Wednesday, June 22, 2011

സി.ബി.എസ്.ഇ: പുതിയ സ്‌കൂളുകളെ പരിഗണിക്കില്ല

23 Jun 2011

തിരുവനന്തപുരം: വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും അടിസ്ഥാന സൗകര്യമുള്ളതുമായ കേന്ദ്ര സിലബസ് സ്‌കൂളുകള്‍ക്ക് മാത്രം എന്‍.ഒ.സി നല്‍കിയാല്‍ മതിയെന്ന് യു.ഡി.എഫ് നേതൃയോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. പുതുതായി സ്‌കൂള്‍ തുടങ്ങാന്‍ അനുമതിക്കായി നല്‍കിയിരിക്കുന്ന അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ല. ആകെ 239 അപേക്ഷകള്‍ മാത്രമാണ് എന്‍.ഒ.സി.ക്കായി സര്‍ക്കാരിന്റെ പക്കല്‍ ലഭിച്ചിരിക്കുന്നത്. ഇതില്‍ 154 എണ്ണത്തിന്റെ പരിശോധന ഉദ്യോഗസ്ഥതലത്തില്‍ പൂര്‍ത്തിയായി. 85 എണ്ണം ഡി.പി.ഐ.യുടെ പരിഗണനയിലാണ്. ഈ സ്‌കൂളുകളൊക്കെ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവയാണ്. അംഗീകാരമില്ലാത്തതിനാല്‍ പത്താംക്ലാസ് പരീക്ഷയ്ക്ക് മറ്റ് സ്‌കൂളുകളെ ഇവ ആശ്രയിച്ച് വരികയാണ്.

ഈ സ്‌കൂളുകള്‍ക്ക് നേരത്തെതന്നെ അംഗീകാരം നല്‍കേണ്ടതായിരുന്നുവെന്ന് യു.ഡി.എഫ്.കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് പറഞ്ഞു. കേന്ദ്ര നയമനുസരിച്ചും ഇവ അംഗീകാരം അര്‍ഹിക്കുന്നു. എന്നാല്‍ ആയിരക്കണക്കിന് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കാന്‍ പോകുന്നുവെന്ന രീതിയിലാണ് പ്രതിപക്ഷം വിമര്‍ശനമുയര്‍ത്തുകയും സമരം തുടങ്ങുകയും ചെയ്തത്.

പുതിയ സ്‌കൂളുകള്‍ക്കായി ഓണ്‍ലൈനില്‍ ഇപ്പോഴും അപേക്ഷ ലഭിക്കുന്നുണ്ട്. അവ തത്കാലം പരിഗണിക്കില്ല. ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തിറങ്ങിയ ഇടതുമുന്നണി അധികാരത്തിന്റെ അവസാന വര്‍ഷം 200 സംസ്ഥാന സിലബസിലുള്ള അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കിയിരുന്നതായും തങ്കച്ചന്‍ ചൂണ്ടിക്കാട്ടി. സി.ബി.എസ്.ഇ. സ്‌കൂള്‍ അംഗീകാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മന്ത്രി പി.കെ. അബ്ദുറബ് യോഗത്തില്‍ വിശദീകരിച്ചു.

മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുമാത്രമേ സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി. നല്‍കുകയുള്ളൂവെന്ന് നേരത്തെ മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു.

ഇതുസംബന്ധിച്ചുള്ള വിവാദങ്ങളില്‍ കഴമ്പില്ലെന്നും കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ സ്‌കൂളുകള്‍ക്ക് അനുമതി നല്‍കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറേക്കാലം തത്വത്തിന്റെ പേരില്‍ സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് എല്‍.ഡി.എഫുകാര്‍ അനുമതി നല്‍കിയില്ല. എന്നാല്‍ കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് നിരവധി സ്‌കൂളുകള്‍ക്ക് അനുമതി നല്‍കി. ഇനിയിപ്പോള്‍ തത്വം പറയാനും വയ്യാത്ത സ്ഥിതിയാണ്. ലോകം മുഴുവനും മാറുകയാണ്. ഇഷ്ടമുള്ള പാഠ്യപദ്ധതി തിരഞ്ഞെടുക്കാന്‍ സമൂഹത്തിന് അവകാശമുണ്ട്. കേരളത്തില്‍ മാത്രം അത് അനുവദിക്കില്ലെന്ന് പറയുന്നതില്‍ അര്‍ഥമില്ല. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സംവിധാനത്തിന് ദോഷമുണ്ടാകാത്ത രീതിയില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി. നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം-മുഖ്യമന്ത്രി പറഞ്ഞു.

സ്വാശ്രയ പ്രശ്‌നത്തില്‍ 50:50 അനുപാതത്തില്‍ സീറ്റ് വിഭജനമാണ് യു.ഡി.എഫിന്റെ നയമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ വ്യക്തമാക്കി. ഈ നയത്തില്‍ ഉറച്ചുനിന്ന് അടുത്ത അധ്യയന വര്‍ഷത്തിനുമുമ്പ് പ്രശ്‌നം ശാശ്വതമായി പരിഹരിക്കും. അതിന് സമയമെടുക്കുമെന്നതിനാല്‍ ഈ വര്‍ഷത്തേക്കുമാത്രം മുന്‍വര്‍ഷത്തിലെ സ്ഥിതി തുടരും. അതിനുമുമ്പ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലടക്കമുള്ള സംഘടനകളുമായി വീണ്ടും മന്ത്രിസഭാ ഉപസമിതി ചര്‍ച്ച നടത്തി 50:50 അടിസ്ഥാനമാക്കി സമവായമുണ്ടാക്കാന്‍ ശ്രമിക്കും. സര്‍ക്കാര്‍ ആരുടെയും ഭീഷണിക്ക് വഴങ്ങില്ലെന്നും തങ്കച്ചന്‍ വ്യക്തമാക്കി. മെഡിക്കല്‍ പി.ജി. സീറ്റ് 50:50 അനുപാതത്തില്‍ വിഭജിക്കാമെന്ന് മാനേജ്‌മെന്റുകള്‍ നേരത്തെ തന്നെ എഴുതി ഒപ്പിട്ടിരുന്നതാണ്. ആ ധാരണ ലംഘിച്ച് മുഴുവന്‍ സീറ്റും കൈവശപ്പെടുത്തുന്ന മാനേജ്‌മെന്റുകളുടെ നടപടി അംഗീകരിക്കേണ്ടെന്നും യു.ഡി.എഫ്. യോഗം നിര്‍ദേശിച്ചു. മന്ത്രി അടൂര്‍ പ്രകാശ്, മാനേജ്‌മെന്റുകളുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കി.

യു.ഡി.എഫ് നേതൃയോഗത്തില്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നിലപാടിനോട് കടുത്ത എതിര്‍പ്പാണുയര്‍ന്നുവന്നത്. കൗണ്‍സിലിന്റെ ഈ നിലപാട് മൂലം എം.ഇ.എസ്. അടക്കമുള്ള മാനേജ്‌മെന്റുകള്‍ 100 ശതമാനം സീറ്റും വേണമെന്ന പിടിവാശിയിലാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം മാനേജ്‌മെന്റുകളുടെ നിലപാടിലുള്ള നീരസം യോഗത്തില്‍ പ്രകടിപ്പിച്ചു. മാനേജ്‌മെന്റുകളുമായി സമവായത്തില്‍ ധാരണയിലെത്തണമെന്ന നിര്‍ദേശമാണ് കെ.എം. മാണി മുന്നോട്ടുവെച്ചത്.

മൂന്നാറിലെ കൈയേറ്റത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നതാണ് യു.ഡി.എഫ്. യോഗത്തിലുയര്‍ന്ന മറ്റൊരു നിര്‍ദേശം. ആദ്യഘട്ടത്തില്‍ തന്നെ അയഞ്ഞ സമീപനമെടുത്താല്‍ കൈയേറ്റം ഇനിയും ആവര്‍ത്തിക്കും. സര്‍വകക്ഷിയോഗത്തിലെ തീരുമാനത്തിനനുസൃതമായിരിക്കണം നടപടികള്‍. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മൂന്നാര്‍ സന്ദര്‍ശനത്തില്‍ താന്‍ കണ്ടെത്തിയ കൈയേറ്റങ്ങളുടെ വ്യാപ്തി യോഗത്തില്‍ വിശദീകരിച്ചു. കൈയേറ്റ സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ ഇടിച്ചുപൊളിക്കില്ല; പകരം അവ സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടും.

ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് മോചനം നല്‍കണമെന്ന അപേക്ഷ നിയമവശം നോക്കി സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് തങ്കച്ചന്‍ പറഞ്ഞു. ഇക്കാര്യം കേരളാ കോണ്‍ഗ്രസ് (ബി) പ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചു.

സര്‍ക്കാരിന്റെ നൂറിന പരിപാടിയുടെ വിജയത്തിനായി ഓരോ ജില്ലയിലേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഓരോ മന്ത്രിമാര്‍ക്ക് ചുമതല നല്‍കി.

പുതിയ സര്‍ക്കാര്‍ വന്ന് ഒരു മാസമായിട്ടും കോര്‍പ്പറേഷന്‍, ബോര്‍ഡ് ഭാരവാഹിത്വം ഒഴിയാത്തവരെ പിരിച്ചുവിടണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാഷ്ട്രീയാടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടവര്‍ സര്‍ക്കാര്‍ മാറുമ്പോള്‍ ഒഴിയുന്നതാണ് മാന്യത. കുറച്ചുപേര്‍ ഒഴിഞ്ഞു. എന്നാല്‍ ഇപ്പോഴും കടിച്ചുതൂങ്ങി കിടക്കുന്നവരുണ്ട്- കണ്‍വീനര്‍ പറഞ്ഞു. ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ യു.ഡി.എഫിലെ കക്ഷികള്‍ക്കിടയില്‍ വീതം വെയ്ക്കുന്നതിനായി ഉപസമിതിയെ നിയോഗിച്ചു. പി.പി. തങ്കച്ചന്‍ അധ്യക്ഷനായ സമിതിയില്‍ എല്ലാ കക്ഷികളിലേയും പ്രതിനിധികള്‍ ഉണ്ടാകും.

സര്‍ക്കാര്‍ ഒരുമാസം പിന്നിടുന്നതിനുമുമ്പേ സമരവും വിമര്‍ശനവുമായി പ്രതിപക്ഷം ഇറങ്ങുന്നത് അസഹിഷ്ണുത മൂലമാണ്. അധികാരം നഷ്ടപ്പെട്ടതിന്റെ നിരാശയിലാണ് പ്രതിപക്ഷമെന്നും യു.ഡി.എഫ്. സര്‍ക്കാരിന്‍േറത് നല്ല തുടക്കമാണെന്ന് യോഗം വിലയിരുത്തിയതായും തങ്കച്ചന്‍ പറഞ്ഞു
-

സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് നിയന്ത്രണമില്ലാതെ അനുമതി നല്‍കില്ല

Posted on: 23 Jun 2011


തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുമാത്രമേ സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി. നല്‍കുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

ഇതു സംബന്ധിച്ചുള്ള വിവാദങ്ങളില്‍ കഴമ്പില്ല. കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ സ്‌കൂളുകള്‍ക്ക് അനുമതി നല്‍കുകയുള്ളൂ. കുറേക്കാലം തത്വത്തിന്റെ പേരില്‍ സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് എല്‍.ഡി.എഫുകാര്‍ അനുമതി നല്‍കിയില്ല. എന്നാല്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിരവധി സ്‌കൂളുകള്‍ക്ക് അനുമതി നല്‍കി. ഇനിയിപ്പോള്‍ തത്വം പറയാനും വയ്യാത്ത സ്ഥിതിയാണ്. ലോകം മുഴുവനും മാറുകയാണ്. ഇഷ്ടമുള്ള പാഠ്യപദ്ധതി തിരഞ്ഞെടുക്കാന്‍ സമൂഹത്തിന് അവകാശമുണ്ട്. കേരളത്തില്‍ മാത്രം അത് അനുവദിക്കില്ലെന്ന് പറയുന്നതില്‍ അര്‍ഥമില്ല. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സംവിധാനത്തിന് ദോഷമുണ്ടാകാത്ത രീതിയില്‍, നിയന്ത്രണങ്ങള്‍ പാലിച്ച് സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി. നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം - മുഖ്യമന്ത്രി പറഞ്ഞു.
--
സ്വാശ്രയ മെറിറ്റ് സീറ്റ്: യുഡിഎഫുംകൈയൊഴിഞ്ഞു
Posted on: 22-Jun-2011 11:58 PM

തിരു: സ്വകാര്യ സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളില്‍ ഈ വര്‍ഷം ഒന്നുംചെയ്യാനാകില്ലെന്ന നിലപാടോടെ യുഡിഎഫും മെറിറ്റ് സീറ്റും സാമൂഹ്യനീതിയും കൈയൊഴിഞ്ഞു. ബുധനാഴ്ച കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന യുഡിഎഫ് ഉന്നതാധികാരി സമിതി യോഗത്തില്‍ സ്വാശ്രയവിഷയം ചൂടേറിയ ചര്‍ച്ചയായെങ്കിലും തീരുമാനമൊന്നുമെടുത്തില്ല. 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ മെറിറ്റ് ക്വോട്ടയില്‍നിന്ന് ഈ വര്‍ഷം പ്രവേശനം നടത്തുന്നതിന് എന്ത് ചെയ്യണമെന്നതില്‍ ഒരു തീരുമാനവുമെടുക്കാനായില്ല. ഈ വര്‍ഷം മാനേജ്മെന്റുകള്‍ പറയുന്നത് പോലെ പോകട്ടെ എന്ന നിലപാടിലാണ് അവസാനമെത്തിയത്. 50:50 ആണ് യുഡിഎഫ് നയമെന്ന് മാത്രം പറഞ്ഞ് ചര്‍ച്ച അവസാനിപ്പിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കണ്‍വീനര്‍ പി പി തങ്കച്ചനും ഇക്കാര്യം തന്നെ വാര്‍ത്താസമ്മേളനത്തിലും ആവര്‍ത്തിച്ചു. സിഎംപി, ജെഎസ്എസ് പാര്‍ടികളാണ് യുഡിഎഫ് യോഗത്തില്‍ സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു. മറ്റ് ചില ഘടകകക്ഷികളും ഇതേ അഭിപ്രായം പങ്ക് വച്ചപ്പോള്‍ മെറിറ്റും സാമൂഹ്യ നീതിയും ഉറപ്പ് വരുത്തണമെന്നതാണ് തന്റെ പാര്‍ടിയുടെ നിലപാടെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബും പറഞ്ഞു. എന്നാല്‍ , മാനേജ്മെന്റുകളെ ശക്തമായി ന്യായീകരിച്ച മന്ത്രി കെ എം മാണി ഇത്തവണ ഇങ്ങനെ പോകട്ടെയെന്നും അടുത്ത വര്‍ഷം നോക്കാമെന്ന വാദം ആവര്‍ത്തിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈ നിലപാടിനോട് പൂര്‍ണമായി യോജിച്ചില്ല. കഴിയാവുന്നത്ര ഈ വര്‍ഷംതന്നെ പരിഹരിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായം. ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റെ പ്രതിഛായ മോശമാകാന്‍ സ്വാശ്രയപ്രശ്നം കാരണമായെന്നും മുഖ്യമന്ത്രി പറഞ്ഞു. ചര്‍ച്ച ഇങ്ങനെ അനന്തമായി നീളുമെന്നായപ്പോഴാണ് അടുത്ത വര്‍ഷം മുതല്‍ നോക്കാമെന്ന പൊതുനിലപാടിലെത്തിയത്. സ്വാശ്രയപ്രശ്നം പരിഹരിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി നന്നായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പി പി തങ്കച്ചന്‍ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 50 ശതമാനം മെഡിക്കല്‍ പിജി സീറ്റ് മാനേജ്മെന്റുകള്‍ക്ക് വിട്ടുകൊടുക്കില്ല. എന്നാല്‍ , ഈ സീറ്റില്‍ ഇനി പ്രവേശനം നടത്താനാകില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ കാര്യം ചോദിച്ചപ്പോള്‍ അതറിയില്ലെന്നായിരുന്നു മറുപടി. ഇതിനിടെ, സ്വാശ്രയ മെഡിക്കല്‍ ഫീസ് നിര്‍ണയം സംബന്ധിച്ച് സര്‍ക്കാരിന് പ്രത്യേക നിലപാടില്ലെന്ന് എജി ഹൈക്കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എജിയെ ചൊവ്വാഴ്ച വൈകിട്ട് കണ്ട് സംസാരിച്ചിരുന്നു. മുന്‍ സര്‍ക്കാര്‍ നിയമിച്ചതാണെങ്കിലും തന്റെ സര്‍ക്കാര്‍ മുഹമ്മദ് കമ്മിറ്റിയെ തള്ളിപ്പറയില്ല. സ്വാശ്രയപ്രശ്നത്തില്‍ സര്‍ക്കാര്‍നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത് താന്‍ അറിഞ്ഞില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എംബിബിഎസ് ഫീസ് നിശ്ചയിച്ച ഉത്തരവ് റദ്ദാക്കിയതിനെതിരെ മുഹമ്മദ് കമ്മിറ്റിയുടെ അപ്പീല്‍ പരിഗണിക്കവെ ഫീസിന്റെ കാര്യത്തില്‍ സര്‍ക്കാരിന് നിലപാടില്ലെന്ന് എജി കോടതിയെ അറിയിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് എജി അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടത്. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നിലപാടിനോട് യോജിപ്പില്ലെന്നും എന്നാല്‍ , ഇത്തവണ മെറിറ്റും സാമൂഹ്യനീതിയും ഉറപ്പാക്കാന്‍ പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം ശാശ്വതപരിഹാരം കാണും. നിലവിലുള്ള ഫീസിനുപകരം എംബിബിഎസിന് എല്ലാ സീറ്റിലും മൂന്നരലക്ഷം രൂപ ഫീസ് നല്‍കേണ്ടിവരുമോയെന്ന് ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും ഉമ്മന്‍ചാണ്ടി പ്രതികരിച്ചില്ല.

--

No comments: