Tuesday, June 21, 2011

സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി: ഉത്തരവിറക്കി

Posted on: 22-Jun-2011 12:12 AM
തിരു: ശക്തമായ എതിര്‍പ്പ് വകവയ്ക്കാതെ സിബിഎസ്ഇ-ഐസിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. എല്ലാ വശവും പരിഗണിച്ചേ വിഷയത്തില്‍ തീരുമാനമുണ്ടാകൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യപിച്ചിരുന്നെങ്കിലും നിലപാട് മാറ്റി ഉത്തരവിറക്കുകയായിരുന്നു. പൊതുവിദ്യാലയങ്ങളെ തകര്‍ക്കുന്ന തരത്തില്‍ സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കാനുള്ള മന്ത്രിസഭാതീരുമാനം കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. സിബിഎസ്ഇ വ്യവസ്ഥ പാലിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും എന്‍ഒസി നല്‍കാനാണ് തീരുമാനം. കര്‍ശന നിബന്ധനകളോടെയാണ് എന്‍ഒസി നല്‍കുകയെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും എല്ലാ അപേക്ഷകളും അംഗീകരിക്കാനാണ് നീക്കം. 540 സ്കൂളുകളുടെ അപേക്ഷ അംഗീകരിച്ചു കഴിഞ്ഞു. മൂവായിരത്തോളം അപേക്ഷകള്‍ സര്‍ക്കാറിനു മുമ്പിലുണ്ടെന്നാണ്് അറിയുന്നത്. സ്വന്തം സ്ഥലവും സൗകര്യവും ഉള്ള സ്കൂളിന് എന്‍ഒസി നല്‍കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ സമ്മര്‍ദ്ദത്തിന് കീഴടങ്ങി എല്ലാ സ്കൂളും നിയമവിധേയമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട മറ്റ് നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ്് നല്‍കുമെന്ന് ഉത്തരവില്‍ പറയുന്നു. ആകെ 11794 സ്കൂളുകളാണ് സര്‍ക്കാര്‍ -എയ്ഡഡ് മേഖലയില്‍ സംസ്ഥാനത്തുള്ളത്. ഇതില്‍ 4489 സര്‍ക്കാര്‍ സ്കൂളും 7305 എയ്ഡഡ് സ്കൂളുകളിലുമായി 50 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സൗകര്യമുണ്ട്. എന്നാല്‍ , 45 ലക്ഷംവിദ്യര്‍ഥികളെ ഇപ്പോഴുള്ളൂ. ഓരോ വര്‍ഷവും കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറയുകയാണ്. ഇതുമൂലം കഴിഞ്ഞ വര്‍ഷം മാത്രം 2000 ഓളം അധ്യാപക തസ്തിക നഷ്ടമായി. സിബിഎസ്ഇ സ്കൂളുകള്‍ക്ക് വ്യാപകമായി അംഗീകാരം ലഭിക്കുന്നതോടെ ഒട്ടേറെ സര്‍ക്കാര്‍ -എയ്ഡഡ് സ്കൂളുകളുടെ നിലനില്‍പ് അപകടത്തിലാകും. സിബിഎസ്ഇ സ്കൂളുകള്‍ക്ക് കൃത്യമായ അക്കാദമിക്ക് പരിശോധനയോ ഭരണപരമായ മേല്‍നോട്ടമോ ഇല്ല. ഭീമമായ ഫീസ് ഇടാക്കുന്നതിനു പുറമെ മാനേജ്മെന്റിന്റെ താല്‍പര്യപ്രകാരം സ്കൂളുകളില്‍ ജീവനക്കാരെയും അധ്യാപകരെയും നിയമിക്കാം. സംസ്ഥാനത്ത് നിലവില്‍ അംഗീകാരമുള്ള 774 സിബിഎസ്ഇ സ്കൂളും നൂറ് ഐസിഎസ്ഇ സ്കൂളുമാണുള്ളത്. 1984 മുതല്‍ അംഗീകാരം ലഭിച്ചവയാണിത്. എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്തും സിബിഎസ്ഇ സ്കൂള്‍ നടത്തിപ്പുകാര്‍ എന്‍ഒസി നേടാന്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും പൊതുവിദ്യാലയങ്ങളെ നിലനിര്‍ത്തണമെന്ന നിലപാടില്‍ എല്‍ഡിഎഫ് ഉറച്ചുനില്‍ക്കുകയായിരുന്നു
--
എസ്എസ്എ ട്രെയ്നര്‍മാരുടെ പരിശീലനം ജില്ലയില്‍ വേണ്ടെന്ന് ഭരണാനുകൂല സംഘടനകള്‍
Posted on: 22-Jun-2011 12:37 AM
കോഴിക്കോട്: എസ്എസ്എ സംസ്ഥാനതലത്തില്‍ നടപ്പാക്കുന്ന "കളരി" പരിശീലന പരിപാടി ജില്ലയില്‍ വേണ്ടെന്ന് ഭരണപക്ഷ അധ്യാപക സംഘടനകള്‍ . കോഴിക്കോട് ചേര്‍ന്ന അധ്യാപക സംഘടനകളുടെ യോഗത്തിലാണ് കോണ്‍ഗ്രസ്്്, ലീഗ് ഉള്‍പ്പെടെയുള്ള ഭരണപക്ഷ അധ്യാപക സംഘടനകള്‍ എസ്എസ്എ ട്രെയിനര്‍മാരെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ആരംഭിച്ച കളരി പരിശീലനപരിപാടിക്കെതിരെ തിരിഞ്ഞത്. കോഴിക്കോട് ജില്ലക്കു പുറമെ കണ്ണൂരും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല. സംസ്ഥാന നേതാക്കളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി വേണമെങ്കില്‍ പദ്ധതി നടപ്പാക്കിയാല്‍ മതിയെന്നും അധ്യാപക നേതാക്കള്‍ പറഞ്ഞു. സംസ്ഥാനത്തെ 14 ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍ ചേര്‍ന്നാണ് "കളരി"ക്ക് വേണ്ടി കരിക്കുലം തയ്യാറാക്കിയത്. സംസ്ഥാനത്ത് ആദ്യമായിട്ടായിരുന്നു ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍ ചേര്‍ന്ന് ബൃഹത്തായ കരിക്കുലം തയ്യാറാക്കിയത്. 2010-2011 അധ്യയനവര്‍ഷം തിരുവനന്തപുരം ജില്ലയിലാണ് "കളരി"പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചത്. ഇത് വിജയമാണെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഈ അധ്യയന വര്‍ഷം മറ്റുജില്ലകളിലും പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. അധ്യാപകനെ വിവിധ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ പ്രാപ്തമാക്കുകയാണ് കളരിയുടെ ലക്ഷ്യങ്ങളില്‍ ഒന്ന്. മറ്റൊന്നാകട്ടെ വിദ്യാര്‍ഥികള്‍ക്ക് പാഠങ്ങള്‍ എളുപ്പത്തില്‍ ഗ്രഹിക്കാന്‍ പറ്റുന്ന വിധത്തില്‍ ട്രെയിനറെ അധ്യാപകരീതികള്‍ പരീക്ഷിക്കാന്‍ പ്രേരിപ്പിക്കുക, ട്രെയിനറുടെ അക്കാദമിക നിലവാരം ഉയര്‍ത്തുക എന്നിവയും പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. മാര്‍ച്ചില്‍ പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരുന്നതാണ്. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നിരുന്നു. എസ്എസ്എയുടെ തുടര്‍പ്രവര്‍ത്തനങ്ങളില്‍ ഒന്നുമാത്രമാണ് "കളരി". ഈ മാസം 20 ന് ട്രെയിനര്‍മാരുടെ പരിശീലനം ആരംഭിക്കാനിരുന്നതാണ്. എന്നാല്‍ മുഴുവന്‍ അധ്യാപക സംഘടനകളുടെയും അഭിപ്രായം ആരാഞ്ഞതിനു ശേഷം മതി പരിശീലനമെന്ന് തീരുമാനിക്കുകയായിരുന്നു. എയ്ഡഡ്/സര്‍ക്കാര്‍ മേഖലകളില്‍നിന്ന് തെരഞ്ഞെടുത്ത 112 സ്കൂളില്‍ മാത്രമാണ് കളരിയുടെ പ്രയോജനം ലഭിക്കുന്നത്. ഒരുസ്കൂളില്‍ നിന്ന് ഒരുട്രെയിനറെയാണ് കളരിയിലേക്ക് അയക്കുന്നത്.ഇതിന് എഇഒ മാര്‍ അനുമതി നല്‍കിയിരുന്നു."കളരി"വേണ്ടെന്ന് വെച്ചതോടെ എസ്എസ്എ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതികളുടെ തുടര്‍പ്രവര്‍ത്തനം താളം തെറ്റുമെന്ന് ഉറപ്പായി.
--
ഐടി@ സ്കൂള്‍ പദ്ധതി ഇനി രക്ഷിതാക്കളിലേക്കും
Posted on: 22-Jun-2011 12:38 AM
കോഴിക്കോട്: സ്കൂളുകളിലെ ഐടി ക്ലബുകളിലൂടെ സ്റ്റുഡന്റ്സ് ഐടി കോ-ഓഡിനേറ്റര്‍മാരെക്കൂടി ഉപയോഗിച്ച് രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഐ ടി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഐടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത് പറഞ്ഞു. ഈ വര്‍ഷം സ്കൂളുകളില്‍ നടപ്പാക്കേണ്ട ഐടി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനായി ജില്ലയില്‍ സംഘടിപ്പിച്ച സ്കൂള്‍ ഐടി കോ-ഓഡിനേറ്റര്‍മാര്‍ക്കുള്ള ഏകദിന ശില്‍പശാലയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഷയങ്ങളും ഐടി ഉപയോഗിച്ച് പഠിക്കാന്‍ കഴിയുന്ന ഐടി അധിഷ്ഠിത വിദ്യാഭ്യാസം ഫലപ്രദമാക്കാനായി ഐടി@ സ്കൂള്‍ മുന്‍ഗണന നല്‍കും. കൂടുതല്‍ സ്കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സ്ഥാപിക്കും. സംസ്ഥാനത്തെ കാഴ്ച ശക്തിയില്ലാത്ത മുഴുവന്‍ അധ്യാപകര്‍ക്കും ജൂലൈ മാസത്തോടെ ഐടി പരിശീലനം പൂര്‍ത്തിയാക്കും. ഐടി ഓഡിറ്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. കൂടുതല്‍ സ്കൂളുകളെ മാതൃകാ ഐസിടി സ്കൂളുകളാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഈ വര്‍ഷം ശാസ്ത്രമേളകളും സ്പെഷ്യല്‍ സ്കൂള്‍ കലോല്‍സവങ്ങളുംകൂടി ഓണ്‍ലൈനാക്കുന്നതോടെ പൊതുവിദ്യാഭ്യാസ വകുപ്പിലെ മുഴുവന്‍ മേളകളും ഹൈടെക്കായി മാറും. മലയാളം കമ്പ്യൂട്ടിങിന് മുന്‍ഗണന നല്‍കുന്ന പ്രവര്‍ത്തനങ്ങളാകും ഈ വര്‍ഷം സ്കൂളുകളില്‍ നടപ്പാക്കുക. ജില്ലാ പ്രൊജക്ട് ഓഫീസിലെ എഡ്യൂസാറ്റ് ട്രെയിനിങ് സെന്ററില്‍ നടന്ന എസ്ഐടിസി ശില്‍പശാലയില്‍ വി എം പ്രിയ അധ്യക്ഷയായി. 70 സ്കൂള്‍ ഐടി കോ ഓഡിനേറ്റര്‍മാര്‍ പങ്കെടുത്തു. വിജയന്‍ കാഞ്ഞിരങ്ങാട്ട് സ്വാഗതം പറഞ്ഞു. ജില്ലാ കോ-ഓഡിനേറ്റര്‍ വി കെ ബാബു വിഷയാവതരണം നടത്തി. 23, 24 തിയ്യതികളില്‍ താമരശ്ശേരി, വടകര വിദ്യാഭ്യാസ ജില്ലയിലെ എസ്്ഐടി സി സംഗമം എഡ്യൂസാറ്റ് ട്രെയിനിങ് സെന്ററില്‍ നടക്കും.
--
സര്‍വശിക്ഷാ അഭിയാന്‍ അവലോകന ശില്‍പ്പശാല
Posted on: 22-Jun-2011 12:35 AM
കോഴിക്കോട്: സര്‍വശിക്ഷാ അഭിയാന്‍ വാര്‍ഷിക പദ്ധതിയുടെ അവലോകന ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജമീല ഉദ്ഘാടനം ചെയ്തു. വടകര മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ രഞ്ജിനി അധ്യക്ഷയായി. ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ , പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍ , പഞ്ചായത്ത് സെക്രട്ടറിമാര്‍ , ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍ , ജില്ലാ പ്രോജക്ട് ഓഫീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശില്‍പശാലയില്‍ 2010-11 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുടെ വിശദാംശങ്ങള്‍ അവലോകനം ചെയ്തു. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷാദേവി, കോഴിക്കോട് ഡയറ്റ് പ്രിന്‍സിപ്പല്‍ മുകുന്ദന്‍ , പഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു താന്നിക്കാക്കുഴി, ഗൗരി എന്നിവര്‍ സംസാരിച്ചു. സബിതാശേഖര്‍ വാര്‍ഷിക പദ്ധതി അവതരിപ്പിച്ചു. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ പ്രോജക്ട് ഓഫീസര്‍ ഇ പി മോഹന്‍ദാസ് സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ എ ബാബു നന്ദിയും പറഞ്ഞു.
--
ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് 29ന്
കോഴിക്കോട്: ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂണ്‍ 29ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച്ചെയ്യാന്‍ കേരള എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്‍ (കെഎഎച്ച്എസ്ടിഎ) സംസ്ഥാനകമ്മറ്റി തീരുമാനിച്ചു. മലബാര്‍ മേഖലയില്‍ അനുവദിച്ച ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ അധ്യാപക- അനധ്യാപിക തസ്തികകള്‍ സൃഷ്ടിച്ച് ഉടന്‍ ശമ്പളം നല്‍കുക, ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, 5 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ജൂനിയര്‍ അധ്യാപകരെ സീനിയറാക്കുമെന്ന യുഡിഎഫ് വാഗ്ദാനം പാലിക്കുക, പ്രിന്‍സിപ്പാള്‍മാരെ അധ്യാപന ജോലിയില്‍നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഗണിച്ച് സ്കൂള്‍ അനുവദിക്കുന്ന സര്‍ക്കാറുകള്‍ ജീവനക്കാര്‍ക്ക് ശമ്പളംകൊടുക്കാന്‍ ബാധ്യസ്ഥരാണ്. 2010 ആഗസ്ത് മുതല്‍ ശമ്പളമില്ലാതെ രണ്ടായിരത്തോളം അധ്യാപകര്‍ പ്ലസ്ടു മേഖലയില്‍ ജോലിചെയ്യുന്നുണ്ട്. ഈവര്‍ഷം പുതുതായി ബാച്ചുകള്‍ അനുവദിക്കുവാന്‍ തിടുക്കംകൂട്ടുന്ന സര്‍ക്കാര്‍ അധ്യാപക-അനധ്യാപക നിയമനക്കാര്യത്തില്‍ വ്യക്തത ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജോഷി ആന്റണി അധ്യക്ഷനായി.
--
ഡിഡിഇ സ്ഥലം മാറ്റം: ലീഗിന്റെ രാഷ്ട്രീയ പകപോക്കല്‍
Posted on: 22-Jun-2011 12:39 AM
കോഴിക്കോട്: ജില്ലയില്‍ വിദ്യാഭ്യാസവകുപ്പ് തലവനെ നിയമിക്കാതെ ഡിഡിഇയെ മാറ്റിയതിന് പിന്നില്‍ രാഷ്ട്രീയ പകപോക്കല്‍ . കോഴിക്കോട് ഡിഡിഇ കെ വി വിനോദ്ബാബുവിനെയാണ് തിരുവനന്തപുരം ഡിപിഇ വിഭാഗത്തിലേക്ക് മാറ്റിയത്. ചെറുവാടി ഗവ. യുപി ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതിന് അനുകൂല നിലപാട് സ്വീകരിച്ചതില്‍ മുസ്ലിംലീഗിനുള്ള വിരോധമാണ് ഡിഡിഇയെ തിരുവനന്തപുരത്തേക്ക് മാറ്റാനിടയാക്കിയതെന്നറിയുന്നു. മാറ്റം ലഭിച്ചെങ്കിലും നിയമപരമായി അദ്ദേഹത്തിന് ജോലിയില്‍ പ്രവേശിക്കാനുള്ള അവകാശങ്ങളും അനുവദിച്ചിട്ടില്ല. സ്വന്തം ജില്ലയ്ക്ക് പുറത്താണ് നിയമനമെങ്കില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് സാധാരണ 15 ദിവസത്തെ അവധി നല്‍കാറുണ്ട്. തിങ്കളാഴ്ചയാണ് അദ്ദേഹം തിരുവനന്തപുരത്ത് ജോലിയില്‍ പ്രവേശിച്ചത്. അസൗകര്യങ്ങള്‍ ഡിപിഐ മുഹമ്മദ്ഹനീഷിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും മന്ത്രിയുടെ ഓഫീസില്‍നിന്നും കടുത്ത സമ്മര്‍ദമുണ്ടെന്നും തിങ്കളാഴ്ച തന്നെ ജോലിയില്‍ പ്രവേശിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. തസ്തികയില്‍ മാറ്റമുണ്ടാവുമ്പോള്‍ പകരക്കാരന്‍ വരുന്നതുവരെ തല്‍സ്ഥാനത്ത് തുടരാം. ഇതും അനുവദിക്കാതെയാണ് മാറ്റം. എംഎല്‍എയായിരുന്ന ജോര്‍ജ് എം തോമസിന്റെ ശ്രമഫലമായാണ് ചെറുവാടി ഗവ. യുപി സ്കൂള്‍ ഹൈസ്കൂളാക്കി ഉയര്‍ത്തിയത്. ഇതിനെതിരെ സ്കൂളിന് അടിസ്ഥാന സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി കൊടിയത്തൂര്‍ പിടിഎം ഹൈസ്കൂള്‍ കോടതിയെ സമീപിച്ചെങ്കിലും കോടതി നിയോഗിച്ച അഭിഭാഷക കമീഷന്‍ ആരോപണം തെറ്റാണെന്നു കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് സ്കൂള്‍ അപ്ഗ്രേഡ് ചെയ്ത നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി. ഏറനാട് എംഎല്‍എ പി കെ ബഷീറാണ് ഹര്‍ജി നല്‍കിയത്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. പരീക്ഷാ ഫലം വന്നതോടെ ചെറുവാടി സ്കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഡിഡിഇ അനുമതി നല്‍കി. ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജിനെയും നിയമിച്ചു. പ്രൊട്ടക്റ്റഡ് അധ്യാപകരായിരുന്ന 13 പേരെയും ചെറുവാടി സ്കൂളിലേക്കു മാറ്റി. ഇതോടെയാണ് ഡിഡിഇക്കെതിരെ നീക്കം ലീഗ് തുടങ്ങിയത്. ജില്ലയിലെ പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതില്‍ ക്രിയാത്മകമായ പങ്കുവഹിക്കാന്‍ ഡിഡിഇക്ക് കഴിഞ്ഞിരുന്നു. സ്കൂളിന്റെ ഭൗതികനിലവാരത്തോടൊപ്പം പഠനാനൂകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിനും നൂതനമായ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നു. ഡിഡിഇയുടെ ഇടപെടല്‍മൂലമാണ് എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയില്‍ തിളക്കമാര്‍ന്ന വിജയം നേടാനായത്.
--
പത്താംക്ലാസ് പുസ്തകങ്ങള്‍ എത്തിയില്ല; വിദ്യാര്‍ഥികള്‍ ആശങ്കയില്‍
Posted on: 21-Jun-2011 11:52 PM
കോഴഞ്ചേരി: അധ്യയനവര്‍ഷം ആരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും പുസ്തകങ്ങള്‍ എത്തിയില്ല. പത്താംക്ലാസ് വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും ആശങ്കയില്‍ . വിജയശതമാനവും കുട്ടികളുടെ നിലവാരവും വര്‍ധിപ്പിക്കുന്നതിന് മിക്ക സ്കൂളുകളിലും മെയ് ആദ്യംതന്നെ പത്താം ക്ലാസ്സ് പഠനം ആരംഭിച്ചെങ്കിലും ജൂണ്‍ അവസാനിക്കാറായിട്ടും പുസ്തകകങ്ങള്‍ എത്താതായതോടെയാണ് വിദ്യാര്‍ഥികള്‍ ഭീതിയിലായത്. ഹിന്ദി, മലയാളം, ഇംഗ്ലീഷ് വിഷയങ്ങളുടെ പുസ്തകങ്ങള്‍ മാത്രമാണ് ബഹുഭൂരിപക്ഷം സ്കൂളുകളിലും ലഭിച്ചത്. സോഷ്യല്‍ സയന്‍സ്, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഐടി തുടങ്ങിയ വിഷയങ്ങളുടെ പുസ്തകങ്ങളാണ് എത്താത്തത്. യുഡിഎഫ് സര്‍ക്കാര്‍ സിബിഎസ്സി, അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള ശ്രമം നടത്തുന്നതിനിടയില്‍ പുസ്തകങ്ങള്‍ പൊതു വിദ്യാലയത്തില്‍ എത്തിക്കാത്തത് ഈ മേഖലയെ ശിഥിലമാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് എന്ന സംശയവും ചിലര്‍ ഉയര്‍ത്തുന്നു. പത്താം ക്ലാസ്സില്‍ ആദ്യഘട്ടത്തില്‍ തന്നെ പുസ്തകങ്ങള്‍ പഠിപ്പിച്ചു തീര്‍ന്നാല്‍ മാത്രമേ പുനര്‍ പഠനത്തിനും പരീക്ഷാനുബന്ധ തയ്യാറെടുപ്പിനും സമയം ലഭിക്കൂ. എന്നാല്‍ അധ്യയനവര്‍ഷം ആരംഭിച്ച് 25ഓളം പ്രവൃത്തിദിവസങ്ങള്‍ പിന്നിട്ടിട്ടും പുസ്തകം എത്തിക്കാത്തത് വരുംവര്‍ഷത്തെ വിജയശതമാനത്തെ ദോഷകരമായി ബാധിക്കും.
--
കുട്ടികള്‍ "കൂവുന്ന" സ്വഭാവക്കാരാണെങ്കില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുക; അന്യനാട്ടില്‍ പഠിക്കാന്‍ വിടരുത്
Posted on: 22-Jun-2011 12:39 AM
പാമ്പാടി: അന്യസംസ്ഥാനങ്ങളില്‍ പോയി പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളും അവിടങ്ങളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കളും കരുതിയിരിക്കുക. കുട്ടികളുടെ അന്യനാട്ടിലെ കഷ്ടപ്പാടുകളും ഭക്ഷണവും താമസവും തുടങ്ങിയതിനെക്കുറിച്ച് മാത്രമല്ല ഇനി വ്യാകുലപ്പെടേണ്ടത്. കുട്ടികള്‍ "കൂവുന്ന" പ്രകൃതക്കാരാണോയെന്നു കൂടി മാതാപിതാക്കള്‍ മനസിലാക്കിയിരിക്കണം. കൂവുന്ന സ്വഭാവമുള്ള മക്കളാണെങ്കില്‍ ഇനി അന്യനാട്ടില്‍ പഠിക്കാന്‍ വിടേണ്ടെന്നുകൂടി തീരുമാനിക്കേണ്ടിവരും. അല്ലെങ്കില്‍ കൂവിയാലും കുഴപ്പമില്ല അവിടത്തന്നെ പഠിപ്പിക്കണമെങ്കില്‍ "ലക്ഷങ്ങള്‍" കുറച്ചുകൂടി മടിക്കുത്തില്‍ കരുതണമെന്നുമാത്രം. തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലുള്ള ഒരു സ്വകാര്യ എന്‍ജിനിയറിങ് കോളേജിലെ പരിപാടിക്കിടെ വിദ്യാര്‍ഥികള്‍ ആരോ ഒരാള്‍ "ആവേശംമൂത്ത് കൂവിയതിന്" 180 വിദ്യാര്‍ഥികളും പിഴയൊടുക്കി. പിഴയിനത്തില്‍ അധികൃതര്‍ക്ക് കിട്ടിയതാകട്ടെ രണ്ടുലക്ഷത്തോളം രൂപ. കോളേജില്‍ നടന്ന മെക്കാനിക്കല്‍ , സിവില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികളുടെ ഒരു പരിപാടിക്കിടെയാണ് സംഭവം. പരിപാടിക്കിടെ വൈദ്യുതിനിലച്ചു. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ വൈകിയപ്പോള്‍ ഒരാള്‍ ഉച്ചത്തില്‍ കൂവി. ഓഡിറ്റോറിയത്തിന്റെ ഷട്ടര്‍ഇട്ട അധികൃതര്‍ കൂവിയ ആളെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഓഡിറ്റോറിയത്തിലുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും 1000 രൂപ വീതം മാനേജ്മെന്റ് പിഴയിട്ടു. പിഴയൊടുക്കിയവരില്‍ 80 ശതമാനവും മലയാളി വിദ്യാര്‍ഥികളായിരുന്നു. കോളേജില്‍ ക്ലാസ് തുടങ്ങി ഒരുമിനിറ്റ് വൈകിയാല്‍ പിഴ 100 രൂപയാണ്. കളിയാക്കിയതായി പരാതി ലഭിച്ചാല്‍ 5000 രൂപയാണ് പിഴ. റാഗിങിന് ശ്രമിച്ചാല്‍ 10,000 രൂപയാണ് പിഴ. എന്തിനും പിഴ ഈടാക്കുന്ന കോളേജ് അധികൃതര്‍ ഒരു സെമസ്റ്ററില്‍ (ആറുമാസം) 25 ലക്ഷം രൂപയ്ക്ക് മേലാണ് വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കുന്നത്. സെമിസ്റ്റര്‍ പരീക്ഷ എഴുതിക്കണമെങ്കില്‍ വിവിധ ഫൈനുകള്‍ അടച്ചുതീര്‍ക്കണമെന്നാണ് നിയമം. 3000 വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. 85,000 രൂപ സെമസ്റ്റര്‍ഫീസ് കൂടാതെയാണ് ഫൈനിന്റെ പേരില്‍ വിദ്യാര്‍ഥികളെ പിഴിയുന്നത്.
--


വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍
Posted on: 21-Jun-2011 11:40 PM
കല്‍പ്പറ്റ: താല്‍ക്കാലികാധ്യാപക നിയമനം ഹെഡ്മാസ്റ്റര്‍മാര്‍ ഉള്‍പെട്ട സമിതിക്ക് തിരികെ നല്‍കി സ്കൂള്‍ സ്തംഭനാവസ്ഥ ഒഴിവാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് കെഎസ്ടിഎ ജില്ലാകമ്മിറ്റിആവശ്യപ്പെട്ടു. പുതിയ അധ്യായന വര്‍ഷം ആരംഭിച്ച് ഒരു മാസമായിട്ടും ജില്ലയിലെ മിക്ക ഹൈസ്കൂളിലും താല്‍ക്കാലിക അധ്യാപകരെ നിയമിക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ കെടുകാര്യസ്ഥതതമൂലം കഴിഞ്ഞിട്ടില്ല. മുമ്പ് ജില്ലാ പഞ്ചായത്ത് കേന്ദ്രീകൃത രീതിയില്‍ താല്‍ക്കാലിക അധ്യാപക നിയമനത്തിന് ഇന്റര്‍വ്യു നടത്തി നിയമനം നല്‍കിയെങ്കിലുംഅമിത ദൂരക്കൂടുതലും മറ്റും കാരണം ഉദ്യോഗാര്‍ഥികള്‍ നിയമനം സ്വീകരിക്കാന്‍ തയ്യാറായില്ല. ഈ രീതി മുന്നേ പരീക്ഷിച്ച് ഉപേക്ഷിക്കപ്പെട്ടതാണ്. പിന്നീട് നിയമനാധികാരം ഓരോ വിദ്യാലയത്തിനും വികേന്ദ്രീകരിച്ച് നല്‍കി പ്രാദേശിക ഇന്റര്‍വ്യു ബോര്‍ഡിനെയും നിശ്ചയിച്ചു. പഞ്ചായത്തിലുള്ളവര്‍ക്ക് അതേ പഞ്ചായത്തില്‍ നിയമനം ലഭിക്കാനും സ്കൂള്‍ പ്രവര്‍ത്തനം സുഗമമാക്കാനും ഇതിലൂടെ കഴിഞ്ഞു. എന്നാല്‍ അഴിമതിക്കും സ്വജനപക്ഷപാതത്തിനും വഴിവെക്കുന്ന രീതിയില്‍ ജില്ലാ പഞ്ചായത്ത് പഴയ രീതിയില്‍ കേന്ദ്രീകൃത ഇന്റര്‍വ്യു നടത്തുന്നത് ദുരൂഹമാണ്. മന്ത്രിമാരും എംഎല്‍എമാരും അടക്കമുള്ള ഭരണാനുകൂല നേതാക്കള്‍ ഗ്രൂപ്പും ചേരിയും തിരിഞ്ഞ് ഒരു ഒഴിവിലേക്ക് വിവിധ ഗ്രൂപ്പുപ്രതിനിധികളുടെ ശുപാര്‍ശ പ്രകാരം ഒന്നിലേറെ ശുപാര്‍ശചെയ്യുന്നതും നിയമന തടസമുണ്ടാകകുന്നു. മുള്ളന്‍കൊല്ലി നിവാസിയെ പടിഞ്ഞാറത്തറ പോലുള്ള വിദൂര സ്ഥലങ്ങളില്‍ നിയമിക്കുന്നതും ദൂരക്കൂടുതല്‍ പോലും പരിഗണിക്കാതെയാണ്. സ്കൂള്‍ തുറന്ന് ഒരു മാസം പിന്നിടുമ്പോഴും ഹാജര്‍വിളിക്കാന്‍ പോലും വിദ്യാലയങ്ങളില്‍ ആളില്ലാത്തത് രക്ഷിതാക്കളിലും കടുത്ത എതിര്‍പ്പിന് വഴിവെച്ചിട്ടുണ്ട്. പൊതു വിദ്യാലയങ്ങളെ തകര്‍ക്കാനുള്ള ഗൂഡശ്രമവും ഇതിന്റെ പിന്നിലുണ്ടെന്ന് സംശയിക്കുന്നു. പാഠപുസ്തകം, ഉച്ചഭക്ഷണം, എസ്സി/എസ്ടി ഗ്രാന്റ്, യൂണിഫോം എന്നിവയുടെ ലിസ്റ്റ്പോലും നല്‍കാന്‍ വിദ്യാലയങ്ങള്‍ക്ക് കഴിയാത്ത സ്ഥിതിയാണ്. യോഗത്തില്‍ എ കെ മോസസ് അധ്യക്ഷനായി. വേണുമുള്ളോട്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
--


അസൗകര്യങ്ങളുടെ നടുവില്‍ വേങ്ങര ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

വേങ്ങര: അടിസ്ഥാന സൗകര്യമൊരുക്കാതെ കോഴ്‌സുകള്‍ വാങ്ങിക്കൂട്ടിയത് മൂലം വേങ്ങര ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രയാസങ്ങളുടെ നടുവില്‍. ഫണ്ടിന്റെ കമ്മി മൂലം പുതിയ കെട്ടിടത്തിന്റെ പണി ഇഴഞ്ഞ് നീങ്ങിയതോടെ പഠനം പ്രതിസന്ധിയിലാണ്.

ഒന്നുമുതല്‍ വി.എച്ച്.എസ്.സി വരെ നേരത്തെയുണ്ടായിരുന്ന സ്‌കൂളില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ കൂടി ലഭ്യമായത്. അശാസ്ത്രീയ കെട്ടിടസംവിധാനം കാരണം നേരത്തെ സ്‌കൂള്‍ പ്രവര്‍ത്തനം പ്രതിസന്ധിയിലായിരുന്നു. ഉണ്ടായിരുന്ന സ്ഥലത്ത് കെട്ടിടം പണിതതോടെ സ്‌കൂളില്‍ ആവശ്യമായ കളിസ്ഥലമോ മറ്റ് ഭൗതിക സൗകര്യങ്ങളോ ഇല്ല.

ഹയര്‍സെക്കന്‍ഡറി മേഖലയില്‍ മാത്രം വി.എച്ച്.എസ്.സി. ഉള്‍പ്പെടെ 18 ബാച്ചുകള്‍ ഉണ്ട്.

കഴിഞ്ഞ വര്‍ഷം വി.എച്ച്.എസ്.സി ക്ലാസ്സുകള്‍ തൊട്ടടുത്ത് സ്വകാര്യബില്‍ഡിങ്ങില്‍ വാടകയ്ക്കായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഈ വര്‍ഷം ഈ ക്ലാസുകള്‍ കൂടി സ്‌കൂളിലേക്ക് മാറ്റിയതോടെ പ്രതിസന്ധി രൂക്ഷമായി. യു.പി. വിഭാഗത്തിന്റെ കമ്പ്യൂട്ടര്‍ ലാബിലാണ് വി.എച്ച്.എസ്.സി ക്ലാസ് പ്രവര്‍ത്തിക്കുന്നത്. രണ്ടിനും കൂടി ഒരു കമ്പ്യൂട്ടര്‍ ലാബാണുള്ളത്.

എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് 12 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന നാല് ക്ലാസ്മുറികളുള്ള കെട്ടിടത്തിന്റെ നിര്‍മാണം ഒരു വര്‍ഷമായിട്ടും തീര്‍ന്നിട്ടില്ല. എം.പി ഫണ്ടില്‍ ഒരുക്ലാസിന് അഞ്ചുലക്ഷവും ജില്ലാപഞ്ചായത്ത് ഫണ്ടില്‍ അഞ്ചുക്ലാസിന് 25 ലക്ഷവും അനുവദിച്ചിട്ടുണ്ട്. അരക്കിലോമീറ്റര്‍ അകലെ ചാത്തന്‍കുളം പാടത്ത് സ്‌കൂളിന്റെ നിയന്ത്രണത്തിലുള്ള ഒരേക്കര്‍ സ്ഥലവും ഉപയോഗശൂന്യമായി കിടക്കുകയാണ്. അതേ സമയം ഇവിടെ കെട്ടിടം പണിയുന്നതിന് പാടശേഖര കമ്മിറ്റിയുടെ അനുമതി ജില്ലാ കൃഷി ഓഫീസര്‍ക്ക് സമര്‍പ്പിച്ചതായി പി.ടി.എ പറയുന്നു. എസ്.എസ്.എ കെട്ടിടത്തിന്റെ പണി മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് പി.ടി.എ പ്രസിഡന്റ് കെ. അലവിക്കുട്ടി പറഞ്ഞു.

No comments: