Tuesday, June 14, 2011

മണ്ണടിയുമോ..... മണ്ണിന്റെ മക്കളുടെ ഈ പാഠശാലകള്‍

Posted on: 13-Jun-2011 01:22 PM

ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ വിരിയുന്ന വിദ്യാഭ്യാസ രീതി ഇവിടെയില്ല. പകരം സ്കൂള്‍ മണിയടിക്കുന്ന സമയത്തിനുമുന്നേ ആനച്ചൂര് മണക്കുന്ന വഴിയിലൂടെ ഒറ്റയാന്റെ പിടിയില്‍നിന്നും വഴുതിമാറി പൊന്തക്കാടിന്റെ മറപറ്റി പാഠശാലയിലെത്തുന്ന കുട്ടികള്‍ . പാഠഭാഗങ്ങള്‍ പകര്‍ന്നുനല്‍കാന്‍ ഒരു അധ്യാപകന്‍ .നാലാംതരംവരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒറ്റ ക്ലാസ് മുറി.

ജില്ലയില്‍ അമ്പത്തിനാലോളംഏകാധ്യാപക വിദ്യാലയങ്ങളാണുള്ളത്. ഇവിടെ പഠിക്കുന്ന 98 ശതമാനം കുട്ടികളും ആദിവാസികളാണ്. ആയിരത്തി മുന്നൂറോളം കുട്ടികള്‍ ഈ സ്കൂളുകളില്‍ പഠിക്കുന്നുണ്ട്. എന്നാല്‍ ഈ സ്കൂളുകള്‍ പൂട്ടുമോയെന്ന ആശങ്കയിലാണ് വയനാട്ടിലെ ഏകാധ്യാപക വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും. 1997ലാണ് സംസ്ഥാനത്ത് കേന്ദ്രഗവണ്‍മെന്റിന്റെ ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി പ്രകാരം ഏകാധ്യാപക വിദ്യാലയങ്ങള്‍ തുടങ്ങിയത്. ഇതനുസരിച്ച് സംസ്ഥാനത്ത് കാസര്‍കോഡ്, വയനാട്, മലപ്പുറം, ഇടുക്കി എന്നിവിടങ്ങളിലായി 446 വിദ്യാലയങ്ങള്‍ തുടങ്ങി. വയനാട്ടില്‍ 10 സ്കൂളുകളാണ് തുടക്കത്തില്‍ ആരംഭിച്ചത്. പിന്നീട് 62 എണ്ണംകൂടി തുടങ്ങി. ഇപ്പോള്‍ 54 എണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഈ പ്രൊജക്ടിന്റെ കാലാവധി 2002 ഓടെ അവസാനിച്ചു. ഇതോടെ പദ്ധതി അവതാളത്തിലാകുമെന്ന സ്ഥിതിയാണ്. എന്നാല്‍ എസ്എസ്എ പദ്ധതി ഏറ്റെടുത്തു. 2010 ഓടെ പ്രൊജക്ട് നിര്‍ത്തി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ തുക വകയിരുത്തിയെങ്കിലും ഇപ്പോള്‍വന്ന യുഡിഎഫ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ അലംഭാവം കാണിക്കുകയാണ്.


അധ്യാപകരുടെ സ്ഥിതി ദയനീയം

വിദ്യാലയങ്ങള്‍ ആരംഭിക്കുമ്പോള്‍ പ്രാഥമികമായ ഒരു സൗകര്യവും ഒരുക്കിയിരുന്നില്ല. ഏകാധ്യാപക വിദ്യാലയങ്ങളില്‍ ക്ലാസെടുക്കുന്ന അമ്പത്തിനാലോളം അധ്യാപകരുടെ സ്ഥിതി ദയനീയമാണ്. സമീപ പ്രദേശങ്ങളിലുള്ള എസ്എസ്എല്‍സി പാസായവരെയാണ് 1997ല്‍ അധ്യാപകരായി തെരഞ്ഞെടുത്തത്. ഇവര്‍ക്ക് ആന്ധ്രാപ്രദേശിലെ റിജു കൃഷ്ണമൂര്‍ത്തി ഫൗണ്ടേഷനില്‍ പരിശീലനവും നല്‍കി. ആദിവാസി മേഖലയിലുള്ള വിദ്യാര്‍ഥികളെ അവരുടെ ഗോത്രഭാഷയില്‍ നിന്ന് മലയാള ഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്യുകയാണ് ചെയ്യുക. ഇതിന് "സ്വയം പഠന കാര്‍ഡുകള്‍" എന്ന സംവിധാനമാണ് ഉപയോഗിക്കുക. 3500 രൂപയാണ് ഇവര്‍ക്ക് ശമ്പളമായി കിട്ടുന്നത്. എസ്എസ്എ ഏറ്റെടുക്കുമ്പോള്‍ ടിടിസി നിര്‍ബന്ധമാക്കി. ഇവരുടെ അഭാവത്തില്‍ മാത്രമെ മുന്‍പരിചയമുള്ളവരെ പരിഗണിക്കുകയുള്ളുവെന്ന് തീരുമാനിച്ചു. ടിടിസി യോഗ്യതയുള്ളവര്‍ വന്നെങ്കിലും ഇവര്‍ പിന്നീട് ജോലി രാജിവെക്കുകയാണുണ്ടായത്. ഈ വിദ്യാലയങ്ങളില്‍ ജോലിയെടുക്കുന്ന അധ്യാപകര്‍ക്ക് കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ ശമ്പളം കിട്ടിയിട്ടില്ല.



വയനാട്ടില്‍ ഏകാധ്യാപക വിദ്യാലയങ്ങളുടെ പ്രസക്തി

നിയമങ്ങള്‍ എന്തുതന്നെയായാലും ഏകാധ്യാപക വിദ്യാലയങ്ങള്‍ ഗ്രാമങ്ങളിലെ സ്കൂളുകളില്‍ എത്തിച്ചേരാന്‍ കഴിയാത്ത ഉള്‍നാടുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഒരനുഗ്രഹമാണ്. ഈ വിദ്യാലയങ്ങള്‍ പൂട്ടിയാല്‍ കാടിറങ്ങി നാട്ടിലേക്ക് ഒരു കുട്ടിയും അക്ഷരം അഭ്യസിക്കാന്‍ എത്തില്ല എന്ന് തീര്‍ച്ചയാണ്. നാലാംക്ലാസ് പൂര്‍ത്തിയാക്കുന്ന കുട്ടികളെ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകര്‍ ട്രൈബല്‍ ഹോസ്റ്റലുകളിലാക്കി പഠിപ്പിക്കുന്നു. ഇതനുസരിച്ച് ഉന്നത വിദ്യാഭ്യാസംനേടിയ നിരവധി പേര്‍ ജില്ലയിലെ മിക്ക ആദിവാസി ഊരുകളിലുമുണ്ട്. കോളനിവാസികള്‍ക്കിടയില്‍ ശുചിത്വബോധവും സാമൂഹ്യബോധവും സൃഷ്ടിച്ച ഈ പാഠശാലകള്‍ അടച്ചുപൂട്ടുന്നതോടെ പുതിയ തലമുറയില്‍പെട്ട കുട്ടികള്‍ വീണ്ടും ഇരുളടഞ്ഞ ഭൂതകാലത്തിലേക്ക് തിരിച്ചുപോകും.

No comments: