ആലപ്പുഴ, ചാലക്കുടി, ചങ്ങനാശ്ശേരി, ചേര്‍ത്തല, ചിറ്റൂര്‍, തത്തമംഗലം., എറണാകുളം, ഗുരുവായൂര്‍, കാഞ്ഞങ്ങാട്, കണ്ണൂര്‍, കായംകുളം, കൊടുങ്ങല്ലൂര്‍, കൊല്ലം, കോട്ടയം, മട്ടന്നൂര്‍, കോഴിക്കോട്, കൊയിലാണ്ടി, കുന്നംകുളം, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, ഒറ്റപ്പാലം, പാലക്കാട്, പയ്യന്നൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി, പുനലൂര്‍, ഷൊര്‍ണൂര്‍, തളിപ്പറമ്പ്, തിരുവനന്തപുരം, തൊടുപുഴ, തൃശൂര്‍, തിരൂര്‍, തിരുവല്ല, വടകര, വര്‍ക്കല എന്നിവിടങ്ങളില്‍ സ്‌കൂളുകള്‍ തുടങ്ങാന്‍ നാലരമുതല്‍ ഏഴര ഏക്കര്‍വരെ ഭൂമിവേണമെന്നാണ് പരസ്യത്തില്‍ പറയുന്നത്. എവറോണ്‍ എഡ്യൂക്കേഷന്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് പരസ്യം നല്‍കിയിരിക്കുന്നത്. ചെന്നൈ ഇന്‍ഡസ്ട്രിയില്‍ എസ്റ്റേറ്റിലാണ് കമ്പനിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നു. കെന്‍ ബ്രിഡ്ജ് സ്‌കൂള്‍സ് എന്ന പേരിലാണ് കമ്പനി സ്‌കൂളുകള്‍ നടത്തുന്നത്. ഭൂമി ഉള്ളവരെ സ്‌കൂള്‍ സംരംഭത്തില്‍ പങ്കാളികളാക്കാമെന്നും പറയുന്നു. എന്നാല്‍ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുണ്ടോ എന്ന കാര്യമൊന്നും പരസ്യത്തില്‍ പറയുന്നില്ല. സി ബി എസ് ഇ മാനദണ്ഡമനുസരിച്ച് സ്വകാര്യ കമ്പനികള്‍ക്ക് സ്‌കൂള്‍ തുടങ്ങാനാകില്ല. സ്‌കൂള്‍ തുടങ്ങാനുള്ള സൗകര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് സാധാരണയായി അനമുതി നല്‍കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ കമ്പനികള്‍ സി ബി എസ് ഇ സ്‌കൂളുകള്‍ തുടങ്ങാനായി കേരളത്തില്‍ എത്തുന്നുണ്ട്. ഇവയില്‍ ഭൂരിപക്ഷവും റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നവരാണ് എന്നതാണ് വിചിത്രം.
അതേസമയം എന്‍ ഒ സി നല്‍കാന്‍ തീരുമാനിച്ച സി ബി എസ് ഇ സ്‌കൂളുകളുടെ എണ്ണത്തെ സംബന്ധിച്ചുള്ള അവ്യക്തതയും ഇത്തരം കോര്‍പ്പറേറ്റ് കമ്പനികളുമായുള്ള സര്‍ക്കാരിന്റെ ഒത്തുകളിയുടെ സൂചനകളാണ് നല്‍കുന്നത്. സ്‌കൂളുകളുടെ എണ്ണത്തെ സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തതും സംശയകരമാണ്. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ എന്‍ ഒ സിയ്ക്കായി 239 അപേക്ഷകളാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ളതെന്നാണ് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറയുന്നത്. ഇതില്‍ 154 എണ്ണം ഉദ്യോഗസ്ഥ തലത്തിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന്റെ പരിഗണനയിലാണ്. 85 അപേക്ഷകള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. ഈ സ്‌കൂളുകള്‍ക്ക് എന്‍ ഒ സി നല്‍കുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ അനുമതി നല്‍കിയിട്ടുള്ളത്. ഇവയില്‍ പല സ്‌കൂളുകളും നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്നവയാണ് എന്നതിനാല്‍ പൊതുവിദ്യാഭ്യാസമേഖലയെ ഈ തീരുമാനം ബാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. കുത്തകകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും സ്‌കൂള്‍ തുടങ്ങാന്‍ അനുമതി നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസരംഗത്തേക്കുള്ള കുത്തകകളുടെ കടന്നുവരവിനെ ആശങ്കയോടെയാണ് വിദ്യാര്‍ഥി സംഘടനകളും അധ്യാപകസംഘടനകളും നോക്കിക്കാണുന്നത്.
(രാജേഷ് വെമ്പായം)
No comments:
Post a Comment