Tuesday, June 28, 2011

സംഭാവന നല്‍കിയില്ല; കുട്ടികളെ പുറത്താക്കി


Posted on: 29-Jun-2011 01:20 AM
പള്ളുരുത്തി: സംഭാവന നല്‍കാത്തതിന്റെപേരില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന 14 കുട്ടികളെ സ്കൂള്‍ അധികൃതര്‍ പുറത്താക്കിയതായി പരാതി. പള്ളുരുത്തിയിലെ ശില്‍പ്പ സ്പെഷ്യല്‍ സ്കൂളില്‍നിന്നാണ് കുട്ടികളെ പുറത്താക്കിയത്. രക്ഷാകര്‍ത്താക്കളാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ലക്ഷക്കണക്കിനു രൂപയാണ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ സ്ഥാപനത്തിനു നല്‍കുന്നതെന്ന് രക്ഷാകര്‍ത്താക്കള്‍ പറഞ്ഞു. ഇന്ത്യാ ഗവണ്‍മെന്റിന്റെ കീഴിലുള്ള ദീനദയാല്‍ ഡിസേബിള്‍ഡ് റിഹാബിലിറ്റേഷന്‍ സ്കീം പ്രകാരം 2005 മുതല്‍ 2011 വരെ 30,44,000 രൂപ ശില്‍പ്പ സ്പെഷ്യല്‍ സ്കൂളിനു നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ സംസ്ഥാനസര്‍ക്കാരിന്റെ 2009-10 വര്‍ഷത്തെ ആനുകൂല്യങ്ങളും കൈപ്പറ്റി. കൊച്ചി നഗരസഭയുടെ ആനുകൂല്യങ്ങള്‍ക്കു പുറമെയാണ് ഈ ആനുകൂല്യങ്ങള്‍ . കുട്ടികളില്‍നിന്നു ഫീസ് ഈടാക്കരുതെന്ന നിബന്ധനയോടെയാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നതെന്ന് ഇവര്‍ പറഞ്ഞു. എന്നിട്ടും സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളില്‍നിന്ന് ഫീസ് ഈടാക്കിവരുന്നതാണ് പ്രശ്നം ഗുരുതരമാക്കിയത്. കൊച്ചി നഗരസഭ ഇത്തവണ കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് നേരിട്ടു നല്‍കിയതാണ് സ്കൂള്‍ അധികൃതര്‍ക്ക് വിനയായത്. നേരത്തെ വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് നഗരസഭ സ്കൂളിനാണ് പണം നല്‍കിയിരുന്നത്. പ്രതിമാസം 500 രൂപ വീതം ഫീസ് നല്‍കണമെന്ന് സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടതായി രക്ഷാകര്‍ത്താക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നിര്‍ധനരായ കുടുംബത്തില്‍നിന്ന് ഈ സ്കൂളില്‍ പഠിക്കുന്നതിന് എത്തുന്നവരെ പിഴിയുന്ന നടപടിയാണ് സ്കൂള്‍ അധികൃതരുടേതെന്ന് ജില്ലാ രക്ഷാകര്‍തൃസമിതി ഭാരവാഹികള്‍ പറഞ്ഞു. ഇതിനെതിരെ ഡിപിഐ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്നും ഇവര്‍ അറിയിച്ചു. ജില്ലാ-സംസ്ഥാന നേതാക്കളായ ടി ടി രാജപ്പന്‍ , കലൂര്‍ ഉണ്ണിക്കൃഷ്ണന്‍ , എം എ ലാലു, പി ബി ജോര്‍ജ്, പി കെ എ ജബ്ബാര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു
deshabhimani

No comments: