Tuesday, June 28, 2011

മലയാളം പഠിക്കാന്‍ കൊറഗര്‍ക്ക് ഇനി ആശ്രമം സ്‌കൂള്‍

29 Jun 2011
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ കൊറഗര്‍ക്ക് പഠിക്കാന്‍ ആശ്രമം സ്‌കൂള്‍ വരുന്നു. കന്നട മാത്രം പഠിക്കുന്ന കൊറഗ സമുദായത്തിലെ കുട്ടികള്‍ക്ക് സൗജന്യമായി താമസവും ഭക്ഷണവും നല്‍കി ഒന്നുമുതല്‍ നാലുവരെ മലയാളം പഠിപ്പിക്കുന്ന റെസിഡന്‍ഷ്യല്‍ സ്‌കൂളാണ് 'ആശ്രമം'. ഇതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചുകഴിഞ്ഞു.

എന്‍മകജെ ഗ്രാമപ്പഞ്ചായത്തിലെ പെര്‍ള വാണിനഗറില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കുള്ള പ്രീ-മെട്രിക് ഹോസ്റ്റലിലാണ് ആശ്രമം സ്‌കൂള്‍ സ്ഥാപിക്കുക. പട്ടികവര്‍ഗ വിഭാഗത്തിലെ പ്രബലമായ മറാഠികള്‍ 2002 മുതല്‍ പട്ടികവര്‍ഗത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടപ്പോള്‍ ഈ ഹോസ്റ്റലിലും ആളില്ലാതാവുകയായിരുന്നു. ആദ്യം ഒന്നുമുതല്‍ നാലുവരെ ക്ലാസ്സുകളാണ് ആരംഭിക്കാന്‍ ഉദ്ദേശ്യമെന്ന് ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ വിജയകുമാര്‍ പറഞ്ഞു.

ജില്ലയില്‍ 12 പഞ്ചായത്തുകളിലായി 1900 കൊറഗ വംശജരാണുള്ളത്. മഞ്ചേശ്വരം ദേറുക്കട്ട പാവൂര്‍ കോളനിയിലാണ് ഏറ്റവും പേര്‍. ജില്ലയില്‍ പുതിയ കണക്കനുസരിച്ച് ഒന്നുമുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന 250 കൊറഗവിദ്യാര്‍ഥികളുണ്ട്.

കര്‍ണാടകവനങ്ങളില്‍നിന്ന് വള്ളികളും മറ്റും സ്വരൂപിച്ച് കുട്ടകളും മറ്റും ഉണ്ടാക്കുന്ന കൊറഗന്മാരില്‍ ഭൂരിഭാഗവും വിദ്യാഭ്യാസമില്ലാത്തവരാണ്. എസ്.ടി. പ്രൊമോട്ടര്‍മാരുടെ ഇടപെടല്‍ മൂലം കൂടുതല്‍ കുട്ടികള്‍ ഇപ്പോള്‍ വിദ്യാലയങ്ങളില്‍ എത്തുന്നുണ്ട്. എന്നാല്‍ ഭൂരിഭാഗം കുട്ടികളും കന്നട മീഡിയത്തിലാണ് പഠിക്കുന്നത്. അതിനാല്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും കൊറഗ വിദ്യാര്‍ഥികള്‍ പഠിക്കുന്നില്ല. പരവനടുക്കത്തുള്ള, പെണ്‍കുട്ടികള്‍ക്കായുള്ള എം.ആര്‍.എസ്സിലും കൊടക്കാട് വെള്ളച്ചാലിലുള്ള ആണ്‍കുട്ടികളുടെ എം.ആര്‍.എസ്സിലും അഞ്ചുമുതല്‍ പ്ലസ്ടു വരെ ക്ലാസ്സുകളില്‍ ഇവര്‍ പഠിക്കുന്നില്ല. അതിനുവേണ്ടി ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസ്സുകളില്‍ ആശ്രമം സ്‌കൂള്‍ വഴി മലയാളം പഠിപ്പിച്ച് പിന്നീട് അവരെ തുടര്‍വിദ്യാഭ്യാസത്തിനായി സര്‍ക്കാര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെത്തിക്കാനാണ് ഉദ്ദേശ്യം.

പട്ടികവര്‍ഗ വികസന വകുപ്പ് മുഖാന്തരം കെട്ടിട വിപുലീകരണത്തിന് 28 ലക്ഷം രൂപയുടെ പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ട്.

ജില്ലയില്‍ ആശ്രമം സ്‌കൂള്‍ സ്ഥാപിക്കുന്നതുസംബന്ധിച്ച് കേരള ആദിവാസി ഫോറം നേതാക്കളായ രാഘവന്‍, സഞ്ജീവ എന്നിവര്‍ പട്ടികവര്‍ഗ ക്ഷേമമന്ത്രി പി.കെ.ജയലക്ഷ്മിക്ക് നിവേദനം നല്‍കിയിരുന്നു.
---

സുഹറ യു.പി. സ്‌കൂളിന്റെ രണ്ട് കെട്ടിടങ്ങളിലും അധ്യയനം തടഞ്ഞു



ഇരിട്ടി: ആറളം വെള്ളരിവയല്‍ സുഹറ യു.പി. സ്‌കൂളിന്റെ ഇരുനിലക്കെട്ടിടം തകര്‍ന്നുവീണതിനെപ്പറ്റി വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസറില്‍നിന്ന് റിപ്പോര്‍ട്ട് തേടി. തകര്‍ന്ന കെട്ടിടത്തിന്റെ ബാക്കിയുള്ള ക്ലാസ്സുകളിലും സമീപത്തെ കെട്ടിടത്തിലെ ക്ലാസ്സുകളിലും അധ്യയനം നടത്തുന്നത് വിദ്യാഭ്യാസ വകുപ്പ് വിലക്കി. തകര്‍ന്ന കെട്ടിടത്തിനടുത്തേക്ക് കുട്ടികള്‍ പോകുന്നത് തടയാന്‍ വേലി കെട്ടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

തിങ്കളാഴ്ച വൈകിട്ട് 3.45ഓടെയാണ് സ്‌കൂള്‍ കെട്ടിടം തകര്‍ന്നത്. സ്‌കൂള്‍ വിട്ട് 15 മിനിറ്റിനകമായിരുന്നു തകര്‍ച്ച. മഴ കാരണം സ്‌കൂള്‍ അരമണിക്കൂര്‍ നേരത്തെ വിട്ടതുകൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്.

സ്‌കൂളിന്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമായത്. 42 കുട്ടികള്‍ പഠിക്കുന്ന ആറാം ക്ലാസ്സും സ്റ്റാഫ് റൂമും പൂര്‍ണമായും നിലംപൊത്തി. സമീപത്ത് തന്നെയുള്ള മറ്റ് ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ തൂണ്‍ ചെരിഞ്ഞിരിക്കുകയാണ്. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന രണ്ട് കെട്ടിടങ്ങളും അപകടനിലയിലാണ്.

അപകടത്തിലായ കെട്ടിടം പൊളിച്ചുമാറ്റാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയോഗം തീരുമാനിച്ചു. സ്‌കൂള്‍ താത്കാലികമായി പ്രവര്‍ത്തിപ്പിക്കാന്‍ സ്‌കൂള്‍ വളപ്പിലെ പള്ളിയിലും അതിന്റെ അനുബന്ധ മുറികളിലും സൗകര്യം ഒരുക്കും. 211 കുട്ടികള്‍ക്ക് ഒമ്പത് ക്ലാസ്സ് മുറികളാണ് ഒരുക്കേണ്ടത്. ബദല്‍ സംവിധാനത്തെപ്പറ്റി ആലോചിക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരുടെ യോഗം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്‌കൂള്‍ പരിസരത്ത് ചേരും. തങ്ങളുടെ ആശങ്ക പൂര്‍ണമായും ദൂരീകരിച്ച ശേഷമേ കുട്ടികളെ അയക്കൂ എന്ന നിലപാടിലാണ് ചില രക്ഷിതാക്കള്‍.

1964ല്‍ സ്ഥാപിതമായ സ്‌കൂളിന് 1982ലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ രണ്ടും ഉണ്ടാക്കിയത്. പഴയ രീതിയിലുള്ള വാര്‍പ്പ് ആയതിനാല്‍ സ്‌കൂളിന്റെ എല്ലാ ഭാഗത്തും ചോര്‍ച്ചയുണ്ട്. കാലാകാലം ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തുന്നതല്ലാതെ മറ്റൊന്നും ചെയ്യാറില്ല. എല്ലാ ഭാഗത്തുമുള്ള ചോര്‍ച്ചയാണ് തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്.

കെട്ടിടം തകര്‍ന്നതില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് നാട്ടുകാരോടും രക്ഷിതാക്കളോടും ക്ഷമാപണം നടത്തി. മാനേജര്‍ മാര്‍ട്ടിന്‍ രായപ്പന്‍, ഫാ. ക്ലമന്റ് ലെയിഞ്ചന്‍, ഫാ. പയസ്, ഫാ. ബിജു തോമസ്, ആറളം പഞ്ചായത്ത് പ്രസിഡന്റ് വി.ടി. തോമസ്, അംഗങ്ങളായ റഹിയാനത്ത് സുബി, അരവിന്ദന്‍ അക്കാണശ്ശേരി, സോജി ജോയി നെല്ലിയാനി, ജോര്‍ജ് അലാംപള്ളി, പി.വി. കുഞ്ഞിക്കണ്ണന്‍, ജെയ്‌സണ്‍ ജീരകശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. വേലായുധന്‍ എന്നിവരും വിവിധ അധ്യാപക സംഘടന നേതാക്കളും സ്‌കൂള്‍ സന്ദര്‍ശിച്ചു
--

ശിശുസൗഹൃദ ലൈബ്രറി തുടങ്ങി

ചെറുപുഴ:പുളിങ്ങോം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശിശുസൗഹൃദ ലൈബ്രറി തുടങ്ങി. വായനദിനത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ലൈബ്രറിയില്‍നിന്ന് ഇഷ്ടമുള്ള പുസ്തകങ്ങള്‍ ഏതുസമയത്തും എടുത്ത് വായിക്കാന്‍ അവസരമുണ്ട്.

അമ്മമാരുടെ സഹായത്തോടെയാണ് ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. പുസ്തകങ്ങള്‍ തരംതിരിക്കാനും വിതരണം ചെയ്യാനുമുള്ള ചുമതല ക്ലാസ് പി.ടി.എ.യില്‍നിന്നു തിരഞ്ഞെടുത്ത അമ്മമാര്‍ക്കാണ്. അമ്മമാര്‍ക്കും പുസ്തകങ്ങള്‍ വായിക്കാനുള്ള സൗകര്യമുണ്ട്. ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് വായിക്കാനുള്ള പുസ്തകങ്ങളും ബാലമാസികകളും അതത് ക്ലാസ് മുറികളിലാണ് ഒരുക്കിയിട്ടുള്ളത്.

വായനവാരത്തോടനുബന്ധിച്ച് അമ്മമാര്‍ക്കും കുട്ടികള്‍ക്കും പുസ്തകാസ്വാദനം, സാഹിത്യക്വിസ് തുടങ്ങിയ മത്സരങ്ങളും നടത്തി.
--

അധ്യാപകരെ കിട്ടാനില്ല; സ്‌കൂളുകള്‍ പ്രതിസന്ധിയില്‍

പുല്പള്ളി: പുതിയ വിദ്യാഭ്യാസ വര്‍ഷം ആരംഭിച്ചുവെങ്കിലും സര്‍ക്കാര്‍-അണ്‍എയ്ഡഡ് മേഖലകളില്‍ പല പരമ്പരാഗത വിഷയങ്ങളും പഠിപ്പിക്കാന്‍ യോഗ്യരായ അധ്യാപകരെ കിട്ടാത്തത് സ്‌കൂളുകളെ പ്രതിസന്ധിയിലാക്കുന്നു.

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലേക്കുള്ള സയന്‍സ് അധ്യാപകരെ കിട്ടാനാണ് ഏറ്റവും ബുദ്ധിമുട്ട്. താത്കാലിക നിയമന കൂടിക്കാഴ്ചയ്ക്കുപോലും ഉദ്യോഗാര്‍ഥികള്‍ വരുന്നില്ലെന്ന് സര്‍ക്കാര്‍ സ്‌കൂള്‍ മേധാവികള്‍ പറയുന്നു. ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് ഒരു തസ്തികയ്ക്കു വേണ്ടി നിരവധിപ്പേര്‍ ക്യൂ നിന്ന കൂടിക്കാഴ്ചകള്‍ ഇന്ന് ഓര്‍മയായെന്ന് മുതിര്‍ന്ന അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. പഠനനിലവാരവും പരീക്ഷാഫലവും മെച്ചപ്പെടുത്താന്‍ വിദ്യാലയങ്ങള്‍ മത്സരിക്കുമ്പോള്‍ അധ്യാപകരെ കിട്ടാത്തത് അധികൃതര്‍ക്ക് തലവേദനയാകുന്നുണ്ട്.

ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ പലതും ഈ പ്രതിസന്ധിക്ക് നടുവിലാണ്. ബിരുദാനന്തര ബിരുദധാരികളെ കിട്ടാനില്ലെങ്കില്‍ ബിരുദം കഴിഞ്ഞവരായാലും മതി എന്ന് പറയുന്ന സ്ഥാപനങ്ങളുമുണ്ട്.

പ്ലസ് ടു പഠനം പൂര്‍ത്തിയായ കുട്ടികള്‍ കൂട്ടത്തോടെ പുതുതലമുറ കോഴ്‌സുകള്‍ക്കു പിന്നാലെ പോയതോടെയാണ് പരമ്പരാഗത ബിരുദ കോഴ്‌സുകള്‍ പഠിച്ച് അധ്യാപക കുപ്പായമിടാന്‍ ആളെ കിട്ടാതായത്
--

ചോക്കാട്ടെ കള്ളുഷാപ്പില്‍ ഇനി അക്ഷരങ്ങളുടെ അക്ഷയലഹരി

കാളികാവ്: നാല്പത്‌വര്‍ഷത്തോളം ലഹരി വിളമ്പിയിരുന്നയിടത്തുനിന്ന് ഇനി അക്ഷരമാധുര്യം നുകരാം. ചോക്കാട് പഞ്ചായത്തിലെ വെള്ളപൊയില്‍ കള്ള്ഷാപ്പ് ഇനിമുതല്‍ 'നവോദയ' വായനശാലയായി അറിയപ്പെടും.

വായന വാരത്തിലാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍ ലഹരിയുടെ വിളഭൂമി നന്മയുടെ പൂവാടിയാക്കി മാറ്റിയത്. കൊലപാതകം ഉള്‍പ്പെടെ ഒട്ടേറെ അക്രമസംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ഷാപ്പിന്റെ പരിവര്‍ത്തനം കുടുംബിനികള്‍ക്കാണ് കൂടുതല്‍ ആശ്വാസമായിട്ടുള്ളത്. വാണിയമ്പലം, കുറ്റിപ്പുറം മദ്യദുരന്തങ്ങളെത്തുടര്‍ന്ന് കള്ള്ഷാപ്പ് അടഞ്ഞുകിടക്കുകയായിരുന്നു.

1967ല്‍ ആണ് വ്യക്തിയുടെ സ്ഥലത്ത് വെള്ളപ്പൊയില്‍ കള്ള്ഷാപ്പ് പ്രവര്‍ത്തനം തുടങ്ങുന്നത്. കഴിഞ്ഞവര്‍ഷം വരെ 15 ചെത്ത് തൊഴിലാളികള്‍ ജോലിചെയ്തിരുന്ന ഷാപ്പില്‍നിന്നാണ് കാളികാവിലെ പല ഷാപ്പുകളിലേക്ക് മദ്യം വിതരണം ചെയ്തിരുന്നത്.

കള്ള്ഷാപ്പിന്റെ ചുമരെഴുത്ത് മാറ്റി 'നവോദയ' വായനശാല എന്ന കുറിമാനം ചുമരില്‍ പതിഞ്ഞതോടെ ഗ്രാമീണ ഹൃദയങ്ങളില്‍ സന്തോഷം പതഞ്ഞുയര്‍ന്നു. വായനശാലക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോഴാണ് അടഞ്ഞ് കിടക്കുന്ന ഷാപ്പുകള്‍ കരാര്‍ അടിസ്ഥാനത്തില്‍ ലേലം ചെയ്യുമെന്ന പുതിയ സര്‍ക്കാരിന്റെ പ്രഖ്യാപനം വരുന്നത്. പെട്ടെന്നുതന്നെ പലരില്‍നിന്നും സംഭാവന സ്വീകരിച്ച് പുസ്തകങ്ങളെത്തിച്ച് കള്ള്ഷാപ്പിലെത്തിക്കുകയായിരുന്നു. നവോദയയുടെ പ്രസിഡന്റായി വി. ശിവപ്രസാദിനെയും സി. പ്രഭാകരനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു
---

സ്‌കൂളില്‍ മര്‍ദ്ദനമേറ്റ് എട്ടാംക്ലാസുകാരന്‍ ചികിത്സതേടി

Posted on: 29 Jun 2011

ചേലക്കര:പ്രധാനാധ്യാപകന്റെ ചൂരല്‍പ്രയോഗത്തില്‍ പരിക്കേറ്റ എട്ടാംക്ലാസുകാരന്‍ ആസ്​പത്രിയില്‍ ചികിത്സതേടി. ചേലക്കര ശ്രീമൂലം തിരുനാള്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാംക്ലാസുകാരനും തോന്നൂര്‍ക്കര വടക്കേപ്പാട്ട് ഉണ്ണികൃഷ്ണന്റെ മകനുമായ വിപിന്‍ (13) ആണ് ചൊവ്വാഴ്ച വൈകീട്ടോടെ ചികിത്സതേടിയത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ക്ലാസുകളെ തമ്മില്‍ വേര്‍ത്തിരിക്കുന്ന ബോര്‍ഡ് മറിച്ചിട്ടെന്നാരോപിച്ചാണ് പ്രധാനാധ്യാപകന്‍ ചൂരല്‍കൊണ്ട് അടിച്ചത്. കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ വിപിനോട് മാതാപിതാക്കള്‍ കാരണം അന്വേഷിച്ചപ്പോഴാണ് മര്‍ദ്ദനവിവരം അറിയുന്നത്. നീരുവന്ന് കൈ അനക്കാനാവാത്തനിലയിലാണ് മാതാപിതാക്കള്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് വിപിനെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു.

ഭാരമേറിയ ബോര്‍ഡ് മറിച്ചിടുന്നത് കുട്ടികള്‍ക്ക് ആപത്കരമാണെന്നും അതു ചെയ്ത കുറ്റം ഏല്‍ക്കാതിരുന്നതിനാണ് കുട്ടിയെ അടിച്ചതെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. മറ്റു കുട്ടികള്‍ പറഞ്ഞതിന്‍പ്രകാരമാണ് ഈ കുറ്റം വിപിനുമേല്‍ ആരോപിച്ചത്.
--

അധ്യാപിക അടിച്ചപ്പോള്‍ ചൂരല്‍ കണ്ണില്‍ക്കൊണ്ടു; വിദ്യാര്‍ഥി ആസ്‌പത്രിയില്‍

osted on: 29 Jun 201


പറവൂര്‍: ക്ലാസില്‍ വച്ച് അധ്യാപിക അടിച്ചപ്പോള്‍ ചൂരലിന്റെ തുമ്പ് കണ്ണില്‍ക്കൊണ്ട് കൃഷ്ണമണിക്ക് പോറല്‍ ഏറ്റ വിദ്യാര്‍ഥിയെ പറവൂര്‍ ഗവ. ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. അബദ്ധത്തിലാണ് ചൂരലിന്റെ അറ്റം കണ്ണില്‍ക്കൊണ്ടതെന്ന് സ്‌കൂള്‍ അധികൃതര്‍. എന്നാല്‍ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയില്ലെന്ന് പരാതി ഉന്നയിച്ച കുട്ടിയുടെ മാതാപിതാക്കള്‍ നിയമനടപടിയ്‌ക്കൊരുങ്ങുന്നു.

കരിമ്പാടം ഡിഡി സഭാ ഹൈസ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയും കൂട്ടുകാട് പൊക്കത്തുപറമ്പില്‍ പി.എ. ഹരിയുടെ മകനുമായ പി.എച്ച്. അനന്തുവിനെ (11)യാണ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. അടിച്ച അധ്യാപിക ഉള്‍പ്പെടെ രണ്ട് അധ്യാപികമാരാണ് കുട്ടിയെ ഉടന്‍ പറവൂര്‍ ഗവ. ആസ്​പത്രിയിലെത്തിച്ചത്.

ഡോക്ടറുടെ പരിശോധനയില്‍ കൃഷ്ണമണിക്ക് പോറലും വെളുത്ത ഭാഗത്ത് രക്തം കട്ടപിടിച്ചിരിക്കുന്നതും കണ്ടു. മരുന്നുവച്ച് കണ്ണ് മൂടിക്കെട്ടി ചൊവ്വാഴ്ച വന്ന് ഡ്രസ് ചെയ്യണമെന്നു പറഞ്ഞുവിട്ടു.

ചൊവ്വാഴ്ച അച്ഛന്‍ ഹരിയാണ് അനന്തുവിനെ പറവൂര്‍ ഗവണ്‍മെന്റ് ആസ്​പത്രിയിലേക്ക് വീണ്ടും കൂട്ടിക്കൊണ്ടുവന്നത്. കണ്ണിന്റെ കെട്ട് അഴിച്ച് പരിശോധിച്ച ഡോക്ടര്‍ മുറിവ് ഉണങ്ങിത്തുടങ്ങുന്നതായി പറയുകയും വീണ്ടും മരുന്നുവച്ച് വീട്ടിലേക്ക് പോകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. കൂടെ എത്തിയ അച്ഛനും മറ്റു ചിലരും കുട്ടിയെ അഡ്മിറ്റ് ചെയ്യണമെന്നും നിയമനടപടികളുമായി പോകാന്‍ ഉദ്ദേശിക്കുന്നതായും പറഞ്ഞു.

തലേദിവസം ആസ്​പത്രിയില്‍ കൂട്ടിക്കൊണ്ടുവന്ന അധ്യാപികമാര്‍ കുട്ടിയുടെ കണ്ണില്‍ കമ്പുകൊണ്ടതാണെന്നാണ് ഡോക്ടറോടു പറഞ്ഞത്. രക്ഷാകര്‍ത്താക്കളോട് കുട്ടികള്‍ തമ്മില്‍ കളിച്ചപ്പോള്‍ ഉണ്ടായ പരിക്കാണെന്നും പറഞ്ഞത്രെ.

കുട്ടിയ തല്ലി കണ്ണിനു പരിക്കേല്പിച്ച അധ്യാപികയ്‌ക്കെതിരെ കേസ് എടുക്കണമെന്നും വിദ്യാര്‍ഥിക്ക് വിദഗ്ദ്ധ ചികിത്സ ലക്ഷ്യമാക്കണമെന്നും കേരള വേട്ടുവ മഹാസഭ പറവൂര്‍ താലൂക്ക് പ്രസിഡന്റ് പി.കെ. ശശി ആവശ്യപ്പെട്ടു.

കുട്ടിയുടെ അച്ഛനുമായി തിങ്കളാഴ്ച വൈകീട്ട് സംസാരിച്ചതാണെന്നും അപ്പോള്‍ യാതൊരുവിധ പരാതിയും പറഞ്ഞില്ലെന്നും സ്‌കൂള്‍ ഷെഡ്മാസ്റ്റര്‍ സി.എന്‍. വേണുഗോപാല്‍ പറഞ്ഞു.
--

വിദ്യാഭ്യാസനിലവാരം വര്‍ദ്ധിപ്പിക്കാന്‍ 'ഡയറ്റിന്' വിപുലമായ പദ്ധതികള്‍

ചെങ്ങന്നൂര്‍:വിദ്യാഭ്യാസനിലവാരം വര്‍ദ്ധിപ്പിക്കാന്‍ ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രം വിദ്യാലയങ്ങളില്‍ വിപുലമായ പദ്ധതികള്‍ നടപ്പാക്കുന്നു. 14 ലക്ഷം രൂപ ഇതിനായി വിനിയോഗിക്കും. അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍ക്ക് പ്രവൃത്തി പരിചയത്തിലൂടെ ധനസമ്പാദനത്തിന് സഹായിക്കുന്നതാണ് പദ്ധതികളിലൊന്ന്. പ്ലാസ്റ്റിക് ഉപയോഗം മറികടക്കുന്നതിന് പേപ്പര്‍ബാഗ് നിര്‍മ്മാണമാണ് ഇതില്‍ പ്രധാനം. മെഴുകുതിരി, കേക്ക്, സോപ്പ്, സ്‌ക്വാഷ്, ജാം എന്നിവയും നിര്‍മ്മിച്ചു വില്‍ക്കും. അദ്ധ്യയനം കഴിഞ്ഞു കിട്ടുന്ന ഇടവേളകളിലാണ് ഇവ ചെയ്യുക.

ശതാബ്ദി പിന്നിട്ട ആറ് വിദ്യാലയങ്ങളെക്കുറിച്ച് പഠനം നടത്തും. രസതന്ത്രവര്‍ഷവുമായി ബന്ധപ്പെട്ട് ഹരിപ്പാട് ഉപജില്ലയിലെ 32 സ്‌കൂളുകളില്‍ 'ശാസ്ത്രജ്യോതി' നടപ്പാക്കും. അദ്ധ്യാപകര്‍ക്കും രസതന്ത്രപരീക്ഷണം ഉള്‍പ്പെടെ അഞ്ചുദിവസത്തെ പരിശീലനം നല്‍കും. സെമിനാറും സംഘടിപ്പിക്കും.

ചെങ്ങന്നൂര്‍ നഗരസഭാപ്രദേശത്തെ എട്ട് വിദ്യാലയങ്ങളില്‍ 'അക്ഷരപൗര്‍ണമി' പദ്ധതി നടപ്പാക്കും. എല്‍.പി.ക്ലാസ്സുകളില്‍ നാലാം ക്ലാസും യു.പി.സ്‌കൂളുകളില്‍ ഏഴാംക്ലാസുംവരെ പഠിച്ചിട്ടും എഴുതാനും വായിക്കാനും അറിയാത്ത കുട്ടികളെ കണ്ടെത്തി അവരെ പ്രത്യേകം പഠിപ്പിച്ച് മുന്‍നിരയിലെത്തിക്കുന്നതാണ് അക്ഷരപൗര്‍ണമി. ഇതിനുമുന്നോടിയായി സര്‍വ്വേയും നടത്തും.

'അകംപൊരുള്‍' പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന ആറു വിദ്യാലയങ്ങളില്‍ വായനാസംഘങ്ങള്‍ രൂപവത്കരിക്കും. ഇവര്‍ക്ക് വായിക്കാന്‍ പുസ്തകങ്ങളും നല്‍കും.

തീരദേശ വിദ്യാര്‍ത്ഥികളുടെ തുടര്‍സാക്ഷരതാപഠനം സംബന്ധിച്ച് സര്‍വ്വേ നടത്തും. സാക്ഷരത അവരില്‍ വരുത്തിയ മാറ്റങ്ങള്‍ പഠനവിധേയമാക്കും. കായംകുളം, ചെങ്ങന്നൂര്‍ ഉപജില്ലകളിലെ 12 വിദ്യാലയങ്ങളില്‍ 2010-11ല്‍ ഡയറ്റ് പെര്‍ഫോമന്‍സ് ട്രാക്കിങ് പഠനം നടത്തിയിരുന്നു. ഇതിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഈ വിദ്യാലയങ്ങളെ മികവുറ്റതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും.

'ഡയറ്റി'ല്‍ നടന്ന ഒന്നാം കാര്യോപദേശകസമിതി യോഗത്തില്‍ പദ്ധതികള്‍ വിശദീകരിച്ചു. ചെങ്ങന്നൂര്‍ കീഴ്‌ചേരിമേല്‍ ജെ.ബി.എസ്.കിഴക്കേ നട ഗവ.യു.പി.ജി.എസ്., ഗവ.റിലീഫ് എല്‍.പി.സ്‌കൂള്‍, അങ്ങാടിക്കല്‍ തെക്ക് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഡയറ്റ് യു.പി.എസ്.ചെങ്ങന്നൂര്‍, ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പെണ്ണുക്കര ഗവ.യു.പി.സ്‌കൂള്‍, പേരിശ്ശേരി ഗവ.യു.പി.സ്‌കൂള്‍ എന്നിവിടങ്ങളിലാണ് 'അക്ഷരപൗര്‍ണമി' നടപ്പാക്കുന്നത്.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പ്രതിഭ ഹരി അദ്ധ്യക്ഷത വഹിച്ചു. ഡയറ്റ്പ്രസിദ്ധീകരിച്ച 'പ്രഥമം പ്രധാനം' ചെങ്ങന്നൂര്‍ നഗരസഭാദ്ധ്യക്ഷ സുജാജോണും 'ഡയറ്റ്' വാര്‍ത്താ പത്രിക 'ജ്യോതി' ജില്ലാ പഞ്ചായത്തംഗം ജോണ്‍ തോമസും പ്രകാശനം ചെയ്തു. വിദ്യാഭ്യാസത്തില്‍ ഡോക്ടറേറ്റ് ലഭിച്ച ഡയറ്റ് ഫാക്കല്‍റ്റി അംഗം കെ.ജെ.ബിന്ദുവിനെ ചടങ്ങില്‍ അനുമോദിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി.ഗീത, എസ്.എസ്.എ. ജില്ലാപ്രൊജക്ട് ഓഫീസര്‍ യു.സുരേഷ്‌കുമാര്‍, പ്രൊഫ. ഡോ.പി.ജെ.ജേക്കബ്, ഡയറ്റ് പ്ലാനിങ് ആന്‍ഡ് മാനേജ്‌മെന്റ് സീനിയര്‍ ലക്ചറര്‍ ബി.നന്ദകുമാര്‍, പ്രിന്‍സിപ്പല്‍ വി.മോഹനചന്ദ്രന്‍, സീനിയര്‍ ലക്ചറര്‍ കെ.ജി.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
---

വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി പട്ടാഴി സ്‌കൂളിലെ പുസ്തകമേള



പത്തനാപുരം: ലോകപ്രസിദ്ധ സാഹിത്യകാരന്മാരെയും അവരുടെ കൃതികളെയും പരിചയപ്പെടാനും അറിയാനുമുള്ള അവസരം പട്ടാഴി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായി.
വായനവാരത്തില്‍ തുടങ്ങിയ പുസ്തകപ്രദര്‍ശനം നൂറുകണക്കിന് കുട്ടികള്‍ക്ക് പ്രയോജനപ്രദമായി. യു.പി.തലംമുതല്‍ ഹയര്‍ സെക്കന്‍ഡറിവരെയുള്ള വിദ്യാര്‍ഥികള്‍ ദിവസങ്ങളായി വായനയുടെ മഹത്ത്വം അറിയുന്നു. സ്‌കൂളിലെ വിശാലമായ ലൈബ്രറി ഹാളില്‍ സജ്ജീകരിച്ചിരിക്കുന്ന വിവിധ തരത്തിലുള്ള പുസ്തകങ്ങളിലൂടെ അവര്‍ കഥയുടെയും കവിതയുടെയും ഇതിഹാസങ്ങളുടെയും നോവലിന്റെയും അനുഭവക്കുറിപ്പുകളുടെയും ലോകം അറിയുന്നു. എല്ലാവരും വായനക്കുറിപ്പുകള്‍ തയ്യാറാക്കുന്നുണ്ട്.
എല്ലാ കുട്ടികള്‍ക്കും പുസ്തകങ്ങള്‍ വായിക്കാനും തിരഞ്ഞെടുക്കാനുമുള്ള അവസരം പുസ്തകമേളയില്‍ ഒരുക്കിയിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ എസ്.ശ്യാമളകുമാരി പറഞ്ഞു. ഒരാഴ്ചകൂടി നീളുന്ന മേളയ്ക്കുശേഷം യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്., വി.എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി വായനാ ക്വിസ്, രചനാമത്സരങ്ങള്‍ എന്നിവ നടക്കും. രക്ഷാകര്‍ത്താക്കളും മേളയില്‍ പങ്കെടുക്കുന്നുണ്ട്.
പട്ടാഴി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളിരാജന്‍ പുസ്തകപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എന്‍.മനോഹരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍മാരായ ഷേര്‍ളി മാത്യു, എസ്.ശ്യാമളകുമാരി, ജെ.വേണു എന്നിവര്‍
--

No comments: