Friday, June 3, 2011

മേല്‍മുറി ബദല്‍ സ്‌കൂളില്‍ കുട്ടികള്‍ക്ക് വിദ്യ 'അഭ്യാസം' തന്നെ

കൊണ്ടോട്ടി: തുണികൊണ്ട് അരിക് മറച്ച് പ്ലാസ്റ്റിക്ഷീറ്റ് വിരിച്ച് മേല്‍ക്കൂരയിട്ടൊരു കൂട് മാത്രമാണ് ഇവര്‍ക്ക് സ്‌കൂള്‍. മഴയൊന്ന് കനത്ത് പെയ്താല്‍ ബഞ്ചുകള്‍ക്കിടയിലൂടെ തോടൊഴുകും. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ല. ഭക്ഷണം പാകംചെയ്യാന്‍ അടുപ്പും വെള്ളവുമില്ല. വൈദ്യുതിയില്ല. എന്തിന്, പഠനോപകരണങ്ങളും സ്‌കൂള്‍ രേഖകളും സുരക്ഷിതമായി സൂക്ഷിക്കാന്‍ പോലും ഇടമില്ല.


കിഴിശ്ശേരിക്കടുത്ത് പുളിയക്കോട് മേല്‍മുറി കോലാര്‍ക്കുന്നിലെ ബദല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് വിദ്യാഭ്യാസം ദുരിതമാകുന്നത്. നാട്ടിലെ ഏക സര്‍ക്കാര്‍ സ്ഥാപനമായ ബദല്‍സ്‌കൂള്‍ പരിമിതിയിലും പ്രാരാബ്ധങ്ങളിലും പെട്ട് ഉഴറുകയാണ്.
2004-ല്‍ 10 കുട്ടികളും ഒരു അധ്യാപകനുമായി പ്രവര്‍ത്തനമാരംഭിച്ച സ്‌കൂളില്‍ നിലവില്‍ 107 വിദ്യാര്‍ഥികളുണ്ട്. ഈവര്‍ഷം ഒന്നാംക്ലാസില്‍ 19 പേര്‍ ചേര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷംവരെ സ്വകാര്യവ്യക്തിയുടെ പറമ്പിലെ താത്കാലിക ഷെഡിലായിരുന്നു സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈവര്‍ഷം സ്വന്തം സ്ഥലത്ത് താത്കാലിക ഷെഡൊരുക്കിയാണ് പ്രവര്‍ത്തിക്കുന്നത്. നാട്ടുകാര്‍ സംഭാവനചെയ്ത 30 സെന്റും വിലകൊടുത്ത് വാങ്ങിയ 16 സെന്റുമടക്കം 46 സെന്റ് ഭൂമി സ്‌കൂളിനുണ്ട്.
ഈവര്‍ഷം അടച്ചുപൂട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ബദല്‍ സ്‌കൂളുകളുടെ ഭാവിയെ സംബന്ധിച്ച് അവ്യക്തതയുള്ളത് നാട്ടുകാരെ ആശങ്കയിലാക്കുന്നു. കൂടുതല്‍ കുട്ടികളുള്ള ബദല്‍ സ്‌കൂളുകള്‍ എല്‍.പി സ്‌കൂളുകളാക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതേക്കുറിച്ച് പരാമര്‍ശമൊന്നുമില്ലാത്തത് സ്‌കൂളിന്റെ പ്രതീക്ഷകളെ തകിടം മറിക്കുന്നു.
കഴിഞ്ഞവര്‍ഷം മുതല്‍ ബദല്‍സ്‌കൂളുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലാണ്. നേരത്തെ എസ്.എസ്.എയുടെ കീഴില്‍ നല്ല പ്രോത്സാഹനം ലഭിച്ചതായി അധ്യാപകര്‍ പറയുന്നു.മുന്‍ എം.എല്‍.എയും നിലവില്‍ വിദ്യാഭ്യാസ മന്ത്രിയുമായ പി.കെ.അബ്ദുറബ്ബ് സ്‌കൂളിന്റെ രക്ഷക്കെത്തുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ
---
സ്വാശ്രയ മെഡി-എന്‍ജി. മെറിറ്റ് ക്വോട്ടയും കച്ചവടത്തിന്
തിരു: സ്വാശ്രയ മെഡിക്കല്‍ -എന്‍ജിനിയറിങ് കോളേജുകളിലെ 50 ശതമാനം വരുന്ന മെറിറ്റ് സീറ്റുകളും മാനേജ്മെന്റ് ക്വോട്ടയിലേക്ക് മാറ്റി പ്രവേശനം നടത്താന്‍ ആസൂത്രിത നീക്കം. പ്രവേശന നടപടി ക്രമങ്ങള്‍ അനിശ്ചിതമായി നീട്ടിയും ചര്‍ച്ച നടത്തി തീരുമാനമെടുക്കാതെയും മാനേജ്മെന്റുകള്‍ക്ക് കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ അവസരമൊരുക്കി. സ്വന്തം നിലയില്‍ പരീക്ഷ നടത്തി പ്രവേശനം നടത്താന്‍ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ തീരുമാനിച്ചു. എന്‍ജിനിയറിങ് പ്രവേശനത്തിനുള്ള റാങ്കുലിസ്റ്റ് തയ്യാറാക്കുന്ന നടപടി നീളുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ സ്വന്തംനിലയില്‍ പ്രവേശന നടപടി ആരംഭിക്കുമെന്ന് എന്‍ജിനിയറിങ് മാനേജ്മെന്റ് അസോസിയേഷനും പ്രഖ്യാപിച്ചു. കുറഞ്ഞ ഫീസില്‍ എംബിബിഎസിനും എന്‍ജിനിയറിങ്ങിനും പ്രവേശനം നേടാന്‍ കാത്തിരിക്കുന്ന ഒരു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് ഇതു തിരിച്ചടിയാകും. സ്വാശ്രയ സ്ഥാപനങ്ങളില്‍ 50 ശതമാനം സീറ്റ് മെറിറ്റ് പ്രകാരമുള്ള സര്‍ക്കാര്‍ ക്വാട്ടയാണ്. യോഗ്യതയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നേടുന്നവര്‍ക്ക് കുറഞ്ഞ ഫീസ് നല്‍കിയാല്‍ മതി. അഞ്ചുവര്‍ഷം മുമ്പ് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ സ്വാശ്രയ നയം അതേപടി ആവര്‍ത്തിക്കാനുള്ള ഗൂഢതന്ത്രമാണ് ആവിഷ്കരിക്കുന്നത്. സ്വാശ്രയ മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള മെറിറ്റ് ക്വാട്ട ലിസ്റ്റ് നല്‍കുന്നത് വൈകിപ്പിച്ച് മുഴുവന്‍ സീറ്റിലും മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം നടത്തി 65 കോടിയോളം രൂപ കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ മാനേജ്മെന്റുകള്‍ക്ക് അവസരമൊരുക്കിക്കൊടുത്തു. എംബിബിഎസ് പ്രവേശനവും ഫീസും സംബന്ധിച്ച് വെള്ളിയാഴ്ച മാനേജ്മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് കഴിഞ്ഞയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ്. എന്നാല്‍ , ചര്‍ച്ച നടത്തിയില്ല. മന്ത്രി ചര്‍ച്ചയ്ക്ക് വിളിക്കാത്ത സാഹചര്യത്തില്‍ സ്വന്തം നിലയില്‍ പ്രവേശന പരീക്ഷ നടത്തി പ്രവേശനം നടത്താന്‍ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ തീരുമാനിച്ചു. പ്രവേശനം അനന്തമായി നീളുന്നതിനാലാണ് ഈ തീരുമാനമെന്നും അസോസിയേഷന്‍ സെക്രട്ടറി അഡ്വ. സാജന്‍പ്രസാദ് ദേശാഭിമാനിയോടു പറഞ്ഞു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ നടത്തുന്ന കോളേജുകള്‍ അസോസിയേഷനില്‍ ഇല്ല. അവരുടെ നാല് മെഡിക്കല്‍ കോളേജില്‍ മുമ്പേ തന്നെ സ്വന്തംനിലയ്ക്കാണ് മുഴുവന്‍ സീറ്റിലേക്കും പ്രവേശനം നടത്തുന്നത്. കൗണ്‍സില്‍ നടത്തുന്ന കോളേജുകളുമായി സര്‍ക്കാര്‍ ധാരണയില്‍ എത്തുന്നില്ലെങ്കില്‍ തങ്ങളും സ്വന്തംനിലയില്‍ പ്രവേശനം നടത്തുമെന്ന് എംഇഎസ് ഭാരവാഹികള്‍ കോഴിക്കോട്ട് അറിയിച്ചു. മിക്കവാറും അടുത്തയാഴ്ച ചര്‍ച്ച നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ആരോഗ്യമന്ത്രി വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ചര്‍ച്ചയ്ക്ക് മന്ത്രിതല സബ്കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കെ എം മാണി, പി ജെ ജോസഫ്, പി കെ അബ്ദുറബ്ബ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , കെ ബി ഗണേശ്കുമാര്‍ എന്നിവരടങ്ങുന്നതാണ് സബ്കമ്മിറ്റി. എന്നാല്‍ , സബ്കമ്മിറ്റി എന്നു ചേരുമെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് മന്ത്രി പറഞ്ഞത്. എന്‍ജിനിയറിങ് പ്രവേശനത്തിനും ഇതേ കടമ്പകള്‍ കടക്കണം. കൂടാതെ, സര്‍ക്കാര്‍ നിസ്സംഗത കാരണം റാങ്കുലിസ്റ്റ് തയ്യാറാക്കല്‍ അനന്തമായി നീളുകയാണ്. ലിസ്റ്റ് വൈകിയാല്‍ വിദ്യാര്‍ഥികള്‍ കര്‍ണാടകത്തിലേക്കും തമിഴ്നാട്ടിലേക്കും ചേക്കേറും. ഈ സാഹചര്യമൊഴിവാക്കാന്‍ ആവശ്യമെങ്കില്‍ സ്വന്തംനിലയില്‍ പ്രവേശന നടപടി ആരംഭിക്കുമെന്ന് എന്‍ജിനിയറിങ് മാനേജ്മെന്റ് അസോസിയേഷന്‍ സെക്രട്ടറി ജി പി സി നായര്‍ ദേശാഭിമാനിയോടു പറഞ്ഞു. മെഡിക്കല്‍ പ്രവേശനത്തിന് മെറിറ്റ് പ്രകാരം 25,000 മുതല്‍ 1.38 ലക്ഷം വരെയാണ് വാര്‍ഷിക ഫീസ്. എസ്സി-എസ്ടി വിഭാഗക്കാര്‍ക്ക് ഫീസില്ല. എന്നാല്‍ മാനേജ്മെന്റ് ക്വാട്ടയില്‍ അഞ്ചരലക്ഷമാണ് ഫീസ്. എന്‍ജിനിയറിങ് പ്രവേശനത്തിന് മെറിറ്റില്‍ 35,000 രൂപയാണ് ഫീസ്. മാനേജ്മെന്റ് സീറ്റിന് 99,000 രൂപ ട്യൂഷന്‍ ഫീസും മറ്റു ചെലവുകള്‍ക്കെന്ന പേരില്‍ 25,000 രൂപയും വാങ്ങും. ഒന്നരലക്ഷം രൂപ ഫിക്സഡ് ഡിപ്പോസിറ്റും നല്‍കണം.

No comments: