Sunday, June 26, 2011

മികവിന്റെ നീളുന്ന പട്ടികയുമായി ഡിഡിഇ പടിയിറങ്ങുന്നു

Posted on: 26-Jun-2011 11:36 PM
കോഴിക്കോട്: ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് മികച്ച നേട്ടങ്ങള്‍ സമ്മാനിച്ച ഡിഡിഇ കെ വി വിനോദ്ബാബു കോഴിക്കോട്ടുനിന്നും പടിയിറങ്ങുന്നു. ഡിപിഐയില്‍ ഡിഡി എംപ്ലോയ്മെന്റ് വിഭാഗത്തിലേക്ക് സ്ഥലം മാറ്റപ്പെട്ടതോടെയാണിത്. ജില്ലയിലെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളിലുണ്ടായ വളര്‍ച്ചയിലും പുരോഗതിയിലും മൗലികമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞ നാല് വര്‍ഷം അദ്ദേഹത്തിനായി. ജില്ലയിലെ എസ്എസ്എല്‍സി വിജയശതമാനം സംസ്ഥാന ശരാശരിക്കും മുകളിലെത്താനുള്ള കാരണം വിനോദ്ബാബുവിന്റെയും ശ്രദ്ധേയമായ ഇടപെടലുകളാണ്. 2007 ജൂണിലാണ് ഡിഡിഇയായി വിനോദ്ബാബു കോഴിക്കോട്ട് എത്തുന്നത്. ഈസ്റ്റ്ഹില്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ , വടകര എഇഒ, ഡിഇഒ ആയും പ്രവര്‍ത്തിച്ച പരിചയം അദ്ദേഹത്തിന് മുതല്‍ക്കൂട്ടായിരുന്നു. നൂതന ആശയങ്ങള്‍ ജില്ലാപഞ്ചായത്തിന്റെയും കോര്‍പറേഷന്റെയും വിദ്യാഭ്യാസ പദ്ധതികളിലൂടെ നടപ്പാക്കാന്‍ ഇഛാശക്തിയോടെ പ്രവര്‍ത്തിച്ചു. വിദ്യാലയ ജനാധിപത്യവേദി പ്രവര്‍ത്തനം ശക്തമാക്കിയതും ഇദ്ദേഹമാണ്. ക്ലാസ് ലീഡര്‍മാര്‍ക്ക് എല്ലാവര്‍ഷവും മൂന്നുഘട്ടമായി പരിശീലനം നല്‍കി. വിദ്യാര്‍ഥികള്‍ക്ക് സ്വന്തം പ്രശ്നങ്ങള്‍ പരസ്പരം പങ്കുവെയ്ക്കുന്ന ക്ലാസ് സഭകള്‍ നടപ്പാക്കി. ഇത് സംസ്ഥാന ശ്രദ്ധയാകര്‍ഷിച്ചു. പഠനത്തിലെ പിന്നാക്കക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. മനഃശാസ്ത്രജ്ഞരെ പ്രയോജനപ്പെടുത്തി ഇത്തരം കുട്ടികള്‍ക്കായി സഹവാസ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. കുട്ടികള്‍ നേരിടുന്ന വിവിധ പീഡനങ്ങള്‍ തടയുന്നതിന് വിദ്യാലയ ജാഗ്രതാ സമിതികള്‍ തുടങ്ങി. കഴിഞ്ഞവര്‍ഷം തോല്‍ക്കുമെന്ന് അധികൃതര്‍ ഉറപ്പിച്ച 660 വിദ്യാര്‍ഥികള്‍ക്ക് ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെ പഠനക്യാമ്പ് ജില്ലാതലത്തില്‍ സംഘടിപ്പിച്ചു. അതില്‍ 594 പേരും വിജയിച്ചു. എസ്എസ്എല്‍സിക്ക് 100 ശതമാനം ലക്ഷ്യമിട്ട് വിജയോത്സവം പദ്ധതിയുണ്ടാക്കി. 8, 9, 10 ക്ലാസുകളിലെ കുട്ടികള്‍ക്ക് സ്വയം പഠനത്തിന് സഹായിക്കുന്ന പഠന മൊഡ്യൂളുകള്‍ ഡിഡിഇയുടെ വെബ്സൈറ്റില്‍ നല്‍കി. മറ്റു ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്കും ഇത് പ്രയോജനപ്പെടുത്താനായി. ജില്ലാപഞ്ചായത്തും കോര്‍പറേഷനും ഓരോവിഷയത്തിനും പ്രത്യേക കൈപ്പുസ്തകം തുടര്‍ച്ചയായി നാലുവര്‍ഷം അച്ചടിച്ചു. വിദഗ്ധ പരിശീലനം നല്‍കി അമ്മമാരെ ക്ലാസുമുറികളില്‍ എത്തിച്ചു. "അമ്മക്കൂട്ടായ്മ" വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി. ഉത്തരവാദിത്തങ്ങള്‍ മനസ്സിലാക്കി അത് നിര്‍വഹിക്കാന്‍ പ്രാപ്തമാക്കിയ "സ്കില്‍ ഫുള്‍ പാരന്റിങ്" പരിപാടിയും വിദ്യാഭ്യാസമേഖലയില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് കാരണമായി. സ്കൂള്‍ മാനേജ്മെന്റുകളെ കൂടി പങ്കെടുപ്പിച്ച് പ്രധാന അധ്യാപകര്‍ക്ക് പ്രത്യേകപരിശീലനം നല്‍കി. റിട്ടയര്‍ചെയ്ത ഡിഇഒ, എഇഒ, മികച്ച അധ്യാപകര്‍ എന്നിവരെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കി. എന്നും നല്ലൊരു വിദ്യാഭ്യാസപ്രവര്‍ത്തകനായിരിക്കാന്‍ മോഹിക്കുന്ന ഒരാളെയാണ് സ്ഥലംമാറ്റിയതെന്ന് കോഴിക്കോട്ടെ അധ്യാപക-വിദ്യാര്‍ഥി സമൂഹം കരുതുന്നതിന് കാരണവും ഇതുതന്നെ.

1 comment:

joshytk said...

എന്നും നല്ലൊരു വിദ്യാഭ്യാസപ്രവര്‍ത്തകനായിരിക്കാന്‍ മോഹിക്കുന്ന ഒരാളെയാണ് സ്ഥലംമാറ്റിയതെന്ന് കോഴിക്കോട്ടെ അധ്യാപക-വിദ്യാര്‍ഥി സമൂഹം കരുതുന്നതിന് കാരണവും ഇതുതന്നെ.

ഇരിക്കുന്നതിനു മുമ്പേ അണ്‍എയ്‍ഡഡ് സ്ഥാപനങ്ങള്‍ക്കു അംഗീകാരം കൊടുത്തവരുടെ ലക്ഷ്യമെന്താണെന്നു പറയേണ്ടതില്ലല്ലോ. പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുക തന്നെ.ഇത്രയും കാര്യശേഷിയുള്ള ഒരു ഉദ്യോഗസ്ഥനെ കാര്യമായൊന്നും ചെയ്യാനില്ലാത്ത പോസ്റ്റില്‍ ഇരുത്തിയതിന്റെ പേരില്‍ സന്തോഷിക്കുന്ന കുറച്ചു പേരുടെ ഇഷ്ടങ്ങളാണ് ഇനിയുള്ള കുറച്ചു കാലത്തെ വിദ്യാഭ്യാസം.