Thursday, June 23, 2011

സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപക നിയമനമില്ല; 153 കോടി നഷ്ടമാകും

Posted on: 24 Jun 2011
തിരുവനന്തപുരം: വിദ്യാഭ്യാസാവകാശ നിയമത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകരെ നിയമിക്കാത്തതിനാല്‍ 153.72 കോടി രൂപ നഷ്ടമാകും. ഈ അധ്യയന വര്‍ഷവും അധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങാത്തതിനാലാണ് അനുവദിച്ച പണം നഷ്ടമാകുന്ന സ്ഥിതിയുണ്ടായത്. സ്ഥാനം ഒഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരും പുതുതായി വന്ന യു.ഡി.എഫ് സര്‍ക്കാരും ഇക്കാര്യത്തില്‍ ഒരു നടപടിയും എടുക്കാഞ്ഞത് വിനയായി.

വിദ്യാഭ്യാസാവകാശ നിയമത്തിന്റെ ഭാഗമായി 124 ബദല്‍ സ്‌കൂളുകള്‍ തുടങ്ങാന്‍ കേന്ദ്രാനുമതിയുണ്ട്. ഓരോന്നിലും രണ്ട് വീതം 248 അധ്യാപകരെ ഇവിടെ നിയമിക്കാം. ഇവരുടെ ശമ്പളമിനത്തില്‍ 3.72 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

ഹെഡ്മാസ്റ്റര്‍മാരെ അധ്യാപക ചുമതലയില്‍നിന്ന് ഒഴിവാക്കുമ്പോഴുണ്ടാകുന്ന പുതിയ തസ്തികയാണ് മറ്റൊരിനം. 150 കുട്ടികളില്‍ കൂടുതലുള്ള എല്‍. പിയിലും 100 കുട്ടികളില്‍ കൂടുതലുള്ള യു.പിയിലുമാണ് വിദ്യാഭ്യാസാവകാശ നിയമ പ്രകാരം ഹെഡ്മാസ്റ്റര്‍മാരെ അധ്യാപക ചുമതലയില്‍നിന്ന് ഒഴിവാക്കുന്നത്. ഇതിന് പകരമായി പുതിയ അധ്യാപകരെ നിയമിക്കാം. ഈയിനത്തില്‍ എല്‍ .പിയില്‍ 33.05 കോടിയും യു.പിയില്‍ 33.87 കോടിയും അധ്യാപകരുടെ ശമ്പളത്തിനായി കേന്ദ്രം അനുവദിച്ചു.

കൂടാതെ ആര്‍ട്ട്, ഫിസിക്കല്‍ ആന്‍ഡ് ഹെല്‍ത്ത്, വര്‍ക്ക് എക്‌സ്​പീരിയന്‍സ് എന്നീ വിഷയങ്ങള്‍ക്കായി മൂന്ന് അധ്യാപകരെ 150 ല്‍ കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ നിയമിക്കാം. ഇവരുടെ ശമ്പള ചെലവായി 84 കോടി രൂപയും കേന്ദ്രം നല്‍കിക്കഴിഞ്ഞു. വിദ്യാഭ്യാസാ വകാശ നിയമം നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന ചെലവിന്റെ 70 ശതമാനവും കേന്ദ്രം വഹിക്കും. സംസ്ഥാന വിഹിതം ഇല്ലെങ്കില്‍പ്പോലും പദ്ധതി നടത്തിപ്പിന് ഈ പണം മതിയാകുമെന്നിരിക്കെയാണ് കേരളം ഈ തുകയത്രയും പാഴാക്കുന്നത്.

താത്വികമായ നിലപാടുകളും അതേക്കുറിച്ചുള്ള ചര്‍ച്ചകളുമാണ് വിദ്യാഭ്യാസാവകാശനിയമം നടപ്പാക്കുന്നതിന് കേരളത്തില്‍ തടസ്സം നില്‍ക്കുന്നത്. ഇതുവരെ മൂന്ന് കമ്മിറ്റികള്‍ ഈ നിയമം നടപ്പാക്കുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ കാര്യമായ നടപടികളിലേക്ക് ഇനിയും കടന്നിട്ടില്ല. കേന്ദ്രം കൊണ്ടുവന്ന വിദ്യാഭ്യാസാവകാശ നിയമത്തിന് അതതിടത്തെ സാഹചര്യങ്ങള്‍ക്കനുസൃതമായി ചട്ടം ഉണ്ടാക്കാമെന്ന് വ്യവസ്ഥയുണ്ട്. ഇതിനായി മൂന്ന് വര്‍ഷത്തെ സാവകാശം പരമാവധി അനുവദിച്ചിട്ടുമുണ്ട്. എന്നാല്‍ നേരത്തെ ചട്ടം ഉണ്ടാക്കി നിയമത്തിനനുസൃതമായ നടപടികള്‍ സ്വീകരിച്ചാല്‍ പണം വിനിയോഗിക്കാം.

കേരളമാകട്ടെ നിയമം നടപ്പാക്കാന്‍ ഇനിയും രണ്ടു വര്‍ഷം കൂടിയുണ്ടെന്ന ന്യായത്തിലാണ് മുന്നോട്ടു പോകുന്നത്. എന്നാല്‍ നിയമം നടപ്പാക്കുന്നതിനെക്കുറിച്ച് സംസ്ഥാനം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 153.72 കോടി രൂപ കേന്ദ്രം നടപ്പുവര്‍ഷത്തേക്ക് അനുവദിച്ചത്.

എസ്.എസ്.എ വഴിയാണ് കേന്ദ്രം ഫണ്ട് നല്‍കിയത്. നടപ്പാക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനും. യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഈ തുക മുഴുവന്‍ പാഴാകും. വിദ്യാഭ്യാസാവകാശ നിയമത്തിന്റെ ഭാഗമായി നടപ്പാക്കേണ്ട മറ്റു കാര്യങ്ങളും സര്‍ക്കാര്‍ നീട്ടിവെച്ചതിനാല്‍ ലഭിക്കേണ്ട മറ്റ് ധനസഹായവും കേരളത്തിന് കിട്ടിത്തുടങ്ങിയിട്ടില്ല.
-മാതൃഭൂമി

അച്ഛന് ഭക്ഷണത്തിനു തെരുവിലിറങ്ങിയ കുട്ടികള്‍ക്ക് സഹായപ്രവാഹം

Posted on: 24 Jun 2011ഹരിപ്പാട്: അച്ഛന്റെ ചികിത്സയ്ക്ക് വഴിതേടി തെരുവിലിറങ്ങിയ ബാല്യങ്ങള്‍ക്ക് താങ്ങായി അനേകം കൈകള്‍. സ്‌കൂള്‍ കുട്ടികളും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ഡോക്ടര്‍മാരും വിദേശ മലയാളികളും സാധാരണക്കാരുമൊക്കെ കുരുന്നുകളെ സഹായിക്കാന്‍ മത്സരിക്കുകയായിരുന്നു.

കാലൊടിഞ്ഞ് ഹരിപ്പാട് ഗവ.ആസ്പത്രിയില്‍ കഴിയുന്ന അടൂര്‍ തെങ്ങമം ലക്ഷംവീട് കോളനിയിലെ താമസക്കാരനായിരുന്ന സുകുമാരന് മരുന്നു വാങ്ങാനും ഭക്ഷണത്തിനുള്ള വക കണ്ടെത്താനുമായി മക്കള്‍ ശ്രീക്കുട്ടന്‍ (10), സുജിത്ത് (ആറ്) എന്നിവര്‍ നഗരത്തില്‍ കപ്പലണ്ടി വിറ്റതിനെപ്പറ്റി വ്യാഴാഴ്ച 'മാതൃഭൂമി' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത വായിച്ചവര്‍ കുട്ടികള്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് രാവിലെ മുതല്‍ 'മാതൃഭൂമി'യുടെ വിവിധ ഓഫീസുകളുമായി ബന്ധപ്പെട്ടു. വൈകുന്നേരത്തോടെയാണ് സുകുമാരന്റെ ഭാര്യ ശ്രീദേവിയുടെ പേരില്‍ ഹരിപ്പാട് ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് തുറക്കുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ഓണ്‍ലൈന്‍ വഴി 14,000 രൂപയെത്തി.

എറണാകുളത്ത് സ്ഥിരതാമസമാക്കിയ ഏവൂര്‍ സ്വദേശി ഡോ.ചന്ദ്രശേഖരന്‍ അയച്ച 2000 രൂപയാണ് അക്കൗണ്ടില്‍ ആദ്യമെത്തിയത്.

സുകുമാരനെയും കുടുംബത്തെയും ദത്തെടുക്കാമെന്നാണ് സേവാഭാരതിയുടെ വാഗ്ദാനം. സേവാഭാരതി മൂന്നുസെന്റ് സ്ഥലം വാങ്ങി വീട് വച്ചുനല്‍കും. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ സേവാഭാരതിയുടെ വകയായുള്ള കടയും ഇവര്‍ക്ക് വിട്ടുനല്‍കും. ഇവിടെ എന്തെങ്കിലും കച്ചവടം നടത്താനുള്ള സഹായവും സേവാഭാരതി പ്രതിനിധി പി.ആര്‍.അനില്‍ ആസ്പത്രിയിലെത്തി വാഗ്ദാനം ചെയ്തു.

ആയാപറമ്പ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികളെ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചു. സന്നദ്ധ സംഘടനകളോ സര്‍ക്കാര്‍ ഏജന്‍സികളോ സ്ഥലം നല്‍കിയാല്‍ വീട് നിര്‍മിച്ചു നല്‍കാമെന്നും ഇവര്‍ ഉറപ്പ് നല്‍കി. വിദ്യാര്‍ഥികള്‍ സമാഹരിച്ച 1013 രൂപ ആസ്പത്രി കിടക്കയില്‍ കഴിയുന്ന സുകുമാരന് കൈമാറി. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ദീപുവും സത്യസായി സേവാസമിതി പ്രതിനിധി കെ.എം.രാജുവും കുട്ടികള്‍ക്കുള്ള പുതുവസ്ത്രങ്ങളുമായാണ് ആസ്പത്രിയിലെത്തിയത്. സുകുമാരനും കുടുംബത്തിനും മൂന്നുനേരവും ഭക്ഷണം നല്‍കാനുള്ള ക്രമീകരണം എസ്.ദീപു ഇടപെട്ട് ഉണ്ടാക്കിയിട്ടുണ്ട്. ആസ്പത്രി കാന്റീനില്‍നിന്ന് ഭക്ഷണം നല്‍കും.

ഹരിപ്പാട് സെന്റ്‌തോമസ് മിഷന്‍ സെന്റര്‍ കുട്ടികളെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചു. ഇവിടെ താമസിപ്പിച്ച് ഹരിപ്പാട്ടെ ഏതെങ്കിലും സ്‌കൂളില്‍ തുടര്‍ന്ന് പഠിപ്പിക്കാനാണ് മിഷന്‍ സെന്ററിന് താത്പര്യം.

റാന്നി ഇട്ടിയപ്പാറയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ കുട്ടികളെ സഹായിക്കാനായി സ്വരൂപിച്ചത് 2050 രൂപയാണ്.

ആലുവായിലെ സ്വകാര്യ ആസ്പത്രി അധികൃതര്‍ സുകുമാരന്റെ ഒടിഞ്ഞകാലിലെ ശസ്ത്രക്രിയ സൗജന്യമായി നടത്താമെന്ന് അറിയിച്ചു. മുട്ടിന് താഴെ ഒടിഞ്ഞ നിലയിലായതിനാല്‍ ശസ്ത്രക്രിയ നടത്തി സ്റ്റീല്‍ കമ്പിയിടണം. ആധുനിക സൗകര്യമുള്ള ആംബുലന്‍സില്‍ ഹരിപ്പാട്ട് നിന്ന് സുകുമാരനെ ആലുവയില്‍ എത്തിക്കാനാണ് അധികൃതരുടെ ശ്രമം. ഇതിനായി ഹരിപ്പാട് ഗവ.ആസ്പത്രി സൂപ്രണ്ടുമായി ഇവര്‍ ഫോണില്‍ സംസാരിച്ചു.

ഹരിപ്പാട് റോട്ടറി ക്ലബ് ഭാരവാഹികള്‍ ആസ്പത്രിയിലെത്തി സുകുമാരനെയും കുട്ടികളെയും കണ്ടു. ഇവര്‍ക്കുള്ള സഹായധനം അടുത്തദിവസം നല്‍കുമെന്ന് റോട്ടറി പ്രസിഡന്റ് മുരുകന്‍ പാളയത്തില്‍ പറഞ്ഞു.

'മാതൃഭൂമി' വാര്‍ത്ത വായിച്ചറിഞ്ഞ് നിരവധി പേരാണ് വ്യാഴാഴ്ച രാവിലെ മുതല്‍ ഹരിപ്പാട് ആസ്പത്രിയിലെ സര്‍ജിക്കല്‍ വാര്‍ഡിലെത്തിയത്. കുട്ടികളുമായി സംസാരിച്ച ഇവര്‍ സുകുമാരന് മരുന്നിനും ഭക്ഷണത്തിനും പണം നല്‍കിയാണ് മടങ്ങിയത്.

ഇന്റര്‍നെറ്റ് എഡിഷനില്‍ ഈ വാര്‍ത്ത വായിച്ചറിഞ്ഞ് നിരവധി വിദേശ മലയാളികളാണ് 'മാതൃഭൂമി'യുമായി ബന്ധപ്പെട്ടത്. അമേരിക്കയില്‍ താമസിക്കുന്ന കൊല്ലം ശൂരനാട് വേണാട്ട് വീട്ടില്‍ ഹരീഷ്‌കുമാര്‍ കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കാമെന്ന് അറിയിച്ചു.

അബുദാബിയില്‍ ജോലിചെയ്യുന്ന കണ്ണൂര്‍ സ്വദേശി സുജിത്ത്, ബഹ്‌റൈനിലുള്ള ജോണ്‍ഫിലിപ്പ് എന്നിവരും സഹായധനം വാഗ്ദാനം നല്‍കി. ഇതിനൊപ്പം കുവൈത്ത്, ഫ്രാന്‍സ് എന്നിവിടങ്ങളിലെ മലയാളി സംഘടനകളും കുട്ടികളുടെ സ്ഥിതിയെപ്പറ്റി അന്വേഷിച്ചു.

ഫെഡറല്‍ബാങ്ക് ഹരിപ്പാട് ശാഖയില്‍ സുകുമാരന്റെ ഭാര്യ ശ്രീദേവിയുടെ പേരിലാണ് അക്കൗണ്ട് തുറന്നത്. എസ്.ബി. നമ്പര്‍: 13960100139948.No comments: