Friday, June 17, 2011

സ്വാശ്രയ മെഡിക്കല്‍ സീറ്റ്: തീരുമാനം തുല്യനീതിക്കെതിരെന്ന് ജസ്റ്റിസ് കെ.ടി.തോമസ്

Posted on: 18 Jun 2011
കോട്ടയം:ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന് കീഴിലുള്ള നാല് മെഡിക്കല്‍ കോളേജിലെ 100 ശതമാനം എം.ബി.ബി.എസ്. സീറ്റുകളും മാനേജ്‌മെന്റിന് വിട്ടുകൊടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ശരിയായില്ലെന്ന് ജസ്റ്റിസ് കെ.ടി.തോമസ് അഭിപ്രായപ്പെട്ടു. എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കാനുള്ള ധാര്‍മ്മിക ചുമതലയാണ് സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെ ഫീസ്ഘടന നിര്‍ണയത്തിനും പ്രവേശം സുതാര്യമാണോ എന്ന് പരിശോധിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ആദ്യം രൂപവത്കരിച്ച രണ്ട് സമിതിയുടെയും അധ്യക്ഷനായിരുന്നു ജസ്റ്റിസ് തോമസ്.

കോട്ടയത്ത് സര്‍ക്കാര്‍ ഉപസമിതിയുടെ ക്രിസ്ത്യന്‍ പ്രൊഫഷണല്‍ മാനേജ്‌മെന്റ് ഫെഡറേഷന്‍ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയിലുണ്ടായ തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. സ്വാശ്രയ കോളേജുകള്‍ക്ക് സര്‍ക്കാര്‍ എന്‍.ഒ.സി. നല്‍കിയത് 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിന് വിട്ടുകൊടുക്കുമെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു. ശേഷിക്കുന്ന 50 ശതമാനം സീറ്റുകള്‍ മാനേജ്‌മെന്റിനും, മാനേജ്‌മെന്റ് സീറ്റുകളില്‍ തങ്ങള്‍ നിശ്ചയിക്കുന്ന ഫീസ് ഈടാക്കാനുള്ള അവകാശത്തെച്ചൊല്ലിയായിരുന്നു തുടക്കത്തില്‍ തര്‍ക്കമുണ്ടായതെന്ന് ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു. അല്ലാതെ 100 ശതമാനം സീറ്റുകള്‍ക്കായി സ്വാശ്രയ മാനേജ്‌മെന്റുകള്‍ അവകാശവാദമുന്നയിച്ചിരുന്നില്ല. എന്നാല്‍, കോടതി ഇടപെടല്‍പോലുമില്ലാതെ സ്വാശ്രയ മാനേജ്‌മെന്റുകള്‍ മുഴുവന്‍ സീറ്റുകള്‍ക്കും അവകാശവാദമുന്നയിച്ചതും അതിന് സര്‍ക്കാര്‍ വഴങ്ങിക്കൊടുത്തതും എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല -ജസ്റ്റിസ് തോമസ് പറഞ്ഞു.--
--

ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റെ നിലപാട് സര്‍ക്കാരിനെ വെട്ടിലാക്കി

മറ്റ് മാനേജ്‌മെന്റുകള്‍ എതിര്‍ക്കുന്നു

തിരുവനന്തപുരം: ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ മെഡിക്കല്‍ കോളേജുകളിലെ മുഴുവന്‍ സീറ്റും മാനേജ്‌മെന്റിന് വിട്ടുകൊടുത്തത് സര്‍ക്കാരിനെ വെട്ടിലാക്കി. സര്‍ക്കാര്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റെ നിലപാട് അംഗീകരിച്ചതിനെതിരെ എം.ഇ.എസും മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷനും രംഗത്തെത്തി. ക്രിസ്ത്യന്‍ മാനേജ്‌മെന്റ് അംഗീകരിക്കാത്ത പാക്കേജ് തങ്ങള്‍ എന്തിന് അംഗീകരിക്കണമെന്നാണ് ഇരുകൂട്ടരും ചോദിക്കുന്നത്. ക്രിസ്ത്യന്‍ മാനേജ്‌മെന്റിനും തങ്ങള്‍ക്കും രണ്ട് നിയമം എങ്ങനെ ബാധകമാക്കും എന്ന ചോദ്യവും അവര്‍ ഉയര്‍ത്തിയതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. കെ.എം. മാണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതി നടത്തിയ ചര്‍ച്ചയിലാണ് കൗണ്‍സിലിന്റെ നാലുമെഡിക്കല്‍ കോളേജുകള്‍ക്ക് മുഴുവന്‍ സീറ്റും നല്‍കാന്‍ ധാരണയായത്.

അഞ്ചുവര്‍ഷമായി ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സ്വന്തം നിലക്കാണ് മുഴുവന്‍ സീറ്റിലും പ്രവേശനം നടത്തുന്നതെന്നും അത് ഇക്കുറി ആവര്‍ത്തിച്ചതേയുള്ളൂവെുന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. ഈ വര്‍ഷം പ്രശ്‌നം തീര്‍ക്കാന്‍ സര്‍ക്കാരിനു വേണ്ടത്ര സമയം ലഭിക്കാത്തതിനാല്‍ ചര്‍ച്ച നടത്തി അടുത്ത വര്‍ഷത്തേക്ക് സ്വാശ്രയപ്രശ്‌നം സമവായത്തിലൂടെ പരിഹരിക്കാന്‍ നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. ഈ വര്‍ഷം അവരുടെ പ്രോസ്‌പെക്ടസ് പ്രകാരം പ്രവേശനം നടത്താന്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന് കോടതി അനുമതി നല്‍കിയിരുന്നെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. മാനേജ്‌മെന്റിന് വഴങ്ങിയത് തിരിച്ചടിയായതിനെ തുടര്‍ന്നാണ് മന്ത്രി അടൂര്‍ പ്രകാശ് ഇക്കാര്യത്തില്‍ ധാരണയായില്ലെന്ന വാദവുമായി രംഗത്ത് എത്തിയത്.

ക്രിസ്ത്യന്‍ മാനേജ്‌മെന്റിലും മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷനിലുംപ്പെട്ട കോളേജുകള്‍ 50 ശതമാനം സീറ്റ് സര്‍ക്കാരിന് നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ത്തന്നെ മുന്നോട്ടുവെച്ചിരുന്നു. ഒരു വട്ടം ഇരുകൂട്ടരുമായും ചര്‍ച്ചയും നടന്നു. എന്നാല്‍ 50 ശതമാനം സീറ്റ് വിട്ടുനല്‍കിയാല്‍ എല്ലാ സീറ്റിലേക്കും 3.5 ലക്ഷംവീതം ഫീസ് നല്‍കണമെന്ന നിബന്ധനയാണ് മാനേജ്‌മെന്റുകള്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ സാമ്പത്തികശേഷി കുറഞ്ഞ കുട്ടികള്‍ക്ക് കുറഞ്ഞഫീസ് ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ നിബന്ധന വെച്ചത് മാനേജ്‌മെന്റുകള്‍ക്ക് സ്വീകാര്യമായില്ല. തുടര്‍ന്ന് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ മുന്നോട്ടുനീങ്ങാതെ വരികയായിരുന്നു.

ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലും സര്‍ക്കാരുമായുണ്ടാക്കിയ കരാറിനെതിരെ എം.ഇ.എസ്. പ്രസിഡന്റ് ഫസല്‍ ഗഫൂറും മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ പ്രസാദും ശക്തമായാണ് രംഗത്ത് വന്നത്. ഇത് പരിഹാസ്യമാണെന്നും വെല്ലുവിളിയാണെന്നുമായിരുന്നു ഫസല്‍ ഗഫൂറിന്റെ വിമര്‍ശനം. പി.ജി. സീറ്റ് സര്‍ക്കാരിന് വിട്ടുകൊടുക്കാം എന്നുപറയുന്നതും എം.ബി.ബി.എസ്. സീറ്റ് പറ്റില്ലെന്ന് പറയുന്നതും ആരെ കബളിപ്പിക്കാനാണെന്നും അദ്ദേഹം ചോദിച്ചു. രണ്ടുകൂട്ടര്‍ക്കും ഒരേ നീതിവേണം. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന് നല്‍കിയതുപോലെ തങ്ങള്‍ക്കും മുഴുവന്‍ സീറ്റും അര്‍ഹതപ്പെട്ടതാണ്. ഫീസിന്റെ കാര്യം പിന്നീട് ചര്‍ച്ച ചെയ്യാം. അദ്ദേഹം പറഞ്ഞു.

സര്‍ക്കാരുമായി ഇനി ചര്‍ച്ച നടത്തണമോയെന്ന കാര്യം തങ്ങള്‍ യോഗം കൂടി തീരുമാനിക്കുമെന്ന് മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ പ്രസാദ് പറഞ്ഞു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലും സര്‍ക്കാരും തമ്മിലുള്ള കരാര്‍ ബാധകമാക്കുന്നതാണ് തങ്ങള്‍ക്കും സുരക്ഷിതം. മുഴുവന്‍ സീറ്റും തങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരും ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലുമായുണ്ടാക്കിയ ധാരണക്കെതിരെ എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി വി.പി. എന്നീ സംഘടനകളും രംഗത്തുവന്നതോടെ സ്വാശ്രയപ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. വിദ്യാര്‍ഥി സംഘടനകള്‍ പ്രക്ഷോഭത്തിന്റെ വഴിയിലേക്ക് നീങ്ങുകയാണ്. സര്‍ക്കാര്‍ നേരിടുന്ന ആദ്യ സമരവും സ്വാശ്രയ മേഖലയെ സംബന്ധിച്ചായിരിക്കുമെന്ന് വ്യക്തമായി.
--

സ്വാശ്രയപ്രശ്‌നം: അനിശ്ചിതത്വം അടുത്ത വര്‍ഷത്തോടെ പരിഹരിക്കും -മുഖ്യമന്ത്രി

കോഴിക്കോട്: സ്വാശ്രയ കോളേജ് പ്രവേശനം സംബന്ധിച്ച അനിശ്ചിതത്വം അടുത്ത വര്‍ഷത്തോടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡി.സി.സി. ഓഫീസില്‍ നല്കിയ സ്വീകരണത്തിനുശേഷം പത്രലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സര്‍ക്കാര്‍ സൃഷ്ടിച്ച അനിശ്ചിതത്വം ഇപ്പോഴും തുടരുന്നു എന്നേയുള്ളൂ. പുതിയ സര്‍ക്കാര്‍ ഭരണത്തിലേറിയിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ഈ പ്രശ്‌നം പഠിക്കാന്‍ നിയോഗിച്ച ഉപസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടനെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണും. സ്വാശ്രയ കോളേജ് പ്രവേശനം സംബന്ധിച്ച് എ.കെ.ആന്റണി സര്‍ക്കാര്‍ ഉണ്ടാക്കിയ നയം കോടതിപോലും അംഗീകരിച്ചതാണ്. ഫീസിന്റെ കാര്യത്തില്‍ മാത്രമേ വിമര്‍ശനം ഉണ്ടായിട്ടുള്ളൂ. എന്നാല്‍ ആ നയം തകര്‍ക്കുകയാണ് എല്‍.ഡി.എഫ്. സര്‍ക്കാര്‍ ചെയ്തത്. സ്വാശ്രയ കോളേജ് വിഷയത്തില്‍ സാമൂഹികനീതി ഉറപ്പാക്കുക എന്നതാണ് യു.ഡി.എഫിന്റെ നയം-ഉമ്മന്‍ചാണ്ടി പറഞ്ഞു.
Related News
  • സ്വാശ്രയ മെറിറ്റ് സീറ്റുകള്‍ ഇല്ലാതാക്കാന്‍ ശ്രമം -വി.എസ്. (18 Jun, 2011)
  • സ്വാശ്രയം: ധാരണ അംഗീകരിക്കില്ലെന്ന് എം.ഇ.എസ്. (18 Jun, 2011)
  • സ്വാശ്രയ മെഡിക്കല്‍ പി.ജി. സീറ്റ്-ഫെഡറേഷന്‍ ഹര്‍ജി നല്‍കി (18 Jun, 2011)
  • പി.ജി.സീറ്റ് വിട്ടുകൊടുക്കില്ല; സ്വാശ്രയ സ്ഥാപനങ്ങളോട് കര്‍ക്കശ നിലപാട് (16 Jun, 2011)
  • ---
  • എംബിബിഎസ്: എല്ലാ സീറ്റും കച്ചവടത്തിന്
    തിരു: സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മുഴുവന്‍ എംബിബിഎസ് സീറ്റിലും മാനേജ്മെന്റ് സ്വന്തംനിലയ്ക്ക് പ്രവേശനം നടത്തും. ക്രിസ്ത്യന്‍ മാനേജുമെന്റ് ഫെഡറേഷന് സര്‍ക്കാര്‍ കീഴടങ്ങിയതാണ് മെറിറ്റ്ക്വാട്ട പൂര്‍ണ്ണമായും ഇല്ലാതാകുന്ന സ്ഥിതിയുണ്ടാക്കിയത്. ഇതോടെ ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ഫീസ് നിരക്കില്‍ പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെടുമെന്ന് ഉറപ്പായി. മന്ത്രിസഭാ ഉപസമിതിയുമായി വ്യാഴാഴ്ച രാത്രി കോട്ടയത്തു നടന്ന ചര്‍ച്ചയില്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിനുകീഴിലെ മാനേജുമെന്റ് ഫെഡറേഷന്റെ കോളേജുകളില്‍ നൂറുശതമാനവും മാനേജ്മെന്റ് ക്വോട്ടയില്‍ പ്രവേശനം നടത്താന്‍ ധാരണയായിരുന്നു. ഈസാഹചര്യത്തില്‍ തങ്ങളും മുഴുവന്‍ സീറ്റിലും സ്വന്തംനിലയ്ക്ക് പ്രവേശനം നടത്തുമെന്ന് എംഇഎസും മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷനും വ്യക്തമാക്കി. ഈ സാഹചര്യം സൃഷ്ടിച്ചത് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലാണെന്ന് എംഇഎസ് കുറ്റപ്പെടുത്തി. എംബിബിഎസ് പ്രവേശനത്തിനുള്ള സമയം കഴിഞ്ഞെന്ന് കൗണ്‍സില്‍ പറയുന്നത് തെറ്റാണെന്ന് എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സെപ്തംബര്‍ 30 വരെ സമയമുണ്ട്. എംഡി കോഴ്സുകളുടെ പ്രവേശന നടപടികള്‍ മെയ് 30ന് അവസാനിച്ചതാണ്. ഈ പ്രവേശന നടപടികളില്‍ വിട്ടുവീഴ്ചയാകാമെന്ന് കൗണ്‍സില്‍ പറയുന്നുണ്ട്. ഈ നിലപാട് കാപട്യമാണ്. ഇവരെ നിലയ്ക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഒരു നീക്കുപോക്കിനും സന്നദ്ധമാകില്ലെന്നും എല്ലാവര്‍ക്കും ഏക മാനദണ്ഡം ഉണ്ടാകണമെന്നും സാമൂഹ്യനീതി നടപ്പാക്കണമെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ പ്രതിനിധി അഡ്വ. സാജന്‍ പ്രസാദും ഇന്റര്‍ചര്‍ച് കൗണ്‍സിലിന് കീഴടങ്ങിയ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചു. തങ്ങളും എല്ലാസീറ്റിലും സ്വന്തംനിലയില്‍ പ്രവേശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ഈ വര്‍ഷം പരിഹരിക്കാനാകില്ലെന്ന്് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തൃശൂരില്‍ പ്രതികരിച്ചു. യുഡിഎഫ് അധികാരത്തില്‍ വന്നശേഷം ആവശ്യമായ സാവകാശം കിട്ടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ കോളേജുകള്‍ ഒഴികെയുള്ള 11 മെഡിക്കല്‍ കോളേജുകളുമായി കഴിഞ്ഞവര്‍ഷം വരെ സര്‍ക്കാര്‍ ധാരണയുണ്ടായിരുന്നു. ഇതിന് കഴിഞ്ഞിരുന്നെങ്കില്‍ ഈ വര്‍ഷവും എംബിബിഎസിന് 750 സീറ്റ് മെറിറ്റ് ക്വോട്ടയില്‍ ലഭിക്കുമായിരുന്നു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന് കീഴിലെ കോളേജുകളിലെ 200സീറ്റ് അടക്കം എംബിബിഎസിനു മെറിറ്റ് ക്വോട്ടയില്‍ 950 സീറ്റുണ്ട്. ഈ സീറ്റുകള്‍ വില്‍പ്പന നടത്താനുള്ള അവസരമാണ് സര്‍ക്കാര്‍ മാനേജ്മെന്റുകള്‍ക്കു നല്‍കിയിരിക്കുന്നത്. 30 മുതല്‍ 40 ലക്ഷം രൂപവരെയാണ് മാനേജ്മെന്റ് സീറ്റിന് വാങ്ങുന്ന തലവരി. ആയിരത്തോളം സീറ്റുകളുടെ വില്‍പ്പനയിലൂടെ 300 കോടിയോളം രൂപ കൊള്ളയടിക്കാന്‍ മാനേജുമെന്റുകള്‍ക്ക് അവസരം ലഭിക്കും. യുഡിഎഫും ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലും തെരഞ്ഞെടുപ്പിനു മുമ്പുണ്ടാക്കിയ രഹസ്യധാരണ പ്രകാരമാണ് എംബിബിഎസ് മെറിറ്റ് ക്വാട്ട അട്ടിമറിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ എം മാണിയും ഇതിന് നേതൃത്വം നല്‍കി. ഈ വര്‍ഷം മുഴുവന്‍ സീറ്റിലും മാനേജ്മെന്റുകള്‍ക്ക് സ്വന്തം നിലയില്‍ പ്രവേശനം നടത്താന്‍ ധാരണയായെന്നാണ് മന്ത്രി കെ എം മാണിയും ക്രിസ്ത്യന്‍ മാനേജ്മെന്റ് ഫെഡറേഷന്‍ കോ ഓര്‍ഡിനേറ്റര്‍ ജോര്‍ജ് പോളും ചര്‍ച്ചയ്ക്കുശേഷം പറഞ്ഞത്. അവശേഷിക്കുന്ന കോളേജുകളും സ്വന്തം നിലയില്‍ പ്രവേശനം നടത്തിയാല്‍ എതിര്‍ക്കില്ലെന്ന സൂചനയാണ് മാണിയുടെ വാക്കുകളിലുള്ളത്. മെഡിക്കല്‍ പിജി പ്രവേശനത്തില്‍ മെറിറ്റ് ക്വോട്ട തട്ടിയെടുക്കാന്‍ മാനേജുമെന്റുകള്‍ക്ക് അവസരം നല്‍കിയതിനുപിന്നാലെയാണ് എംബിബിഎസ് പ്രവേശനത്തിലും ഒത്തുകളി നടന്നത്. സ്വാശ്രയ എന്‍ജിനിയറിങ് മാനേജ്മെന്റുകളും സര്‍ക്കാരിനെ സ്വാധീനിച്ച് ഇതേ വഴിക്ക് നീങ്ങാന്‍ തീരുമാനിച്ചുകഴിഞ്ഞു. പതിമൂവായിരത്തിലേറെ മെറിറ്റ് സീറ്റാണ് ഈ കോളേജുകളില്‍ ഉള്ളത്. എന്‍ജിനിയറിങ് മെറിറ്റ് ക്വോട്ടയ്ക്കുള്ള ലിസ്റ്റ് സര്‍ക്കാര്‍ വൈകിക്കുന്നത് ഈ കച്ചവടത്തിന് കൂട്ടുനില്‍ക്കാനാണ്. 22ന് എന്‍ജിനിയറിങ് കോളേജ് മാനേജ്മെന്റുമായി നടത്തുന്ന ചര്‍ച്ചയും പ്രഹസനമാകാനാണ് സാധ്യത.

No comments: