Monday, August 29, 2011

അധ്യാപക നിയമന പാക്കേജിനെ എതിര്‍ക്കും -മാര്‍ പവ്വത്തില്‍

 30 Aug 2011

കോട്ടയം: വിദ്യാഭ്യാസ വകുപ്പു നിര്‍ദേശിച്ചിരിക്കുന്ന അധ്യാപക നിയമന പാക്കേജിന്റെ പലഭാഗങ്ങളും നിയമത്തിനും വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനും നിരക്കുന്നതല്ലെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്റെ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്പ് ജോസഫ് പവ്വത്തില്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസരംഗത്തെ പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാക്കാനേ ഈ നിര്‍ദേശം സഹായിക്കൂ. ന്യൂനപക്ഷ താത്പര്യങ്ങളും അവഗണിക്കപ്പെട്ടു. എല്ലാ തലങ്ങളിലുമുള്ള വിശദമായ പഠനങ്ങള്‍ക്കും കൃത്യമായ കൂടിയാലോചനകള്‍ക്കുംശേഷം മാത്രമെ അധ്യാപക നിയമന പാക്കേജിനു രൂപം നല്‍കാവൂ -മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞു.

വിദ്യാഭ്യാസരംഗത്തെ സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത ഗണ്യമായി കുറയ്ക്കുകയും എല്ലാവര്‍ക്കും സൗജന്യമായി നല്ല വിദ്യാഭ്യാസം നല്‍കാന്‍ സഹായിക്കുകയും ചെയ്യുന്ന എയ്ഡഡ് സ്ഥാപനങ്ങളെ വളര്‍ത്തുന്നതിനുപകരം സര്‍ക്കാരിന്റെ വിദ്യാലയങ്ങളാക്കി മാറ്റി ദേശസാല്‍ക്കരണത്തിനുള്ള നീക്കമാണ് ഇപ്പോഴത്തെ പാക്കേജില്‍ കാണാന്‍ കഴിയുന്നത് -അദ്ദേഹം ആരോപിച്ചു.
ഓര്‍മകളുടെ ഒന്നാം പാഠത്തിന്റെ മധുരവുമായി സതീര്‍ഥ്യ സംഗമം
 29-Aug-2011
കാഞ്ഞങ്ങാട്: ഒന്നാം പാഠപുസ്തകത്തിലൊളിപ്പിച്ച മയില്‍പ്പിലീത്തുണ്ടുകള്‍ ആത്മാവിനോട് ചേര്‍ത്തുവയ്ക്കാന്‍ പഴയ സഹപാഠികളെല്ലാം തിരികെയെത്തി. മുപ്പത്തഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ ഒരുമിച്ചു ചേര്‍ന്നു. ഒന്നാംതരം മുതല്‍ ഏഴുവരെ പഠിച്ച പഴയ ഓലപ്പുരയും രണ്ട് കെട്ടിടങ്ങളും ഇപ്പോഴില്ല. പള്ളിക്കൂട മുറ്റത്തെ നെല്ലിമരത്തില്‍ കായ്ച്ച് നിന്നിരുന്ന നെല്ലിക്കയുടെ മാധുര്യം വീണ്ടും ഓര്‍ത്തെടുത്തു. കാഞ്ഞങ്ങാട് യുപി സ്കൂളിലെ 1976-83 കാലഘട്ടില്‍ ഒന്നാംതരം മുതല്‍ ഏഴാം ക്ലാസ് വരെ പഠിച്ച വിദ്യാര്‍ഥികളാണ് നീണ്ട കാലയളവിനുശേഷം കാഞ്ഞങ്ങാട് സൗത്ത് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ഞായറാഴ്ച രാവിലെ സംഗമിച്ചത്. 
പൂര്‍വ വിദ്യാര്‍ഥികളില്‍ ചിലര്‍ സതീര്‍ഥ്യ എന്ന പേരില്‍ സംഘടന രൂപീകരിച്ച് അക്കാലത്തെ സ്കൂള്‍ രജിസ്റ്റര്‍ കണ്ടെത്തി എ, ബി, സി ഡിവിഷനുകളിലെ മുഴുവന്‍ സഹപാഠികളെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് സംഗമത്തിന് വേദിയൊരുക്കിയത്. നൂറോളം പൂര്‍വ വിദ്യാര്‍ഥികളാണ് സംഗമത്തില്‍ പങ്കെടുത്തത് .
രാവിലെ ഒമ്പതുമണിക്ക് ഫസ്റ്റ് ബെല്ലും തുടര്‍ന്ന് അസംബ്ലി ബെല്ലും അടിച്ചതോടെയാണ് സംഗമത്തിന് തുടക്കം കുറിച്ചത്്. സ്കൂള്‍ അങ്കണത്തിലെ ഗാന്ധിജിയുടെ പ്രതിമയ്ക്കുമുമ്പില്‍ ചേര്‍ന്ന അസംബ്ലിയില്‍ അന്നത്തെ സ്കൂള്‍ ലീഡര്‍ തന്നെ തന്റെ റോള്‍ ഏറ്റെടുത്തു. പൂര്‍വ വിദ്യാര്‍ഥിനികള്‍ പ്രാര്‍ഥനാഗീതം ആലപിച്ചു. പിന്നെ ഗ്രൂപ്പ് ഫോട്ടോ. ക്ലാസ് ടീച്ചര്‍ അറ്റന്‍ഡന്‍സ് വിളിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ ഹാജര്‍ പറഞ്ഞതും ചടങ്ങിനെത്താനാവാത്തവര്‍ ലീവ് ലെറ്റര്‍ നല്‍കിയതും ശ്രദ്ധേയമായി. 
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ശോഭ സംഗമം ഉദ്ഘാടനം ചെയ്തു. ചന്ദ്രന്‍ പനങ്കാവ് അധ്യക്ഷനായി. ആദ്യകാല ഗുരുനാഥന്മാരായ നീലേശ്വരത്തെ ഗോവിന്ദന്‍ , എം വി ഭഭാസ്കരന്‍ , കാഞ്ഞങ്ങാട്ടെ വി ഭാസ്കരന്‍ , എറണാകുളത്തെ കുര്യന്‍ , അലവിക്കുട്ടി, അധ്യാപികമാരായ മാധവി, കെ ലക്ഷി, പി നാരായണി, ടി രാധക്കുട്ടി, പി ലക്ഷ്മി എന്നിവരെ ചടങ്ങില്‍ സ്കൂള്‍ പ്രധാനാധ്യാപിക എച്ച് എസ് വിജയലക്ഷ്മി പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു. ഗംഗാധരന്‍ , ഡോ. കെ ജയശ്രി, കെ വി ദാമോദരന്‍ , എം അസിനാര്‍ , ബഷീര്‍ ആറങ്ങാടി എന്നിവര്‍ സംസാരിച്ചു. കെ തങ്കമണി സ്വാഗതവും പി ജയരാജന്‍ നന്ദിയും പറഞ്ഞു.

കൈയെത്തുംദൂരെ ഒരു കുട്ടിക്കാലം...
 30 Aug 2011



കാഞ്ഞങ്ങാട്: പതിവുപോലെ കാഞ്ഞങ്ങാട് സൗത്ത് ഗവ. സ്‌കൂളില്‍ ബെല്ലടിച്ചു. എല്ലാവരും ക്ലാസില്‍ കയറിയിരുന്നു. അധ്യാപകരെത്തി, പിന്നെ ഓര്‍മകളുടെ പെരുമഴക്കാലമായി.

1976 മുതല്‍ 83 വരെ ഒരുമിച്ച് പഠിച്ചവരാണ് ഓര്‍മകള്‍ പുറത്തെടുത്തത്. വാര്‍ധക്യത്തിന്റെ അവശത മറന്ന് ഗോവിന്ദന്‍ നായരും കോട്ടയത്തുള്ള കുര്യന്‍ മാഷും സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ അവാര്‍ഡ് നേടിയ പി.ഭാസ്‌കരന്‍ നായരും തുടങ്ങി അന്നത്തെ അധ്യാപകരും സതീര്‍ഥ്യസംഗമത്തിലെത്തി. മാതാപിതാക്കളെപ്പോലും മറന്നുപോകുന്ന ഇന്നത്തെ കാലത്ത് ഗുരുനാഥന്മാരെ ഓര്‍ക്കാന്‍ നിങ്ങള്‍ തയ്യാറായല്ലോ... ഇതിനേക്കാള്‍ വലിയ ഗുരദക്ഷിണയില്ല... അധ്യാപകര്‍ ഏകസ്വരത്തില്‍ പറഞ്ഞു.

കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ കെ.ജയശ്രീയും നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ പി.ശോഭയും പത്രപ്രവര്‍ത്തകന്‍ ബഷീര്‍ ആറങ്ങാടിയും തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരും സതീര്‍ഥ്യരുടെ കൂട്ടത്തിലുണ്ടായിരുന്നു. വിദേശത്തുനിന്നും കേരളത്തിനകത്തും പുറത്തുമുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവരും പഴയ കൂട്ടുകാരെ കണ്ട് പുതിയ ജീവിതാനുഭവങ്ങള്‍ കൈമാറി.

1 comment:

teachersofenglishkerala said...

Sir I can't read some of the titles here in your Blog.I'm using UBUNDU 10.4.If you have any solution please,I am visiting your blogs regularly.Even today the teachers think that they should teach ALPHaBETS before anything."Aksharam pillerkkariyilla"this is their main complaint.