Monday, June 6, 2011

തലയെണ്ണലിനൊപ്പം ഇത്തവണ വിരലടയാളവും നേത്രഘടനയെടുപ്പും


: 07-Jun-2011
തൃക്കാക്കര: വിദ്യാലയങ്ങളില്‍ ഇത്തവണ കുട്ടികളുടെ തലയെണ്ണലിനൊപ്പം ശാസ്ത്രീയ പരിശോധനകളും ഏര്‍പ്പാടാക്കും. വിരലടയാളവും കണ്ണിന്റെ ഘടനയുമാണ് പരിശോധനയുടെ ഭാഗമായി രേഖപ്പെടുത്തുന്നത്. ഈ പരിശോധന ജൂലൈ 15നുശേഷം നടത്തും. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇത്തവണ ശാസ്ത്രീമായ രീതിയില്‍ കണക്കെടുക്കുന്നത്. വിദ്യാര്‍ഥികളുടെ എണ്ണം പെരുപ്പിച്ചുകാണിക്കാന്‍ ചില വിദ്യാലയങ്ങളിലെ മാനേജ്മെന്റും സ്കൂള്‍ അധികൃതരും ക്രമക്കേട് കാണിക്കുന്നതിനാലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. അതേസമയം, അധ്യയനവര്‍ഷത്തിന്റെ ആറാമത്തെ പ്രവൃത്തിദിവസം കണക്കെടുപ്പ് നടത്തിയിരുന്നത് ഇത്തവണയും തുടരും. അതത് സ്കൂളുകളിലെ പ്രധാന അധ്യാപകരുടെ മേല്‍നോട്ടത്തിലാണ് കണക്കെടുക്കുന്നത്. ഇതിനുശേഷമാണ് തലയെണ്ണല്‍ . ആറാമത്തെ പ്രവൃത്തിദിവസം ലഭിച്ച വിദ്യാര്‍ഥികളുടെ എണ്ണം ശരിയാണോ എന്ന് പരിശോധിക്കാനാണ് തലയെണ്ണുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ ഒരു ക്ലാസില്‍നിന്ന് മറ്റു ക്ലാസുകളിലേക്ക് മാറ്റിയിരുത്തിയും വിദ്യാലയത്തില്‍ ഇല്ലാത്തവരെ കൊണ്ടിരുത്തിയും തലയെണ്ണലില്‍ പങ്കെടുപ്പിച്ചിരുന്നതായി നിരവധി പരാതികള്‍ വിദ്യാഭ്യാസവകുപ്പിനു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിരലടയാളവും കണ്ണിന്റെ ഘടനയും പരിശോധിക്കുന്നത്. വിരലടയാളം രജിസ്റ്ററില്‍ രേഖപ്പെടുത്തും. കണ്ണിന്റെ ഘടന കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയാണ് സൂക്ഷിക്കുക. ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍ ആരംഭിച്ചു. ജില്ലാ അടിസ്ഥാനത്തിലും ഉപവിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തിലും പ്രധാന അധ്യാപകര്‍ക്ക് ജൂണ്‍ അവസാനവാരത്തില്‍ പരിശീലനം നല്‍കുമെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ് "ദേശാഭിമാനി"യോട് പറഞ്ഞു. സംസ്ഥാനത്താകെ വിദ്യാലയങ്ങളില്‍ ഒന്നാംഘട്ട കണക്കെടുപ്പ് ചൊവ്വാഴ്ച നടത്തും.
--
സര്‍ക്കാര്‍ ക്വോട്ടയിലെ മാനേജ്മെന്റ് പ്രവേശനം കോടതി തടഞ്ഞു


കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പിജി കോഴ്സുകളിലേക്കുള്ള മെറിറ്റ് സീറ്റുകളില്‍ മാനേജ്മെന്റുകള്‍ സ്വന്തംനിലയില്‍ പ്രവേശനം നടത്തുന്നത് ഹൈക്കോടതി തടഞ്ഞു. കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷനും സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കും സര്‍ക്കാരിനും കോടതി പ്രത്യേക ദൂതന്‍ മുഖേന നോട്ടീസ് അയച്ചു. തൃശൂരിലെ ഡോ. പൗര്‍ണമി മോഹനടക്കം മൂന്ന് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്റെ ഇടക്കാല ഉത്തരവ്. തൃശൂര്‍ അമല, ജൂബിലി, കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ , തിരുവല്ല പുഷ്പഗിരി, തിരുവനന്തപുരം ശ്രീഗോകുലം, കണ്ണൂര്‍ അഞ്ചരക്കണ്ടി, പരിയാരം, പെരിന്തല്‍മണ്ണ എംഇഎസ് എന്നീ മെഡിക്കല്‍ കോളേജുകളിലെ പിജി പ്രവേശനത്തിലാണ് കോടതി ഇടപെട്ടത്. 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ തയ്യാറാക്കുന്ന മെറിറ്റ് പട്ടികയില്‍നിന്ന് പ്രവേശനം നല്‍കാമെന്ന് പിജി കോഴ്സുകള്‍ അനുവദിക്കുമ്പോള്‍ മാനേജ്മെന്റുകള്‍ ഉറപ്പുനല്‍കിയിരുന്നു. ഇങ്ങനെ അനുവദിച്ച 131 സീറ്റില്‍ 65 എണ്ണത്തില്‍ മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നടത്തേണ്ടതായിരുന്നു. എന്നാല്‍ , പ്രവേശനം അവസാനിച്ച മെയ് 30നുമുമ്പ് മെറിറ്റ് ക്വാട്ടയില്‍ പ്രവേശിപ്പിക്കേണ്ട വിദ്യാര്‍ഥികളുടെ ലിസ്റ്റ് സര്‍ക്കാര്‍ നല്‍കിയില്ലെന്നു പറഞ്ഞ് മാനേജ്മെന്റുകള്‍ സ്വന്തംനിലയില്‍ പ്രവേശനം നല്‍കി. മെയ് 31നകം പ്രവേശനം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും 30നുമുമ്പ് സര്‍ക്കാര്‍ ലിസ്റ്റ് നല്‍കാത്തതിനാല്‍ തങ്ങള്‍ സ്വന്തംനിലയില്‍ പ്രവേശനം നടത്തുകയാണെന്നുമാണ് മാനേജ്മെന്റുകള്‍ പറഞ്ഞത്. 31ന് ഒറ്റ ദിവസംകൊണ്ട് പ്രവേശനം പൂര്‍ത്തിയായതായി അറിയിക്കുകയും ചെയ്തു. 75 ലക്ഷംമുതല്‍ ഒന്നേകാല്‍ക്കോടി രൂപവരെ കോഴ വാങ്ങിയാണ് ഈ സീറ്റുകളില്‍ പ്രവേശനം നടത്തിയത്. രാജ്യത്ത് മെഡിക്കല്‍ പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധി ജൂണ്‍ 30 വരെ സുപ്രീംകോടതി നീട്ടിയിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് മാനേജ്മെന്റുകള്‍ പ്രവേശനം പൂര്‍ത്തിയാക്കിയതായി അറിയിച്ചത്. എന്നാല്‍ , ഇതിനെതിരെ നടപടിക്ക് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. മെറിറ്റ് സീറ്റ് പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയോ കോടതിയെ സമീപിക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചത്.
--
എന്റെ മരം പദ്ധതി തുടങ്ങി






മലപ്പുറം: 'എന്റെ മരം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മുണ്ടുപറമ്പ് എ.എം.യു.പി സ്‌കൂളില്‍ പി. ഉബൈദുള്ള എം.എല്‍.എ വൃക്ഷത്തൈ വിതരണം ചെയ്ത് നിര്‍വഹിച്ചു. എ.ഇ.ഒ മുഹമ്മദ്ബഷീര്‍ അധ്യക്ഷതവഹിച്ചു. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ആര്‍.പി. ഗിരിജപുഷ്പം ക്ലാസെടുത്തു.


വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ തയ്യാറാക്കിയ 'പച്ചപ്പ്' ചിത്ര ആല്‍ബം, പരിസ്ഥിതിദിന പത്രം, പതിപ്പ് എന്നിവ പ്രകാശനം ചെയ്തു.പ്രധാനാധ്യാപകന്‍ കെ. മുഹമ്മദ് ഹാരിസ്, മുസ്തഫ, പി.ടി.എ പ്രസിഡന്റ് എം. അബൂബക്കര്‍, സലീം എന്നിവര്‍ പ്രസംഗിച്ചു.
--
നെല്‍കൃഷിയുടെ വിജയപാഠം പകര്‍ന്ന് ചെറുകര എ.യു.പി സ്‌കൂള്‍






കോട്ടയ്ക്കല്‍: വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെ നെല്‍കൃഷി ചെയ്ത് വിജയപാഠം പകര്‍ന്ന് മുന്നേറുകയാണ് ചെറുകര എ.യു.പി സ്‌കൂള്‍. അധ്യാപകര്‍, രക്ഷിതാക്കള്‍, പഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ കൂട്ടായ്മയിലൂടെയാണ് ഇവര്‍ വിജയം കൊയ്‌തെടുത്തത്.


പ്രകൃതി സംരക്ഷണത്തിന് അംഗീകാരമായാണ് മാതൃഭൂമി സീഡ് പദ്ധതിയില്‍ മലപ്പുറം വിദ്യാഭ്യാസജില്ലയിലെ ഹരിതവിദ്യാലയത്തിനുള്ള മൂന്നാംസ്ഥാനം ചെറുകര എ.യു.പി സ്‌കൂളിന് ലഭിച്ചത്.


ഏകദേശം രണ്ടേക്കര്‍ സ്ഥലത്താണ് നെല്‍കൃഷി. നിലമൊരുക്കി ഞാറ്റടി തയ്യാറാക്കുന്നത് മുതല്‍ വിളവെടുപ്പുത്സവം വരെയും വിദ്യാര്‍ഥികളുടെ സക്രിയ പങ്കാളിത്തമുണ്ടായിരുന്നു. സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കൃഷി ഓഫീസര്‍മാരും മുതിര്‍ന്ന കര്‍ഷകരുമെത്തി. സ്‌കൂളിലെ കാര്‍ഷികക്ലബ്ബ്, ഹരിതസേന, ഹെല്‍ത്ത്ക്ലബ്ബ്, ഗൈഡ് ബുള്‍ബുള്‍ എന്നിവയിലെ അംഗങ്ങളെല്ലാം വിവിധ പദ്ധതി പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ടാകും.


പിറന്നാള്‍ സമ്മാനമായി മധുരപലഹാരങ്ങള്‍ നല്‍കുന്നതിന് പകരം പുസ്തകങ്ങള്‍ നല്‍കാന്‍ കുട്ടികളെ പ്രേരിപ്പിച്ചത് വായനാശീലം വളര്‍ത്തിയെടുക്കാന്‍ സഹായിച്ചു. പ്ലാസ്റ്റിക്കിന് സ്‌കൂളില്‍ പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി. ഊര്‍ജ സംരക്ഷണത്തിനായി നടത്തിയ ബോധവത്കരണത്തെ തുടര്‍ന്ന് വൈദ്യുതി തുകയില്‍ ഗണ്യമായ കുറവുണ്ടാക്കാനും കഴിഞ്ഞു.


പച്ചക്കറിത്തോട്ടം, ആരോഗ്യബോധവത്കരണത്തിന്റെ ഭാഗമായി കൊതുകുനിര്‍മ്മാര്‍ജന പ്രൊജക്ട്, സ്‌കിറ്റ്, റാലി, ക്ലാസുകള്‍, പേപ്പര്‍ ബാഗ് നിര്‍മാണ പരിശീലനം, പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രാദേശിക സ്ഥലങ്ങളിലേക്ക് പഠനയാത്രകള്‍ തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്കും സീഡ് ക്ലബ്ബ് അംഗങ്ങള്‍ നേതൃത്വം നല്‍കുന്നുണ്ട്.


പരിസ്ഥിതി സംരക്ഷണത്തിന് വേണ്ട മാര്‍ഗങ്ങളെക്കുറിച്ച് കൃത്യമായ അറിവുകള്‍ വിദ്യാര്‍ഥികള്‍ക്ക് ശേഖരിക്കാനും മനസ്സിലാക്കുന്നതിനും സീഡ് പദ്ധതി വഴിയൊരുക്കുന്നുണ്ടെന്ന് കോ-ഓര്‍ഡിനേറ്റര്‍ കെ. സത്യനാരായണന്‍ പറഞ്ഞു. 52 വിദ്യാര്‍ഥികളെയും 12 അധ്യാപകരുമാണ് സീഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌കൂളിലുള്ളത്. പുതിയ അധ്യയനവര്‍ഷത്തില്‍ വ്യത്യസ്തമാര്‍ന്ന പദ്ധതികള്‍ക്ക് രൂപം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് സീഡ്ക്ലബ്ബ് അംഗങ്ങള്‍.
--



No comments: