Tuesday, June 14, 2011

കൊഴിഞ്ഞുപോയ വിദ്യാര്‍ഥികളെ തിരികെയെത്തിച്ച് വാളാട് ഗവ. ഹയര്‍ സെക്കന്‍ഡറി

Posted on: 14 Jun 2011
വാളാട്: പ്രതികൂല സാഹചര്യങ്ങളില്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച 15 ആദിവാസി കുട്ടികള്‍ക്ക് വീണ്ടും അക്ഷരങ്ങളുടെ വാതില്‍ തുറന്നു കൊടുക്കുകയാണ് വാളാട് സ്‌കൂള്‍. ഇവര്‍ക്കായി പ്രത്യേകം പ്രവേശനോത്സവം സംഘടിപ്പിക്കാനും സ്‌കൂള്‍ അധികൃതര്‍ മറന്നില്ല. ജില്ലയില്‍ ആദ്യമായാണ് കൊഴിഞ്ഞുപോയവര്‍ക്ക് മാത്രമായി പ്രവേശനോത്സവം നടന്നത്.

പി.ടി.എ. പ്രതിനിധികള്‍ നേരിട്ടിറങ്ങിയാണ് തവിഞ്ഞാല്‍ പഞ്ചായത്തിലെ വിവിധ ആദിവാസി കോളനിയില്‍ പഠനം ഉപേക്ഷിച്ചവരെ കണ്ടെത്തിയത്. കൊളങ്ങാട്, പുത്തൂര്‍ കോളനിയില്‍നിന്നും അമ്പലക്കുന്ന് സങ്കേതത്തില്‍നിന്നുമാണ് പഠനം ഉപേക്ഷിച്ച 15 കുട്ടികളെ കണ്ടെത്തിയത്.

ചെണ്ടമേളത്തിന്റെയും തുടിയുടെയും അകമ്പടിയോടെയാണ് വിദ്യാര്‍ഥികളെ നവാഗതരുടെ കരംപിടിച്ച് വിദ്യാലയത്തിലേക്ക് ആനയിച്ചത്. ജെ.ആര്‍.സി., സ്‌കൗട്ട് എന്നിവയും പ്രവേശനോത്സവത്തിന് നേതൃത്വം നല്‍കി. പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം ചിന്നമ്മ ജോസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഇ.എം. പിയൂസ് അധ്യക്ഷത വഹിച്ചു. പി.ടി. സുഗതന്‍ മുഖ്യപ്രഭാഷണം നടത്തി. കെ. സുരേഷ്, വി. സ്മിത, വി. കൃഷ്ണന്‍, എന്‍.വി. ഷിജു, ടി. സിദ്ദിഖ്, സജിമോന്‍ സ്‌കറിയ, പി.വി. സുധീഷ് എന്നിവര്‍ സംസാരിച്ചു.

ക്രിസ്ത്യന്‍ മാനേജ്മെന്റ് നിലപാട് ധാര്‍ഷ്ട്യമെന്ന് വെള്ളാപ്പള്ളി
Posted on: 13-Jun-2011 07:57 AM
പുനലൂര്‍ : സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ 50 ശതമാനം സീറ്റ് സര്‍ക്കാരിന് വിട്ടുകൊടുക്കില്ലെന്ന ക്രിസ്ത്യന്‍ മാനേജ്മെന്റുകളുടെ നിലപാട് ധാര്‍ഷ്ട്യം നിറഞ്ഞതും സാമൂഹ്യനീതി നിഷേധവുമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പളി നടേശന്‍ പറഞ്ഞു. പുനലൂര്‍ എസ്എന്‍ഡിപി യൂണിയന്‍ പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനംചെയ്യാനെത്തിയ വെള്ളാപ്പള്ളി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. മതമേലധ്യക്ഷന്മാരുടെ ധാര്‍ഷ്ട്യം നിറഞ്ഞ ഇപ്പോഴത്തെ നിലപാട് ശരിയല്ല. എംഇഎസ് സീറ്റുകള്‍ വിട്ടുകൊടുക്കുമെന്ന് പറഞ്ഞിട്ടും സീറ്റ് നല്‍കാതെ ക്ലാസ് തുടങ്ങാനുള്ള തീരുമാനം അപലനീയമാണ്. സമൂഹത്തിലെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിനുള്ള അവസരം നിഷേധിക്കുന്ന നടപടിയാണ് ഇത്. സിബിഎസ്ഇ സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കണമെന്നാണ് എസ്എന്‍ഡിപി യോഗത്തിന്റെ നിലപാട്. സ്കൂളുകള്‍ ഗുണനിലവാരത്തില്‍ മികവ് പുലര്‍ത്തിയാല്‍ എന്‍ഒസി നല്‍കണം. സിബിഎസ്ഇ സ്കൂളുകള്‍ക്ക് അംഗീകാരം ലഭിക്കുന്നതോടെ ആരോഗ്യകരമായ മത്സരമുണ്ടായാല്‍ അത് ഗുണകരമാകും. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയാല്‍ അഖിലേന്ത്യ മത്സരപ്പരീക്ഷകളും സിവില്‍ സര്‍വീസ് പരീക്ഷകളും വിജയിക്കാനാകും. ഉന്നതനിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരമൊരുക്കുകയാണ് വേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രത്യേക സമ്മേളനത്തില്‍ വെള്ളാപ്പള്ളി അധ്യക്ഷനായി. യൂണിയന്‍ അഡ്മിനിസ്ട്രേറ്റര്‍ കെ പത്മകുമാര്‍ സംസാരിച്ചു. പുനലൂരിലെ എസ്എന്‍ഡിപി യൂണിയന്‍ ഭരണസമിതി പിരിച്ചുവിട്ടതിനുശേഷം ചേര്‍ന്ന ആദ്യസമ്മേളനമാണിത്.
---

ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിലും വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ്
Posted on: 14-Jun-2011 12:54 AM
  • കോഴഞ്ചേരി: ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിലും വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ്. ആറാം പ്രവൃത്തി ദിവസത്തെ തലയെണ്ണല്‍ പ്രക്രിയ പൂര്‍ത്തിയായതോടെയാണ് 2010-2011 വിദ്യാഭ്യാസ വര്‍ഷത്തെക്കാള്‍ 147 കുട്ടികളുടെ കുറവ് കണ്ടെത്തിയിട്ടുള്ളത്.
  • ഒന്നാം ക്ലാസില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 35 കുട്ടികള്‍ അധികം പ്രവേശനം കരസ്ഥമാക്കിയപ്പോള്‍ മറ്റ് ക്ലാസുകളില്‍ എയ്ഡഡ്, സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിച്ചിരുന്ന കുട്ടികള്‍ കൊഴിഞ്ഞുപോയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
  • ഒന്നാം ക്ലാസ്സിലെ പ്രവേശനത്തില്‍ വര്‍ധനയുള്ളപ്പോള്‍തന്നെ കഴിഞ്ഞ അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴുവരെ ക്ലാസ്സുകളില്‍ 1840 കുട്ടികളുണ്ടായിരുന്നത് ഇക്കുറി 1693 ആയി കുറഞ്ഞതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
  • ചില സ്കൂളുകളിലാകട്ടെ അഞ്ചില്‍ താഴെ കുട്ടികളാണ് ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നിട്ടുള്ളത്.
  • ആറന്മുള പഞ്ചായത്തിലെ മാലക്കര ഗവ. എല്‍പിഎസിലെ ആകെ 13 കുട്ടികളാണുള്ളത്. ഒന്നാം ക്ലാസ്സില്‍ ഇവിടെ രണ്ട് കുട്ടികള്‍ മാത്രമാണ്.
  • എരുമക്കാട് ഇഎഎല്‍പിഎസില്‍ 5 കുട്ടികള്‍ മാത്രമാണുള്ളത്. 4 ക്ലാസ്സുകളും ചേര്‍ന്നാല്‍ 25ല്‍ ഒതുങ്ങും.
  • 19 കുട്ടികള്‍ മാത്രം പഠിക്കുന്ന തുമ്പമണ്‍ നോര്‍ത്തില്‍ ഒന്നാം ക്ലാസ്സില്‍ 5 പേര്‍ മാത്രം.
  • ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പ്രസിദ്ധമായ കിടങ്ങന്നൂര്‍ മായാലുമണ്‍ എല്‍പി സ്കൂളില്‍ ഒന്നില്‍ പഠിയ്ക്കാനെത്തിയത് 3 കുട്ടികള്‍ മാത്രം.
  • ഉളളന്നൂര്‍ എംഎസ്സി എല്‍പിഎസില്‍ ഒന്നില്‍ നാല്, രണ്ടില്‍ ഒന്ന്, മൂന്നില്‍ രണ്ട്, നാലില്‍ ആറ് എന്ന നിലയിലാണ് കുട്ടികളെത്തിയത്.
  • ആറന്മുള പഞ്ചായത്തിലെ ളാക ഗവ. എസ്എന്‍ഡിപി എല്‍പി സ്കൂളില്‍ 20 കുട്ടികള്‍ മാത്രമാണ് പഠിതാക്കളായിട്ടുള്ളത്.
  • ഒന്നു മുതല്‍ 4 വരെ ക്ലാസ്സുകളില്‍ യഥാക്രമം 3,5,5,7 എന്നതാണ്. എയ്ഡഡ്, സര്‍ക്കാര്‍ സ്കൂളുകളില്‍ ഇവിടെ മികച്ച പഠന സംവിധാനങ്ങളാണുള്ളത്. കമ്പ്യൂട്ടര്‍ , ലാപ്ടോപ്പ്, എല്‍സിഡി പ്രൊജക്ടറുകള്‍ , ലാബുകള്‍ , ലൈബ്രറികള്‍ തുടങ്ങി ഒരുകുട്ടിയുടെ വളര്‍ച്ചയെ സഹായിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന സംവിധാനങ്ങളാണ് ഇവിടെയുള്ളത്. ആധുനിക ശാസ്ത്ര സാങ്കേതികവിദ്യ ഇവരുടെ ക്ലാസ് മുറിയില്‍ എത്തുംവിധം വികസിത രാജ്യങ്ങളെ വെല്ലുന്ന സംവിധാനങ്ങളാണ് ആറന്മുള സബ് ജില്ലയിലെ സ്കൂളുകളിലും മറ്റ് സബ് ജില്ലകളെപ്പോലെതന്നെയുള്ളത്. എന്നാല്‍ ചില സ്വകാര്യ അണ്‍ എയ്ഡഡ് സ്കൂളുകളില്‍ മൂത്രപ്പുരപോലുമില്ലെന്ന ആക്ഷേപവും നിലവിലുണ്ട്.
  • --
  • സി.ബി.എസ്.., .സി.എസ്.സി. സ്‌കൂളുകള്‍ക്ക് എന്‍..സി.നല്‍കണം
  • കോഴിക്കോട്: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സി.ബി.എസ്.ഇ., ഐ.സി.എസ്.സി. വിദ്യാലയങ്ങള്‍ക്കും എന്‍.ഒ.സി. നല്കണമെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ആവശ്യപ്പെട്ടു. എന്‍.ഒ.സി. നല്കാനുള്ള സര്‍ക്കാര്‍ തീരുമാനം ന്യൂനപക്ഷ പ്രീണനമാണെന്ന എന്‍.എസ്.എസ്. നിലപാട് നിരാശാജനകമാണെന്ന് സമിതി അഭിപ്രായപ്പെട്ടു.
  • കെ.പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കെ. മൊയ്തീന്‍കോയ, നിസാര്‍ ഒളവണ്ണ, കെ.പി. സുബൈര്‍, മുസ്തഫ മുണ്ടുപാറ, നടുക്കണ്ടി അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.
--

നിലം പതിക്കുമോ സ്‌കൂള്‍ കെട്ടിടങ്ങള്‍

കോഴിക്കോട്: ക്ലാസുകള്‍ ആരംഭിച്ച് രണ്ടാഴ്ചയായിട്ടും ജില്ലയിലെ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ജൂണ്‍ ഒന്നിന് ക്ലാസ് തുടങ്ങുന്ന ദിവസം തന്നെ റിപ്പോര്‍ട്ട് നല്കണമെന്നാണ് ഇത്തവണ നിര്‍ദേശം നല്കിയിരുന്നത്. ഇക്കാര്യം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സ്‌കൂള്‍ അധികൃതരെയും അറിയിച്ചിരുന്നു. എന്നിട്ടും ഈ നിര്‍ദേശം പാലിക്കാന്‍ ആരും തയ്യാറായിട്ടില്ല. കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുന്നത് പതിവായിട്ടും അനാസ്ഥ തുടരുകയാണ്. ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷന്‍, ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവയ്ക്കു കീഴിലുള്ള സ്‌കൂളുകളില്ലെല്ലാം ഇതുതന്നെയാണ് സ്ഥിതിയെന്നും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പറയുന്നു.

അയനിക്കാട്, ബാലുശ്ശേരി, മാവൂര്‍ എന്നീ സ്ഥലങ്ങളിലായി മുന്ന് സ്‌കൂള്‍കെട്ടിടങ്ങളാണ് സ്‌കൂള്‍ തുറന്നശേഷം തകര്‍ന്നുവീണത്. അയനിക്കാട് സ്‌കൂളിന്റെ രണ്ട് ക്ലാസ് മുറികള്‍ നിലംപതിച്ചത് പ്രവര്‍ത്തനസമയത്തായിരുന്നു. കുട്ടികള്‍ ഉച്ചഭക്ഷണത്തിന് പുറത്ത് പോയതു കൊണ്ട് മാത്രമാണ് കേരളം മറ്റൊരു ദാരുണ ദുരന്തത്തിന് സാക്ഷിയാവാതിരുന്നത്. ഇവിടെ കെട്ടിടങ്ങളുടെ മേല്‍ക്കൂരയുടെ മോന്തായം വരെ ജീര്‍ണിച്ച അവസ്ഥയിലായിരുന്നു. അപകടാവസ്ഥയിലായ സ്‌കൂള്‍ കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുമ്പോഴും ഉദ്യോഗസ്ഥര്‍ കണ്‍ചിമ്മുകയാണ്. ഫിറ്റ്‌നസ്സുള്ള സ്‌കൂളുകള്‍ക്കേ പ്രവര്‍ത്തിക്കാന്‍ അനുമതി നല്കാവൂ. എന്നാല്‍, അപകടമുണ്ടായ ശേഷമാണ് അയനിക്കാട് സ്‌കൂളിന്റെ കാര്യത്തില്‍ നടപടി എടുത്തത്. ഫിറ്റ്‌നസ് പരിശോധനകള്‍ വഴിപാടാവുന്നതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. സ്‌കൂള്‍ തുറന്ന് ഒരാഴ്ചയ്ക്കകംതന്നെ മൂന്നു സംഭവങ്ങള്‍ ഉണ്ടായിട്ടും തദ്ദേശ സ്വയംഭരണ മേധാവികളോ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരോ ഇക്കാര്യം വേണ്ടത്ര ഗൗരവത്തിലെടുക്കുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസ സ്ഥിരം സമിതികളുണ്ടെങ്കിലും ഈ സമിതി പോലും കാര്യക്ഷമമായി ഈ വിഷയത്തില്‍ ഇടപെടുന്നില്ല.

ഏത് നിമിഷവും സ്‌കൂള്‍കെട്ടിടം തങ്ങളുടെ മേല്‍ പതിക്കുമെന്ന ആശങ്കയോടെയാണ് പലയിടങ്ങളിലും വിദ്യാര്‍ഥികള്‍ ക്ലാസുകളിലിരിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കാണ് ഫിറ്റ്‌നസ് പരിശോധനയുടെ ചുമതല. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എന്‍ജിനീയര്‍മാരാണ് പരിശോധനകള്‍ നടത്തുന്നത്. എന്നാല്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ കാര്യത്തില്‍പ്പോലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടം ഉണ്ടാവുന്നില്ല. ഫിറ്റ്‌നസ് സമര്‍പ്പിക്കേണ്ട കാര്യം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഒന്നുപോലും ലഭിച്ചിട്ടില്ല. ഫിറ്റ്‌നസിന് അപേക്ഷ നല്കിയെന്ന വിവരം മാത്രമാണുള്ളതെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പറയുന്നു.

ഏപ്രില്‍ മാസത്തില്‍ എല്ലാ സ്‌കൂളുകളുടെയും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണം. അതിനുശേഷം ഉടന്‍ തന്നെ പരിശോധന നടത്തി റിപ്പോര്‍ട്ടും നല്കണം. പക്ഷേ, കോഴിക്കോട് ജില്ലയില്‍ മാത്രം ഇക്കാര്യത്തില്‍ കര്‍ശനമായ ഇടപെടല്‍ ഉണ്ടാവുന്നില്ല. ഒരു മാസം സമയം ലഭിച്ചിട്ടും പരിശോധനയ്ക്ക് വേണ്ടത്ര സമയം കിട്ടിയില്ല എന്നതാണ് കാരണമായി പറയുന്നത്.

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പോലും സമര്‍പ്പിക്കാതെയാണ് രണ്ടാഴ്ചയായി സ്‌കൂളുകളില്‍ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത്. ഫിറ്റ്‌നസ് റിപ്പോര്‍ട്ടുകള്‍ ലഭിക്കാന്‍ ജൂലായ് പകുതിയെങ്കിലുമാവുമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പറയുന്നു.
--

ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള ധനസഹായം ഗ്രാമപ്പഞ്ചായത്തുകള്‍ നല്‍കണം

കൊണ്ടോട്ടി: ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ധനസഹായം ഗ്രാമപ്പഞ്ചായത്തുകള്‍ ഒറ്റയ്ക്ക് വഹിക്കേണ്ടി വരും. ജില്ല, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകള്‍ സംയുക്തമായി ധനസഹായം നല്‍കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ജില്ലാ, ബ്ലോക്ക്, പഞ്ചായത്തുകള്‍ വിഹിതം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നതിനാല്‍ ധനസഹായം ഒറ്റയ്ക്ക് വഹിക്കാന്‍ സര്‍ക്കാര്‍ ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കുകയായിരുന്നു.

ധനസഹായത്തിന്റെ 50 ശതമാനം ഗ്രാമപ്പഞ്ചായത്ത്, 30 ശതമാനം ബ്ലോക്ക്പഞ്ചായത്ത്, 20 ശതമാനം ജില്ലാ പഞ്ചായത്ത് എന്ന രീതിയില്‍ നല്‍കാനായിരുന്നു നേരത്തെ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളുടെ വിഹിതം ലഭിക്കാത്തത് ഗ്രാമപ്പഞ്ചായത്തുകളെ പ്രതിസന്ധിയിലാക്കിയിരുന്നു.

ഗ്രാമപ്പഞ്ചായത്തുകള്‍ നീക്കിവെച്ച തുക മാത്രമായി ഗുണഭോക്താക്കള്‍ക്ക് വീതിച്ചു നല്‍കുകയായിരുന്നു കഴിഞ്ഞവര്‍ഷങ്ങളില്‍ ചെയ്തിരുന്നത്. മാനദണ്ഡപ്രകാരം ഒരു കുട്ടിക്ക് 8000നും 9000 രൂപയ്ക്കും ഇടയില്‍ ധനസഹായം നല്‍കേണ്ടതുണ്ട്. എന്നാല്‍ ജില്ലാ ബ്ലോക്ക് പഞ്ചായത്തുകള്‍ പിന്‍മാറിയതിനാല്‍ ചെറിയ സംഖ്യമാത്രമാണ് ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തിരുന്നത്.

മിക്ക ഗ്രാമപ്പഞ്ചായത്തുകളിലും ഒരുപാട് ഗുണഭോക്താക്കള്‍ ഈ വിഭാഗത്തിലുണ്ട്. ധനസഹായത്തിനുള്ള തുക ഗ്രാമപ്പഞ്ചായത്തുകള്‍ മറ്റു പദ്ധതികള്‍ വെട്ടിക്കുറച്ച് കണ്ടെത്തേണ്ടിവരും. അതേസമയം ജില്ലാ ബ്ലോക്ക്പഞ്ചായത്തുകള്‍ കൂടി തുക നീക്കിവെക്കാന്‍ താത്പര്യം കാട്ടുകയാണെങ്കില്‍ ധനസഹായം കാര്യക്ഷമമായി വിതരണം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് ഗ്രാമപ്പഞ്ചായത്തുകള്‍
--

സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി നല്‍കരുത്

മഞ്ചേരി: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനുവേണ്ടി സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് ലോഹ്യ വിചാരവേദി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
--

അണ്‍ എയ്ഡഡ് സ്‌കൂള്‍ പുസ്തകവിതരണം ഇനിയും തുടങ്ങിയില്ല

Posted on: 14 Jun 2011

ഒറ്റപ്പാലം: അണ്‍ എയ്ഡഡ്‌സ്‌കൂള്‍ പാഠപുസ്തകവിതരണവും സര്‍ക്കാര്‍ഡിപ്പോകളുടെ ചുമതലയില്‍നിന്ന് മാറ്റുന്നു. കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളുടെ പാഠപുസ്തകവിതരണം കെ.ബി.പി.എസ്സിനെ ഏല്പിച്ചപ്പോള്‍ അണ്‍ എയ്ഡഡ് മേഖലയിലെ പുസ്തകവിതരണം വിദ്യാഭ്യാസ ജില്ലാതലത്തിലെ സര്‍ക്കാര്‍ പുസ്തകഡിപ്പോകള്‍ തന്നെയാണ് നടത്തിയത്.

എന്നാല്‍, ഇത്തവണ കെ.ബി.പി.എസ്. പുസ്തകം സംഭരിച്ചിരിക്കുന്ന ഷൊറണൂര്‍ സര്‍ക്കാര്‍ സെന്‍ട്രല്‍ ടെക്സ്റ്റ്ബുക്ക് സ്റ്റോറുകളിലെത്തി ഏറ്റുവാങ്ങാനാണ് അണ്‍എയ്ഡഡ് സ്‌കൂളധികൃതര്‍ക്ക് ലഭിച്ച റിലീസ് ഓര്‍ഡറില്‍ പറയുന്നത്. എന്നാല്‍, എന്നുമുതല്‍ പുസ്തകം ലഭിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല. സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ പുസ്തകവിതരണം കഴിഞ്ഞശേഷം പുസ്തകം നല്‍കുമെന്നാണ് കെ.ബി.പി.എസ്. അധികൃതര്‍ അറിയിച്ചതെന്ന് പ്രധാനാധ്യാപകര്‍ പറഞ്ഞു.

പെട്ടെന്നുവേണ്ടവര്‍ എറണാകുളത്തെ കെ.ബി.പി.എസ്സിലെത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അണ്‍എയ്ഡഡ് പുസ്തകവിതരണം സംബന്ധിച്ച് സര്‍ക്കാര്‍ഡിപ്പോ അധികൃതര്‍ക്ക് ഒരു നിര്‍ദേശവും ലഭിച്ചിട്ടുമില്ല. രണ്ടാഴ്ചയായിട്ടും ഒരു പുസ്തകവും ലഭിക്കാതെയാണ് അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യയനം.

മെയ് മാസത്തില്‍ പുസ്തകത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍നടത്തി പണമടച്ചാണ് കാത്തിരിപ്പ്. പത്താംതരത്തില്‍ ഐ.ടി. ഒഴികെ എല്ലാ പുസ്തകങ്ങളും ഇത്തവണ മാറുന്നുണ്ട്. ഈ വിദ്യാര്‍ഥികളെയാണ് പാഠപുസ്തകമെത്താത്തത് ഏറെ പ്രയാസത്തിലാക്കിയത്. ഡി.ഡി.യുടെയും ഡി.ഇ.ഒ. മാരുടെയും നിയമനം നടത്താത്തതിനാല്‍ പരാതിപറയാന്‍ വിദ്യാഭ്യാസ അധികൃതരുമില്ലാത്ത അവസ്ഥയാണിപ്പോഴുള്ളത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ പുസ്തകങ്ങളും ഇതുവരെ ഒരിടത്തും പൂര്‍ണമായി എത്തിയിട്ടില്ല. ഷൊറണൂരിലെ സ്റ്റോറില്‍നിന്ന് സ്വകാര്യ കൊറിയര്‍ സ്ഥാപനമാണ് പുസ്തകങ്ങള്‍ സ്‌കൂളുകളിലെത്തിക്കുന്നത്.
--

താഴെതട്ടിലുള്ള വിദ്യാര്‍ത്ഥികളെ ആരും ശ്രദ്ധ ചെലുത്തുന്നില്ല -പ്രൊഫ. എം.കെ. സാനു

Posted on: 14 Jun 2011

കോലഞ്ചേരി: രാഷ്ട്രീയ കക്ഷികളും മതസംഘടനകളും ഏറ്റവും താഴെതട്ടിലുള്ള വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നില്ലെന്ന് പ്രൊഫ. എം.കെ. സാനു ചൂണ്ടിക്കാട്ടി.

ശ്രീനാരായണ ജനകീയ സമിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വടയമ്പാടി ഗവ. എല്‍പി സ്‌കൂളില്‍ സംഘടിപ്പിച്ച ജില്ലാതല യൂണിഫോം വിതരണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു

കൃഷ്ണപ്രസാദ് പഠിക്കുന്നത് സ്‌കൂളിലാണ്; അതിര്‍ത്തികടക്കുന്നത് പട്ടാളക്കാരെപ്പോലെ

Posted on: 14 Jun 2011

മലമ്പുഴ: വീട്ടിലേക്ക് വഴിയില്ലാതെ വിഷമിക്കുന്ന ചേമ്പനയിലെ ശിവദാസന്റെ കുടുംബത്തെ തീര്‍ത്തും ഒറ്റപ്പെടുത്തി വൈദ്യുതവേലിയും. വന്യമൃഗങ്ങളുടെ ശല്യംമൂലം രണ്ടുദിവസംമുമ്പ് അയല്‍ക്കാര്‍സ്ഥാപിച്ച വൈദ്യുതവേലിയാണ് ഈ കുടുംബത്തെ കൂടുതല്‍ ഒറ്റപ്പെടുത്തിയത്.

ഇതോടെ തന്റെ മകന്‍ കൃഷ്ണപ്രസാദിന്റെ വിദ്യാഭ്യാസം പോലും മുടങ്ങുന്ന സ്ഥിതിയാണെന്ന് ശിവദാസന്‍ പറയുന്നു. മലമ്പുഴ ജി.വി.എച്ച്.എസ്.എസ്സില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ കൃഷ്ണപ്രസാദിന് സ്‌കൂളിലേക്കുള്ള വരവ് ഇപ്പോള്‍ ഒരു കടമ്പയാണ്. ചുറ്റും സ്വകാര്യവ്യക്തികളുടെ സ്ഥലമായതിനാല്‍ വീട്ടിലേക്ക് പ്രവേശിക്കാന്‍ ഒരു വഴിയുമില്ല. വീടിനുപിറകില്‍ രണ്ടുദിവസംമുമ്പ് സ്വകാര്യവ്യക്തികള്‍ സ്ഥാപിച്ചിരിക്കുന്ന സൗരോര്‍ജവേലിയില്‍ ആദ്യം ടെസ്റ്റര്‍വെച്ച് കറന്റ് ഉണ്ടോയെന്ന് നോക്കണം. കറന്റ് ഉണ്ടെങ്കില്‍ തിരിഞ്ഞ് വീട്ടിലേക്ക് നടക്കണം. ഇല്ലെങ്കില്‍ സൗരോര്‍ജവേലികള്‍ക്കിടയിലൂടെ നൂഴ്ന്നുകടന്ന് അടുത്ത സൗരോര്‍ജ വേലിക്കരികിലെത്തും. അവിടെനിന്ന് നൂഴ്ന്നുകടന്ന് വനംവകുപ്പിന്റെ മണ്‍പാതയിലൂടെ മെയിന്‍ റോഡിലേക്ക്. തിരിച്ചുവരുമ്പോഴും പരീക്ഷണങ്ങള്‍ നടത്തിവേണം വീട്ടിലേക്ക് കയറാന്‍. സൗരോര്‍ജവേലിയില്‍ കറന്റ് ഇല്ലെങ്കിലും ഭയത്തോടെയാണ് കൃഷ്ണപ്രസാദും കുടുംബവും വേലിക്കിടയിലൂടെ നൂഴ്ന്ന് വഴിനടക്കുന്നത്.

വീട്ടിലേക്കുപോകാന്‍ നടവഴിയെങ്കിലും വേണമെന്ന ആവശ്യവുമായി കഴിഞ്ഞമാസമാണ് താലൂക്കോഫീസിന്റെമുന്നില്‍ ശിവദാസനും കൃഷ്ണപ്രസാദിന്റെ സഹോദരിയും സമരംചെയ്തത്. പിന്നീട് തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രധാനറോഡില്‍നിന്ന് തോടുവരമ്പിലൂടെ വഴി കൊടുക്കുന്ന കാര്യം പരിഗണിക്കുമെന്നും അറിയിച്ചിരുന്നു. സ്ഥലമളന്ന് തിട്ടപ്പെടുത്താന്‍ സമയമെടുക്കുമെന്നതിനാല്‍ മൂന്നുമാസം വേണ്ടിവരുമെന്നും പറഞ്ഞിരുന്നു.

38 വര്‍ഷംമുമ്പാണ് ശിവദാസന്‍ ചേമ്പനയില്‍ ഭൂമി വാങ്ങുന്നത്. അന്ന് ഇവര്‍ വാങ്ങിയ ഭൂമിയും ചുറ്റുമുള്ള ഭൂമിയിലും നെല്‍കൃഷിയായിരുന്നു. വീട്ടിലേക്കുള്ള വഴിയായി അന്ന് പാടവരമ്പും ഉണ്ടായിരുന്നു. പിന്നീട് ഭൂമി വാങ്ങിയവര്‍ നെല്‍കൃഷി അവസാനിപ്പിച്ച് തെങ്ങും കവുങ്ങും അവരുടെ ഭൂമിയില്‍ നട്ടുവളര്‍ത്തിയതോടെ ശിവദാസന് വഴി നഷ്ടപ്പെട്ടു. എന്നാല്‍ ഒരുവര്‍ഷംമുമ്പുവരെ ഭൂവുടമകള്‍ വഴിനടക്കാനുള്ള അനുവാദം ഇവര്‍ക്ക് കൊടുത്തിരുന്നതുമാണ്. ഇപ്പോള്‍ വഴി വിലകൊടുത്ത് വാങ്ങാന്‍ ശിവദാസന്‍ തയ്യാറാണെങ്കിലും കൊടുക്കാന്‍ ഭൂവുടമകള്‍ തയ്യാറില്ലെന്നാണ് ശിവദാസന്റെ ആരോപണം.
--

സ്‌കൂളിന് ഉപഹാരം നല്കി

കിഴക്കമ്പലം: തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ വെമ്പിള്ളി സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ പഠിക്കാനെത്തുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ സ്‌കൂളിനെ ശാസ്ത്ര സാഹിത്യ പരിഷത്ത് അഭിനന്ദിച്ചു.

ഇതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ കോലഞ്ചേരി മേഖലാ പ്രസിഡന്റ് കെ.എം. ചാക്കോ സ്‌കൂളിന് ഉപഹാരം നല്‍കി. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് സാറാമ്മ വര്‍ഗീസ് അധ്യക്ഷയായി. ഹെഡ്മാസ്റ്റര്‍ സി.കെ. രാജന്‍, പഞ്ചായത്തംഗം ജോസ് ജോര്‍ജ്, സിലിയ എം.പോള്‍, മേരി പോള്‍, ആനി ജോര്‍ജ്, അമ്പിളി എന്നിവര്‍ പങ്കെടുത്തു.
--

മഴപെയ്താല്‍ പഠനംമുടങ്ങും; കുടപിടിച്ച് കാരയ്ക്കാട് എല്‍.പി.എസ്.

ചെങ്ങന്നൂര്‍ : മാനമിരുണ്ടാല്‍ കാരയ്ക്കാട് ഗവ. എല്‍.പി.സ്‌കൂളില്‍ പഠനം തുടങ്ങും. പുറത്ത് മഴപെയ്തു തുടങ്ങിയാല്‍ ക്ലാസ്സിനകത്ത് കുട്ടികള്‍ കുടനിവര്‍ക്കും. ക്ലാസ്മുറികളുടെ മേല്‍ക്കൂരയിലെ ഓടുകള്‍ പൊട്ടിയും അകന്നും ഇരിക്കുകയാണ്. മഴയത്ത് ക്ലാസ്മുറിയിലേക്ക് വെള്ളം വീഴുമ്പോള്‍ അധ്യാപകര്‍ കുട്ടികളെ വെള്ളം വീഴാത്ത ഭാഗങ്ങളിലേക്ക് ഒന്നിച്ചുമാറ്റിയിരുത്തും. ഇതോടെ പഠനവും മുടങ്ങും.

സ്‌കൂളില്‍ നാലു ക്ലാസുകളിലായി 28 കുട്ടികള്‍ ഉണ്ട്. സ്ഥലസൗകര്യം തീരെ പരിമിതം. ചോര്‍ച്ചമൂലം വെള്ളം ഇറങ്ങി മേല്‍ക്കൂരയിലെ തടിക്കൂട്ട് ജീര്‍ണാവസ്ഥയിലാണ്. മേല്‍ക്കൂട്ടും പൊളിഞ്ഞുതുടങ്ങി. വെള്ളമിറങ്ങി ഭിത്തിയും അപകടാവസ്ഥയിലേക്ക് നീങ്ങുകയാണ്.

അധ്യാപകര്‍ക്ക് ഇരിക്കാന്‍ സ്ഥലമില്ല. ലൈബ്രറി വിഭാഗവും അരിപ്പെട്ടിയും മറ്റ് അലമാരകളുമെല്ലാം നിന്നുതിരിയാന്‍ ഇടമില്ലാത്ത ഓഫീസ് മുറിയിലാണ്.

മുമ്പ് ഓരോ ക്ലാസ്സിലും രണ്ട് ഡിവിഷന്‍വീതം ഉണ്ടായിരുന്നു. സമീപകാലത്താണ് കുട്ടികളുടെ എണ്ണം കുറഞ്ഞ് ലാഭകരമല്ലാത്ത സ്‌കൂളായത്. സ്ഥല സൗകര്യം വര്‍ധിപ്പിക്കണമെന്നത് ദീര്‍ഘകാലമായി ഉയരുന്ന ആവശ്യമാണെങ്കിലും ഇതുവരെയും നടപ്പായിട്ടില്ല.

'ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡ്' പദ്ധതിയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് കെട്ടിടംപണിക്ക് തുടക്കമായി. എന്നാല്‍, പകുതിവഴിയില്‍ മുങ്ങി. ഓഫീസ്മുറിയും രണ്ട് ക്ലാസ്മുറികളും ഉള്‍പ്പെട്ട കെട്ടിടമാണ് പണിയാന്‍ പദ്ധതിയിട്ടത്. ഭിത്തികെട്ടി തീര്‍ന്നപ്പോള്‍ പണി നഷ്ടമാണെന്നു പറഞ്ഞ് കരാറുകാരന്‍ പിന്‍വാങ്ങി. പിന്നീട്, പണിനടന്നിട്ടില്ല.

കട്ട കെട്ടിയപ്പോള്‍ വച്ചിരുന്ന ജനാലയും മറ്റും രാത്രി കാലത്ത് ആരോ ഇളക്കിയെടുത്തു. കട്ടയും പൊളിച്ചു കൊണ്ടു പോയിട്ടുണ്ട്. കെട്ടിടംപണി പുനരാരംഭിക്കാന്‍ പിന്നീട് ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ല.

സമൂഹവിരുദ്ധ ശല്യവുമുണ്ട്. കുടിവെള്ള ടാങ്കിന്റെ മൂടിയും അടുത്തിടെ മോഷണം പോയി.

പഠനസമയം കഴിഞ്ഞാല്‍ സ്‌കൂള്‍ വരാന്തയും മറ്റും ചീട്ടുകളിക്കാര്‍ കൈയടക്കും. പൈപ്പിന്റെ ടാപ്പ് ഒടിച്ചുകളയുക പതിവാണ്.
--

സി.ബി.എസ്.. സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസരംഗത്ത് നിര്‍ണ്ണായക സ്വാധീനം -മന്ത്രി ഷിബു ബേബിജോണ്‍

കരുനാഗപ്പള്ളി: സര്‍ക്കാര്‍ സ്‌കൂളുകളെപ്പോലെതന്നെ സി.ബി.എസ്.ഇ. സ്‌കൂളുകളും വിദ്യാഭ്യാസരംഗത്ത് നിര്‍ണായക സ്വാധീനം കൈവരിച്ചതായി മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു.

കരുനാഗപ്പള്ളി ശ്രീനാരായണ സെന്‍ട്രല്‍ സ്‌കൂള്‍ പത്താംക്ലാസ് സി.ബി.എസ്.സി. പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.ബി.എസ്.സി. പഠനനിലവാരത്തില്‍ അധ്യാപകനും വിദ്യാര്‍ഥികളും രക്ഷിതാക്കളും കഠിനപ്രയത്‌നം ചെയ്യുന്നതിന്റെ പരിണതഫലമാണ് സി.ബി.എസ്.ഇ. സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടുന്നതിന്റെ രഹസ്യം. അദ്ദേഹം പറഞ്ഞു.

ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളായ ഐശ്വര്യാരാജ്, ആകാശ്, ദേവപ്രിയ എന്നിവരെയും ആള്‍ ഇന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ ശ്രുതിയെയും മന്ത്രി അനുമോദിച്ചു.

--


No comments: