Wednesday, June 1, 2011

മലയാളത്തിന് വീണ്ടും തിരിച്ചടി


Posted on: 01-Jun-2011 10:27 AM
തിരു: സംസ്ഥാനത്തെ എല്ലാ സ്കൂളിലും മലയാളം ഒന്നാംഭാഷയാക്കാനുള്ള ഉത്തരവ് തല്‍ക്കാലം നടപ്പാക്കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തോടെ മാതൃഭാഷ പഠിക്കാതെ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഏക സംസ്ഥാനമായി കേരളം തുടരും. ഈ വര്‍ഷംമുതല്‍ മലയാളപഠനം നിര്‍ബന്ധമാക്കിയുള്ള കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ് മരവിപ്പിക്കാനുള്ള വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന്റെ തീരുമാനത്തിനെതിരെ വ്യാപക ആക്ഷേപം ഉയരുന്നു. വിദ്യാഭ്യാസമന്ത്രി കാര്യം മനസ്സിലാക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശം ശക്തമായി. ഐടിയുടെ പീരീഡ് മലയാളത്തിനുനല്‍കാനുള്ള തീരുമാനമാണ് ഉത്തരവ് നടപ്പാക്കാന്‍ തടസ്സമെന്നാണ് മന്ത്രി കഴിഞ്ഞദിവസം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. ഐടി മറ്റു വിഷയങ്ങളുടെ പഠനത്തിനും ഉപയോഗിക്കുന്നതാണെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. മലയാളം ഒന്നാംഭാഷയാക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തത് നിര്‍ഭാഗ്യകരമാണെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി പ്രതികരിച്ചു. ആഴ്ചയില്‍ രണ്ടുപീരീഡാണ് ഐടിക്ക് ഇപ്പോഴുള്ളത്. ഐടിയുടെ തിയറി പഠിപ്പിക്കുന്നതിനാണ് ഈ രണ്ട് പീരീഡുകളും. എല്ലാ വിഷയത്തിലും ഐടി സഹായത്തോടെയുള്ള വിദ്യാഭ്യാസമാണ് ഇപ്പോള്‍ നടക്കുന്നത്. അതിനാല്‍ ഐടിക്ക് മാത്രമായി ഒരു പീരീഡ് മതിയെന്ന വിദഗ്ധാഭിപ്രായത്തെ തുടര്‍ന്നാണ് രണ്ടാമത്തെ പീരീഡ് മലയാളത്തിനുനല്‍കാന്‍ തീരുമാനിച്ചത്. മന്ത്രിസഭയുടെ തീരുമാനത്തെ തുടര്‍ന്ന് അധ്യാപകസംഘടനകളുടെ യോഗം വിളിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇക്കാര്യം വിശദമായി ചര്‍ച്ചചെയ്തു. ഇതിനുശേഷമാണ് യോജിച്ച തീരുമാനത്തിലെത്തിയത്. യുഡിഎഫ് അനുകൂല അധ്യാപകസംഘടനകളും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നതായി കെഎസ്ടിഎ ജനറല്‍ സെക്രട്ടറി കെ ഷാജഹാന്‍ പറഞ്ഞു. മലയാളഭാഷാപഠനം സംബന്ധിച്ച് ആര്‍ വി ജി മേനോന്‍ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം




ഒന്നാംഭാഷ മലയാളം: നിഷേധവാദങ്ങള്‍ വിചിത്രം; ബദല്‍സാധ്യതകള്‍ ആരാഞ്ഞില്ല
Posted on: 01 Jun 2011


തിരുവനന്തപുരം : മലയാളം ഒന്നാം ഭാഷയാക്കണമെന്ന മഹത്തായ ലക്ഷ്യം പീരിയഡ് ക്രമീകരണമെന്ന സാങ്കേതികത്വത്തില്‍ തട്ടി ഇല്ലാതാകുന്നു. ഇപ്രാവശ്യം മലയാളം ഒന്നാംഭാഷയാക്കല്‍ നടപ്പാകില്ലെന്ന് പറയാന്‍ വിദ്യാഭ്യാസ മന്ത്രി നിരത്തിയ പല ന്യായങ്ങളും ചോദ്യം ചെയ്യപ്പെടുകയാണ്.

ഐ.ടിയുടെ പീരിയഡ് പങ്കിട്ടുപോകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഈ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ ഇപ്പോള്‍ പിന്നാക്കം പോകുന്നത്. എന്നാല്‍ ആഴ്ചയില്‍ ഒരു പീരിയഡ് അധികം കണ്ടെത്താന്‍ ഐ.ടിയെ ഉപദ്രവിക്കാതെ തന്നെ സാധ്യതകള്‍ ധാരാളം ഉണ്ടെന്നിരിക്കെ, അതൊന്നും ആരായാതെ ഈ പരിഷ്‌കാരം വേണ്ടെന്നുവെച്ചത് എന്തിനെന്ന ചോദ്യം ശേഷിക്കുന്നു. മറ്റ് പീരിയഡുകളില്‍ നിന്ന് കുറച്ച് ഏതാനും മിനിറ്റുകള്‍ ഒരു ദിവസം മാറ്റിവെച്ചാല്‍ തന്നെ പുതിയ പിരീയഡ് കണ്ടെത്താം. പത്തു മുതല്‍ നാല് വരെയുള്ള സ്‌കൂള്‍ സമയത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാലും മലയാള പഠനത്തിനായി സമയം ഉണ്ടാക്കാം. ഉച്ചയുടെ ഇടവേളയില്‍ കുറച്ച് സമയം ലാഭിച്ച് ഐ.ടി പ്രാക്ടിക്കലിന് സമയം കണ്ടെത്തുന്നതിനുള്ള പോംവഴിയും ആലോചിക്കാം. എന്നാല്‍ തടസ്സങ്ങള്‍ മാത്രം ചൂണ്ടിക്കാണിച്ച് മലയാളം ഒന്നാംഭാഷയാക്കുന്നത് സര്‍ക്കാര്‍ ഒറ്റയടിക്ക് വേണ്ടന്നുവെയ്ക്കുകയായിരുന്നു.

വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുമ്പോള്‍ ശനിയാഴ്ചയും പ്രവൃത്തി ദിവസമാകുമെന്നും അപ്പോള്‍ മുതല്‍ മലയാളത്തിനായി കൂടുതല്‍ സമയം കണ്ടെത്തുമെന്നുമാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കണമെന്ന് നിബന്ധനയില്ല. എല്‍.പിയില്‍ 200 ദിവസം അഥവാ 800 അധ്യയന മണിക്കൂര്‍, യു.പിയില്‍ 100 മണിക്കൂര്‍ അഥവാ 220 മണിക്കൂര്‍ എന്നതാണ് കേന്ദ്ര നിയമത്തിലെ വ്യവസ്ഥ. ഇത് ഏറെക്കുറെ കേരളത്തില്‍ നടപ്പായി വരുന്നതിനാല്‍ ശനിയാഴ്ച ഇവിടെ പ്രവൃത്തി ദിവസമാകണമെന്നില്ല. വിദ്യാഭ്യാസ അവകാശ നിയമം എട്ടാം ക്ലാസ് വരെ മാത്രമാണ് ഇപ്പോള്‍ ബാധകംഎന്നിരിക്കെ, ഹൈസ്‌കൂളിലെ മലയാള പഠനത്തിന് ഈ നിയമം ഒരു തരത്തിലും ബാധകമാകുന്നില്ലെന്നതും വ്യക്തമാണ്.

പീരിയഡ് ക്രമീകരണത്തേക്കാളുപരി മലയാളം ഒന്നാം ഭാഷയാകുമ്പോള്‍ നിലവില്‍ ഒന്നാം ഭാഷയായി മറ്റ് ഭാഷകള്‍ പഠിക്കുന്നതിന്റെ പ്രാധാന്യം കുറയുമെന്ന ആശങ്കയാണ് എതിര്‍പ്പിന്റെ പ്രധാന കാരണം. ഇത് അധ്യാപക തസ്തികകളെ ബാധിക്കുമെന്ന ഭയവും ചില മേഖലകളിലുണ്ട്. എന്നാല്‍ നിലവിലുള്ള അധ്യാപകരുടെ ജോലിയെ ബാധിക്കാതെ ഇത് നടപ്പിലാക്കാനും വേണ്ടത്ര വഴികളുണ്ട്.

No comments: