Friday, June 10, 2011

സിബിഎസ്ഇ സ്കൂളുകള്‍ക്ക് അനുമതി: സര്‍ക്കാരിനെതിരെ എന്‍എസ്എസ്

 10-Jun-2011 01:14 PM

കോട്ടയം: പുതുതായി സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് എന്‍എസ്എസ് ആക്ടിങ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ന്യൂനപക്ഷപ്രീണനം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
എത്ര സ്കൂളുകള്‍ക്കാണ് എന്‍ഒസി നല്‍കുന്നതെന്ന കാര്യം ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ല.
പൊതുവിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാര്‍ , എയ്ഡഡ് സ്കൂളുകള്‍ക്ക് സര്‍വനാശം വിതയ്ക്കുന്ന ഈ നടപടി സാധാരണക്കാരന്റെ വിദ്യാഭ്യാസസൗകര്യം ഇല്ലാതാക്കും.
ഈ വര്‍ഷംതന്നെ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഒരുലക്ഷത്തോളം കുട്ടികളുടെ കുറവ് നേരിട്ടു. തന്മൂലം മൂവായിരത്തോളം അധ്യാപകര്‍ തൊഴില്‍രഹിതരാകേണ്ടി വരുന്നു.
കുട്ടികളുടെ കുറവ് സംഭവിച്ചതുമൂലം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സര്‍ക്കാര്‍ &ിറമവെ;എയ്ഡഡ് സ്കൂളുകളേയും അവിടെയുള്ള ജീവനക്കാരേയും നിലനിര്‍ത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. എന്നാല്‍ , അക്കാര്യത്തില്‍ അടിയന്തരമായി തീരുമാനം കൈക്കൊള്ളാതെ,
ധൃതി പിടിച്ചും വ്യക്തമായ പഠനം നടത്താതെയുമുള്ള ഇത്തരം നീക്കം ദൂരവ്യാപകമായ ഭവിഷ്യത്ത് വിളിച്ചുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു
--
സി.ബി.എസ്.ഇ സ്‌കൂളുകളുടെ അനുമതിക്കെതിരെ എന്‍.എസ്.എസ്‌
10 Jun 2011

ചങ്ങനാശ്ശേരി; പുതുതായി സി.ബി.എസ്.ഇ-ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എന്‍.എസ്.എസ് രംഗത്തെത്തി. ന്യൂനപക്ഷ പ്രീണനമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിയണം. സാധാരണക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സൗകര്യം ഇല്ലാതാക്കുന്നതാണ് നടപടി. പൊതുവിദ്യാഭ്യാസ രംഗത്ത് ഇത് സര്‍വനാശത്തിനിടയാക്കും. വ്യക്തമായ പഠനം നടത്താതെ കൈക്കൊണ്ട തീരുമാനം ഗുരുതരമായ ഭവിഷ്യത്ത് സൃഷ്ടിക്കുമെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ജി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.


Mathrubhumi
ഡി.വൈ.എഫ്.ഐ നേതാവും മകളുടെ സീറ്റ് വേണ്ടെന്നുവെച്ചു


കാസര്‍കോഡ്: പരിയാരം മെഡിക്കല്‍ കോളജില്‍ എന്‍.ആര്‍.ഐ ക്വാട്ടയില്‍ മകള്‍ക്ക് ലഭിച്ച എം.ബി.ബി.എസ് സീറ്റ് ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷറര്‍ വി.വി.രമേശന്‍ വേണ്ടെന്നുവെച്ചു. പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നാണ് രമേശന്റെ തീരുമാനം.

മകളുടെ പ്രവേശനകാര്യത്തില്‍ തനിക്ക് വീഴ്ചപറ്റിയെന്ന് കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രമേശന്‍ പറഞ്ഞു. രക്ഷിതാവെന്ന നിലയിലുള്ള ആഗ്രഹങ്ങള്‍ക്ക് കീഴ്‌പ്പെട്ടുപോയി. ഇക്കാര്യത്തില്‍ രാഷ്ട്രീയ ജാഗ്രത പുലര്‍ത്താന്‍ കഴിഞ്ഞില്ല. പ്രസ്ഥാനത്തിന് വേണ്ടി സീറ്റ് വേണ്ടെന്ന് വെക്കുകയാണ്. ഈ വിഷയത്തില്‍ പ്രവര്‍ത്തകരോട് ക്ഷമ ചോദിക്കുന്നു. ജനങ്ങളോടും സഖാക്കളോടും തെറ്റ് തുറന്നുപറയുന്നതിന് മടിയില്ല.

മകള്‍ക്ക് ഫീസായി ആകെ അടച്ചത് അഞ്ച് ലക്ഷം രൂപയാണ്. ഭാര്യാ സഹോദരന്‍ അനില്‍കുമാറാണ് ഈ തുകയടച്ചത്. 50 ലക്ഷം ഫീസായി നല്‍കിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ക്രൂരവും ഹൃദയശൂന്യവുമാണ്. തന്റെ വരുമാനസ്രോതസ് സുതാര്യമാണ്. അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണം തെറ്റാണ്. കഴിഞ്ഞ 20 വര്‍ഷമായി കാഞ്ഞങ്ങാട് സാമാന്യം നല്ല ബിസിനസ്സ് നടത്തുന്നുണ്ട്. എന്നെ ഉപയോഗിച്ച് പ്രസ്ഥാനത്തെ ആക്രമിക്കാനാണ് ഇവിടെ ശ്രമം നടക്കുന്നതെന്നും രമേശന്‍ കുറ്റപ്പെടുത്തി.

യഥാര്‍ഥ വസ്തുതകള്‍ മറച്ചുവെച്ചാണ് മകള്‍ക്ക് പരിയാരത്ത് സീറ്റ് തരപ്പെടുത്തിയതെന്ന് സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറിയും വ്യക്തമാക്കിയിരുന്നു. ജില്ലാ കമ്മിറ്റിയുടെ ശക്തമായ സമ്മര്‍ദവും സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശത്തിന്റെയും അടിസ്ഥാനത്തിലാണ് രമേശന്‍ മകളുടെ സീറ്റ് വേണ്ടെന്നു വച്ചത്
--
വിദ്യാഭ്യാസമന്ത്രിയും മകന്റെ സീറ്റ് വേണ്ടെന്നുവെച്ചു
Posted on: 10 Jun 2011
തിരുവനന്തപുരം: ജൂബിലി കോളേജില്‍ മകന് ലഭിച്ച പോസ്റ്റ് ഗ്രാജുവേറ്റ് സീറ്റ് വേണ്ടെന്നുവെച്ചുവെന്ന് വിദ്യാഭ്യാസമന്ത്രി പി. കെ. അബ്ദുറബ്ബ് അറിയിച്ചു.സീറ്റ് നേടിയത് ന്യായമായ രീതിയിലാണ്. ധാര്‍മ്മികതയുടെ പേരിലാണ് സീറ്റ് ഉപേക്ഷിക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച യൂത്ത് ലീഗും വിദ്യാഭ്യാസമന്ത്രിയുടെ മകന്റെ സീറ്റിന്റെ പേരില്‍ ആരോപണം ഉന്നയിച്ചിരുന്നു.
--
എട്ടാം ക്ലാസിലെ 55000 പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി സൈക്കിള്‍
തിരുവനന്തപുരം: പട്ടികജാതി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന്റെ ഭാഗമായി എട്ടാം ക്ലാസില്‍ പഠിക്കുന്ന എല്ലാ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി സൈക്കിള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി എ.പി.അനില്‍കുമാര്‍. സര്‍ക്കാറിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി പട്ടികജാതി-വിനോദസഞ്ചാര വകുപ്പുകളുടെ പദ്ധതികള്‍ പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി.

55,000 വിദ്യാര്‍ഥികളാണ് ഈ അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്നത്. 16 കോടിയോളം രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഓണത്തോടെ ആദ്യഘട്ടം വിതരണം നടത്തും. ഈ അധ്യയന വര്‍ഷം തന്നെ എല്ലാപേര്‍ക്കും സൈക്കിളുകള്‍ നല്‍കും. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സംവരണമില്ലാതെ തന്നെ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പ്രവേശനം ഉറപ്പാക്കുന്നതിനുള്ള വിഷന്‍ 2013 പദ്ധതിക്ക് തുടക്കം കുറിക്കും. കഴിഞ്ഞ അധ്യയന വര്‍ഷം പത്താം ക്ലാസ് പരീക്ഷയില്‍ എ, എ പ്ലസ് ഗ്രേഡുകള്‍ ലഭിച്ച എല്ലാ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി എന്‍ട്രന്‍സ് കോച്ചിങ് നല്‍കും. 2013 ലെ എന്‍ട്രന്‍സ് പരീക്ഷക്ക് ഇവരെ സജ്ജരാക്കുകയാണ് ലക്ഷ്യം. ജില്ലാതലങ്ങളില്‍ മികച്ച പരിശീലന സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ട്യൂഷന്‍ ഫീസ് സ്ഥാപനങ്ങള്‍ക്ക് നേരിട്ട് നല്‍കും. വിദ്യാര്‍ഥികള്‍ക്ക് യാത്രാച്ചെലവും നല്‍കും. രണ്ടുകോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്തെ 90 പട്ടികജാതി പ്രീമെട്രിക് ഹോസ്റ്റലുകളോടനുബന്ധിച്ച് ലൈബ്രറികള്‍ സ്ഥാപിക്കും. കമ്പ്യൂട്ടര്‍, ഇന്റര്‍ നെറ്റ് സംവിധാനവും ഒരുക്കും. 140 നിയോജകമണ്ഡലങ്ങളിലും വിജ്ഞാന്‍ വാടി കമ്യൂണിറ്റി ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിക്കും. എല്ലാ എം.എല്‍.എമാര്‍ക്കും തങ്ങളുടെ മണ്ഡലത്തില്‍പ്പെട്ട എതെങ്കിലും ഒരു പട്ടികജാതി സെറ്റില്‍മെന്റ് പദ്ധതി നടപ്പാക്കാനായി നിര്‍ദേശിക്കാം. ഇവിടെ കമ്യൂണിറ്റി സെന്റര്‍ ഉണ്ടെങ്കില്‍ ലൈബ്രറി, റീഡിങ് റൂം, ദിനപത്രങ്ങള്‍, പ്രമുഖ ആനുകാലികങ്ങള്‍, ഇന്റര്‍നെറ്റ് കണക്ഷനോടുകൂടിയ കമ്പ്യൂട്ടറുകള്‍ എന്നിവ അനുവദിക്കും. കെട്ടിടമില്ലെങ്കില്‍ സ്ഥലം ലഭ്യമാക്കിയാല്‍ കെട്ടിട നിര്‍മാണത്തിനുള്ള പണം നല്‍കും. പിന്നാക്ക വികസനത്തിനായി നല്‍കുന്ന വിദ്യാഭ്യാസവായ്പയുടെ പരിധി രണ്ടുലക്ഷത്തില്‍നിന്ന് മൂന്നുലക്ഷമായി ഉയര്‍ത്തി. നൂറു ദിവസത്തിനകത്ത് അപേക്ഷിക്കുന്നവര്‍ക്ക് മുതല്‍ ഇത് ലഭ്യമാക്കും -മന്ത്രി പറഞ്ഞു.
--
മെഡിക്കല്‍ പി.ജി: പകുതി സീറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തു
Posted on: 11 Jun 2011
മാനേജ്‌മെന്‍റ് പ്രവേശനം റദ്ദാക്കി
തിരുവനന്തപുരം: മെഡിക്കല്‍ പി.ജി. പ്രവേശനത്തില്‍ സര്‍ക്കാരിനവകാശപ്പെട്ട 50 ശതമാനം സീറ്റ് ഏറ്റെടുത്തുകൊണ്ട് ഉത്തരവിറങ്ങി. ഈ സീറ്റുകളിലേക്ക് മാനേജ്‌മെന്‍റുകള്‍ നടത്തിയ പ്രവേശനവും സര്‍ക്കാര്‍ റദ്ദാക്കി. മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശനത്തിന് ഇത് ബാധകമാണ്. പത്ത് സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ നിന്നായി എഴുപത് സീറ്റുകളാണ് ഇതുവഴി സര്‍ക്കാര്‍ മെറിറ്റ് സീറ്റായി ലഭ്യമാകുക.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍േറതാണ് ഉത്തരവ്. നിയമപ്രകാരം 50 ശതമാനം മെഡിക്കല്‍ പി.ജി. സീറ്റുകള്‍ സര്‍ക്കാരിന് അവകാശപ്പെട്ടതായിരുന്നു. എന്നാല്‍ മാനേജ്‌മെന്‍റുമായുണ്ടാക്കിയ കരാര്‍ പ്രകാരം നിശ്ചിത തീയതിക്കകം മെറിറ്റ് ലിസ്റ്റ് നല്‍കാന്‍ സര്‍ക്കാരിനായില്ല. മെറിറ്റ് സീറ്റിലേക്കുള്ള പട്ടിക ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് മാനേജ്‌മെന്‍റ് ഈ സീറ്റുകളിലേക്ക് സ്വന്തം നിലയില്‍ പ്രവേശനം നടത്തുകയും ചെയ്തു. മാനേജ്‌മെന്‍റ് മെറിറ്റ് ക്വാട്ട കൈവശപ്പെടുത്തിയപ്പോള്‍ അതില്‍ ഓരോ സീറ്റ് മന്ത്രിമാരായ അടൂര്‍ പ്രകാശിന്റെയും പി.കെ.അബ്ദുറബ്ബിന്റെയും മക്കള്‍ക്ക് ലഭിക്കുകകൂടി ചെയ്തതോടെ പ്രശ്‌നം ആളിക്കത്തി.

മന്ത്രിമാര്‍ മക്കള്‍ക്കായി സീറ്റ് തരപ്പെടുത്തി മെറിറ്റ് ക്വാട്ട മാനേജ്‌മെന്‍റുകള്‍ക്ക് വിട്ടുനല്‍കുകയായിരുന്നുവെന്ന് ആരോപണമുയര്‍ന്നു. ഇതേത്തുടര്‍ന്ന് മന്ത്രി അടൂര്‍ പ്രകാശ് ആദ്യവും മന്ത്രി അബ്ദുറബ്ബ് അവസാനനിമിഷവും മക്കളുടെ സീറ്റ് ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചു.

ഇതേസമയം മുന്‍ സര്‍ക്കാരിന്റെ കാലത്തുതന്നെ മെറിറ്റ് ക്വാട്ടയിലേക്കുള്ള കുട്ടികളുടെ പട്ടിക നല്‍കാനുള്ള അവസരമുണ്ടായിരുന്നു. എല്‍.ഡി.എഫ്. സര്‍ക്കാര്‍ അതിന് മുതിരാതെ മാനേജ്‌മെന്‍റുകള്‍ക്കനുകൂല നിലപാടാണ് എടുത്തതെന്നും വിമര്‍ശനമുണ്ട്. തുടര്‍ന്നുവന്ന യു.ഡി.എഫ്. സര്‍ക്കാരും മെറിറ്റ് പട്ടിക നടപടികള്‍ പൂര്‍ത്തിയാക്കി നല്‍കിയില്ല. പട്ടിക നല്‍കാനുള്ള തീയതി തീരുംമുമ്പ് മാനേജ്‌മെന്‍റുകളുമായുള്ള കരാര്‍ പുതുക്കാനും സര്‍ക്കാര്‍ തയ്യാറായില്ല. കരാര്‍ പുതുക്കിയിരുന്നെങ്കില്‍ മെറിറ്റ് സീറ്റ് മാനേജ്‌മെന്‍റുകളുടെ കൈവശം എത്തുന്നത് തടയാമായിരുന്നു.

എന്നാല്‍ മെറിറ്റ് സീറ്റിലേക്കുള്ള പട്ടിക നല്‍കാന്‍ ജൂണ്‍ 30 വരെ സുപ്രീം കോടതി സമയമനുവദിച്ചിരുന്നുവെന്നും അതിനാലാണ് പട്ടിക നല്‍കാഞ്ഞതെന്നുമാണ് സര്‍ക്കാര്‍ വാദം. വിവാദങ്ങള്‍ക്കിടെ, മാനേജ്‌മെന്‍റുകള്‍ മെറിറ്റ് ക്വാട്ട കൈയടക്കുകയായിരുന്നു.

പ്രശ്‌നത്തിലിടപെട്ട ഹൈക്കോടതി, മാനേജ്‌മെന്‍റുകള്‍ നടത്തിയ പ്രവേശനം സ്റ്റേ ചെയ്തിരുന്നു. വിവാദം പുകഞ്ഞതോടെ പ്രശ്‌നത്തില്‍നിന്ന് തലയൂരാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. മെറിറ്റ് സീറ്റ് ഏറ്റെടുത്തും മാനേജ്‌മെന്‍റ് ഈ സീറ്റുകളിലേക്ക് നടത്തിയ പ്രവേശനം റദ്ദാക്കിയും വിവാദം അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം.

മെറിറ്റ് ക്വാട്ട സര്‍ക്കാര്‍ ഏറ്റെടുത്തതോടെ പ്രവേശന പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ സീറ്റുകളിലേക്കുള്ള പ്രവേശനം. അതിനൊപ്പം പുതുതായി കേസുകളും ഉണ്ടായേക്കാം.
=
പാഠപുസ്തകമെത്തിയില്ല; കെ.എസ്.യുക്കാര്‍ ഡി.ഇ.ഒ. ഓഫീസ് ഉപരോധിച്ചു
Posted on: 11 Jun 2011
കാഞ്ഞങ്ങാട്: അധ്യയനം തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പാഠപുസ്തക വിതരണം സക്രിയമാവാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.യു. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഡി.ഇ.ഒ. ഓഫീസ് ഉപരോധിച്ചു.

ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ചുമതല വഹിക്കുന്ന ജൂനിയര്‍ സൂപ്രണ്ട് ടി.വി.രാധാകൃഷ്ണനെ പ്രവര്‍ത്തകര്‍ ഘെരാവോ ചെയ്തു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ജില്ലയിലെ പാഠപുസ്തക വിതരണം ഉടന്‍ പൂര്‍ത്തിയാക്കുന്ന കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ജൂനിയര്‍ സൂപ്രണ്ട് ഉറപ്പ് നല്‍കിയതോടെ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി.

ഉപരോധ സമരമറിഞ്ഞ് ഹൊസ്ദുര്‍ഗ്ഗ് പോലീസ് സ്ഥലത്തെത്തി. കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ജോമോന്‍ ജോസ്, പ്രദീപ്കുമാര്‍, എം.ആഷിഷ്, തോമസ് നോയല്‍, ടോമിന്‍ ജോസഫ്, രതീഷ് ഇരിയ, മനീഷ് മൈലാട്ടി, പ്രജീഷ്, പ്രവീണ്‍കുമാര്‍, അന്‍ജിത്ത് കെ. തോമസ്, ദീപ എന്നിവര്‍ നേതൃത്വം നല്‍കി.


-
സര്‍ക്കാര്‍ സ്കൂളുകളില്‍ 1061 അധ്യാപക ഒഴിവ്
Posted on: 11-Jun-2011 12:07 AM
മലപ്പുറം: അധ്യാപകരുടെ ഒഴിവുകള്‍ നികത്താത്തതിനാല്‍ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍ . ജില്ലയിലെ 543 സ്കൂളുകളിലായി 1061 അധ്യാപകരുടെ ഒഴിവാണ് വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കിയിട്ടുള്ളത്. ഈ അധ്യയന വര്‍ഷത്തെ പൊതു സ്ഥലംമാറ്റം നടപ്പാക്കിയശേഷമുള്ള കണക്കാണിത്. അധ്യാപകരില്ലാത്തതിനാല്‍ മിക്ക സ്കൂളുകളും പ്രതിസന്ധിയിലാണ്. മിക്കയിടത്തും ദിവസവേതനത്തിന് അധ്യാപകരെ നിയമിച്ചാണ് പ്രതിസന്ധി മറികടക്കുന്നത്. പല വിഷയങ്ങളിലും പിഎസ്സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കിലും നിയമനം ഇഴഞ്ഞുനീങ്ങുകയാണ്. 348 സര്‍ക്കാര്‍ എല്‍പി സ്കൂളുകളിലായി 297ഉം 109 യുപി സ്കൂളുകളിലായി 135 ഉം അധ്യാപകരുടെ ഒഴിവുണ്ട്. വിവിധ വിഷയങ്ങളിലായി ഹൈസ്കൂള്‍ അസിസ്റ്റന്റ് തസ്തികയില്‍ 350ലേറെ ഒഴിവാണുള്ളത്. ഫിസിക്കല്‍ സയന്‍സില്‍ മാത്രം 107 ഒഴിവുണ്ട്. മലയാളം (51), അറബിക്് (43), ഇംഗ്ലീഷ് (37), സോഷ്യല്‍ സയന്‍സ് (17), നാച്വറല്‍ സയന്‍സ് (29), മാത്സ് (29), ഉറുദു(13), ഹിന്ദി (ആറ്) സംസ്കൃതം (ആറ്), എന്നിങ്ങനെയാണ് ഒഴിവ്. ഹൈസ്കൂള്‍ വിഭാഗത്തില്‍ പാര്‍ട്ടൈം അധ്യാപക തസ്തികകളിലും ഒഴിവുണ്ട്. അറബിക് (ഒന്ന്), മലയാളം (ഒന്ന്), സംസ്കൃതം (രണ്ട്) എന്നിങ്ങനെയാണ് കണക്ക്. ഡ്രോയിങ് (നാല്), തുന്നല്‍ (15), സംഗീതം (ഏഴ്), കായികം (15), എന്നിങ്ങനെയാണ് സ്പെഷ്യല്‍ അധ്യാപക ഒഴിവ്. യുപി, എല്‍പി വിഭാഗങ്ങളിലായി 188 ഭാഷാധ്യാപകരുടെ ഒഴിവുണ്ട്. യുപി വിഭാഗത്തില്‍ ഹിന്ദിയിലാണ് ഏറ്റവും കൂടുതല്‍ ഒഴിവ് (55). അറബിക് (38), സംസ്കൃതം (രണ്ട്), ഉറുദു (നാല്), എല്‍പി വിഭാഗം അറബിക് (53), പാര്‍ട്ടൈം വിഭാഗത്തില്‍ ഹിന്ദി (ഒമ്പത്), ഉറുദു (15), യുപി അറബിക് (രണ്ട്), എല്‍പി അറബിക് (മൂന്ന്), സംസ്കൃതം (ആറ്) എന്നിങ്ങനെയാണ് ഒഴിവ്. 50 പ്രൈമറി സ്കൂളുകളില്‍ പ്രധാനാധ്യാപക ഒഴിവുണ്ട്. പ്രൈമറി ക്ലാസുകളിലെ മുഴുവന്‍ കാര്യങ്ങളും നോക്കിനടത്തേണ്ടത് പ്രധാനാധ്യാപകരായതിനാല്‍ ഇവരുടെ ഒഴിവ് നികത്താത്തത് സ്കൂളുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. മിക്ക വിഷയങ്ങളിലും പിഎസ്സി റാങ്ക്ലിസ്റ്റ് നിലവിലുണ്ട്. പലതിലും നിയമനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ മുഴുവന്‍ ഒഴിവുകളും നികത്തണമെങ്കില്‍ ഇനിയും കാലതാമസമെടുക്കും. അതുവരെ താല്‍ക്കാലിക അധ്യാപകരെ ആശ്രയിച്ചാകും സ്കൂളുകള്‍ പ്രവര്‍ത്തിക്കുക.

No comments: