"
Posted on: 27-Jun-2011 12:32 AM
അമ്പലപ്പുഴ: "കുട്ടികളെ കൊണ്ടിവിടിരിക്കാന്‍ വയ്യേ..." കുട്ടികളുടെ കുറവ് മൂലം പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിനേരിടുമ്പോള്‍ നീര്‍ക്കുന്നത്തുനിന്നാണ് ഈ ശുഭവാര്‍ത്ത. നീര്‍ക്കുന്നം എസ്ഡിവി ഗവ. യുപി സ്കൂള്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മുന്നേറ്റം കുറിക്കുകയാണ്. അമ്പലപ്പുഴ ഉപജില്ലയുടെ കീഴിലുള്ള ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയ ഈ സ്കൂള്‍ പരിമിതികളിലും ഏറെ മുന്നിലാണ്. 121 വിദ്യാര്‍ഥികള്‍ ഈ വര്‍ഷം ഇവിടെ ഒന്നാം ക്ലാസില്‍ പ്രവേശനം നേടി. 1612 പേരാണ് എല്‍കെജി മുതല്‍ ഏഴാം ക്ലാസുവരെയുള്ളത്. ക്ലാസ് മുറികളുടെ പരിമിതിമൂലം ഇത്രയും വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാനാകാത്ത സ്ഥിതിയിലാണ് സ്കൂള്‍ . ഒരു ക്ലാസ്മുറിയില്‍ 60 മുതല്‍ 75 വിദ്യാര്‍ഥികളുണ്ട്. അധികൃതരുടെ ആത്മാര്‍ഥമായ പരിശ്രമം നടക്കുന്ന ഇവിടെ പുതുതായി നിര്‍മിച്ച സ്റ്റേജും ക്ലാസ്മുറിയായി. 60 ഓളം അധ്യാപകരെ ആവശ്യമുള്ളിടത്ത് 38 അധ്യാപകര്‍ മാത്രമാണുള്ളത്. ദിവസവേതനാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിയമിച്ച മൂന്ന് അധ്യാപകര്‍ക്ക് പുറമെ സ്കൂള്‍ പിടിഎ 14 അധ്യാപകരെ കൂടി നിയമിച്ച് കുരുന്നുകള്‍ക്ക് അറിവ് പകരുന്നു. 1932ല്‍ സ്വകാര്യമേഖലയില്‍ ശ്രീദേവി വിലാസം എല്‍പി സ്കൂളായി ആരംഭിച്ച സ്കൂള്‍ 1977ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് 1980ല്‍ അപ്ഗ്രേഡ് ചെയ്തു. തികഞ്ഞ പ്രതിബദ്ധതയോടെയും പഠനകാര്യത്തില്‍ ചിട്ടയായ മികവും പുലര്‍ത്തിയ സ്കൂളിലേക്ക് ദൂരെ സ്ഥലങ്ങളില്‍നിന്നുപോലും വിദ്യാര്‍ഥികള്‍ എത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഹരിതവിദ്യാലയം പരിപാടിയില്‍ കേരളത്തിലെ പത്തു വിദ്യാലയങ്ങളില്‍ ഒന്നായി തെരഞ്ഞെടുക്കപ്പെടുകയും അതില്‍ ഏഴാം സ്ഥാനം നേടുകയും ചെയ്തു. സ്കൂളിന് രണ്ടുലക്ഷം രൂപ അവാര്‍ഡ് ലഭിച്ചു. ഒപ്പം ഒന്നാം ക്ലാസില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ച് മികവു കാട്ടിയതിന് സംസ്ഥാന സര്‍ക്കാരിന്റെ പത്തുലക്ഷം രൂപയും നേടിയിട്ടുണ്ട്. സ്കൂളിന് സ്വന്തമായി വാഹനമില്ല. പാഠ്യതേര രംഗത്തും സ്കൂള്‍ മികവുപലര്‍ത്തുന്നു. 20 വര്‍ഷമായി ജില്ലാതല കലോത്സവങ്ങളിലും ശാസ്ത്ര-ഗണിത ശാസ്ത്ര മേളകളിലും അറബിക് കലോത്സവങ്ങളിലും മുന്നില്‍ നില്‍ക്കുന്ന പൊതുവിദ്യാലയത്തില്‍ "വിദ്യാരംഗം" കലാസാഹിത്യവേദിയുടെ വിവിധ കലാപരിശീലനങ്ങളും നല്‍കുന്നുണ്ട്. സര്‍ക്കാര്‍ ഹൈസ്കൂളില്ലാത്ത അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ഉന്നത നിലവാരം പുലര്‍ത്തുന്ന ഈ സ്കൂളിനെ ഹൈസ്കൂളാക്കി ഉയര്‍ത്തണമെന്നത് ഏറെ നാളത്തെ ആവശ്യമാണ്. ഹെഡ്മിസ്ട്രസ് എന്‍ സി മിനിയും പിടിഎ പ്രസിഡന്റ് എച്ച് മുഹമ്മദ് അസ്ലമും വിദ്യാരംഗം കലാസാഹിത്യവേദിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലളിതകലാ പഠനകേന്ദ്രം ഡയറക്ടര്‍ എച്ച് സുബൈറും സ്കൂളിന്റെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്നു
No comments:
Post a Comment