Sunday, July 31, 2011

കുരുന്നുകള്‍ക്ക് ശിശുസൗഹൃദ ക്ലാസ് മുറികള്‍



തോപ്രാംകുടി: കളിപ്പാട്ടങ്ങള്‍, വായിക്കാന്‍ പുസ്തകങ്ങള്‍, വര്‍ണശബളമായ അന്തരീക്ഷം. ജില്ലയിലെ സര്‍ക്കാര്‍സ്‌കൂളുകളില്‍ ആവിഷ്‌കരിക്കുന്ന ശിശുസൗഹൃദ ക്ലാസ്മുറികളില്‍ കുട്ടികള്‍ പഠനം ആഹ്ലാദകരമാക്കുന്നു. സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിയുടെ കീഴിലെ 'കളരി'യാണ് ശിശുസൗഹൃദ ക്ലാസ്സുകള്‍ക്ക് രൂപം നല്‍കുന്നത്.

പൂക്കളുടെയും പറവകളുടെയും ചിത്രങ്ങളും വലിയ മാപ്പുകളും ഡയഗ്രങ്ങളും വര്‍ണമനോഹരമായ ചുവരുകളുമെല്ലാം ക്ലാസ്മുറികളുടെ സവിശേഷതയാണ്. കട്ടപ്പന വിദ്യാഭ്യാസ ഉപജില്ലയ്ക്ക് കീഴില്‍ പതിനാറാംകണ്ടം, തോപ്രാംകുടി എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ശിശുസൗഹൃദ ക്ലാസ്മുറികള്‍ പ്രവര്‍ത്തനം തുടങ്ങി. സ്‌കൂള്‍ഗ്രാന്റിനൊപ്പം പി.ടി.എ.യുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.

കുട്ടികളുടെ കായികവും മാനസികവുമായ വളര്‍ച്ചയ്ക്ക് ഇത്തരം ക്ലാസ്മുറികള്‍ സഹായകമാണ്. കട്ടപ്പന ബ്ലോക്ക് റിസോഴ്‌സ് സെന്ററാണ് ക്ലാസ്മുറികളുടെ രൂപകല്പന നടത്തിയത്.

പരിശീലകന്‍ എം.ആര്‍. ബിനോദ്, ഡയറ്റ് ലക്ചറര്‍ കെ. പ്രമോദ്, അധ്യാപകരായ ബിനു, പ്രസാദ് എന്നിവര്‍ തോപ്രാംകുടിയില്‍ ശിശുസൗഹൃദ ക്ലാസ്മുറികള്‍ സ്ഥാപിക്കാന്‍ നേതൃത്വം നല്‍കി. ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷൈനി സജി സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
-
'അമ്മയറിയാന്‍' പദ്ധതിക്ക് തൊളിക്കോട് സ്‌കൂളില്‍ തുടക്കമായി
പുനലൂര്‍:കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങളില്‍ രക്ഷാകര്‍ത്താക്കളെ സജ്ജമാക്കുന്നതിന്റെ ഭാഗമായുള്ള ''അമ്മയറിയാന്‍'' പദ്ധതിക്ക് തൊളിക്കോട് എല്‍.പി.സ്‌കൂളില്‍ തുടക്കമായി. സമാന്തരപാഠശാലയായ വീട്ടില്‍ അമ്മമാര്‍ അധ്യാപകരായി പഠനത്തില്‍ കുട്ടികളെ സഹായിക്കുന്നതോടൊപ്പം അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് സമഗ്രപരിശീലനം നല്‍കുകയാണ് ലക്ഷ്യമിടുന്നത്.

ആദ്യഘട്ട പരിശീലനക്ലാസ് പുനലൂര്‍ എ.ഇ.ഒ. മുഹമ്മദ് ഷെഫീഖ് ഉദ്ഘാടനം ചെയ്തു. ഭാരരഹിത ബാഗ് എന്ന പദ്ധതിയുടെ ഭാഗമായി കാട്ടുനിലത്ത് കെ.ഐ.അലക്‌സാണ്ടര്‍ ചടങ്ങില്‍ സ്‌കൂളിന് അലമാരകള്‍ സമര്‍പ്പിച്ചു.

പി.ടി.എ. വൈസ് പ്രസിഡന്റ് സജീവ് അധ്യക്ഷനായി. രക്ഷിതാക്കള്‍ക്കുള്ള പരിശീലനക്ലാസിന് അനിത നേതൃത്വം നല്‍കി. വി.രാജന്‍പിള്ള, എം.എസ്.ഉദയന്‍, പ്രഥമാധ്യാപകന്‍ കെ.ജി.എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.
സ്‌കൂളില്‍ സിനിമാറ്റിക് ഡാന്‍സ് നടന്നാല്‍ അധ്യാപകര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: സ്‌കൂളുകളില്‍സിനിമാറ്റിക് ഡാന്‍സിന്റെ നിരോധനം കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പ്, സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഒന്നര വര്‍ഷം മുമ്പ് നിരോധന ഉത്തരവിറക്കിയെങ്കിലും അത് പാലിക്കാന്‍ സ്‌കൂളുകള്‍ തയ്യാറാകാത്തതുകൊണ്ടാണ് വകുപ്പ് ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് വീണ്ടും സര്‍ക്കുലര്‍ ഇറക്കിയത്.

നിരോധനം കര്‍ശനമായി പാലിച്ചില്ലെങ്കില്‍ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിനിമാറ്റിക് ഡാന്‍സിന്റെ അവതരണവുമായോ പരിശീലനവുമായോ ഒരുതരത്തിലും സഹകരിക്കരുതെന്നാണ് സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം. സ്‌കൂളുകളില്‍ സിനിമാറ്റിക് ഡാന്‍സിന്റെ പേരില്‍ നടക്കുന്ന സംഭവങ്ങളെപ്പറ്റി ഒട്ടേറെ പരാതികള്‍ ഉയര്‍ന്നതായി മുഹമ്മദ് ഹനീഷ് പറഞ്ഞു. സ്‌കൂള്‍ അധ്യാപകരുടെ സഹായത്തോടെ നൃത്ത അധ്യാപകര്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ചൂഷണം ചെയ്യുന്നതായും പരാതികളുണ്ട്. കേന്ദ്ര സിലബസ് പഠിപ്പിക്കുന്ന സ്‌കൂളുകളും സിനിമാറ്റിക് ഡാന്‍സിന്റെ അവതരണം തടയണമെന്നും നിര്‍ദേശത്തിലുണ്ട്.

1 comment:

എഡിറ്റർ said...

ആറേഴ് ബ്ലൊഗുകൾ കൈകാര്യം ചെയ്യുക! അതൊക്കെ എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുക!!മറ്റ് ബ്ലോഗുകൾ സന്ദർശിക്കുക!!! അതൊക്കെ വായിക്കുക!!!! അതിൽ വിശദമായി അഭിപ്രായം എഴുതുക!!!!! എനിക്ക് വയ്യ! സാറിനു ജോലിക്കാർ വല്ലവരുമുണ്ടോ ഇതൊക്കെ കൈകാര്യം ചെയ്യാൻ എന്ന് ഞാൻ അൽഭുതപ്പെടുന്നു..ഇതൊക്കെ ഞങ്ങളിൽ എത്തിക്കുന്നതിന് നന്ദിയോടൊപ്പം അഭിനന്ദനങ്ങൾ.