Wednesday, June 1, 2011

ഒന്നാംഭാഷ മലയാളം ഈ വര്‍ഷം തന്നെ

Posted on: 02 Jun 2011




തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ മലയാളം ഒന്നാംഭാഷയാക്കുന്ന തീരുമാനം ഈ വര്‍ഷംതന്നെ നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇക്കാര്യത്തില്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു ചടങ്ങിനിടെ സുകുമാര്‍ അഴീക്കോട്, ഒ.എന്‍.വി.കുറുപ്പ്, സുഗതകുമാരി എന്നിവരും ഇതേ ആവശ്യം ഉന്നയിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.


മലയാളം ഒന്നാംഭാഷയാക്കാന്‍ മുന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നെങ്കിലും ചില കോണുകളില്‍നിന്ന് എതിര്‍പ്പുയര്‍ന്നതിനാല്‍ തുടര്‍ നടപടികള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. പിരിയഡ് ക്രമീകരണം സംബന്ധിച്ച തീരുമാനം എടുക്കാന്‍ കഴിയാതെവന്നതോടെ ഈ വര്‍ഷം മലയാളം ഒന്നാംഭാഷയാക്കാന്‍ കഴിയില്ലെന്ന നിലപാട് വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് പരസ്യമായി പ്രഖ്യാപിക്കുകയുംചെയ്തു.


ഒന്നാംഭാഷ മലയാളമാക്കുന്നത് അട്ടിമറിക്കാന്‍ നടക്കുന്ന നീക്കങ്ങള്‍ കുറച്ചു ദിവസങ്ങളായി 'മാതൃഭൂമി' വഴി പുറത്തുവന്നുകൊണ്ടിരിക്കുകയായിരുന്നു. മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരും ഇതേത്തുടര്‍ന്ന് രംഗത്തെത്തി. പ്രശ്‌നത്തില്‍ ഇടപെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍കൈ യെടുത്താണ് മലയാളം ഈ വര്‍ഷംതന്നെ ഒന്നാംഭാഷയായി പഠിപ്പിക്കണമെന്ന തീരുമാനം മന്ത്രിസഭയെക്കൊണ്ടെടുപ്പിച്ചത്.


മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിശ്ചയിച്ചിരുന്നതുപോലെ ഐ.ടി.യുടെ പീരിയഡായിരിക്കും മലയാളത്തിന് അധികമായി കണ്ടെത്തേണ്ടിവരിക. ഇപ്പോള്‍ ആഴ്ചയില്‍ നാലുപിരിയഡ് ഐ.ടി.ക്കുണ്ട്. മലയാളം ഒന്നാംഭാഷയല്ലാത്ത കുട്ടികള്‍ക്ക് രണ്ടുപിരിയഡേ മലയാളത്തിനുള്ളൂ. ഇനിമുതല്‍ അത് മൂന്നാകും. സാധാരണ കുട്ടികള്‍ക്കുള്ള മലയാളം പിരിയഡിലും വര്‍ധന വരും. മലയാളം ഒട്ടും പഠിക്കേണ്ടതില്ലാതിരുന്ന ഓറിയന്റല്‍ സ്‌കൂളുകളില്‍ മലയാളം പഠിപ്പിക്കണം.


വി.എച്ച്.എസ്.ഇ.യില്‍ നിലവില്‍ ഇംഗ്ലീഷേ ഉണ്ടായിരുന്നുള്ളൂ. അവിടെയും മലയാളം പാഠ്യവിഷയമാകും. കേന്ദ്ര സിലബസ് സ്‌കൂളുകളിലും മലയാളം നിര്‍ബന്ധമാക്കും. കേന്ദ്രീയവിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
പിരിയഡ് ക്രമീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് ഡി.പി.ഐ. മുഹമ്മദ് ഹനീഷ് അറിയിച്ചു.


വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച വിശദാംശം പരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതിക്ക് രൂപം നല്‍കി.
വിദ്യാഭ്യാസമന്ത്രി, ധനമന്ത്രി, വ്യവസായമന്ത്രി, റവന്യൂമന്ത്രി, ഗ്രാമവികസനമന്ത്രി എന്നിവരും മുന്‍ വിദ്യാഭ്യാസമന്ത്രിമാരായ ടി.എം.ജേക്കബ്, പി.ജെ. ജോസഫ് എന്നിവരുമാണ് സമിതിയിലുള്ളത്. ഈ മാസം എട്ടിനോ പതിനഞ്ചിനോ ചേരുന്ന മന്ത്രിസഭായോഗത്തില്‍ സമിതി നിര്‍ദേശം സമര്‍പ്പിക്കും.


സ്‌കൂളുകള്‍ക്ക് നാനൂറ് മീറ്റര്‍ പരിധിയില്‍ പുകയില ഉത്പന്നങ്ങളുടെ വില്പന നിരോധിക്കും. ഇത് ഫലപ്രദമായി നടപ്പാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുകയില ഉത്പന്നങ്ങള്‍ക്ക് അടിമകളായ വിദ്യാര്‍ഥികളെ കണ്ടെത്താനും നടപടി യുണ്ടാകും. സ്‌കൂളുകളില്‍ ആവശ്യമായ ബോധവത്കരണം നടത്തും.


----------------
വിദ്യാര്‍ഥികളുടെ കഴുത്തില്‍ ജാതിപ്പേരെഴുതി കെട്ടിത്തൂക്കിയെന്ന് പരാതി
Posted on: 02 Jun 2011


കടുത്തുരുത്തി: പ്രവേശോത്സവത്തോടനുബന്ധിച്ച് ഒന്നാംക്ലാസ്സില്‍ ചേരാനെത്തിയ വിദ്യാര്‍ഥികളുടെ കഴുത്തില്‍ ജാതിപ്പേര്‍ എഴുതിച്ചേര്‍ത്ത കാര്‍ഡ് അണിയിച്ച് അധ്യാപകര്‍ക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുപ്പിച്ചതായി പരാതി. മുട്ടുചിറ സെന്‍റ് ആഗ്‌നസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചേരാനെത്തിയ 82 കുട്ടികളുടെ കഴുത്തിലാണ് ജാതിപ്പേര്‍ രേഖപ്പെടുത്തിയ കാര്‍ഡ് അണിയിച്ചത്.


സംഭവം സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ കടുത്തുരുത്തി ഡി.ഇ.ഒ.യ്ക്ക് പരാതി നല്‍കി. പൂഴിക്കോല്‍ കട്ടപ്പുറത്ത് പ്രമോദ്കുമാര്‍, മാന്നാര്‍ മൂലേക്കാട്ട് എം.കെ.ഇന്ദുചൂഡന്‍, മുകളേക്കാലായില്‍ അനീഷ് എന്നിവരാണ് കടുത്തുരുത്തി ഡി.ഇ.ഒ.യ്ക്ക് പരാതി നല്‍കിയത്.


വിദ്യാര്‍ഥികളുടെ ജാതി പലപ്പോഴും ശരിയായി രേഖപ്പെടുത്താത്തതിനാല്‍ പലര്‍ക്കും ലംപ്‌സംഗ്രാന്‍ഡുള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കിട്ടാതെവന്ന സാഹചര്യത്തില്‍ കുട്ടികളുടെ ജാതി ശരിയാണോ എന്ന് മാതാപിതാക്കളെ ബോധ്യപ്പെടുത്താനാണ് ടാഗില്‍ ജാതി എഴുതിച്ചേര്‍ത്തതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.
-----------------
ഹാജരുണ്ട്; അനഘ മാത്രം

വടകര: കോടമഞ്ഞു മൂടിയ കാനന വഴിയിലൂടെ ആദ്യാക്ഷരത്തിന്റെ മാധുര്യം നുണയാന്‍ അമ്മയുടെ കൈപിടിച്ച് അനഘ നടന്നു. പുത്തനുടുപ്പും പുസ്തകങ്ങളുമായി, പുതിയ ചങ്ങാതിമാരോടൊപ്പം ചേരാമെന്ന ഉത്സാഹത്തോടെ. കിലോമീറ്ററുകള്‍ താണ്ടി സ്കൂളിലെത്തിയപ്പോള്‍ അമ്മ അധ്യാപികയും അനഘ വിദ്യാര്‍ഥിയുമായി. ഒന്നാം ക്ലാസില്‍ ഹാജരെടുത്തപ്പോള്‍ വിളികേള്‍ക്കാന്‍ അനഘ മാത്രം. ജില്ലാ അതിര്‍ത്തിയിലുള്ള ചെക്യാട് പഞ്ചായത്തിലെ കണ്ടിവാതുക്കല്‍ ഗവ. വെല്‍ഫെയര്‍ സ്കൂളില്‍ ഈ വര്‍ഷവും പ്രവേശനം നേടിയത് ഒരുകുട്ടി മാത്രം. സ്കൂളിലെ അധ്യാപികയും കണ്ണൂര്‍ കേളകം സ്വദേശിനിയുമായ രജനിയുടെ മകള്‍ അനഘ. സൂര്യനുദിച്ചുണര്‍ന്നിട്ടും മലമുകളിലെ മൂടല്‍മഞ്ഞ് നീങ്ങാത്തതിനാല്‍ പരസ്പരം കാണാന്‍പോലും കഴിയാത്ത അവസ്ഥ. സ്കൂളില്‍ പ്രവേശനോത്സവം മധുരമുള്ള ഓര്‍മകളാക്കാന്‍ വര്‍ണക്കടലാസുകളും ബലൂണുകളും ഒരുക്കുന്ന തിരക്കിലായിരുന്നു അധ്യാപകരും വിദ്യാര്‍ഥികളും. നാലാം ക്ലാസില്‍ നാലുപേരും മൂന്നില്‍ ഏഴും രണ്ടില്‍ ഒരു വിദ്യാര്‍ഥിയുമുള്‍പ്പെടെ 13 വിദ്യാര്‍ഥികളും നാല് അധ്യാപകരുമാണ് ആകെ സ്കൂളിലുള്ളത്. ആദിവാസികളുടെയും പിന്നോക്കക്കാരുടെയും ആശാകേന്ദ്രമാണ് ഈ അക്ഷരാലയം. സംസ്ഥാനത്തെ മികച്ച കായിക താരങ്ങള്‍ക്കുള്‍പ്പെടെ അക്ഷരവെളിച്ചം ചൊരിഞ്ഞ വിദ്യാലയം. ഗതാഗത സൗകര്യത്തിന്റെ അപര്യാപ്തതയും വന്യമൃഗ ശല്യവുംമൂലം കുടിയേറ്റ കര്‍ഷകര്‍ കുടിയിറങ്ങിയതാണ് കുട്ടികളുടെ കുറവിന് കാരണം. എന്നാല്‍ കാടിനെ ആശ്രയിച്ചു കഴിയുന്ന നിരവധി കുടുംബങ്ങള്‍ ഇപ്പോഴും ഈ മലയോരങ്ങളിലുണ്ട്. സ്കൂള്‍ ഇല്ലാതായാല്‍ വരുംതലമുറയുടെ പഠനമോഹത്തിന് തിരിച്ചടിയാകുമെന്ന് പ്രധാനാധ്യാപകന്‍ രവീന്ദ്രന്‍ പറഞ്ഞു.
-----------
പള്ളിക്കൂടങ്ങളുണര്‍ന്നു; പ്രവേശനം ഉത്സവമായി

തിരു: അമ്മയുടെയോ അച്ഛന്റെയോ കൈകളില്‍ തൂങ്ങി പള്ളിക്കൂടത്തിന്റെ പടി ചവിട്ടിയ കുട്ടിക്കുരുന്നുകളെ പ്രിയപ്പെട്ട അധ്യാപകര്‍ ഏറ്റുവാങ്ങി. വീണ്ടും സ്കൂളുകളില്‍ പഠനവെളിച്ചം പരന്നു. അറിവിന്റെ ആദ്യക്ഷരം തേടിയെത്തിയവരെ വരവേല്‍ക്കാന്‍ സമ്മാനപ്പൊതികളും മധുരപലഹാരങ്ങളും കളിക്കോപ്പുകളും ഒരുക്കി പ്രവേശനോത്സവം അവിസ്മരണീയമാക്കാന്‍ തലസ്ഥാന നഗരിയിലെ വിദ്യാലയങ്ങള്‍ മത്സരിച്ചു. സ്കൂള്‍മുറ്റം തോരണങ്ങളാല്‍ അലങ്കരിച്ചും ക്ലാസ്മുറികള്‍ ചിത്രങ്ങളാല്‍ ആകര്‍ഷകമാക്കിയും കളിക്കോപ്പുകൊണ്ട് നിറച്ചും സൗകര്യപ്രദമായ ഇരിപ്പിടങ്ങള്‍ ഒരുക്കിയും പാട്ടും കളികളുമായി ഉത്സവലഹരിയില്‍ത്തന്നെയാണ് മിക്ക സ്കൂളും പ്രവേശനോത്സവം സംഘടിപ്പിച്ചത്. ചില സ്കൂളുകള്‍ യൂണിഫോമും കുടയും തൊപ്പിയും ബാഗും തുടങ്ങി പഠനോപകരണമെല്ലാം സൗജന്യമായി നല്‍കി. സ്വകാര്യ സ്കൂളുകളെ വെല്ലുന്ന സജ്ജീകരണങ്ങളാണ് നഗരത്തിലെ ചില സര്‍ക്കാര്‍ സ്കൂളുകള്‍ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയത്. തലസ്ഥാനത്ത് മണക്കാട് ടിടിഐയ്ക്കും കോട്ടണ്‍ഹില്‍ എല്‍പിഎസിനുമാണ് ഇക്കൂട്ടത്തില്‍ തലയെടുപ്പ്. പഠനത്തോടൊപ്പം സംഗീതവും കലാകായിക കഴിവുകളും അഭ്യസിക്കാനുള്ള വിപുലമായ ക്രമീകരണങ്ങള്‍ ഈ വിദ്യാലയങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കൂടാതെ വൈകിട്ട് ചായയും ബിസ്കറ്റുംവരെ നല്‍കാന്‍ തയ്യാറാണ് ചില സ്കൂള്‍ അധികാരികള്‍ . പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നേമം യു പി സ്കൂളില്‍ മന്ത്രി പി കെ അബ്ദുറബ്ബ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൂഫസ് ഡാനിയേല്‍ കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ നല്‍കി. നഗരസഭാതല പ്രവേശനോത്സവം പട്ടം സ്കൂളില്‍ നടന്നു. മണക്കാട് ഗവ. വിഎച്ച്എസ്എസിലെ പ്രവേശനോത്സവം മേയര്‍ അഡ്വ. കെ ചന്ദ്രിക ഉദ്ഘാടനംചെയ്തു. മന്ത്രിമാരും ത്രിതല പഞ്ചായത്ത് പ്രതിനിധികളും വിവിധ സ്കൂളുകളിലെ പ്രവേശനോത്സവ ആഘോഷങ്ങളില്‍ പങ്കെടുത്തു.
കൂടുതല്‍ വാര്‍ത്തകള്‍ ചൂണ്ടു വിരലില്‍

No comments: