Friday, June 24, 2011

പാഠപുസ്തകം പലതും കിട്ടിയില്ല; സ്‌കൂളുകളില്‍ പഠനം പ്രതിസന്ധിയില്‍
കണ്ണൂര്‍: സ്‌കൂള്‍ തുറന്ന് മാസം ഒന്നാകുമ്പോഴും പാഠപുസ്തക വിതരണം എങ്ങുമെത്തിയില്ല. ഒന്നാംക്ലാസ് മുതല്‍ പത്താംതരംവരെയുള്ള പാഠപുസ്തക വിതരണമാണ് ഇഴഞ്ഞുനീങ്ങുന്നത്. പുസ്തകം കിട്ടാത്തതിനാല്‍ പല വിഷയങ്ങള്‍ക്കും ക്ലാസ് തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. പുസ്തകം ഇന്നെത്തും നാളെയെത്തും എന്ന കാത്തിരിപ്പിലാണ് സ്‌കൂള്‍ അധികൃതര്‍.

പത്താം ക്ലാസ്സിന്റെ പാഠപുസ്തകങ്ങളില്‍ ചിലത് കിട്ടാത്തത് സ്‌കൂള്‍ അധികൃതരിലും വിദ്യാര്‍ഥികളിലും ആശങ്ക കൂട്ടിയിട്ടുണ്ട്. പല സ്‌കൂളുകളിലും പത്താം ക്ലാസിന്റെ സയന്‍സ്, ഐ.ടി.പുസ്തകങ്ങള്‍ എത്തിയിട്ടില്ല. എട്ടാംതരം മലയാളം, സയന്‍സ്, എട്ടാംതരം സോഷ്യല്‍ സ്റ്റഡീസ്, കണക്ക് എന്നിങ്ങനെ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളില്‍ രണ്ടും മൂന്നും വിഷയങ്ങള്‍ക്ക് പുസ്തകം കിട്ടാത്ത സ്ഥിതിയാണ്.

ഓണ്‍ലൈനില്‍ പുസ്തകത്തിനുള്ള ഇന്‍ഡന്റ് കൊടുത്ത് സ്‌കൂളുകളിലെ പാഠപുസ്തക സൊസൈറ്റികളില്‍ നേരിട്ട് പുസ്തകമെത്തിക്കുകയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ സ്ഥാപനമായ കേരള ബുക്‌സ് പബ്ലിക്കേഷന്‍ സൊസൈറ്റിയാണ് പുസ്തകം അച്ചടിച്ച് വിതരണം ചെയ്യുന്നത്. ജൂണ്‍ പകുതിവരെ ഫീനിക്‌സ് എക്‌സ്​പ്രസ് കാര്‍ഗോ എന്ന പാര്‍സല്‍ സര്‍വീസ് മുഖേനയായിരുന്നു സ്‌കൂളുകള്‍ക്ക് പുസ്തകം എത്തിച്ചത്. മെയ്മാസം വിതരണം തുടങ്ങേണ്ടിയിരുന്നതാണ്. എന്നാല്‍ മെയ്മാസം കണ്ണൂര്‍ ജില്ലയില്‍ പുസ്തക വിതരണം നടത്താന്‍ സാധിച്ചിട്ടില്ല.

പുസ്തക വിതരണത്തിലെ കുഴപ്പങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെ എട്ട് ജില്ലകളില്‍ പാഴ്‌സല്‍ സര്‍വീസിനെ ഒഴിവാക്കി കെ.ബി.പി.എസ് പുസ്തക വിതരണം നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. ഇതാണ് വിതരണത്തില്‍ അല്പം കാലതാമസം വരാനിടയാക്കിയതെന്ന് കെ.ബി.പി.എസ്. എന്‍ജിനിയര്‍ സന്തോഷ് ജോസഫ് പറഞ്ഞു. സ്‌കൂളുകള്‍ പുസ്തകത്തിനുവേണ്ടി കാത്തിരിപ്പ് തുടരുകയാണ്. ദിവസവും വിതരണക്കാരെ ഫോണില്‍ ബന്ധപ്പെടുമ്പോള്‍ ഇന്നെത്തും നാളെയെത്തും എന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് പുസ്തകസൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു.

പയ്യാമ്പലം കാനത്തൂര്‍ യു.പി. സ്‌കൂളിലെ അഞ്ച് കുഞ്ഞുക്ലാസ്സ് മുറികളിലാണ് ജില്ലയ്ക്ക് മൊത്തം ആവശ്യമായ പുസ്തകങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. സ്ഥല സൗകര്യക്കുറവ് മൂലം ഇവ ഇവിടെനിന്ന് തരം തിരിച്ച് ഓരോ സ്‌കൂളിലേക്കും ലോഡ് അയക്കുന്നതിന് കാലതാമസം നേരിടുന്നു. പുസ്തകങ്ങളെല്ലാം സ്റ്റോക്ക് എത്തിയിട്ടുണ്ട്. വിതരണം ചെയ്യേണ്ട താമസം മാത്രമേ ഇനിയുള്ളൂ. അടുത്ത ശനിയാഴ്ചയ്ക്ക് മുമ്പ് വിതരണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ.ബി.പി.എസ്. പ്രതിനിധി പറഞ്ഞു.

ജില്ലയില്‍ 320 സൊസൈറ്റികള്‍ക്കുള്ള പുസ്തകം വിതരണം ചെയ്യുന്നുണ്ട്. ഒരുദിവസം മൂന്ന് ലോഡ് മാത്രമാണ് ഇവിടെ നിന്ന് അയക്കാന്‍ പറ്റുന്നത്. മിക്ക സ്‌കൂളുകളിലും രാത്രിയാണ് പുസ്തകവുമായി ലോറിയെത്തുക. സ്‌കൂള്‍ അധികൃതര്‍ പുസ്തകം ഏറ്റുവാങ്ങാനെത്തിയില്ലെങ്കില്‍ ലോറി അവിടെ നിര്‍ത്തിയിട്ട് രാവിലെവരെ കാത്തിരുന്ന് വേണം പുസ്തകം കൈമാറാന്‍. അനുകൂല കാലാവസ്ഥ ലഭിച്ചതിനാല്‍ കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ പുസ്തക വിതരണം തടസ്സം കൂടാതെ നടന്നു. മഴ കനത്താല്‍ വിതരണം വീണ്ടും മന്ദഗതിയിലാകും. 22 ലക്ഷത്തോളം പുസ്തകമാണ് ജില്ലയില്‍ വിതരണം ചെയ്യാനുള്ളത്. വിതരണം എപ്പോള്‍ പൂര്‍ത്തിയാകുമെന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നു.
എസ്എന്‍ വിദ്യാമന്ദിര്‍ പ്രിന്‍സിപ്പലിന്റെ വീടിന് കല്ലെറിഞ്ഞു
Posted on: 25-Jun-2011 12:21 AM
കണ്ണൂര്‍ : ശ്രീനാരായണ വിദ്യാമന്ദിര്‍ സീനിയര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ദീപിക ജെയ്ദാസിന്റെ വീട് ആക്രമിച്ചു. ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. സ്കൂളിലെ ചില വിദ്യാര്‍ഥികള്‍ ഫുള്‍സ്ലീവ് യൂണിഫോം ധരിക്കുന്നത് അധികൃതര്‍ വിലക്കിയിരുന്നു. ഇതിന്റെ പേരില്‍ സ്കൂളിലേക്ക് ഒരു സംഘടന മാര്‍ച്ച് നടത്തി. ഇതിന്റെ തുടര്‍ച്ചയാണ് അക്രമമെന്ന് കരുതുന്നു. കെവിആര്‍ ടവറിന് സമീപത്തെ വീടിനുനേരെയാണ് അക്രമം. 10000 രൂപയുടെ നഷ്ടമുള്ളതായി ടൗണ്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ കേസെടുത്തിട്ടുണ്ട്. പൊലീസ് വീട്ടിലെത്തി തെളിവെടുത്തു. അക്രമത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ടൗണില്‍ മൗനജാഥ നടത്തി. സ്കൂളില്‍ നിലവിലുള്ളത് ഹാഫ് സ്ലീവ് യൂണിഫോമാണ്. ഇത് സ്വീകാര്യമല്ലെന്നാണ് ചില വിദ്യാര്‍ഥികളുടെ വാദം. സ്കൂളിന്റെ ചിട്ടകള്‍ക്കും നിബന്ധനകള്‍ക്കും വിഘാതമായ വേഷം ധരിക്കുന്ന വിദ്യാര്‍ഥികളെ ശാസിക്കുകയും നടപടിയെടുക്കുകയും ചെയ്തിരുന്നു. സാമുദായികസ്വഭാവമുള്ള ഒരു സംഘടനയാണ് പ്രശ്നം വഷളാക്കുന്നത്. മികച്ച രീതിയില്‍ നടത്തുന്ന സ്കൂളിനെ അപകീര്‍ത്തിപ്പെടുത്തുന്ന സംഭവവികാസങ്ങളിലും പ്രചാരണങ്ങളിലും സ്റ്റാഫ് അസോസിയേഷന്‍ പ്രതിഷേധിച്ചു.
--

മോഷണക്കുറ്റം ആരോപിച്ച് അധ്യാപിക വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദ്ദിച്ചു

Posted on: 25 Jun 2011കൊല്ലം: സഹപാഠിയുടെ 10 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. പ്രിന്‍സിപ്പലിന്റെ ഓഫീസ് മുറിയിലെ ഉപകരണങ്ങള്‍ തകര്‍ത്ത 16 എസ്.എഫ്.ഐ പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്തു.

കൊല്ലം വിമലഹൃദയ ഗേള്‍സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയും മുണ്ടയ്ക്കല്‍ തിരുവാതിര നഗര്‍ പുതുവല്‍ പുരയിടത്തില്‍ വിനോദിന്റെ മകളുമായ വര്‍ഷ വിനോദിനെയാണ് അധ്യാപിക അടിച്ചത്.

വ്യാഴാഴ്ച ക്ലാസ്സിലെ ഒരു കുട്ടിയുടെ 10 രൂപ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വര്‍ഷയുടെ ബാഗില്‍നിന്ന് 'ഡി' എന്ന് അടയാളപ്പെടുത്തിയ നോട്ട് കണ്ടെടുത്തു. പൈസ താന്‍ എടുത്തില്ലെന്ന് കരഞ്ഞുപറഞ്ഞിട്ടും അധ്യാപിക ചൂരല്‍കൊണ്ട് കാലില്‍ പൊതിരെ തല്ലിയതായി കുട്ടി പറഞ്ഞു. കാലിലെ പാടുകള്‍ കണ്ട് അമ്മ ഷീജ, വര്‍ഷയുമായി വൈകിട്ടുതന്നെ സ്‌കൂളിലെത്തി അധികൃതരോട് പരാതിപ്പെട്ടു. പണം എടുത്തെന്നാരോപിച്ച് അധ്യാപിക ദിവസം മുഴുവന്‍ ക്ലാസ്സില്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തിയതായും വര്‍ഷ പറഞ്ഞു. ഇന്‍റര്‍വെല്ലിന് പുറത്തുപോയപ്പോള്‍ തന്റെ ബാഗില്‍ മറ്റാരോ പൈസ ഇട്ടതാണെന്നാണ് കുട്ടിയുടെ വിശദീകരണം.

സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പുസമരം നടത്തി. തുടര്‍ന്ന് സ്ഥലത്തെത്തിയ ഡി.ഇ.ഒ റഷീദാമ്മാള്‍ വിദ്യാര്‍ഥിനിയില്‍നിന്ന് മൊഴിയെടുത്തു. ക്ലാസ് ടീച്ചര്‍, തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് കുട്ടി ഡി.ഇ.ഒ.യോടു പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡി.ഇ.ഒ. അറിയിച്ചതനുസരിച്ച് കെ.എസ്.യു.പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി. തുടര്‍ന്ന് സ്‌കൂളിലെത്തിയ എസ്.എഫ്.ഐ.പ്രവര്‍ത്തകര്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ കയറി മുറിയിലെ ഉപകരണങ്ങള്‍ തകര്‍ത്തു. പോലീസ് അറസ്റ്റ് ചെയ്തു നീക്കിയ ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.

കെ.എസ്.യു, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ കോര്‍പ്പറേറ്റ് മാനേജ്‌മെന്‍റ് ഓഫ് കാത്തലിക് സ്‌കൂള്‍സ്, അഖിലകേരള ജീവന്‍ സംരക്ഷണസമിതി എന്നീ സംഘടനകള്‍ പ്രതിഷേധിച്ചു
കത്തോലിക്കാസഭയുടെ നിലപാടില്‍ പ്രതിഷേധിച്ച്യുക്തിവാദിസംഘം മാര്‍ച്ചും ധര്‍ണയും നടത്തി
Posted on: 24-Jun-2011 10:28 AM

തിരു: പത്താം ക്ലാസ് സാമൂഹ്യപാഠത്തിലെ നവോത്ഥാന ചരിത്രഭാഗം സഭാവിരുദ്ധമാണെന്നും അത് പഠിപ്പിക്കാന്‍ പാടില്ലെന്നും താക്കീത് ചെയ്ത കത്തോലിക്കാസഭയുടെ നിലപാടില്‍ പ്രതിഷേധിച്ച് കേരള യുക്തിവാദിസംഘം പ്രവര്‍ത്തകര്‍ സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണയും നടത്തി. സംസ്ഥാന പ്രസിഡന്റ് യു കലാനാഥന്‍ ധര്‍ണ ഉദ്ഘാടനംചെയ്തു. പാഠഭാഗം ക്രിസ്തുമതത്തിന് അപമാനകരമല്ലെന്ന് അദ്ദേഹം പറഞ്ഞു. അക്കാര്യം വായിച്ചാല്‍ മനസ്സിലാകാത്ത മന്ത്രി കേരളത്തിന് അപമാനമാണ്. "മതമില്ലാത്ത ജീവന്‍" പാഠത്തിന്റെ പേരില്‍ തെരുവുകളില്‍ കലാപം അഴിച്ചുവിടുകയും അധ്യാപകനെ ചവിട്ടിക്കൊല്ലുകയും ചെയ്തവര്‍ വീണ്ടും ജനങ്ങള്‍ക്കുമേല്‍ കുതിരകയറുകയാണ്. ഒരു ബഹുമത സമൂഹത്തിലാണ് തങ്ങള്‍ വസിക്കുന്നതെന്ന സാമാന്യബോധംപോലും ഇല്ലാതെ മതാധികാരം സ്ഥാപിക്കാനുള്ള ധിക്കാരപരമായ പ്രഖ്യാപനം നടത്താന്‍ സര്‍ക്കാര്‍ ആരെയും അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. പാഠപുസ്തകം പിന്‍വലിക്കുകയോ തിരുത്തലുകള്‍ വരുത്തുകയോ ചെയ്താല്‍ നിയമപരമായും ജനകീയമായും നേരിടും- കലാനാഥന്‍ പറഞ്ഞു. രാജഗോപാല്‍ വാകത്താനം, എം പി ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. ധനുവച്ചപുരം സുകുമാരന്‍ അധ്യക്ഷനായി. പ്രസ് ക്ലബ്ബിനുമുന്നില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് സെക്രട്ടറിയറ്റിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്നായിരുന്നു സമരം.


--

സ്‌കൂള്‍ കുട്ടികള്‍ക്ക് ഇന്‍ഷുറന്‍സ്;

25 Jun 2011

*
* എട്ട്, ഒന്‍പത് ക്ലാസുകളിലും ഉച്ചഭക്ഷണപദ്ധതി
* എട്ടുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം
*
*

തിരുവനന്തപുരം: സ്‌കൂള്‍കുട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതിക്ക് രൂപം നല്‍കുമെന്ന് യു.ഡി.എഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനം. പെതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കില്ലെന്നും ഗവര്‍ണര്‍ ആര്‍.എസ്. ഗവായ് നയപ്രഖ്യാപനത്തില്‍ പറഞ്ഞു.


--

രസതന്ത്രോത്സവം ഇന്ന്

എരുമപ്പെട്ടി:മരത്തംകോട് ഗവ. ഹൈസ്‌കൂളില്‍ ശനിയാഴ്ച രാവിലെ 10 മുതല്‍ 'രസതന്ത്രോത്സവം-2011' നടക്കും. ശാസ്ത്ര സാഹിത്യ പരിഷത്ത് കുന്നംകുളം മേഖലാ കമ്മിറ്റിയുടെയും സ്‌കൂള്‍ എസ്.ആര്‍.ജി.യുടെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. കുന്നംകുളം ഉപജില്ലയിലെ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.
--

'വിദ്യാഭ്യാസ സ്വാതന്ത്ര്യം ഇല്ലാതാക്കാമെന്ന്' കരുതേണ്ട - മാര്‍ പൗവ്വത്തില്‍

കോട്ടയം: മതന്യൂനപക്ഷങ്ങളുടെ നിലനില്പിനുള്ള ഭരണഘടനാപരമായ വിദ്യാഭ്യാസ സ്വാതന്ത്ര്യം അക്രമവും ഭീഷണിയുംവഴി അടിയറവു വയ്പിക്കാമെന്ന് ആരും കരുതേണ്ടെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്റെ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് പൗവ്വത്തില്‍ അഭിപ്രായപ്പെട്ടു. ക്രൈസ്തവ മാനേജ്‌മെന്റ്‌കോളേജുകളില്‍ ചിലര്‍ നടത്തുന്ന ആക്രമണങ്ങളോടും ബലപ്രയോഗങ്ങളോടും പ്രതികരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്.

ഭരണഘടനയെയും കോടതിവിധികളെയും നിഷേധിച്ച് ഭീഷണിപ്പെടുത്തി തന്നിഷ്ടം അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണ്. ജനാധിപത്യത്തിന്റെ അടിത്തറ മാന്തുന്ന ഇത്തരം പ്രവര്‍ത്തനശൈലിയെ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി ചെറുക്കണം. കയ്യൂക്കുള്ളവര്‍ കാര്യം നേടാനുള്ള ശ്രമം അപലപനീയമാണ്.

സാമൂഹിക നീതി ഉറപ്പ്‌വരുത്തുന്ന നിലപാടാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. 50 ശതമാനം സീറ്റില്‍ ഇഷ്ടംപോലെ പ്രവേശവും ഇഷ്ടംപോലെ ഫീസും മെരിറ്റ് ലിസ്റ്റില്‍ നിന്ന് വരുന്ന 50 ശതമാനം പേര്‍ക്ക് അവര്‍ കോടീശ്വരന്മാരാണെങ്കിലും സൗജന്യ പഠനവുമെന്ന നിലപാട് അംഗീകരിക്കാനാവില്ല. സാമൂഹിക നീതിയെക്കുറിച്ച് വിചിത്ര ധാരണകള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ സമൂഹത്തെ വഴിതെറ്റിക്കുകയാണ്.

2006-ലെ സ്വാശ്രയ വിദ്യാഭ്യാസ നിയമം ഭരണഘടനയ്ക്കും ജനാധിപത്യത്തിനും നിരക്കാത്തതായിക്കണ്ട് കോടതി തള്ളിക്കളഞ്ഞതാണ് - അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
--

ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനെ നയിക്കുന്നത് യൂദാസുമാര്‍: എ.ഐ.വൈ.എഫ്.

തിരുവല്ല:അഭിനവ യൂദാസുമാരാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന് നേതൃത്വം നല്‍കുന്നതെന്ന് എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് ജി.കൃഷ്ണപ്രസാദ് പറഞ്ഞു. മുഴുവന്‍ മെഡിക്കല്‍ പി.ജി. സീറ്റുകളിലും സ്വയംപ്രവേശം നടത്താനുള്ള തീരുമാനത്തിനെതിരെ പുഷ്പഗിരി മെഡിക്കല്‍ കോളേജിലേക്ക് എ.ഐ.വൈ.എഫ്. നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരക്കാരെ നേരിടാന്‍ രൂപവത്കരിച്ച സംരക്ഷണസേനയെ നിരത്തിലിറങ്ങാന്‍ അനുവദിക്കില്ല. സ്വാശ്രയ മാനേജ്‌മെന്റുകളെ കയറൂരിവിടാനാണ് യു.ഡി.എഫ്. സര്‍ക്കാരിന്റെ നീക്കമെന്നും കൃഷ്ണപ്രസാദ് ആരോപിച്ചു.

സ്വാശ്രയ നിലപാടില്‍ പ്രതിഷേധിച്ച് 10 ദിവസത്തനിടെ എട്ടാമത്തെ മാര്‍ച്ചാണ് വെള്ളിയാഴ്ച പുഷ്പഗിരിയിലേക്ക് നടന്നത്. വ്യാഴാഴ്ച യുവമോര്‍ച്ചയുടെ മാര്‍ച്ചിനിടെ അക്രമമുണ്ടായതിനാല്‍ വന്‍ സുരക്ഷാസന്നാഹമാണ് പോലീസ് ഒരുക്കിയിരുന്നത്. പുഷ്പഗിരി കവാടത്തിന് 100 മീറ്റര്‍ അകലെ മാര്‍ച്ച് പോലീസ് തടഞ്ഞു.

എ.ഐ.വൈ.എഫ്. ജില്ലാ പ്രസിഡന്റ് കെ.എസ്.അരുണ്‍, സെക്രട്ടറി മനോജ് ചരളേല്‍, സി.പി.ഐ. മണ്ഡലം സെക്രട്ടറി പി.എന്‍.രാധാകൃഷ്ണ പണിക്കര്‍, എസ്.അഖില്‍, സാബു കണ്ണങ്കര, അനീഷ് ചുങ്കപ്പാറ എന്നിവര്‍ പ്രസംഗിച്ചു.
--

പുഷ്‌പഗിരി ആക്രമണം: ഗൂഢലക്ഷ്യമുണ്ടെന്ന് കാത്തലിക് അസ്സോസിയേഷന്‍

പത്തനംതിട്ട:പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആക്രമണത്തിനുപിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉള്ളതായി മലങ്കര കാത്തലിക് അസ്സോസിയേഷന്‍ ആരോപിച്ചു.

പ്രവേശകാര്യത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി സ്വീകരിച്ചുവരുന്ന അതേ നിലപാടാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സ്ഥാപനങ്ങള്‍ ഈ വര്‍ഷവും തുടരുന്നത്. സ്വാശ്രയ വിഷയത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം നിശബ്ദത പാലിച്ച ഇടതുപക്ഷം പരിയാരം മെഡിക്കല്‍കോളേജിലെ വിദ്യാഭ്യാസ കച്ചവടം മറച്ചുപിടിക്കുന്നതിനും അന്യസംസ്ഥാന വിദ്യാഭ്യാസ ലോബിയെ സഹായിക്കുന്നതിനുമാണ് പുഷ്പഗിരിക്കെതിരെ സമരങ്ങള്‍ നടത്തുന്നതെന്ന് അസ്സോസിയേഷന്‍ യോഗം കുറ്റപ്പെടുത്തി. പ്രസിഡന്റ് ജോസഫ് ചെറിയാന്‍ അധ്യക്ഷതവഹിച്ചു. ഫാ.വര്‍ഗ്ഗീസ് കുത്തനേത്ത്, തോമസ് തുണ്ടിയറ, പി.കെ.ജോസഫ്, സെബാസ്റ്റ്യന്‍ ജെ.മരതൂര്‍, അന്നമ്മ ചാക്കോ, ജോജി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
--

വായനവാരാചരണം: കുട്ടികള്‍ എഴുത്തുകാരുടെ വേഷത്തിലെത്തി


കൊടുമണ്‍:വായനവാരാചരണ സമാപന വേദിയില്‍ വിദ്യാര്‍ഥികള്‍ പ്രശസ്ത എഴുത്തുകാരുടെ വേഷമിട്ടെത്തിയത് ശ്രദ്ധേയമായി. കൊടുമണ്‍ ശ്രീ ചിത്തിരവിലാസം ഗവ. എല്‍.പി. സ്‌കൂളിലെ വൃന്ദവിനോദ്, ജോബിന്‍ റെജി, സജിന്‍ സജി, അഭിജിത്ത്, റിന്‍സാന എന്നിവരാണ് മണ്‍മറഞ്ഞതും ജീവിച്ചിരിക്കുന്നവരുമായ എഴുത്തുകാരെ അവരുടെ കൃതികളിലെ കവിതകളും സംഭാഷണങ്ങളുമായി രംഗത്ത് അവതരിപ്പിച്ചത്. മാധവിക്കുട്ടിയും തകഴി ശിവശങ്കരപ്പിള്ളയും വൈക്കം മുഹമ്മദ്ബഷീറും കുഞ്ഞുണ്ണിമാഷും എ. അയ്യപ്പനും സുഗതകുമാരിയും വേദിയിലെത്തിയത് കുട്ടികളില്‍ കൗതുകം ഉണര്‍ത്തി.

മാധവിക്കുട്ടി 'വിധവകളുടെ ദൈവം' എന്ന കവിതയും എ. അയ്യപ്പന്‍ 'കല്ലുവെച്ച സത്യം' എന്ന കവിതയും സുഗതകുമാരി 'നമുക്കെന്തുപറ്റി?' എന്ന കവിതയും ചൊല്ലി. തകഴി ശിവശങ്കരപ്പിള്ള തന്റെ 'ചെമ്മീനി'ലെ സംഭാഷണങ്ങളുമായി എത്തിയപ്പോള്‍ വായിച്ചുവളരുക എന്ന ആഹ്വാനവുമായാണ് കുഞ്ഞുണ്ണി മാഷ് എത്തിയത്. ആവിഷ്‌കാരവും കുട്ടികളുടെ പരിശീലനവും നടത്തിയത് കൊടുമണ്‍ ഗോപാലകൃഷ്ണനാണ്.

സ്‌കൂളിലെ കുട്ടികളും എഴത്തുകാരുടെ വേഷമിട്ടവരും അധ്യാപകരും പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വായനവാരാഘോഷ വിളംബരജാഥ നടത്തി. തുടര്‍ന്ന് വായനമത്സരവും കവിതാ മത്സരവും നടത്തി.

പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.പി. ശിവരാമന്‍ അധ്യക്ഷത വഹിച്ചു. നാടകകൃത്ത് കൊടുമണ്‍ ഗോപാലകൃഷ്ണന്‍ സ്‌കൂള്‍ ബാലവേദി ഉദ്ഘാടനം ചെയ്തു.

ഗ്രാമപ്പഞ്ചായത്തംഗം എ.ജി. ശ്രീകുമാര്‍, ഹെഡ്മിസ്ട്രസ് എന്‍.എ. റോസമ്മ, ലതിക എന്നിവര്‍ പ്രസംഗിച്ചു.


--

No comments: