് 1573, അണ്‍ എയ്ഡഡ് 107 എന്നിങ്ങനെ 1946 പേരും പ്രവേശനം നേടി. ചാലക്കുടി ഉപജില്ലയില്‍ സര്‍ക്കാര്‍ 277, എയ്ഡഡ് 1338, അണ്‍ എയ്ഡഡ് 103 എന്നിങ്ങനെ 1718 പേരും ഇരിങ്ങാലക്കുടയില്‍ സര്‍ക്കാര്‍ 181, എയ്ഡഡ് 1331, അണ്‍ എയ്ഡഡ് 215 എന്നിങ്ങനെ 1727 പേരും ഒന്നാംക്ലാസ്സിലെത്തി. 1782പേര്‍ പ്രവേശനം നേടിയ കൊടുങ്ങല്ലൂര്‍ ഉപജില്ലയില്‍ സര്‍ക്കാര്‍ 354, എയ്ഡഡ് 1049, അണ്‍ എയ്ഡഡ് 379ഉം, അണ്‍ എയ്ഡഡ് സ്കൂളുകളില്ലാത്ത മാള ഉപജില്ലയില്‍ സര്‍ക്കാര്‍ 85, എയ്ഡഡ് 1299 എന്നിങ്ങനെ 1384 പേരും ഒന്നാം ക്ലാസില്‍ പ്രവേശനം നേടി. ചാവക്കാട് ഉപജില്ലയില്‍ സര്‍ക്കാര്‍ 296, എയ്ഡഡ് 1542, അണ്‍ എയ്ഡഡ് 70 എന്നിങ്ങനെ 1908 വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയപ്പോള്‍ സര്‍ക്കാര്‍ 231, എയ്ഡഡ് 1496, അണ്‍ എയ്ഡഡ് 254 എന്നിങ്ങനെ 1981 വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ച് കുന്നംകുളം ഉപജില്ലാ റവന്യൂ ജില്ലകളില്‍ ഒന്നാമതെത്തി. വടക്കാഞ്ചേരി ഉപജില്ലയില്‍ സര്‍ക്കാര്‍ 612, എയ്ഡഡ്þ1835, അണ്‍ എയ്ഡഡ് 328 എന്നിങ്ങനെ 2775 പേരും വലപ്പാട് ഉപജില്ലയില്‍ 1521 കുട്ടികള്‍ പ്രവേശനംനേടി. സര്‍ക്കാര്‍ 55, എയ്ഡഡ് 479, അണ്‍ എയ്ഡഡ് 129 എന്നിങ്ങനെ 663 പേര്‍ ഒന്നാം ക്ലാസിലെത്തിയ മുല്ലശേരി ഉപജില്ലയിലാണ് ഏറ്റവും കുറവുപേര്‍ പ്രവേശനം നേടിയത്. ആറാം ദിനത്തിലെ തലയെണ്ണല്‍ പൂര്‍ത്തിയാകുന്നതോടെ എണ്ണത്തില്‍ ഇനിയും വര്‍ധനയുണ്ടാകാനിടയുണ്ട്.

ജില്ലയിലെ 801 അധ്യാപകര്‍ക്ക് തസ്തിക നഷ്ടമാവും
സ്വന്തം ലേഖകന്‍
05-Jun-2014
കണ്ണൂര്‍: സര്‍ക്കാരിന്റെ അധ്യാപക പാക്കേജിന്റെ ഫലമായി ജില്ലയിലെ ഗവണ്‍മെന്റ്- എയ്ഡഡ് സ്കൂളുകളിലെ 801 അധ്യാപകര്‍ക്ക് തസ്തിക നഷ്ടമാവും. സര്‍ക്കാര്‍ മേഖലയില്‍ 265 പേരുടെയും എയ്ഡഡില്‍ 536 തസ്തികയുമാണ് ഇല്ലാതാവുക. നിലവിലുള്ള നിയമമനുസരിച്ച് തസ്തിക നഷ്ടപ്പെടുന്നവര്‍ക്ക് ശമ്പളം നല്‍കാനാവില്ല. പോസ്റ്റ് നഷ്ടപ്പെടുന്നവരെ ബാങ്കുകളിലേക്കും മറ്റും പുനര്‍വിന്യസിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടില്ല. തസ്തിക നഷ്ടപ്പെടുന്നവര്‍ക്ക് കൃത്യമായി ശമ്പളം നല്‍കുമെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറങ്ങിയിട്ടില്ല. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വാക്കാല്‍ നിര്‍ദേശം മാത്രമാണ് നല്‍കിയത്. അതിനാല്‍ പോസ്റ്റ് നഷ്ടപ്പെടന്നു അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍- എയ്ഡഡ് സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ ആശങ്കയിലാണ്. സര്‍ക്കാര്‍ ഹൈസ്കൂളുകളില്‍ മുഖ്യവിഷയങ്ങളിലെ 58 അധ്യാപകരുടെ തസ്തിക പോവും. 26 എച്ച്എസ്എ മലയാളം അധ്യാപകര്‍ക്കും ജോലിയില്ലാതാവും. യുപിഎസ്എയില്‍ 74 അധ്യാപകര്‍ക്കും എല്‍പിഎസ്എയില്‍ 43 അധ്യാപകര്‍ക്കും തസ്തിക നഷ്ടമാവും. എയ്ഡഡ് ഹൈസ്കൂളുകളിലെ മുഖ്യവിഷയം പഠിപ്പിക്കുന്ന 62 അധ്യാപകര്‍ക്ക് ജോലിയില്ലാതാവും. എയ്ഡഡ് ഹൈസ്കൂളുകളില്‍ എച്ച്എസ്എ ഹിന്ദിക്ക് ഒറ്റയടിക്ക് 136 അധ്യാപകരാണ് പുറത്താവുന്നത്. എയ്ഡഡ് മേഖലയില്‍ എച്ച്എസ്എ മുഖ്യ വിഷയങ്ങളില്‍ 62 പോസ്റ്റുകള്‍ നഷ്ടമാവുമ്പോള്‍ 66 എണ്ണം പുതുതായി സൃഷ്ടിക്കപ്പെടുന്നുവെന്ന വിരോധാഭാസവുമുണ്ട്. ഇതിനാല്‍ സര്‍ക്കാരിന് ഇരട്ടി സാമ്പത്തിക ബാധ്യത വരും. രണ്ടുവിഭാഗത്തിനും ശമ്പളം നല്‍കണം. ഇപ്പോഴത്തെ അവസ്ഥയില്‍ ഹൈസ്കൂളുകളിലും യുപി സ്കൂളുകളിലും പിഎസ്സി അഡൈ്വസ് ചെയ്ത അധ്യാപക തസ്തികളില്‍ പോലും നിയമനം നടക്കാനിടയില്ല. വിദ്യാര്‍ഥി- അധ്യാപക അനുപാതം കുറച്ചിട്ടും ഇത്തവണ സംസ്ഥാനത്ത് 15000 മുതല്‍ 17000 വരെ അധ്യാപകര്‍ക്ക് തസ്തിക നഷ്ടമാവും. ജുലൈ പതിനഞ്ചിനകം സ്റ്റാഫ് ഫിക്സേഷന്‍ പൂര്‍ത്തിയാവുന്നതോടെയാണ് ഇവര്‍ക്ക് ജോലിയില്ലാതാവുക.


205 ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രിന്‍സിപ്പലില്ല
05-Jun-2014
കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ 205 ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. കൂടുതല്‍ ഒഴിവുകള്‍ വിദ്യാഭ്യാസമന്ത്രിയുടെ ജില്ലയായ മലപ്പുറത്താണ്- 46. കാസര്‍കോട്- 45, തിരുവനന്തപുരം- 11, കൊല്ലം- നാല്, പത്തനംതിട്ട- ഒന്ന്, ആലപ്പുഴ- ആറ്, കോട്ടയം- മൂന്ന്, ഇടുക്കി- 16, എറണാകുളം- എട്ട്, തൃശൂര്‍- എട്ട്, പാലക്കാട്- 10, കോഴിക്കോട്- 13, വയനാട്- എട്ട്, കണ്ണൂര്‍- 16 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ഒഴിവ്. ഇവ നികത്താത്തത് ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കും. വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലയ്ക്ക് ലഭിച്ച മറുപടിയിലാണ് വിശദാംശങ്ങള്‍ ലഭ്യമായത്. സര്‍ക്കാര്‍ സ്കൂളുകളില്‍ 2012 ജൂണ്‍ 29നാണ് നേരത്തെ പ്രിന്‍സിപ്പല്‍ സ്ഥാനക്കയറ്റം നടന്നത്. അപ്പോള്‍ 128 ഒഴിവ് ഉണ്ടായിരുന്നു. ഇതില്‍ 124 പേര്‍ക്ക് നിയമനം നല്‍കി. ഇപ്പോഴത്തെ ഒഴിവുകള്‍ ശേഷമുണ്ടായതാണ്. സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രിന്‍സിപ്പല്‍ സ്ഥാനക്കയറ്റം നല്‍കുന്നതിന് അധ്യാപകരുടെ സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിക്കണം. ഇതിനുള്ള നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. എന്നാല്‍, അന്തിമപട്ടിക പ്രസിദ്ധീകരിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് ഹയര്‍ സെക്കന്‍ഡറി വകുപ്പ് മറുപടിയില്‍ പറയുന്നു. പ്രിന്‍സിപ്പല്‍മാരുടെ ഒഴിവുകള്‍ നികത്താത്തത് ഹയര്‍ സെക്കന്‍ഡറി മേഖലയെ താളംതെറ്റിക്കും. പ്രിന്‍സിപ്പല്‍ ഇല്ലാത്തിടത്ത്സീനിയര്‍ അധ്യാപകന് ചുമതല നല്‍കുകയാണ്. ഫലത്തില്‍ ഇത് അധ്യാപകരുടെ അംഗസംഖ്യ കുറയാനിടയാക്കുന്നു. $കൂടുതല്‍ ഒഴിവ് വിദ്യാഭ്യാസമന്ത്രിയുടെ ജില്ലയില്‍


സ്കൂളുകളിലെ യൂണിഫോറം വിതരണം അവതാളത്തില്‍
05-Jun-2014
അടിമാലി: സര്‍ക്കാര്‍ അനാസ്ഥ സ്കൂളുകളിലെ യൂണിഫോം വിതരണം അവതാളത്തില്‍. സ്കൂള്‍ തുറന്നിട്ടും യൂണിഫോം വിതരണം അനിശ്ചിതത്തില്‍ ആയിരിക്കുകയാണ്.പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുമെന്ന് പറയുന്ന സര്‍ക്കാര്‍ തകര്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഒന്ന് മുതല്‍ ഏട്ടുവരെയുള്ള ക്ലാസുകളിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും എസ്സി, എസ്ടി, ബിപിഎല്‍ വിഭാഗത്തില്‍പെട്ട ആണ്‍കുട്ടികള്‍ക്കുമാണ് സൗജന്യ നിരക്കില്‍ യൂണിഫോം നല്‍കാന്‍ തീരുമാനിച്ചത്. നാഷണല്‍ ടെക്സ്റ്റൈല്‍സ് കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ ഏഴ് സ്ഥാപനങ്ങളെയാണ് വിതരണത്തിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. ഇടുക്കിയില്‍ എന്‍ടിസിയാണ് യൂണിഫോം വിതരണം നടത്തേണ്ടത്. കഴിഞ്ഞ അധ്യയനവര്‍ഷം വിതരണം ചെയ്യേണ്ട യൂണിഫോം പോലും സ്റ്റോക്ക് ഇല്ലെന്നകരണത്താല്‍ നല്‍കിയില്ല. എസ്എസ്എ മുഖേന സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ ഒരേ യൂണിഫോം നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഒരേ കമ്പിനിയില്‍ നിന്നും ഇത് വാങ്ങാനുള്ള തീരുമാനം കമീഷന്‍ തട്ടാനുള്ള നീക്കമായിരുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് ശേഷം ജില്ലകള്‍ക്ക് ഇതേ സ്ഥാപനത്തെ ചുമതലപ്പെടുത്തുകയായിരുന്നു. 11 തരത്തിലുള്ള യൂണിഫോമുകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒരു കുട്ടിയ്ക്ക് 400 രൂപ നിരക്കില്‍. രണ്ട് ജോഡി വീതം യൂണിഫോമുകളാണ് നല്‍കേണ്ടത്. എസ്എസ്എയുടെ ഗ്രാന്റില്‍ നിന്നുമാണ് നല്‍കുന്നത്. 8, 9 ക്ലാസുകളിലെ കുട്ടികള്‍ക്കും എപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സൗജന്യ യൂണിഫോം ലഭിക്കില്ല. കഴിഞ്ഞ അധ്യയന വര്‍ഷം നല്‍കേണ്ട യൂണിഫോം പോലും ഇതുവരെ നല്‍കിയിട്ടില്ല. അതേസമയം പാഠപുസ്തക വിതരണം ഇനിയും പൂര്‍ത്തിയായില്ല. നാമമാത്രമായ പുസ്തകങ്ങള്‍ മാത്രമെ സ്കൂളുകളില്‍ നല്‍കിയിരുന്നുള്ളു. ഒന്നാം ക്ലാസില്‍ രണ്ടുപുസ്തകവും രണ്ടില്‍ ഒന്നും നാലില്‍ രണ്ട് പുസ്തകവുമാണ് ഇത്വരെ നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഒന്നാംഭാഗം പുസ്തകങ്ങള്‍ വിതരണം ചെയ്തില്ല. അധ്യാപനസഹായി നല്‍കാതെ സര്‍ക്കാര്‍ അധ്യാപകരെയുംബുദ്ധിമുട്ടിക്കുകയാണ്. ഉച്ചക്കഞ്ഞിക്കും കഴിഞ്ഞ വര്‍ഷത്തെ തുക മാത്രമാണ് അനുവദിച്ചതായി ഓര്‍ഡര്‍ വന്നിട്ടുള്ളത്. ഇതുവരെ സ്കൂള്‍ അധികൃതര്‍ക്ക് കൈമാറിയിട്ടില്ല.

അപര്യാപ്തതയോടെ അധ്യയനവര്‍ഷം തുടങ്ങി
04-Jun-2014
കൊച്ചി: പുതിയ അധ്യയനവര്‍ഷം ആരംഭിച്ചെങ്കിലും ജില്ലയിലെ പല സ്കൂളുകളും അപര്യാപ്തതയില്‍ നട്ടംതിരിയുന്നു. ആറാം പ്രവൃത്തിദിവസം നടക്കുന്ന കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ മാത്രമെ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം അറിയൂ. എങ്കിലും ബുദ്ധിമുട്ടും കഷ്ടപ്പാടും മറികടക്കാന്‍ അധ്യാപകര്‍ നെട്ടോട്ടം തുടങ്ങി. എല്ലാവര്‍ഷവും ജൂണില്‍ സ്കൂളുകളില്‍ അറ്റകുറ്റപണി നടത്തി വെള്ളപൂശാറുണ്ട്. മേയില്‍ എസ്എസ്എ നല്‍കേണ്ട മെയിന്റനന്‍സ് ഗ്രാന്റ് ഇനിയും നല്‍കിയിട്ടില്ല. ഹൈസ്കൂളുകളുടെ അറ്റകുറ്റപ്പണി ജില്ലാപഞ്ചായത്തും എല്‍പി, യുപി എന്നിവയുടേത് ഗ്രാമപഞ്ചായത്തുകളുമാണ് നടത്തേണ്ടത്. ഫണ്ട് കിട്ടാത്തതിനാല്‍ അധ്യാപകര്‍ സ്വന്തംനിലയ്ക്ക് സ്കൂള്‍ നന്നാക്കിയതല്ലാതെ കാര്യമായ പണി എവിടെയും നടന്നിട്ടില്ല. മഴയായാല്‍ പല സ്കൂളുകളും ചോര്‍ന്നൊലിക്കും. സ്കൂളുകളില്‍ പലതിന്റേയും മേല്‍ക്കൂരകള്‍ ഓടുമേഞ്ഞതായതിനാല്‍ മഴ തുടങ്ങിയാല്‍ മേല്‍ക്കൂരയില്‍ കയറാന്‍ ആളെ കിട്ടാതാകും. മിക്ക സ്കൂളിലും കഴിഞ്ഞവര്‍ഷം അവസാനമെത്തിയ യൂണിഫോം വിതരണംചെയ്യാതെ കെട്ടിക്കിടക്കുന്നു. ഇത് ഈ വര്‍ഷത്തെ വിതരണത്തെയും ബാധിച്ചു. ചില സ്കൂളുകളില്‍ കഴിഞ്ഞവര്‍ഷത്തെ യൂണിഫോമും എത്തിയിട്ടില്ല. മാറാടി പഞ്ചായത്തിലെ കുരുക്കുന്നപുരം ഗവണ്‍മെന്റ് എല്‍പിഎസ്, ലിറ്റില്‍ ഫ്ളവര്‍ എല്‍പിഎസ് മീന്‍ങ്കുന്നം എന്നിവയെക്കൂടാതെ പിറവം സബ്ജില്ലയിലെ പത്തോളം സ്കൂളുകളില്‍ കഴിഞ്ഞവര്‍ഷത്തെ യൂണിഫോം ഇതുവരെയും എത്തിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. പല ക്ലാസുകളിലെ പാഠപുസ്തകങ്ങളും വിതരണത്തിന് എത്തിയിട്ടില്ല. 6, 7 ക്ലാസുകളിലെ ഇംഗ്ലീഷ്, കണക്ക് എന്നിവയും അഞ്ചാംക്ലാസിലെ സയന്‍സ്, ഒന്നാംക്ലാസിലെ ഇംഗ്ലീഷ്, മൂന്നാംക്ലാസിലെ ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങളും വിതരണത്തിന് എത്തിച്ചില്ല. സ്കൂള്‍ തുറന്നദിനം വിതരണംചെയ്യേണ്ട കൈപുസ്തകം സബ്ജില്ലാ ഓഫീസുകളില്‍ എത്തിയത് ഞായറാഴ്ചയാണ്. അതിനാല്‍ തിങ്കളാഴ്ച സ്കൂള്‍ തുറന്നപ്പോള്‍ മിക്ക സ്കൂളുകളിലും ഇവ വിതരണം നടന്നില്ല. കുട്ടികളെ എങ്ങനെ പഠിപ്പിക്കണംമെന്നത് വിശദമാക്കുന്ന അധ്യാപകസഹായിയും സ്കൂള്‍തലത്തില്‍ വിതരണത്തിനെത്തിയിട്ടില്ല. അതിനാല്‍ എവിടെ, എങ്ങനെ തുടങ്ങണം എന്ന ആശങ്കയിലാണ് അധ്യാപകര്‍. മാര്‍ച്ചിലെ ഉച്ചഭക്ഷണത്തിനായി 80,000 രൂപ മുന്‍കൂര്‍ മുടക്കിയ പല അധ്യാപകര്‍ക്കും ആ തുകപോലും തിരികെലഭിക്കാത്തത് പുതുവര്‍ഷത്തിലെ ഉച്ചഭക്ഷണത്തെ കാര്യമായി ബാധിക്കും. പല സ്കൂളുകളിലും തട്ടിക്കൂട്ട് ഉച്ചഭക്ഷണമാണ് വിതരണംചെയ്യുന്നത്. (desabhimani)
-

1 comment:

ബിന്ദു .വി എസ് said...

സ്കൂളില്‍ പഠിക്കുമ്പോള്‍ കലോല്‍സവങ്ങള്‍ക്ക് സ്ഥിരം പങ്കെടുത്തിരുന്നു ഇവിടെ .സമ്മാനം ലഭിക്കുമ്പോഴും അല്ലാത്തപ്പോഴും കുട്ടികളുടെ കണ്ണീരും കിനാവും വീണു തിളങ്ങിയിരുന്നു ഇവിടെ .നഗര ത്തിന്‍റെ ഒത്ത നടുക്ക് അന്നേ അസ്തമിക്കാന്‍ തുടങ്ങിയ പ്രതാപങ്ങളുമായി നിന്നിരുന്ന ഈ വിദ്യാലയം ഇനി പ്രതീക്ഷയ്ക്ക് വക നല്‍കുമോ ?നല്‍കട്ടെ .