കൊല്ലം: മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ "രാമചന്ദ്രവിലാസ"ത്തിന് ഡിജിറ്റല്‍ പുനര്‍ജനി. അഴകത്ത് പത്മനാഭക്കുറുപ്പ് രചിച്ച ഈ മഹാകാവ്യം മഹാകവിയുടെ നാട്ടിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥികളാണ് ഡിജിറ്റല്‍ ലോകത്ത് എത്തിക്കുന്നത്. ദീര്‍ഘനാളായി പുസ്തകരൂപത്തില്‍ ലഭ്യമല്ലാതിരുന്ന മഹാകാവ്യം ഇപ്പോള്‍ പൂര്‍ണമായി പകര്‍പ്പവകാശ മുക്തമാണ്. വിക്കി ഗ്രന്ഥശാലയിലും സിഡി രൂപത്തിലും പ്രകാശനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിക്ക് ചവറ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന സ്റ്റുഡന്റ് ഐടി കോ-ഓര്‍ഡിനേറ്റര്‍മാരുടെ ശില്‍പ്പശാലയില്‍ തുടക്കമായി. പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്വെയറിലും ഓപ്പണ്‍ ഓഫീസ് റൈറ്ററിലുമാണ് ഡിജിറ്റൈലൈസേഷന്‍ പദ്ധതി തയ്യാറാകുന്നത്. ഐടി അറ്റ് സ്കൂളും വിദ്യാരംഗം കലാസാഹിത്യവേദിയുമാണ് സംഘാടകര്‍ . നിരൂപകാഭിപ്രായത്തില്‍ മലയാള ഭാഷയിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമാണ് അഴകത്ത് പത്മനാഭക്കുറുപ്പിന്റെ "രാമചന്ദ്രവിലാസം". 1907ലാണ് ഈ കൃതി പ്രകാശിതമായത്. 21 സര്‍ഗവും ഒടുവിലത്തെ പ്രാര്ഥനാനവകവും ഉള്‍പ്പെടെ 1832 ശ്ലോകമാണ് ഈ കാവ്യത്തിലുള്ളത്. രാമായണത്തിലെ ഉത്തരകാണ്ഡം ഒഴിച്ചുള്ള കഥയാണ് ഇതിലെ പ്രമേയം. ചവറ ഉപജില്ലയിലെ 15 സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളിലെ ഐടി ക്ലബ് അംഗങ്ങളും സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുമാണ് ഡിജിറ്റലൈസേഷന് പദ്ധതി നടപ്പാക്കുന്നത്. ഒരുമാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകും. ഐടി സ്കൂള്‍ പ്രോജക്ട് മാസ്റ്റര്‍ ട്രെയ്നര്‍ കണ്ണനും വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാ കണ്‍വീനര്‍ വി എം രാജമോഹനനുമാണ് പദ്ധതി ഏകോപിപ്പിക്കുന്നത്.
'നാളേക്കിത്തിരി ഊര്‍ജം' പദ്ധതിക്ക് തുടക്കമായി
20 Jul 2011
നെടുമങ്ങാട്: ഊര്‍ജ സംരക്ഷണത്തില്‍ വിദ്യാര്‍ഥി സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് നടപ്പിലാക്കുന്ന 'നാളേക്കിത്തിരി ഊര്‍ജം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നെടുമങ്ങാട് കരുപ്പൂര് സര്‍ക്കാര്‍ ഹൈസ്കൂളില്‍ നടന്നു.വിദ്യാര്‍ഥികളുടെ പങ്കാളിത്തവും സഹകരണവും ഉറപ്പാക്കിക്കൊണ്ടുള്ള പരിപാടി സ്കൂള്‍ ഊര്‍ജ ക്ലബ്ബുകള്‍ വഴിയാണ് നടപ്പിലാക്കുന്നത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പും ഊര്‍ജസംരക്ഷണ വകുപ്പും സംയുക്തമായാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതിയാണിത്.
വിദ്യാഭ്യാസവകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഊര്‍ജവകുപ്പ് മന്ത്രി ആര്യാടന് മുഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു.
സ്കൂള്‍ പി.ടി.എ, എം.പി.ടി.എ. യോഗങ്ങളിലും ഊര്‍ജ സംരക്ഷണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണം. വിദ്യാര്‍ഥികള്‍ സ്വന്തം വീട്ടിലും അയല്പക്കത്തും ഊര്‍ജ സംരക്ഷണത്തിന്റെ അധ്യാപകരാകാന്‍ പോവുകയാണെന്ന് അധ്യക്ഷപ്രസംഗത്തില്‍ വിദ്യാഭ്യാസമന്ത്രി പറഞ്ഞു. അഞ്ച് മുതല്‍ 10-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ മീറ്റര്‍ റീഡിങ്ങിനെക്കുറിച്ച് പഠിക്കും. സര്‍ക്കാര്‍ ഓഫീസുകളിലും വൈദ്യുതി ലാഭിക്കാനുള്ള നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി നശിപ്പിച്ചുകൊണ്ടുള്ള ജലവൈദ്യുത പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുകൂലമല്ലെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. വൈദ്യുതി ഉത്പാദിപ്പിക്കാന്‍ മുടക്കുന്നതിനേക്കാള്‍ ലാഭം ഉള്ളതിനെ സംരക്ഷിക്കുകയെന്നതാണ്. നാളേക്കിത്തിരി ഊര്‍ജം എന്ന പദ്ധതിയിലൂടെ പ്രതിമാസം ഒരു ലക്ഷം യൂണിറ്റ് ലാഭിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ഊര്‍ജ സംരക്ഷണത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തി സംസ്ഥാനതലത്തില്‍ ഒന്നാമതെത്തുന്ന സ്കൂളിന് ഒരുലക്ഷം രൂപയും ജില്ലാതലത്തില്‍ 25,000 രൂപ വീതവും സമ്മാനം നല്‍കും. മികച്ച പ്രവര്‍ത്തനം നടത്തുന്ന ഊര്‍ജ ക്ലബ്ബ് അംഗങ്ങള്‍ക്കും സമ്മാനം നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ഊര്‍ജ ക്ലബ്ബിന്റെ ഉദ്ഘാടനം പാലോട് രവി എം.എല്‍.എ. നിര്‍വഹിച്ചു. അഡ്വ. എ. സമ്പത്ത് എം.പിയുടെ സന്ദേശം വായിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍, നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ ലേഖാ സുരേഷ്, പബ്ലിക് ഇന്‍സ്ട്രക്ഷന്‍സ് അഡീഷണല്‍ ഡയറക്ടര്‍ പി.കെ. കൃഷ്ണന്, എനര്‍ജി മാനേജ്മെന്റ് ഡയറക്ടര്‍ കെ.എ. ധരേശന്‍ ഉണ്ണിത്താന്, ജെ. ജയ, വാണ്ട മണികണ്ഠന്, അര്ജുന് രാഗേന്ദ്രന്‍, എ. പൊടിയന് എന്നിവര്‍ സംസാരിച്ചു. കെ.എസ്.ഇ.ബി. ചെയര്മാന് വി.പി. ജോയ് സ്വാഗതം പറഞ്ഞു. ബോര്‍ഡംഗം സി.കെ. ദയാപ്രദീപ് റിപ്പോര്‍ട്ടവതരിപ്പിച്ചു.
പൊതുവിദ്യാലയങ്ങളില്‍നിന്ന് 1.96 ലക്ഷം കുട്ടികള്‍ കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ നിന്ന് 1.96 ലക്ഷം കുട്ടികള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞു. ഇത്രയധികം കുട്ടികള്‍ ഒരു വര്‍ഷം കുറയുന്നത് ഇതാദ്യമാണ്. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ക്രമാതീതമായി വര്‍ധിച്ചത് അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്.അധ്യാപക വിദ്യാര്‍ഥി അനുപാതം 1:40 ആയി കണക്കാക്കിയാല്‍ മുന്‍ വര്‍ഷം സര്‍വീസിലുണ്ടായിരുന്ന 5000ത്തോളം അധ്യാപകര്‍ക്ക് ഈ വര്‍ഷം ജോലി നഷ്ടപ്പെടും. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി അനുപാതം 1:30 ആക്കണമെന്നാണ് പൊതു ആവശ്യം. അനുപാതം ഈ തോതിലേക്ക് കുറച്ചാല്‍പ്പോലും അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കാനാവാത്ത സ്ഥിതിയാണ്.
ഈ വര്‍ഷത്തെ ആറാം പ്രവൃത്തി ദിനത്തിലെ പരിശോധനയില്‍ 1.21 കുട്ടികള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറവുണ്ടെന്നാണ് കണക്കാക്കിയത്. എന്നാലിത് സ്കൂളധികൃതര്‍ വിദ്യാഭ്യാസ വകുപ്പിന് നല്കുന്ന കണക്കാണ്. വകുപ്പധികൃതര്‍ സ്കൂളുകളില്‍ നേരിട്ടുപോയി എടുക്കുന്ന കണക്കിലാണ് രണ്ടുലക്ഷത്തോളം കുട്ടികള്‍ കുറഞ്ഞതായി കണ്ടെത്തിയത്.
മുന്‍വര്‍ഷം 1.10 ലക്ഷം കുട്ടികളാണ് അതിന് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞത്. ശരാശരി ഓരോ ലക്ഷം കുട്ടികളാണ് തുടര്‍ച്ചയായി കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍നിന്ന് വര്‍ഷങ്ങളായി കുറഞ്ഞുവന്നുകൊണ്ടിരുന്നത്. എന്നാല്‍ ഈവര്‍ഷം കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഇരട്ടിയായി രണ്ടുലക്ഷമടുക്കുകയായിരുന്നു.
കഴിഞ്ഞവര്‍ഷം 43,51225 കുട്ടികളാണ് പൊതുവിദ്യാലയങ്ങളില്‍ ഉണ്ടായിരുന്നത്. പുതിയ കണക്കുപ്രകാരം 41.5 ലക്ഷം കുട്ടികളായി ഇത് കുറഞ്ഞു. കൊഴിഞ്ഞുപോക്ക് എയ്ഡഡ് സ്കൂളില്‍നിന്നാണ് കൂടുതലായി ഉണ്ടായതെന്ന പ്രത്യേകതയുമുണ്ട്.
ജനസംഖ്യയില്‍ വന്ന കുറവും കേന്ദ്രസിലബസിലേക്ക് കുട്ടികള്‍ വഴിമാറുന്നതുമാണ് കൊഴിഞ്ഞുപോക്ക് ഇത്രയും വര്‍ധിക്കാന്‍ കാരണം.
അപേക്ഷകരില്ല; സ്വാശ്രയ ടി.ടി.ഐ.കള്‍ പൂട്ടുന്നു
Posted on: 20 Jul 2011
കണ്ണൂര്‍: ഒരുകാലത്ത് വന്‍ ഡിമാന്‍ഡുണ്ടായിരുന്ന ടീച്ചേഴ്സ് ട്രെയ്നിങ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ (ടി.ടി.ഐ.) പലതും കുട്ടികള്‍ ഇല്ലാത്തതിനാല്‍ പൂട്ടുന്നു. സംസ്ഥാനത്ത് എട്ട് സ്വാശ്രയ സ്ഥാപനങ്ങള്‍ പൂട്ടിക്കഴിഞ്ഞു. പത്തെണ്ണമെങ്കിലും അനൗദ്യോഗികമായി പൂട്ടിയ സ്ഥിതിയിലാണ്. ഈ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ ഈവര്‍ഷം 30 ശതമാനംപോലും അഡ്മിഷന് നടന്നിട്ടില്ല.ടി.ടി.സി. കോഴ്സുകള്‍ക്ക് വന്‍ ഡിമാന്‍ഡുണ്ടായ സാഹചര്യത്തിലാണ് സ്വാശ്രയ ടി.ടി.ഐ. സ്ഥാപനങ്ങള്‍ എങ്ങും തുടങ്ങിയത്. പകുതി സര്‍ക്കാര്‍ സീറ്റിലും പകുതി മാനേജ്മെന്റ് സീറ്റിലുമായിരുന്നു അഡ്മിഷന്. 20,000 മുതല്‍ അരലക്ഷംവരെ രൂപ തലവരിയും വന്‍ ഫീസും വാങ്ങിയാണ് ഈ സ്ഥാപനങ്ങളില്‍ തുടക്കത്തില്‍ മാനേജ്മെന്റ് അഡ്മിഷന് നല്‍കിയത്. പിന്നീട്അധ്യാപനരംഗത്തോട് വിദ്യാര്‍ഥികള്‍ക്ക് താത്പര്യം കുറഞ്ഞതോടെ ഈ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലായി. സാശ്രയസ്ഥാപനങ്ങളിലെ സര്‍ക്കാര്‍ മെറിറ്റില്മാത്രമാണ് കുറച്ചെങ്കിലും കുട്ടികള്‍ ഉള്ളത്. മാനേജ്മെന്റ് സീറ്റിലെ ഉയര്‍ന്നഫീസ് നല്കി പഠിക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്.
കണ്ണൂരില്‍ ആകെയുള്ള അഞ്ച് സ്വാശ്രയ ടി.ടി.ഐ.കളില്‍ കുട്ടികളില്ലാത്തതിനാല്‍ രണ്ടെണ്ണം പൂട്ടി. മയ്യില്‍ ടി.ടി.ഐ. കഴിഞ്ഞവര്ഷംപൂട്ടി; കടമ്പൂര് ടി.ടി.ഐ. ഈ വര്‍ഷവും. സാശ്രയ സീറ്റിലേക്ക് പകുതി അപേക്ഷകര്‍ പോലുമില്ലാത്തതിനാല്‍ പല സ്ഥാപനങ്ങളിലും വീണ്ടും അപേക്ഷ ക്ഷണിക്കുകയായിരുന്നു. സംസ്ഥാനത്ത് എല്ലാ സാശ്രയ ടി.ടി.ഐ.കളിലും അപേക്ഷകര്‍ 60 ശതമാനത്തില്‍ താഴെയാണ്. കുട്ടികളുടെ കുറവ് കാരണം വയനാട് കൊളത്തറ ടി.ടി.ഐ.യിലെ ഒരുബാച്ച് ഒഴിവാക്കി. മലപ്പുറത്താണ് ഏറ്റവുംകൂടുതല്‍ സ്വാശ്രയ ടി.ടി.ഐ.കള്‍ ഉള്ളത്-22 എണ്ണം. എന്നാല്‍ മിക്ക യിടത്തും അപേക്ഷകര്‍ കുത്തനെ കുറഞ്ഞു. പലതും ഏതുസമയവും പൂട്ടിയേക്കാം. എറണാകുളം ജില്ലയിലെ 11 സ്വാശ്രയ ടി.ടി.ഐ.കളില്‍, കോതമംഗലം സോഫിയ ടി.ടി.ഐ, നാഷനല്‍ ടി.ടി.ഐ എന്നിവ പൂട്ടാനായി ഡി.ഡി.ക്ക് അപേക്ഷ കൊടുത്തുകഴിഞ്ഞു. മറ്റുസ്ഥാപനങ്ങളിലും അപേക്ഷകര്‍ വളരെ കുറവാണ്. അടുത്തവര്‍ഷം പകുതിപോലും നിലനില്‍ക്കില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നുത്.
പാലക്കാട് അത്തിക്കോട്ട് ദയ ടി.ടി.ഐ, കൊല്ലം മുളവന പി.കെ.ജി.എം. ടി.ടി.ഐ., വെഞ്ചേഡ് ടി.ടി.ഐ. എന്നിവ അപേക്ഷകരില്ലാത്തതിനാല്‍ നിലച്ച മട്ടാണ്.
പത്തനംതിട്ട, തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ നാലുവര്ഷങ്ങളില് അപേക്ഷകരുടെ എണ്ണം കുത്തനെ കുറഞ്ഞു.
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് 7696 അധ്യാപകതസ്തികകളാണ് ഇല്ലാതായത്. പൊതുവിദ്യാലയങ്ങളില്‍ അഞ്ചുവര്‍ഷംകൊണ്ട് അഞ്ചു ലക്ഷത്തോളം കുട്ടികളും കുറഞ്ഞു. അധ്യാപകജോലിയുടെ ഭാവിസാധ്യത കുത്തനെ കുറഞ്ഞ സാഹചര്യമാണ് ടി.ടി.ഐ.കളില്‍ കുട്ടികള്‍ കുറയാന്‍ കാരണമെന്ന് പറയുന്നു. കുട്ടികളുടെ ഫീസ്കൊണ്ട് മാത്രം സ്ഥാപനം നടത്താനാവില്ലെന്നാണ് സ്വാശ്രയ ടി.ടി.ഐ. മാനേജ്മെന്റുകള്‍ പറയുന്നത്. പ്ലസ്ടുവിന് ശേഷം ഭൂരിപക്ഷംപേരും പ്രൊഫഷണല്‍ കോഴ്സുകളിലേക്കാണ് പോകുന്നത്. ഏറ്റവുംകുറഞ്ഞ മാര്‍ക്കുള്ളവര്‍പോലും പ്രൈമറി അധ്യാപനരംഗത്തേക്ക് വരുന്നില്ല.
1 comment:
അഴകത്തിന്റെ മഹാകാവ്യം ഡിജിറ്റൽ ആക്കുന്ന വാർത്ത വായിച്ചു.വിദ്യാർഥികളും അദ്ധ്യാപകരും വിചാരിച്ചാൽ ഇത് പോലെ അത്ഭുതങ്ങൾ പലതും കാണിക്കാൻ കഴിയും..ഉദ്യമത്തിന് ഞങ്ങളുടെ ആശംസകൾ വോയ്സ് ഓഫ് ചേരാപുരം.യു.പി.എസ്
Post a Comment