എഎസ്വി യുപി സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം: സ്കൂള്‍ സംരക്ഷണ സമിതി
Posted on: 24-Jun-2011 12:50 AM
കോഴിക്കോട്: തലക്കുളത്തൂരിലെ എടക്കര എഎസ്വി യുപി സ്കൂള്‍ അടിയന്തിരമായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച രാവിലെ 11ന് കലക്ടറേറ്റിനുമുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് സ്കൂള്‍ സംരക്ഷണ സമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്കൂള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കയാണ്. സ്കൂള്‍ നോക്കിനടത്താന്‍ കഴിയാത്തതിനാല്‍ അടച്ചുപൂട്ടാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ മാനേജര്‍ എന്‍ കെ കൃഷ്ണന്‍കുട്ടി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി വിധി. എന്നാല്‍ സ്കൂള്‍ നോക്കിനടത്താന്‍ മാനേജരുടെ കുടുംബത്തില്‍ പ്രാപ്തരായ ആളുകളുണ്ട്. സ്കൂള്‍ അടച്ചുപൂട്ടുകയെന്ന ലക്ഷ്യമാണ് മാനേജര്‍ക്കുളളത്. സ്കൂള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം മെയിലാണ് മാനേജര്‍ വിദ്യാഭ്യാസ വകുപ്പിന് നോട്ടീസ് നല്‍കിയത്. ഇതിനെതിരെ അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ഡിഡിഇ ഓഫീസ് മാര്‍ച്ച് നടത്തി. തുടര്‍ന്ന് സ്കൂള്‍ അഞ്ചു വര്‍ഷത്തേക്ക് കലക്ടര്‍ ഏറ്റെടുത്തു. ഈ നടപടിക്കെതിരെയാണ് മാനേജ്മെന്റിന് അനുകൂലമായി കോടതി വിധിയുണ്ടായത്. ബാലുശേരി ഉപജില്ലാ പരിധിയിലുള്ള എടക്കര എഎസ്വി യുപി സ്കൂളില്‍ 177 വിദ്യാര്‍ഥികളും 11 ജീവനക്കാരുമുണ്ട്. സ്കൂള്‍ അടച്ചുപൂട്ടുന്നത് പ്രദേശത്തെ എട്ട് ഹരിജന്‍ കോളനികളിലെ കുട്ടികള്‍ക്കും മറ്റ് നിര്‍ധനരും പിന്നോക്ക വിഭാഗത്തിലെ കുട്ടികള്‍ക്കും വിദ്യാഭ്യാസം നിഷേധിക്കുന്നതിന് കാരണമാകും. ഹൈക്കോടതി വിധി ഡിവിഷന്‍ ബഞ്ച് ഒരു മാസത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ട്. സ്കൂള്‍ ഏറ്റെടുക്കുന്നത് പരിഗണിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതിനാല്‍ സ്കൂള്‍ അടിയന്തിരമായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സ്കൂള്‍ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംരക്ഷണ സമിതി ചെയര്‍മാന്‍ കെ പ്രകാശന്‍ , കണ്‍വീനര്‍ ടി വേണുഗോപാലന്‍ നായര്‍ , തലക്കുളത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ശിവദാസന്‍ , സ്കൂള്‍ പ്രധാനാധ്യാപിക ശ്യാമള എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment