Sunday, June 12, 2011

മുഖ്യമന്ത്രി പഠിച്ച സ്കൂളും അടച്ചുപൂട്ടലിന്റെ വക്കില്‍

-
അണ്‍എയ്ഡഡിന് അംഗീകാരം; മുഖ്യമന്ത്രി പഠിച്ച സ്കൂളും അടച്ചുപൂട്ടലിന്റെ വക്കില്‍
Posted on: 12-Jun-2011 12:55 AM
പുതുപ്പള്ളി: 500 അണ്‍എയ്ഡഡ് സിബിഎസ്ഇ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുമ്പോള്‍ ആയിരക്കണക്കിന് സര്‍ക്കാര്‍ സ്കൂളുകള്‍ക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പഠിച്ച പുതുപ്പള്ളി ബോയ്സ് ഹൈസ്കൂളും അന്ത്യശ്വാസംവലിക്കും. എസ്എസ്എല്‍സിക്ക് തുടര്‍ച്ചയായി അഞ്ചാംതവണയും നൂറുശതമാനം വിജയം നേടിയ പുതുപ്പള്ളി ബോയ്സ് ഹൈസ്കൂളില്‍ ഇത്തവണ അഞ്ചാംക്ലാസില്‍ ചേര്‍ന്നത് രണ്ട് കുട്ടികള്‍ മാത്രം. സമീപത്തുള്ള മൂന്ന് അണ്‍എയ്ഡഡ് സ്കൂളുകള്‍ സര്‍ക്കാരിന്റെ അനുമതിക്ക് കാത്തിരിക്കുകയാണ്. ഗവണ്‍മെന്റ് സ്കൂളിന് സമീപം അണ്‍എയ്ഡഡ് സ്കൂള്‍ ആരംഭിച്ചതിന് ശേഷമാണ് ഇവിടെ അഞ്ചാംക്ലാസിലെ കുട്ടികള്‍ കുറഞ്ഞത്. സമീപത്തെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ കുട്ടികള്‍ കുറഞ്ഞതും വിനയായി. ഉമ്മന്‍ചാണ്ടി 2006ല്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഒരു കുട്ടിപോലും ജയിക്കാത്ത സംസ്ഥാനത്തെ ഏക ഹൈസ്കൂള്‍ എന്ന നാണക്കേണ് പുതുപ്പള്ളി ബോയ്സ് ഹൈസ്കൂളിനുണ്ടായത്. പിന്നീട് അധികാരത്തില്‍വന്ന എല്‍ഡിഎഫ് സര്‍ക്കാരും ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്കമിറ്റിയും നടത്തിയ ചിട്ടയാര്‍ന്ന പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണ് ഈ സ്കൂളിന് നൂറുശതമാനം വിജയം നേടാനായത്. ഇത്തവണ 19 കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതി.
---
സിബിഎസ്ഇയുടെ പേരില്‍ ഈടാക്കുന്നത് ഭീമമായ ഫീസ്
Posted on: 13-Jun-2011 12:25 AM
പാമ്പാടി: സിബിഎസ്ഇയുടെ സ്കൂളുകളില്‍ പ്ലസ്വണ്‍ വിദ്യാര്‍ഥികളില്‍നിന്ന് മൂന്നുമാസത്തേക്ക് ഫീസിനത്തില്‍ വാങ്ങുന്നത് 34,600 രൂപ. പാമ്പാടി, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ സബ്ജില്ലകളിലെ പ്രശസ്തമായ ചില സിബിഎസ്ഇ സ്കൂളുകളിലാണ് ഭീമമായ ഫീസ് ഈടാക്കുന്നത്. മാസംതോറും നല്‍കേണ്ട ഹോസ്റ്റല്‍ ഫീസിനുപുറമെയാണിത്. എന്‍ട്രന്‍സ് കോച്ചിങിനുള്ള ഫീസും ഈടാക്കുന്നതുകൊണ്ടാണ് ഫീസ് കൂടുതലാണെന്ന തോന്നലെന്ന് മാനേജ്മെന്റുകള്‍ പറയുന്നു. സ്കൂള്‍ വികസനം എന്ന പേരില്‍ മറ്റ് തുകകളും ഈടാക്കുന്നുണ്ട്. ഇരുനൂറിലധികം സീറ്റുകളാണ് പ്ലസ്വണ്ണിനുമാത്രം ഈ സ്കൂളുകളിലുള്ളത്. പത്താംക്ലാസ് പരീക്ഷയില്‍ 90 ശതമാനത്തിലധികം മാര്‍ക്കുവാങ്ങിയ വിദ്യാര്‍ഥികളെയും പ്രവേശനപരീക്ഷയിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. സംഭാവനയായി കാല്‍ലക്ഷത്തോളം രൂപ വേറെയും നല്‍കണം. ഇത്രയും ഭീമമായ തുക ഫീസ് ഈടാക്കുന്നുണ്ടെങ്കിലും അധ്യാപകര്‍ക്ക് 5000 രൂപയില്‍ താഴെയാണ് ശമ്പളം. ഇത്തരത്തിലുള്ള സിബിഎസ്ഇ സ്കൂളുകള്‍ക്കാണ് സര്‍ക്കാര്‍ എന്‍ഒസി നല്‍കിയിരിക്കുന്നത്.
---
അണ്‍എയ്ഡഡ് സ്കൂള്‍ രക്ഷിതാക്കളെ കൊള്ളയടിക്കുന്നു
Posted on: 12-Jun-2011 12:32 AM
ആലത്തൂര്‍ : ആലത്തൂരിലെ അണ്‍എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കുട്ടികളില്‍നിന്ന് അന്യായമായി കൂടുതല്‍ ഫീസ് പിരിക്കുന്നതായി രക്ഷിതാക്കളുടെ പരാതി. ഒന്നാംക്ലാസ്സില്‍ ചേരുന്ന കുട്ടിക്ക് 12,000 രൂപയാണ് ഫീസ്. രണ്ടാംക്ലാസ്മുതല്‍ 5,000 മുതല്‍ 6,000രൂപവരെ ഫീസ് ചുമത്തുന്നു. എന്നാല്‍ , ഇതിനൊന്നും രശീതി നല്‍കുന്നില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു. രക്ഷിതാക്കളോട് വന്‍തുക ഫീസ് ഈടാക്കുന്ന ഈ സ്കൂളില്‍ കുട്ടികളെ ഉപയോഗിച്ച് ആഗോളകുത്തകകളുടെ ഉല്‍പ്പന്നങ്ങളും വിറ്റഴിക്കുന്നുണ്ട്. ഇതിനെതിരെ രക്ഷിതാക്കള്‍ പരാതിപ്പെട്ടപ്പോള്‍ കുട്ടികളുടെ ബുദ്ധിപരവും കായികവുമായ കഴിവ് മെച്ചപ്പെടുത്താനാണ് ഇതെന്നാണ് സ്കൂള്‍അധികൃതരുടെ മറുപടി. സ്കൂള്‍ അവകാശത്തര്‍ക്കത്തെ സംബന്ധിച്ച് വിവിധ കോടതികളില്‍ കേസുള്ളതിനാല്‍ അതിന് ചെലവഴിക്കാനാണ് കുട്ടികളില്‍നിന്ന് അമിതഫീസ് ഈടാക്കുന്നതെന്നും പരാതിയുണ്ട്. കെട്ടിടനിര്‍മാണത്തിനെന്നു പറഞ്ഞ് സ്കൂള്‍അധികൃതര്‍ പണം പിരിക്കുന്നത് നിയമവിരുദ്ധമാണ്. കാരണം ഈ സ്കൂളില്‍ ഒരു നിര്‍മാണപ്രവൃത്തിയും നടത്താന്‍ സ്കൂള്‍അധികൃതര്‍ക്ക് അവകാശമില്ലെന്ന് ആലത്തൂര്‍ കോടതി വിധിച്ചിട്ടുണ്ട്. ഇപ്പോള്‍ റിസീവറെ നിയമിച്ച് കോടതി ഇടപെടുന്നുമുണ്ട്. ഇതൊക്കെ മറച്ചുവച്ച് വന്‍തുക ഫീസ്വാങ്ങി രക്ഷിതാക്കളെ കൊള്ളയടിക്കുന്ന സ്കൂള്‍അധികൃതര്‍ വിദ്യാഭ്യാസത്തിന്റെ പേരില്‍ എന്തുമാകാമെന്ന ധാഷ്ട്യത്തിലാണെന്നാണ് രക്ഷിതാക്കളുടെ പരാതി. ഇതിനെതിരെ പരാതി നല്‍കിയാല്‍ കുട്ടികളെ സ്കൂള്‍അധികൃതര്‍ ദ്രോഹിക്കുമെന്ന് ഭയന്ന് പലരും വിവരം പുറത്തുപറയുന്നില്ല. ഈ മാസം ആദ്യം ക്ലാസില്‍ മലയാളംപറഞ്ഞതിന് മൂന്ന് കുട്ടികളെ സ്കൂള്‍അധികൃതര്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. എന്നാല്‍ , ഇവരുടെ ഫീസ് ഇളവ്ചെയ്താണ് സ്കൂള്‍അധികൃതര്‍ രക്ഷിതാക്കളെ പരാതി നല്‍കുന്നതില്‍നിന്ന് പിന്തിരിപ്പിച്ചത്.
--
സിബിഎസ്ഇ അനുമതി സര്‍ക്കാര്‍ സ്കൂളുകള്‍ തകരും
Posted on: 12-Jun-2011 12:33 AM
സ്വന്തംലേഖകന്‍ പാലക്കാട്: പുതിയ സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. ജില്ലയില്‍ നിലവില്‍ 10,917 വിദ്യാര്‍ഥികളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.8 ശതമാനത്തിന്റെ കുറവ്്. ഇത് നേരിയ കുറവാണെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ , പുതിയ സിബിഎസ്ഇ സ്കൂളുകള്‍ക്ക് അംഗീകാരം ലഭിച്ചാല്‍ ഈ കുറവ് 10 ശതമാനത്തിനു മുകളിലാകുമെന്നാണ് വിഭ്യാഭ്യാസമേഖലയിലെ പ്രമുഖര്‍ പറയുന്നത്. കേരളത്തില്‍ 500ലധികം സിബിഎസ്ഇ സ്കൂളുകള്‍ക്കാണ് യുഡിഎഫ്സര്‍ക്കാര്‍ എന്‍ഒസി നല്‍കാന്‍ ധാരണയായിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ മാത്രം മുപ്പതോളം സ്കൂളുകളുണ്ടെന്നാണ് അറിയുന്നത്. ഇതിന്റെ കണക്ക് സര്‍ക്കാര്‍ രഹസ്യമാക്കിവച്ചിരിക്കയാണ്. കൈക്കൂലിയുടെ വരവ് പൂര്‍ണമായാലെ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്ന അജന്‍ഡ മന്ത്രിസഭായോഗത്തില്‍ വയ്ക്കുകയുള്ളൂ. തെരഞ്ഞെടുപ്പിന്മുമ്പ്തന്നെ അനധികൃത സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റുമായി അന്നത്തെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി രഹസ്യചര്‍ച്ച നടത്തിയിരുന്നു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാമെന്ന് അന്ന് ഉമ്മന്‍ചാണ്ടി അവര്‍ക്ക് ഉറപ്പും നല്‍കിയിരുന്നു. ഇക്കാര്യം തെരഞ്ഞെടുപ്പിന് മുമ്പുതന്നെ മാനേജ്മെന്റ്പ്രതിനിധികള്‍ പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തതാണ്. അന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മത്സരിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ഉമ്മന്‍ചാണ്ടിതന്നെയായിരിക്കും മുഖ്യമന്ത്രി എന്ന് തങ്ങള്‍ക്ക് ഉറപ്പ് ലഭിച്ചിരുന്നതായും സിബിഎസ്ഇ സ്കൂള്‍പ്രതിനിധികള്‍ പറഞ്ഞിരുന്നു. യുഡിഎഫിലെ ചില ഉന്നതരും സ്വകാര്യ സ്കൂള്‍ മാനേജ്മെന്റും നേരത്തേതന്നെ ഇക്കാര്യത്തില്‍ ധാരണയായതായാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. പാലക്കാട് ജില്ലയില്‍ പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ജില്ലാ പഞ്ചായത്ത് കൈകൊണ്ട നടപടികള്‍ സംസ്ഥാനതലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ടതാണ്. കൂടാതെ എല്‍ഡിഎഫ് സര്‍ക്കാര്‍ കോടികള്‍ ചെലവാക്കി സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അടിസ്ഥാനസൗകര്യം വിപുലപ്പെടുത്തുകയും ചെയ്തു. ഇതിന്പുറമെ എംപി, എംഎല്‍എ ഫണ്ടുകളും സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് നല്‍കി. പതിനായിരങ്ങള്‍ ഫീസ് വാങ്ങുന്ന അണ്‍ എയ്ഡ്ഡ് സ്കൂളുകളേക്കാള്‍ മെച്ചപ്പെട്ടതാണ് ഇവിടത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ . ഇക്കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ചതും സര്‍ക്കാര്‍ സ്കൂളുകളായിരുന്നു. അധ്യാപകരും രക്ഷിതാക്കളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിനാലാണ് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഉന്നത പഠന- സൗകര്യ നിലവാരത്തിലേക്കുയര്‍ന്നത്. ഇതില്‍ പഠിക്കുന്നവരാകട്ടെ കൂടുതലും ഇടത്തരക്കാരുടെയും പാവപ്പെട്ടവരുെടേയും മക്കള്‍ . സര്‍ക്കാര്‍ സ്കൂളുകളെ തകര്‍ക്കുക വഴി പൊതു വിദ്യാഭ്യാസത്തിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് സിബിഎസ്ഇ സ്കൂളുകള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നത്.
---
ഉദ്ഘാടനത്തിനൊരുങ്ങി വാളേരി ഗവ. ട്രൈബല്‍ ഹൈസ്കൂള്‍
Posted on: 12-Jun-2011 10:22 PM
പുതുശേരി: എടവക പ ഞ്ചായത്തിലെ വാളേരി ഗവ.ട്രൈബല്‍ യുപി സ്കൂള്‍ ഇനി ട്രൈബല്‍ ഹൈസ്കൂള്‍ . വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ സ്കൂള്‍ ഇന്ന് ഉയര്‍ച്ചയുടെ പടവുകള്‍ കയറുകയാണ്. ആദിവാസി പ്രധാനമായ അവികസിതമേഖലയായിരുന്ന വാളേരി-കുനിക്കരച്ചാലില്‍ 1981ല്‍ സെപ്തംബര്‍ 25ന് ആടുകുഴിയില്‍ ജോണ്‍ എന്ന കൃഷിക്കാരന്റെ വീട്ടിലാണ് വിദ്യാലയം ആരംഭിച്ചത്. അന്നത്തെ ട്രൈബല്‍ വകുപ്പ് ഡയറക്ടര്‍ മാത്യുകുന്നുമ്മലായിരുന്നു. വാളേരി പ്രദേശത്തും സമീപ സ്ഥലങ്ങളായ കല്ലോടി, പുതുശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും എത്തിയ ആദിവാസി വിദ്യാര്‍ഥികളായിരുന്നു ഭൂരിഭാഗവും. കല്ലോടി സ്വദേശിയായ കെ ജി ജസ്റ്റിന്‍ എന്ന റിട്ട. അധ്യാപകനായിരുന്നു സ്കൂളിന്റെ ഏക ചുമതലക്കാരന്‍ . തുടക്കത്തില്‍ 67 പേര്‍ ഇവിടെ അധ്യയനത്തിന് എത്തി. തുടര്‍ന്ന് 1985ല്‍ നാല് അധ്യാപകര്‍ വന്നു. പത്ത് വര്‍ഷം എല്‍പി സ്കൂളായിരുന്നു. 1991ല്‍ യുപി ആയി ഉയര്‍ത്തി. 1996ല്‍ മാനന്തവാടി സബ്ജില്ലയില്‍ നല്ല പ്രൈമറി വിദ്യാലയത്തിന്റെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. നിലവിലുള്ള യുപി സ്കൂളില്‍ അധ്യാപകരായി എട്ട് പേരാണുള്ളത്. 80 പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 188 വിദ്യാര്‍ഥികളുണ്ട്. ജില്ലാ-ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ ലാബ് ലൈബ്രറി സൗകര്യങ്ങള്‍ വിപുലമായി. എടവക പഞ്ചായത്ത് മുന്‍ ഭരണസമിതി പ്രസിഡന്റ് ജസ്റ്റിന്‍ ബേബി പ്രത്യേക താല്‍പ്പര്യമെടുത്ത് ഫര്‍ണിച്ചര്‍ , അലമാര, യൂണിഫോം, കുട, പുസ്തകങ്ങള്‍ക്ക് ഫണ്ട് വകയിരുത്തി ഈ സ്കൂളിനെ സഹായിച്ചിട്ടുണ്ട്. ഇപ്പോള്‍ എസ്എസ്എ സഹായത്തോടെ സ്മാര്‍ട്ട് ക്ലാസ് മുറികളും സജീവം. പൊതുമരാമത്ത് വിഭാഗത്തിന്റെ സഹകരണത്തോടെ ഭക്ഷണശാലയും ലഭിച്ചു. പഠനസൗകര്യത്തിനായി 11 കംപ്യൂട്ടറുകള്‍ ഉണ്ട്. പഠനമികവില്‍ എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളില്‍ മികച്ച നിലവാരം പുലര്‍ത്താറുണ്ട്. എന്നാല്‍ കായികമികവില്‍ പിന്നിലാണ്. മുന്‍ മന്ത്രിമാരായ എം എബേബിയുടെയും എ കെ ബാലന്റെയും താല്‍പ്പര്യത്തില്‍ ഹൈസ്കൂളാക്കി ഉയര്‍ത്തിയതോടെ12,000 രൂപ അനുവദിച്ചു. 20ലക്ഷം ആദ്യഗഡുഅനുവദിച്ചിട്ടുണ്ട്. ഹൈസ്കൂളിലേക്ക് 149പേര്‍ പ്രവേശനം നേടി. ഇതില്‍ 45പേര്‍ പട്ടികവര്‍ഗക്കാരാണ്. സ്കൂളിനായി വാങ്ങിയ സ്ഥലത്ത് റോഡ് സൗകര്യം ഏര്‍പ്പെടുത്തുണമെന്നും കെട്ടിടങ്ങള്‍ നിര്‍മിക്കണമെന്നുമാണ് പൊതുആവശ്യം. സമീപത്തെ പാലങ്ങളും മറ്റും പൂര്‍ത്തിയാകുന്നതോടെ സ്കൂള്‍ ബസ് സൗകര്യം കൂടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സ്കൂളിന്റെ അപ്ഗ്രേഡേഷനും മറ്റുമായി നാട്ടുകാര്‍ വിപുലമായി കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരികയാണ്. എം കെ ജയപ്രകാശ് ചെയര്‍മാനും സിസിലി സ്റ്റീഫന്‍ കണ്‍വീനറുമാണ്. യാത്രാസൗകര്യങ്ങളും ഹോസ്റ്റല്‍ കെട്ടിടവുംപൂര്‍ത്തീകരിക്കുന്നതോടെ ജില്ലയിലെ മികച്ച വിദ്യാലയമായി ഇതുമാറുമെന്നാണ് ഏവരുടെയും പ്രതീക്ഷ. സ്കൂള്‍ ഉദ്ഘാടനം ഉടന്‍ നടക്കും.
--
എസ്.എസ്.എ. ഇടപാടുകള്‍; കാസര്‍കോട്ടും താളംതെറ്റി
ബോവിക്കാനം:സര്‍വശിക്ഷാ അഭിയാന്റെയും വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയതായി കണക്കുകള്‍. സ്‌കൂളുകളുടെ അക്കാദമികവും ഭൗതികവുമായ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി രൂപം കൊടുത്ത പദ്ധതികളാണ് അലങ്കോലമായത്.

കാസര്‍കോട് ജില്ലയില്‍ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലായി 520 വിദ്യാലയങ്ങളും 7050 അധ്യാപകരുമാണുള്ളത്. മെയില്‍ 10 ദിവസത്തെ സമഗ്ര അധ്യാപക പരിശീലനം നടത്തിയിരുന്നു.

അധ്യാപകരുടെ അവധിക്കാല പരിശീലനത്തിന് ഒരു ദിവസം ഒരധ്യാപകന് 200 രൂപ എന്ന നിലയില്‍ ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ ലഭിച്ചതാകട്ടെ 125 രൂപയും. ബാക്കി 75 രൂപ എവിടെപ്പോയി എന്നാണ് അധ്യാപക സംഘടനകള്‍ ചോദിക്കുന്നത്. ചില പരിശീലന കേന്ദ്രങ്ങളില്‍ ഈ തുക ഉപയോഗിച്ച് ബാഗ് നല്‍കും എന്നും അറിയിച്ചിരുന്നു. ഈയിനത്തില്‍ ജില്ലയിലെ അധ്യാപകരില്‍ നിന്ന് 5,28,750 രൂപ കവര്‍ന്നെടുത്തു.

അങ്ങനെ നോക്കുമ്പോള്‍ ബുക്ക് വാങ്ങിയതിലും ചോദ്യപ്പേപ്പര്‍ അച്ചടിച്ചതിനും യൂണിഫോം, കുട, സൈക്കിള്‍, സ്‌കൂള്‍ ബാഗ് എന്നിവ വാങ്ങിയതിനും നല്ലൊരു തുക മറിഞ്ഞിട്ടുണ്ടാകുമെന്നാണ് ആരോപണം. കൂടാതെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് നല്‍കുന്ന കസേര, ബെഞ്ച്, മേശ എന്നിവയുടെ വിതരണവും അന്വേഷണ വിധേയമാക്കണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടുതുടങ്ങി.

സ്‌കൂള്‍ ഗ്രാന്റ്, ലൈബ്രറി, ലാബ് എന്നീ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് നടത്തിയ പണവിനിയോഗവും വേണ്ടത്ര ആലോചനയില്ലാതെയാണ് നടത്തിയത്.

എസ്.എസ്.എയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഗൈഡന്‍സ് സെന്ററുകള്‍ രാഷ്ട്രീയ പാഠശാലകളായി മാറിയിട്ടുണ്ട്. സ്‌കൂള്‍പ്രവേശനം ഉറപ്പുവരുത്തുന്നതിനും ആദിവാസി വിദ്യാര്‍ഥികളുടെ പഠനസഹായകേന്ദ്രവും ആയി മാറേണ്ടതാണ് ഗൈഡന്‍സ് സെന്ററുകള്‍. എസ്.എസ്.എയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമല്ലാതെ റിസോഴ്‌സ് പേഴ്‌സണ്‍സ് ഇടപെട്ടതും ചട്ടങ്ങളുടെ ലംഘനമാണ്.
--
ഹൈസ്‌കൂളായി ഉയര്‍ത്തിയ വിദ്യാലയങ്ങളില്‍ പഠനം പ്രതിസന്ധിയില്‍
Posted on: 13 Jun 2011
നീലേശ്വരം: ജില്ലയില്‍ ഈ വര്‍ഷം ഹൈസ്‌കൂളാക്കി ഉയര്‍ത്തിയ 13 സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പഠനം പ്രതിസന്ധിയിലായി. 13 യു.പി. സ്‌കൂളുകളാണ് ഹൈസ്‌കൂളായി ഉയര്‍ത്തിയത്. എന്നാല്‍ ഈ വിദ്യാലയങ്ങളില്‍ ഓരോ സീനിയര്‍ അധ്യാപകനെ മാത്രമാണ് സ്ഥലം മാറ്റി നിയമിച്ചത്. അവശേഷിക്കുന്ന മറ്റ് വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകരെല്ലാം ദിവസവേതനക്കാരാണ്. ഇത്തരം അധ്യാപകരുടെ ഇന്റര്‍വ്യു, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നടത്തി നിയമനവും നല്‍കിയെങ്കിലും അധ്യാപകര്‍ വിദ്യാലയങ്ങളില്‍ എത്തിയില്ല.

സ്വതന്ത്ര ചുമതലയുള്ള സര്‍ക്കാര്‍ ഹൈസ്‌കൂളായാണ് 13 വിദ്യാലയങ്ങളും അനുവദിച്ചത്. ഇവയിലെല്ലാം എട്ട്, ഒമ്പത്, പത്ത് എന്നീ ഡിവിഷനുമുണ്ട്. ഒമ്പത്, പത്ത്, ക്ലാസുകളില്‍ കുട്ടികള്‍ താരതമ്യേന കുറവാണ്. എന്നാല്‍ നിലവിലുള്ള വിദ്യാലയത്തില്‍ തന്നെ പഠിക്കാമെന്ന് കരുതിയാണ് രക്ഷിതാക്കള്‍ കുട്ടികളെ നിലവിലുള്ള വിദ്യാലയത്തില്‍ തന്നെ ചേര്‍ത്തത്. പക്ഷേ രണ്ടാഴ്ചയായിട്ടും അധ്യാപകരില്ല. കുട്ടികളെ മറ്റു വിദ്യാലയത്തിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് പലരും.

നീലേശ്വരം മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് യു.പി.സ്‌കൂള്‍ ഇത്തരത്തില്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തിയതാണ്. നിലവിലുള്ള മൂന്ന് ഏഴാംതരത്തിലെ വിദ്യാര്‍ഥികള്‍ എട്ടാംതരത്തില്‍ ചേര്‍ന്നപ്പോള്‍ എട്ടില്‍ മൂന്നും ഒമ്പത്, പത്ത് ക്ലാസുകളില്‍ ഒന്ന് വീതവും ഡിവിഷനുകളാണ് പുതിയ ഹൈസ്‌കൂളിലുള്ളത്. ഇവര്‍ക്കായി ഒരധ്യാപകന്‍ മാത്രമേയുള്ളൂ. ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും സ്ഥലം എം.എല്‍.എക്കും നിവേദനം നല്‍കിയിട്ടുണ്ട്.
---
എല്‍.പി. സ്‌കൂളായി ഉയര്‍ത്തണം
Posted on: 13 Jun 2011
മധൂര്‍: ചെട്ടുംകുഴി എം.ജി.എല്‍.സി സ്‌കൂള്‍ എല്‍.പി.സ്‌കൂളായി ഉയര്‍ത്തണമെന്ന് മധൂര്‍ പഞ്ചായത്ത് അംഗം ഹബീബ് ചെട്ടുംകുഴി ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
--
സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രധാനാധ്യാപകരെ നിയമിക്കാത്തത് പ്രശ്‌നമാകുന്നു
Posted on: 13 Jun 2011
ചെറുപുഴ: മലയോരത്തെ പ്രധാന ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളായ കോഴിച്ചാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി, പുളിങ്ങോം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, പ്രാപ്പൊയില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി, വയക്കര ഗവ. ഹയര്‍ സെക്കന്‍ഡറി എന്നിവിടങ്ങളില്‍ പ്രധാനാധ്യാപകരില്ല. അധ്യയനവര്‍ഷം തുടങ്ങി ആഴ്ചകള്‍ കഴിഞ്ഞിട്ടും പ്രധാനാധ്യാപകരെ നിമയിക്കാത്തത് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ക്ലാസുകള്‍ കൈകാര്യം ചെയ്യേണ്ട അധ്യാപകര്‍ തന്നെ ചുമതല വഹിക്കേണ്ടിവരുന്നത് അധ്യയനത്തെ ബാധിക്കുന്നു. സ്‌കൂള്‍ പ്രവേശനം, ടി.സി., ഉച്ചക്കഞ്ഞി തുടങ്ങി നിരവധി കാര്യങ്ങള്‍ കാര്യക്ഷമമായി നിര്‍വഹിക്കേണ്ടത് പ്രധാനാധ്യാപകരാണ്. സാധാരണ ഗതിയില്‍ അവധിക്കാലത്ത് തന്നെ സ്ഥലമാറ്റ നടപടികള്‍ പൂര്‍ത്തിയാവാറുണ്ട്. അധ്യാപക ഒഴിവുകളില്‍ ഭൂരിഭാഗവും ദിവസവേതനക്കാരെ നിമയിച്ചാണ് പരിഹരിച്ചിരുന്നത്. പല സ്‌കൂളുകളിലും നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കണ്‍വീനര്‍മാരും പ്രധാനാധ്യാപകരാണ്. പ്രധാനാധ്യാപകരുടെ സ്ഥലമാറ്റ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് അധ്യാപക സംഘടനാ ഭാരവാഹികളും രക്ഷിതാക്കളും ആവശ്യപ്പെട്ടു.
--
ശമ്പളവും ആനുകൂല്യങ്ങളുമില്ല ഏകാധ്യാപക വിദ്യാലയങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
Posted on: 13 Jun 2011
പണിക്കന്‍കുടി:ജില്ലയിലെ ആദിവാസിഗ്രാമങ്ങളിലും അവികസിതമേഖലകളിലും പ്രവര്‍ത്തിക്കുന്ന ഭിന്നതല പഠനകേന്ദ്രങ്ങളുടെ ഭാവി ഇരുളടയുന്നു. ഈ സ്‌കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണിപ്പോള്‍ ഡി.പി.ഇ.പി.പദ്ധതിയുടെ കാലത്ത് ആരംഭിച്ച ഇത്തരം വിദ്യാലയങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന അധ്യാപകരുടെ അവസ്ഥയും ദയനീയമാണ്.

ഇത്തരം 500 സ്‌കൂള്‍ സംസ്ഥാനത്തെമ്പാടുമായുള്ളതില്‍ ഇടുക്കി ജില്ലയില്‍ മാത്രം മലയാളം, തമിഴ് മീഡിയത്തില്‍ 88 സ്‌കൂളുണ്ട്. 14വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ തൊണ്ണൂറു ശതമാനവും സ്ത്രീകളാണ്.

ഒന്നാം ക്ലാസ്സുമുതല്‍ നാലാം ക്ലാസ്സുവരെയുള്ള കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്ന ഇത്തരം വിദ്യാലയങ്ങളിലെ അധ്യാപകര്‍ കുട്ടികള്‍ക്ക് ഭക്ഷണം പാകംചെയ്തു നല്‍കേണ്ട ജോലിയും തൂപ്പുകാരന്റെ ജോലിയുമെല്ലാം ചെയ്യുന്നുണ്ട്. എന്നിട്ടും തുച്ഛമായ വേതനം മാത്രമാണ് ലഭിക്കുന്നത്. അതും നാലുമാസമായി മുടങ്ങി. ഇടമലക്കുടിപോലുള്ള വിദൂര ആദിവാസിഗ്രാമങ്ങളിലും പൊതുവിദ്യാലയങ്ങള്‍ ഇല്ലാത്ത അവികസിത പ്രദേശങ്ങളിലും ജോലിചെയ്തിരുന്ന ഇത്തരം അധ്യാപകരിപ്പോള്‍ പിരിച്ചുവിടല്‍ ഭീഷണിയിലുമാണ്. പീരുമേട്, ദേവികുളം താലൂക്കുകളിലെ ഗോത്രസമൂഹങ്ങള്‍ക്കിടയിലെ നിരക്ഷരരായ നൂറുകണക്കിന് കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്കാനും ഈ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്.

ജില്ലയിലാകെയുള്ള 88 വിദ്യാലത്തില്‍ 30 എണ്ണം പ്രൈമറിസ്‌കൂളായി ഉയര്‍ത്താന്‍ തീരുമാനിച്ചുകഴിഞ്ഞു. എന്നാല്‍, ഇവിടെ പതിറ്റാണ്ടുകളായി ജോലിചെയ്തിരുന്ന അധ്യാപകര്‍ പിരിച്ചുവിടല്‍ ഭീഷണിയിലാണ്. ഇടുക്കി ജില്ലയിലെ അധ്യാപകര്‍ക്കുമാത്രം പ്രോവിഡന്റ് ഫണ്ടോ മറ്റ് ആനുകൂല്യങ്ങളോ ഇല്ല. 2003മുതല്‍ 2008വരെ പാചകക്കൂലി ഇനത്തിലും പലവ്യഞ്ജനങ്ങള്‍ വാങ്ങിയ ചെലവിനത്തിലും ഈ അധ്യാപകര്‍ കൈയില്‍ നിന്നെടുത്തു ചെലവിട്ട പണവും ഇവര്‍ക്ക് കിട്ടിയില്ല. 2010 ജനവരി മുതല്‍ക്കുള്ള പട്ടികവര്‍ഗ്ഗ കുട്ടികളുടെ ഗ്രാന്റ് നാലുമാസത്തെമാത്രമേ ലഭിച്ചിട്ടുള്ളു. നാമമാത്ര ശമ്പളവുമായി വര്‍ഷങ്ങളായി ജോലിചെയ്ത അധ്യാപകരെ സ്ഥിരപ്പെടുത്താനും അപ്‌ഗ്രേഡ് ചെയ്യുന്ന വിദ്യാലയങ്ങളില്‍ നിലവിലുള്ളവര്‍ക്ക് ജോലിനല്‍കാനും നടപടിയുണ്ടാകണമെന്ന് ഓള്‍ട്ടര്‍നേറ്റീവ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ലിസി ജോസഫ്, സെക്രട്ടറി ടി.കെ.സതീഷ് എന്നിവര്‍ ആവശ്യപ്പെട്ടു
--
കേന്ദ്ര വിദ്യാഭ്യാസ നയം കേരളത്തില്‍ വിദ്യാഭ്യാസ വിപ്ലവമുണ്ടാക്കും -കെ.സി.വേണുഗോപാല്‍

Posted on: 13 Jun 2011
കായംകുളം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസനയം കേരളത്തില്‍ വിദ്യാഭ്യാസ വിപ്ലവത്തിന് വഴിതെളിക്കുമെന്ന് കേന്ദ്ര ഊര്‍ജവകുപ്പ് സഹമന്ത്രി കെ.സി.വേണുഗോപാല്‍ പറഞ്ഞു.

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കായംകുളം യൂണിറ്റ് കുടുംബസംഗമവും അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ ഫണ്ടിന്റെ 60 ശതമാനത്തിലേറെ കേന്ദ്ര സര്‍ക്കാര്‍ നല്‍കും. ഗ്രാമീണ മേഖലയിലെ സ്‌കൂളുകളുടെ വികസനത്തിനും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രത്യേകം ഊന്നല്‍ നല്‍കും. ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം ഏതാനും ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്നും മന്ത്രി കെ.സി.വേണുഗോപാല്‍ പറഞ്ഞു.

വിദ്യാഭ്യാസ പ്രോത്സാഹനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി 'നന്മ' എന്ന പേരില്‍ എല്ലാവര്‍ഷവും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു.

പ്രസിഡന്റ് നുജുമുദ്ദീന്‍ ആലുംമൂട്ടില്‍ അധ്യക്ഷത വഹിച്ചു.

മികച്ചനടനുള്ള ദേശീയ, സംസ്ഥാന അവാര്‍ഡ് നേടിയ സലീംകുമാറിനെ സി.കെ.സദാശിവന്‍ എം.എല്‍.എ. ആദരിച്ചു.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഗായത്രി തമ്പാന്‍ വിദ്യഭ്യാസ അവാര്‍ഡ് വിതരണവും വൈസ് ചെയര്‍മാന്‍ പി.കെ.കൊച്ചുകുഞ്ഞ് മുതിര്‍ന്ന വ്യാപാരികളെ ആദരിക്കലും നടത്തി. നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണം ജില്ലാ പ്രസിഡന്റ് എം.ഷംസുദ്ദീനും ചികിത്സാസഹായ വിതരണം ജില്ലാ സെക്രട്ടറി വര്‍ഗീസ് വല്യാക്കലും നിര്‍വഹിച്ചു. യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് സിജോ ചിറക്കേക്കാരന്‍, ജന.സെക്ര. ടി.പി.നാസര്‍, ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് എ.എം.ഷെറീഫ്, രാജു അപ്‌സര, വി.കെ.മധു, മഹ്മൂദ് സൂര്യ, സലാം കളത്തില്‍, അജയന്‍ സാധുപുരം, എ.എച്ച്.എം.ഹുസൈന്‍, അഷറഫ് ക്വാളിറ്റി, എസ്.കെ.സുബൈര്‍, സിനില്‍ സപാദ്, അനീസ് മംഗല്യ, ജനറല്‍ സെക്രട്ടറി ബി.ശെല്‍വകുമാര്‍, ട്രഷറര്‍ എം.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

സമ്മേളനത്തിനു മുന്നോടിയായി വിദ്യാര്‍ഥികള്‍ക്കു വേണ്ടി വിദ്യാഭ്യാസ മാര്‍ഗനിര്‍ദേശ സെമിനാര്‍ നടന്നു. മോന്‍സി വര്‍ഗീസ് നേതൃത്വം നല്‍കി. ടി.വി.താരങ്ങള്‍ പങ്കെടുത്ത സര്‍ഗോത്സവവും നടന്നു.
--
വനത്തിനുള്ളിലെ ഏകാധ്യാപക വിദ്യാലയം അസൗകര്യങ്ങള്‍ക്കു നടുവില്‍
Posted on: 13 Jun 2011
കുളത്തൂപ്പുഴ: വനത്തിനുള്ളിലെ ഒറ്റപ്പെട്ട ആദിവാസി കോളനിയായ പോട്ടാമാവിലെ ഏകാധ്യാപക വിദ്യാലയം(മള്‍ട്ടി ഗ്രേഡ് ലേണിങ് സെന്റര്‍) അസൗകര്യങ്ങള്‍ക്കു നടുവില്‍. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവംമൂലം ബുദ്ധിമുട്ടുന്ന സ്‌കൂളില്‍ ഇത്തവണ 12 ആദിവാസിക്കുട്ടികളാണ് പ്രവേശനം നേടിയിട്ടുള്ളത്. ഒരു അധ്യാപികയും ഹെല്‍പ്പറുമാണ് ഇവിടത്തെ ജീവനക്കാര്‍. ശൗചാലയം, ഉച്ചക്കഞ്ഞി പാചകം ചെയ്യാനുള്ള സൗകര്യം, ചുറ്റുമതില്‍, കുടിവെള്ളം എന്നിവയൊന്നും ഇവിടെയില്ല.

തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിലെ വേങ്കോല്ല വാര്‍ഡില്‍ ഉള്‍പ്പെട്ടതാണ് പോട്ടാമാവ് ഗ്രാമം. കുളത്തൂപ്പുഴ വനം റേഞ്ചില്‍ ഉള്‍പ്പെട്ട ഇവിടെയെത്താന്‍ മടത്തറ-കുളത്തൂപ്പുഴ പാതയില്‍നിന്ന് നാല് കിലോമീറ്റര്‍ നടക്കണം. പട്ടികവര്‍ഗ സമുദായമായ 'കാണിക്കാരന്‍' വിഭാഗത്തിലെ 120 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഏറെ പിന്നാക്കമായ ഗ്രാമവാസികളെ മാറ്റത്തിന്റെ പാതയിലെത്തിക്കാനാണ് 1999-ല്‍ വിദ്യാലയം സ്ഥാപിച്ചത്. ഒരേസമയം 25 കുട്ടികള്‍വരെ ഇവിടെ പഠിച്ചിട്ടുണ്ട്.

ഒന്നാംക്ലാസ്സില്‍ ഇത്തവണ നാലുപേരാണ് പ്രവേശനം നേടിയത്. ഇവിടെനിന്ന് നാലാംക്ലാസ് പഠനം പൂര്‍ത്തിയാക്കിയ അഞ്ച് കുട്ടികള്‍ മികച്ച നിലവാരം പുലര്‍ത്തുന്നതായി അരിപ്പ ഗവ. യു.പി.സ്‌കൂളിലെ അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. പാലോട് വിദ്യാഭ്യാസ ഉപജില്ലയില്‍പ്പെട്ട സ്‌കൂളില്‍ ഉച്ചക്കഞ്ഞി, മുട്ട, പാല്‍ എന്നിവ ലഭിക്കുന്നുണ്ട്.

ഏക അധ്യാപിക കാല്‍നടയായിട്ടാണ് വിദ്യാലയത്തില്‍ എത്തുന്നത്. 3000 രൂപയാണ് ബി.ആര്‍.സി.നല്‍കുന്ന വേതനം. നന്ദിയോട് പട്ടികവര്‍ഗ വികസന ഓഫീസിന്റെ പരിധിയില്‍പ്പെട്ട ഇവിടെ പട്ടികവര്‍ഗവികസന ഫണ്ട് അനുവദിച്ച് കൂടുതല്‍ സൗകര്യം ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതു സംബന്ധിച്ച് വകുപ്പുമന്ത്രിക്ക് നിവേദനം നല്‍കുമെന്ന് പി.ടി.എ.പ്രസിഡന്റ് സി.എസ്.തുളസീധരന്‍കാണി അറിയിച്ചു.
--

ആര്‍എംഎസ്എ സ്കൂളുകള്‍ തകര്‍ക്കാന്‍ യുഡിഎഫ് നീക്കം

Posted on: 12-Jun-2011 11:52 PM
കാസര്‍കോട്: ജില്ലയുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം എല്‍ഡിഎഫ് സര്‍ക്കാര്‍ അപ്ഗ്രേഡ് ചെയ്ത ഹൈസ്കൂളുകളെ തകര്‍ക്കാന്‍ ഗൂഢനീക്കം. ഈ സ്കൂളുകളുടെ സമീപത്തുള്ള അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് വേണ്ടിയാണ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന ലീഗിന്റെയും ചില കോണ്‍ഗ്രസ് നേതാക്കളുടെയും ശ്രമം. ഡിഡിഇ മുതല്‍ ഹെഡ്മാസ്റ്റര്‍മാര്‍ വരെയുള്ള തസ്തികകളെല്ലാം ഒഴിഞ്ഞുകിടക്കുന്നതിനാല്‍ ലീഗ്- കോണ്‍ഗ്രസ് നേതാക്കളെ പ്രീതിപ്പെടുത്തി തങ്ങളുടെ താല്‍പര്യങ്ങള്‍ ഒന്നൊന്നായി നേടിയെടുക്കാനുള്ള ശ്രമത്തിലാണ് അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍ . ഇത്തരം സ്കൂളിനെ നിലനിര്‍ത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന പാര്‍ടിയുടെ ജില്ലാ നേതാവ് ഒന്നരലക്ഷം രൂപ ആവശ്യപ്പെട്ട വിവരം പുറത്തുവന്നിട്ടുണ്ട്. ആര്‍എംഎസ്എ പദ്ധതിപ്രകാരം ജില്ലയില്‍ അനുവദിച്ച 13 സ്കൂളുകള്‍ക്ക് കെട്ടിടം പണിയാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 20 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. ഈ സ്കൂളുകളിലെല്ലാം കുട്ടികള്‍ക്ക് പ്രവേശനം നല്‍കി നിലവിലുള്ള അധ്യാപകരെ ഉപയോഗിച്ച് ക്ലാസും ആരംഭിച്ചു. ഗവ. യുപി സ്കൂളുകളായ പെര്‍ഡാല, കൊടിയമ്മ, ചാമുണ്ഡിക്കുന്ന്, മൂടംബയല്‍ , പെരുമ്പട്ട, പാണത്തൂര്‍ , കടമ്പാര്‍ , തയ്യേനി, തൈക്കടപ്പുറം, ബാര, ഉദ്യാവര്‍ , കൊളത്തൂര്‍ , മുന്നാട് എന്നിവയാണ് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തത്. മുന്നാട് ആരംഭിച്ച പുതിയ ഹൈസ്കൂളില്‍ എട്ട്, ഒമ്പത് ക്ലാസുകള്‍ കഴിഞ്ഞ വര്‍ഷംതന്നെ ആരംഭിച്ചു. ഇതില്‍ ഭൂരിഭാഗം സ്കൂളുകളിലും അധ്യാപകരുള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിക്കാതെ സര്‍ക്കാര്‍ അലംഭാവം തുടരുകയാണ്. ഈ സ്കൂളുകളില്‍ അധ്യാപകരില്ലാത്തതിനാല്‍ രക്ഷിതാക്കള്‍ സമീപത്തുള്ള അണ്‍എയ്ഡഡ് സ്കൂളുകളെ ആശ്രയിക്കുമെന്ന പ്രതീക്ഷയാണ് ഇവര്‍ക്കുള്ളത്. ഇതിനായി പ്രത്യേക സംഘങ്ങള്‍ വീടുകള്‍ കയറിയിറങ്ങി പ്രചരണം ആരംഭിച്ചിട്ടുണ്ട്. പുതുതായി രൂപം കൊണ്ട ഹൈസ്കൂളുകള്‍ക്ക് പുറമെ മലയോര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ക്കെതിരെയും ഇവര്‍ നീക്കമാരംഭിച്ചിട്ടുണ്ട്. പിഎസ്സി നിയമനം ലഭിച്ച് വര്‍ഷങ്ങളായി മലയോരത്തെ ഒരേ സ്കൂളില്‍ ജോലി ചെയ്യുന്ന ജിഎസ്ടിയു നേതാവുള്‍പ്പെടെയുള്ള സംഘമാണ് ഇതിനായി ചരടുവലി നടത്തുന്നത്. അപ്ഗ്രേഡ് ചെയ്ത സര്‍ക്കാര്‍ സ്കൂളുകളില്‍ ആവശ്യത്തിന് അധ്യാപകരെ നിയമിക്കാതെ സമീപത്തുള്ള അണ്‍ എയ്ഡഡ് സ്കൂളുകളെ സംരക്ഷിക്കാനുള്ള ഗൂഢനീക്കമാണ് ഇവര്‍ നടത്തുന്നത്. മലയോരമേഖലയില്‍ വ്യാപകമായ തോതില്‍ അണ്‍എയ്ഡഡ് സ്കൂളുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ സ്കൂളുകളില്ലാതിരുന്ന ഇവിടങ്ങളില്‍ ഈ സ്വകാര്യ മാനേജ്മെന്റ സ്കൂളുകള്‍ വന്‍ കൊള്ളയാണ് നടത്തിക്കൊണ്ടിരുന്നത്. ഇവിടങ്ങളിലെ സര്‍ക്കാര്‍ യുപി സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനെതിരെ ഇവര്‍ കടുത്ത എതിര്‍പ്പ് അറിയിച്ചിരുന്നു. സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിപ്പിക്കുന്ന പല അധ്യാപകരുടെയും അടുത്ത ബന്ധുക്കള്‍ ഈ സ്കൂളുകളിലാണ് പഠിപ്പിക്കുന്നത്. കുട്ടികളുടെ എണ്ണം കുറഞ്ഞാല്‍ ഇവരുടെ ജോലി നഷ്ടപ്പെടും എന്നുള്ളതിനാല്‍ സീനിയറായ ഈ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികളെ എത്തിക്കുന്നതില്‍ താല്‍പര്യവുമില്ല. സംസ്ഥാനത്തിന്റെ മറ്റ് ജില്ലകളില്‍ നിന്നും വ്യത്യസ്തമായി പിന്നോക്ക വിഭാഗത്തിലെ കുട്ടികള്‍ ഏറ്റവും കൂടുതല്‍ പഠിക്കുന്ന ജില്ലയാണിത്. തയ്യേനി പോലുള്ള സ്കൂളുകളില്‍ പഠിക്കുന്ന കര്‍ണാടക അതിര്‍ത്തി പ്രദേശത്തെ കുട്ടികളാകട്ടെ ഏഴാംക്ലാസില്‍ നിന്ന് ജയിച്ചാലും തുടര്‍ പഠനത്തിന് പോകാറില്ലായിരുന്നു. നിത്യവൃത്തിക്ക് വകയില്ലാതെ വിഷമിക്കുന്ന നിര്‍ധന കുടുംബങ്ങളില്‍ നിന്നും പഠിക്കാനെത്തുന്ന ഇവര്‍ക്ക് ആശ്വാസമായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടി.
---

ദേശാഭിമാനി,മാതൃഭൂമി പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍..

1 comment:

malayali said...

joli nastapedunna adyapakare cbse skulilek mattum.........avarku makkal padikunna skulil tanne padikan avasaram labikum...... sambalam ethu nirakil venam ennu avarku opt cheyyam cbse yile vallyatho sarkar skulile cherya sambalamo akam
pinnne puthuppallyude karyam saba theerumanikkum pootanayalum