Monday, June 20, 2011

പ്രധാന തസ്തികകളില്‍ ആളില്ല; വിദ്യാഭ്യാസ വകുപ്പ് പ്രതിസന്ധിയില്‍

Posted on: 21 Jun 2011

തിരുവനന്തപുരം: ഭരണമാറ്റം വന്ന് ഒരു മാസം കഴിഞ്ഞിട്ടും പ്രധാന തസ്തികകളില്‍ നിയമനമാകാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച ഉന്നതോദ്യോഗസ്ഥരടക്കമുള്ളവരെ മാറ്റാന്‍ പുതിയ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും അതും നടന്നിട്ടില്ല.

പൊതുവിദ്യാഭ്യാസ മേഖലയിലാണ് കൂടുതല്‍ ഒഴിവുള്ളത്. ഡി.പി.ഐ. ഓഫീസില്‍ രണ്ട് അഡീഷണല്‍ ഡി.പി.ഐ. മാരുടെ തസ്തികയില്‍ ആളില്ല. ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍, പരീക്ഷാ വിഭാഗത്തിന്റെ ജോയിന്‍റ് ഡയറക്ടര്‍, വി.എച്ച്.എസ്. ഇ. ഡയറക്ടര്‍, എസ്. എസ്.എ. ഡയറക്ടര്‍, ആര്‍.എം.എസ്.എ. ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നു. എസ്.സി.ഇ.ആര്‍.ടി. ഡയറക്ടറായും സീമാറ്റ് ഡയറക്ടറായും പുതിയ ആളുകളെ കണ്ടെത്തേണ്ടതുണ്ട്.

സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ സ്ഥാനവും ഒഴിഞ്ഞുകിടക്കുന്നു. സ്‌കൗട്ട് ആന്‍ഡ് ഗൈഡില്‍ ഇടതുപക്ഷ അധ്യാപക സംഘടനയുടെ നേതാക്കളായിരുന്നവര്‍ തന്നെയാണ് ഇപ്പോഴും തുടരുന്നത്. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാന്‍ മുന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും നടപ്പാക്കിയില്ല. അധ്യാപക വിദ്യാര്‍ഥി അനുപാതവും ക്ലാസുകളുടെ ഘടനാമാറ്റവും ഇനിയും തീരുമാനമായിട്ടില്ല. ഈ വര്‍ഷവും വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാനാകാത്ത സ്ഥിതിയാണ്. എസ്.എസ്.എ. ഫണ്ടിന്റെ വിനിയോഗത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ തല്‍സ്ഥാനത്ത് തുടരുകയാണ്.

ഇത് തെളിവുകള്‍ നശിപ്പിക്കുന്നതിനുപോലും കാരണമാകുമെന്ന് കരുതുന്നു. ഡി.ഡി, ഡി.ഇ.ഒ. മാരുടെ സ്ഥലംമാറ്റവും നിയമനവും നടന്നെങ്കിലും അഴിമതി ആരോപണങ്ങളുടെ പേരില്‍ മുമ്പ് സ്ഥലംമാറ്റപ്പെട്ടവരും അന്വേഷണം നേരിടുന്നവരുമായ ചില ഉദ്യോഗസ്ഥര്‍ പഴയ ലാവണങ്ങള്‍തന്നെ തിരിച്ചുപിടിച്ചിട്ടുണ്ട്.

അധ്യാപക സംഘടനകളുടെ റഫറണ്ടം നിശ്ചയിച്ചെങ്കിലും തുടര്‍ നടപടിയുണ്ടായിട്ടില്ല. മലയാളം ഒന്നാം ഭാഷയാക്കിയെങ്കിലും തീരുമാനം പ്രാവര്‍ത്തികമാകാന്‍ ഇനിയും മുന്നോട്ട് പോകണം. കാലിക്കറ്റ് സര്‍വകലാശാലാ വി.സി, പ്രൊ-വി.സി, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, സെക്രട്ടറി തുടങ്ങി ഉന്നത വിദ്യാഭ്യാസ മേഖലയിലും രാജിവെച്ചവര്‍ക്ക് പകരം പുതിയ ചുമതലക്കാര്‍ വന്നിട്ടില്ല.
==mathrubhoomi.

ഗാന്ധിവിദ്യാര്‍ഥി മണ്ഡലത്തിന് ആവേശോജ്ജ്വല തുടക്കം

Posted on: 21 Jun 2011

മലയിന്‍കീഴ്: വിദ്യാര്‍ഥികളില്‍ ഗാന്ധിയന്‍ മൂല്യങ്ങള്‍ പകര്‍ന്നുനല്‍കുവാന്‍ ലക്ഷ്യമിട്ട് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഗാന്ധിവിദ്യാര്‍ഥി മണ്ഡലത്തിന് മലയിന്‍കീഴ് ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. എന്‍. ശക്തന്‍ എം.എല്‍.എ. അധ്യക്ഷനായി. സുഗതകുമാരി ഗാന്ധിയെക്കുറിച്ചുള്ള സ്വന്തം കവിതചൊല്ലി ഉദ്ഘാടനം നിര്‍വഹിച്ചു. കേരള ഗാന്ധിസ്മാരകനിധി ചെയര്‍മാന്‍ പി. ഗോപിനാഥന്‍ നായര്‍ ഗാന്ധിമാര്‍ഗ പ്രതിജ്ഞയും സന്ദേശവും നല്‍കി.

ജില്ലാ പഞ്ചായത്തംഗം മലയിന്‍കീഴ് വേണുഗോപാല്‍ പദ്ധതി വിശദീകരിച്ചു. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ഗാന്ധിവിദ്യാര്‍ഥി മണ്ഡലത്തിന്റെ യൂണിറ്റുകള്‍ തുടങ്ങുന്നതിനും ഇവര്‍ക്ക് പഠനവും പരിശീലനവും നല്‍കുന്നതിനുമുള്ള പദ്ധതി ജില്ലാ പഞ്ചായത്ത് നടപ്പാക്കുമെന്ന് അംഗം അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം യോഗത്തില്‍ വായിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. റൂഫസ് ഡാനിയേല്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ അന്‍സജിതാ റസ്സല്‍, നൂറുല്‍ ഇസ്‌ലാം യൂണിവേഴ്‌സിറ്റി പ്രോ ചാന്‍സലര്‍ എം.എസ്. ഫൈസല്‍ഖാന്‍, ബ്ലോക്ക് അംഗം ബിനു തോമസ്, ഡി.ഇ.ഒ. വത്സലാദാസ്, സനല്‍ കുളത്തിങ്കല്‍, ജോസ് വിക്ടര്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങിന് മുന്നോടിയായി സുഗതകുമാരി സ്‌കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നട്ടു
--

പുസ്തകത്തൊട്ടിലുമായി പുഴക്കല്‍ എല്‍.പി.സ്‌കൂള്‍

കതിരൂര്‍: 'പുസ്തകങ്ങളും അറിവുകളും മറ്റുള്ളവര്‍ക്കും നല്‍കുക' എന്ന സന്ദേശവുമായി ചമ്പാട് പുഴക്കല്‍ എല്‍.പി. സ്‌കൂളില്‍ 'പുസ്തകത്തൊട്ടില്‍'! അക്ഷരലോകത്തിലൂടെ കുഞ്ഞുമനസ്സുകളില്‍ നിന്ന് സ്വാര്‍ഥ ചിന്ത ഒഴിവാക്കി വിശാലമനസ്സിന് ഉടമകളാക്കുക എന്ന ഉദ്ദേശമാണ് സ്‌കൂള്‍ അധികൃതരും പൊന്ന്യം പൊതുജനവായനശാലയും ചേര്‍ന്ന് നടപ്പാക്കുന്നത്. വായന വാരാചരണ ഭാഗമായാണ് തൊട്ടിലിന് രൂപം നല്‍കിയത്. ഓരോ വിദ്യാര്‍ഥിയും വായിച്ചു കഴിഞ്ഞ പുസ്തകങ്ങള്‍, പത്രങ്ങള്‍, മാസികകള്‍ എന്നിവയാണ് പുസ്തകത്തൊട്ടിലില്‍ നിക്ഷേപിക്കുക. ഇതിന്റെ ഭാഗമായി പുഴക്കല്‍ എല്‍.പി.സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പൊന്ന്യം പൊതുജന വായനശാലയില്‍ അംഗത്വം നല്‍കി.

പുസ്തകത്തൊട്ടിലില്‍ ആദ്യപുസ്തകം നിക്ഷേപിച്ച് തലശ്ശേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് വി.കെ.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ എറ്റവും നല്ല വായനക്കാരായി തിരഞ്ഞെടുത്ത കെ.പി.അശ്വതി, എ.സാന്ത്വന എന്നിവര്‍ക്കുള്ള പുരസ്‌കാരവും സുരേഷ്ബാബു വിതരണം ചെയ്തു. വായനശാലാ പ്രസിഡന്റ് കെ.നൂറുദ്ദീന്‍ അധ്യക്ഷനായി.. എന്‍.വി.രാഘവന്‍, പി.വി.ജയരാജന്‍, എം.പി.റസിയ, ഗോവിന്ദന്‍ മേസ്ത്രി, ജി.വി.രാകേശ്, എന്നിവര്‍ സംസാരിച്ചു. എ.പ്രേമരാജന്‍ സ്വാഗതവും പി. ആര്‍.ആദിത്യ നന്ദിയും പറഞ്ഞു. .
--

ഏകാധ്യാപക വിദ്യാലയങ്ങള്‍ വീണ്ടും പ്രതിസന്ധിയില്‍

കല്പറ്റ: വിദൂര ഗ്രാമങ്ങളിലെ ആദിവാസി കുട്ടികള്‍ക്ക് അറിവിന്റെ വെളിച്ചം പകരുന്ന ഏകാധ്യാപക വിദ്യാലയങ്ങള്‍ വീണ്ടും പ്രതിസന്ധിയില്‍.

ബദല്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം തുടരാന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അധ്യപക നിയമനവും എസ്.എസ്.എ.ഫണ്ട് വിനിയോഗവും സംബന്ധിച്ച ഉത്തരവിറങ്ങാത്തതിനാല്‍ ബദല്‍ വിദ്യാലയങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് അധ്യാപകരം ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ സര്‍ക്കാറിനെറ ഉത്തരവനുസരിച്ച് ബദല്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനാനുമതി കഴിഞ്ഞു. ഇത് കാരണം മൂന്നുമാസമായി അധ്യാപകര്‍ക്കുള്ള ശമ്പളമില്ല. എന്നിട്ടും വിദ്യാലയങ്ങള്‍ ഈ അധ്യയന വര്‍ഷവും തുറന്നു. ഇപ്പോള്‍ ഉച്ചഭക്ഷണം പാകം ചെയ്യാനുള്ള വിറക്, വണ്ടിക്കൂലി, കണ്ടിജന്‍സി ചാര്‍ജ് എന്നിവ കണ്ടെത്താനാകാതെ അധ്യാപകര്‍ വലയുകയാണ്. ദിവസേന 50 രൂപവരെ വണ്ടിക്കൂലി നല്‍കി വിദ്യാലയത്തിലെത്തുന്ന അധ്യാപകരും ഏറെയുണ്ട്.

കഴിഞ്ഞ അധ്യയന വര്‍ഷം ബദല്‍ വിദ്യാലയങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഫണ്ട് മുടങ്ങിയപ്പോള്‍ ഡിസ്ട്രിക്ട് മാനേജ്‌മെന്റ് കോസ്റ്റില്‍ നിന്നും പണം ഉപയോഗിക്കാന്‍ ഉത്തരവിറക്കിയാണ് പ്രശ്‌നം പരിഹരിച്ചത്. ഈവര്‍ഷം എസ്എസ്.എ. ഫണ്ടുപയോഗിക്കാന്‍ ഉത്തരവിറക്കാത്തതിനാല്‍ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും ലഭ്യമായിട്ടില്ല. സംസ്ഥാനത്ത് 446 വിദ്യാലയങ്ങളിലായി 12,000 കുട്ടികളാണ് ബദല്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്നത്. വയാനാട്ടില്‍ 52 വിദ്യാലയങ്ങളിലായി 1200 കുട്ടികളുണ്ട്. ബദല്‍ വിദ്യാലയങ്ങളെ രക്ഷിക്കാനും അധ്യാപകരുടെ ജോലി സംരക്ഷിക്കാനും നടപടി സ്വീകരിക്കണമെന്ന് അധ്യാപകരുടെ യോഗം ആവശ്യപ്പെട്ടു.

ഇ.വി.ജോര്‍ജ്, ഒ.കെ. പീറ്റര്‍, പി.എസ്. റജീന, കെ.കെ. രാമചന്ദ്രന്‍, വനജ എന്നിവര്‍ സംസാരിച്ചു.
--

വനവത്കരണ ദൗത്യവുമായി വിദ്യാര്‍ഥികള്‍

നടക്കുതാഴ: സ്‌കൂളിലും പരിസരത്തും വനവത്കരണം നടപ്പാക്കാനുള്ള ദൗത്യവുമായി നടക്കുതാഴ എം.യു.പി.സ്‌കൂള്‍ കുട്ടികള്‍ രംഗത്ത്. അന്താരാഷ്ട്ര വനവര്‍ഷാചരണത്തിന്റെ ഭാഗമായാണ് 1000 വൃക്ഷത്തൈകള്‍ നട്ട് അവ സംരക്ഷിക്കുന്ന പദ്ധതി ആരംഭിച്ചത്. അധ്യയനവര്‍ഷാവസാനം വരെയുള്ള തുടര്‍ പ്രവര്‍ത്തനമായാണ് പദ്ധതി നടപ്പാക്കുക. വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കുമായി ഇതിനായി തൈകള്‍ വിതരണം ചെയ്തു. സ്‌കൂള്‍, വീടുകള്‍, സ്‌കൂള്‍ പരിസരത്തെ റോഡിന്റെ വശങ്ങള്‍ എന്നിവിടങ്ങളിലാണ് തൈകള്‍ നടുക. ഇവയുടെ വളര്‍ച്ചാപുരോഗതി വിലയിരുത്താന്‍ കുട്ടികള്‍ സ്‌ക്വാഡുകളായിത്തിരിഞ്ഞ് ഗൃഹസന്ദര്‍ശനം നടത്തും.

പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലേന്‍ പൊക്കുടന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. പി.പി. പത്മിനി, പി.കെ.ശൈലജ എന്നിവര്‍ സംസാരിച്ചു.--

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ലീഗ് പ്രതിജ്ഞാബദ്ധം -പി. അബ്ദുല്‍ ഹമീദ്
മലപ്പുറം: കേരളത്തിന്റെ പൊതുസംസ്‌കാരം രൂപപ്പെടുത്തിയ പൊതു വിദ്യാഭ്യാസത്തിന്റെ സംരക്ഷണത്തിന് മുസ്‌ലിം ലീഗ് പ്രതിജ്ഞാബദ്ധമാണെന്ന് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ ഹമീദ് പറഞ്ഞു. പൊതുവിദ്യാലയങ്ങളുടെ വ്യാപനത്തിന് നടപടികളെടുത്തതും അവ ശാക്തീകരിക്കപ്പെട്ടതും ലീഗ് മന്ത്രിമാരുടെ കാലയളവിലാണെന്നും അദ്ദേഹം പറഞ്ഞു. കേരളാസ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാനേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അബ്ദുല്ലവാവൂര്‍ അധ്യക്ഷത വഹിച്ചു. പി. ഉബൈദുള്ള എം.എല്‍.എ, ജില്ലാ ലീഗ് സെക്രട്ടറി പി. സൈതലവി, കെ.എസ്.ടി.യു. പ്രസിഡന്റ് സി.പി. ചെറിയ മുഹമ്മദ്, ജനറല്‍ സെക്രട്ടറി എ.കെ. സൈനുദ്ദീന്‍, സി.കെ. അഹമ്മദ്കുട്ടി, ഇ.പി. മുഹമ്മദ്മുനീര്‍, കണ്ണിയന്‍ അബൂബക്കര്‍, കെ.ടി. ചെറിയമുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം. അഹമ്മദ് സ്വാഗതവും കെ. ഫസല്‍ഹഖ് നന്ദിയും പറഞ്ഞു
--

'രസതന്ത്രത്തിന്റെ നാള്‍വഴികള്‍' പ്രകാശനം ചെയ്തു

കോട്ടയ്ക്കല്‍: അന്താരാഷ്ട്ര രസതന്ത്ര വര്‍ഷാചരണത്തിന്റെ ഭാഗമായി കോട്ടയ്ക്കല്‍ ഗവ. രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സയന്‍സ് ക്ലബ്ബ് തയ്യാറാക്കിയ 'രസതന്ത്രത്തിന്റെ നാള്‍വഴികള്‍' എന്ന ചിത്ര പാനലുകള്‍ പ്രകാശനം ചെയ്തു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സര്‍വ വിജ്ഞാനകോശം മുന്‍ ഡയറക്ടര്‍ പ്രൊഫ. കെ. പാപ്പുട്ടിയാണ് ചിത്രപാനല്‍ പ്രകാശനം ചെയ്തത്. രസതന്ത്ര വര്‍ഷാചരണ ആഘോഷങ്ങള്‍ കാലിക്കറ്റ് സര്‍വലാശാല രസതന്ത്ര വിഭാഗം തലവന്‍ ഡോ. മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പല്‍ എം. അബുട്ടി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ കെ. മുഹമ്മദ്, പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ ഹമീദ്, പി.എ. ഭാഷ്യം, സന്തോഷ്, കെ.വി. ലത, ടോമി മാത്യു എന്നിവര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ കെ.പി. മനോജ് സ്വാഗതവും സുധ നന്ദിയും പറഞ്ഞു. ജ്യോതി ശാസ്ത്രം, രസതന്ത്ര വര്‍ഷം എന്നീ വിഷയങ്ങളില്‍ ക്ലാസുകളുമുണ്ടായി.

രസതന്ത്ര ചരിത്രം ലളിതമായി പ്രതിപാദിക്കുന്ന 39 പാനലുകളാണ് രസതന്ത്രത്തിന്റെ നാള്‍വഴികള്‍. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഐ.വൈ.സി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ പാനലുകള്‍ പ്രദര്‍ശനത്തിന് ലഭിക്കും. എസ്.എസ്.എയുടെ നേതൃത്വത്തില്‍ മറ്റ് ജില്ലകളിലേക്കും ഈ പാനലുകള്‍ ലഭ്യമാക്കാനുള്ള പദ്ധതികള്‍ നടന്നുവരികയാണെന്ന് കണ്‍വീനര്‍ കെ.പി. മനോജ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9446352439
--

സ്‌കൂളുകള്‍ ലാഭംനോക്കി പ്രവര്‍ത്തിക്കരുത്-റോഷി അഗസ്റ്റിന്‍ എം.എല്‍.എ
പാറത്തോട്:സ്‌കൂളുകള്‍ സേവനകേന്ദ്രങ്ങളാണെന്നും വിദ്യാഭ്യാസം കച്ചവടചരക്കല്ലെന്നും സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കരുതെന്നും റോഷിഅഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞു. പാറത്തോട് സെന്റ് ജോര്‍ജസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എം.എല്‍.എ ഫണ്ടുപയോഗിച്ചു വാങ്ങിയ കമ്പ്യൂട്ടറുകളുടെയും വായനവാരാചരണത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തികനേട്ടമില്ലാത്ത സ്‌കൂളുകളെന്ന പ്രയോഗം ഒഴിവാക്കേണ്ടതാണെന്നും പൊതുവിദ്യാഭ്യാസരംഗത്തു നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കുപരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊന്നത്തടി ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ് ജയാവിജയന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ.അഗസ്റ്റിന്‍ കുന്നപ്പിള്ളില്‍, ഹെഡ്മാസ്റ്റര്‍മാരായ ഡി.മാത്യു, എ.എല്‍.പാപ്പച്ചി, തങ്കച്ചന്‍ഇടപ്പാറ, ഷാജികാഞ്ഞമല, അഞ്ജന ടി.ജോസ്, കെ.ജെ.തോമസ് എന്നിവര്‍ പ്രസംഗിച്ചു.
--

വിജയമ്മ ടീച്ചറിലൂടെ പട്ടണക്കാടിനു വീണ്ടും തിളക്കം; ഇക്കുറി ദേശീയ അംഗീകാരം

ചേര്‍ത്തല: തികച്ചും ഗ്രാമാന്തരീക്ഷത്തില്‍, പരിമിതികള്‍ക്കുള്ളില്‍ ഞെരുങ്ങി പ്രവര്‍ത്തിക്കുന്ന കോനാട്ടുശ്ശേരി ഗവ. എല്‍.പി. സ്‌കൂളിനെ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ പടിപടിയായി ഉയര്‍ത്തിയ വിജയമ്മ ടീച്ചര്‍ക്ക് ദേശീയ അംഗീകാരം. അധ്യാപികയുടെ നന്മകള്‍ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കു ലഭിച്ച അംഗീകാരം പട്ടണക്കാടുഗ്രാമത്തിനാകെ തിളക്കമായി. 2009 ല്‍ സംസ്ഥാനത്തെ മികച്ച അധ്യാപികയ്ക്കുള്ള അംഗീകാരവും വിജയമ്മ ടീച്ചറിനെ തേടി എത്തിയിരുന്നു.

കുരുന്നുകള്‍ക്ക് പാഠ്യവിഷയങ്ങള്‍ കരുതലോടെ പകര്‍ന്നുനല്കുന്നതിനൊപ്പം പ്രകൃതിസ്‌നേഹവും പരിസ്ഥിതിബോധവും അവരില്‍ വളര്‍ത്തിയെടുക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചാണ് കോനാട്ടുശ്ശേരിയിലെ പ്രഥമാദ്ധ്യാപിക വേറിട്ട വഴികളിലൂടെ സ്‌കൂളിനെ മുന്നോട്ടു നയിച്ചത്. ഇതിനൊപ്പംതന്നെ സമൂഹത്തിലെ അവശരും അശരണരുമായവരെ സഹായിക്കുന്നതിന് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സഹകരണത്തോടെ ഏറ്റെടുത്ത പദ്ധതികളും സമൂഹമധ്യത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

1981 ല്‍ പള്ളിപ്പുറം പല്ലുവേലി ഭാഗം ഗവ. സ്‌കൂളിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഉഴുവ ഗവ. യു.പി.എസ്, കടക്കരപ്പള്ളി ഗവ. എല്‍. പി.സ്‌കൂള്‍ എന്നിവിടങ്ങളില്‍ സേവനത്തിനുശേഷം ഏഴുവര്‍ഷം മുമ്പാണ് കോനാട്ടുശ്ശേരി ഗവ. എല്‍. പി. സ്‌കൂളിലെത്തിയത്.

രാഷ്ട്രീയത്തിനതീതമായി ജനപ്രതിനിധികളും നാട്ടുകാരും രക്ഷകര്‍ത്താക്കളും വിദ്യാര്‍ഥികളും സഹ അധ്യാപകരും നല്‍കിയ പിന്തുണയും സ്‌നേഹവുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്കുന്നതെന്ന് വിജയമ്മ ടീച്ചര്‍ പറഞ്ഞു.

കടക്കരപ്പള്ളി തറയില്‍ ടി.ജി. രാംലാലിന്റെ ഭാര്യയാണ്. ജയലാല്‍, ജിനലാല്‍ എന്നിവര്‍ മക്കളും. അവാര്‍ഡുവിവരം അറിഞ്ഞ് നിരവധിപേര്‍ അഭിനന്ദനവുമായെത്തി.
--
പാഠപുസ്തകങ്ങള്‍ എവിടെ
അഞ്ചരക്കണ്ടി: സ്കൂളുകള്‍ തുറന്ന് മൂന്നാഴ്ചയായിട്ടും പാഠപുസ്തകങ്ങള്‍ എത്തിയില്ല. രക്ഷിതാക്കളെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നതാണ് ഈ പ്രതിസന്ധി. പുതിയ പാഠ്യപദ്ധതിയനുസരിച്ച് നിരന്തര മൂല്യനിര്‍ണയത്തോടൊപ്പമാണ് അധ്യായങ്ങള്‍ മുന്നോട്ടുപോകേണ്ടത്. ഇതിന് പാഠപുസ്തകങ്ങള്‍ അനിവാര്യമാണെന്ന് അധ്യാപകര്‍ പറയുന്നു. ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ലാസിലെ പുസ്തകങ്ങള്‍ മിക്കതും ലഭ്യമല്ല. മൂന്നാംതരത്തിലെ കണക്ക്, ഇംഗ്ലീഷ് പുസ്തകങ്ങളും നാലാംതരത്തിലെ പാഠപുസ്തകങ്ങളും എത്തിയിട്ടില്ല. അറബിക്, ഉറുദു, സംസ്കൃതം പാഠപുസ്തങ്ങളും മിക്ക സ്കൂളുകളിലും ലഭ്യമല്ല. സ്കൂള്‍ തുറന്ന് ദിവസങ്ങള്‍ക്കകം പുസ്തകവിതരണം കാര്യക്ഷമമാക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചെങ്കിലും ഇതെല്ലാം ജലരേഖയായി. മുന്‍ വര്‍ഷങ്ങളില്‍ കൃത്യമായി പുസ്തകവിതരണം നടന്നിരുന്നെങ്കിലും പുതിയ സര്‍ക്കാര്‍ നിലവില്‍വന്നതോടെ വിതരണത്തിന് ആരും മേല്‍നോട്ടം വഹിക്കാനില്ലാത്ത സ്ഥിതിയാണ്. എഇഒ മാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കി. കൊച്ചി ആസ്ഥാനമായുള്ള കേരള ബുക്ക് പബ്ലിഷേഴ്സ് സൊസൈറ്റി (കെപിബിഎസ്) കൊറിയര്‍ സംവിധാനം വഴിയാണ് നേരത്തെ പുസ്തകങ്ങള്‍ എത്തിച്ചിരുന്നത്. ഈ സംവിധാനം വേണ്ടത്ര കാര്യക്ഷമമല്ലാത്തതും പുസ്തകങ്ങള്‍ വൈകുന്നതിന് കാരണമാകുന്നു. കെബിപിഎസിലെ ഒരു ജീവനക്കാരനാണ് ജില്ലയിലെ മുഴുവന്‍ വിതരണത്തിന്റെയും ചുമതല.
--
പത്ത്, ഒന്‍പത്, എട്ട്... ബാലപീഡനത്തിനെതിരെ ബാലസിനിമ
Posted on: 20-Jun-2011 09:06 AM
കണിയാപുരം: ബാലവേലയ്ക്കും ബാലപീഡനത്തിനുമെതിരായ പ്രതികരണവുമായി ബാലസിനിമ. കണിയാപുരം ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ 25 സ്കൂളുകളിലെ കുട്ടികളാണ് ശില്‍പ്പികള്‍ . ബാലപീഡനം കണ്ടാല്‍ വിളിച്ചറിയിക്കേണ്ട നമ്പറാണ് സിനിമയുടെ പേര് പത്ത്, ഒന്‍പത്, എട്ട്. വീട്ടുവേലയ്ക്കുനില്‍ക്കുന്ന ഒരുതമിഴ് ബാലികപീഡനം സഹിക്കാനാകാതെ ആത്മഹത്യ ചെയ്യാനൊരുങ്ങുന്നതും സ്കൂള്‍ വിദ്യാര്‍ഥികളുടെ സമയോചിതമായ ഇടപെടല്‍ വഴി രക്ഷപ്പെടുന്നതുമാണ് ഇതിവൃത്തം. വേനലവധിക്കാലത്തെ ഏഴുദിവസം നീണ്ട ശില്‍പ്പശാലയില്‍ നിന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രൂപപ്പെട്ടത്. ഇതോടൊപ്പം അഭിനയക്കളരിയും നടന്നു. തുടര്‍ന്ന് രണ്ട് ദിവസത്തിനകം ഷൂട്ടിങ് പൂര്‍ത്തിയായി. കുളത്തൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എ എല്‍ ലീദ, കോലിയക്കോട് ഗവ. യുപി സ്കൂളിലെ ഗൗരിസാരംഗി, പോത്തന്‍കോട് ഗവ. യുപി സ്കൂളിലെ ആരതി ബൈജു എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. സംവിധാനം: പാലക്കല്‍ ഗവ. യുപി സ്കൂളിലെ ആര്‍ വി രാഹുല്‍രാജ്. ഫര്‍സാനയും സൂര്യയും സഹസംവിധായകരായി. രമ്യ, ലീദ, ഗൗരിസാരംഗി, കണിയാപുരം ഗവ. യുപി സ്കൂളിലെ ഫര്‍സാന കരിം എന്നിവരാണ് തിരക്കഥ രചിച്ചത്. പ്രകാശ് റാണയാണ് ക്യാമറ എഡിറ്റിങ് നിര്‍വഹിച്ചത്. അധ്യാപകരായ കെ രവികുമാര്‍ , കെ സ്വാമിനാഥന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ബാലവേല വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി കണിയാപുരം ഗവ. യുപിഎസ് ഓഡിറ്റോറിയത്തില്‍ സിനിമയുടെ ആദ്യപ്രദര്‍ശനം നടന്നു. പോത്തന്‍കോട് ബ്ലോക്ക് പ്രസിഡന്റ് എം മുനീര്‍ സമ്മേളനം ഉദ്ഘാടനംചെയ്തു.
--
--

No comments: