Wednesday, June 22, 2011

സ്വാശ്രയ ഫീസ്: നിലപാടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Posted on: 22-Jun-2011 02:46 AM

കൊച്ചി: സ്വകാര്യ സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ ഫീസ് നിര്‍ണയം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് പ്രത്യേകമായ നിലപാടില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി ഹൈക്കോടതിയില്‍ പറഞ്ഞു. സ്വാശ്രയ കോളേജുകളിലെ എംബിബിഎസ് കോഴ്സിന് പി എ മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ച ഫീസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെ മുഹമ്മദ് കമ്മിറ്റി സമര്‍പ്പിച്ച അപ്പീല്‍ ചീഫ് ജസ്റ്റിസ് ചെലമേശ്വര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചപ്പോഴാണ്, ഫീസ് കാര്യത്തില്‍ സര്‍ക്കാരിന് നിലപാടില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ വ്യക്തമാക്കിയത്.

ഫീസ് നിര്‍ണയം സംബന്ധിച്ച് നിലപാട് എന്തെന്നും മുഹമ്മദ് കമ്മിറ്റിയുടെ ഉത്തരവ് സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടോയെന്നും കമ്മിറ്റി രൂപവല്‍ക്കരിച്ചതിന്റെ ഉദ്ദേശ്യമെന്തെന്നും രാവിലെ കേസ് പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വര്‍ അഡ്വക്കറ്റ് ജനറലിനോട് ആരാഞ്ഞു. ഉച്ചയ്ക്ക് 1.45നാണ് എജി ഇതിന് മറുപടി നല്‍കിയത്. ഫീസ് നിര്‍ണയത്തില്‍ സര്‍ക്കാരിന് പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നാണ് എജി ബോധിപ്പിച്ചത്. സ്വാശ്രയ പ്രൊഫഷണല്‍ ഫീസ് നിശ്ചയിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിയെ കോടതിയില്‍ കൈയൊഴിയുന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തത്.

സ്വന്തം ഉത്തരവുകള്‍ സംരക്ഷിക്കേണ്ട ചുമതല കമ്മിറ്റിക്കു മാത്രമാണെന്നും കമ്മിറ്റിയുടെ തീരുമാനങ്ങളില്‍ ഇടപെടേണ്ടതില്ലെന്നാണ് നിലപാടെന്നും എജി വ്യക്തമാക്കി. മുഹമ്മദ് കമ്മിറ്റിയില്‍ ആരോഗ്യസെക്രട്ടറിയും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും സര്‍ക്കാര്‍ പ്രതിനിധികളായി ഉണ്ട് എന്നത് മാത്രമാണ് സര്‍ക്കാരിന് കമ്മിറ്റിയുമായുള്ള ബന്ധമെന്നും ഇതിലുപരി ഒരു പങ്കുമില്ലെന്നും എജി ചൂണ്ടിക്കാട്ടി. എന്നാല്‍ , ഡിവിഷന്‍ ബെഞ്ചിന്റെ ആവര്‍ത്തിച്ചുള്ള പല ചോദ്യങ്ങള്‍ക്കും സര്‍ക്കാരിന് വ്യക്തമായ വിശദീകരണം ഉണ്ടായില്ല. ഫീസ് നിര്‍ണയം സംബന്ധിച്ച കേസില്‍ സര്‍ക്കാരിനെ കക്ഷിയാക്കേണ്ടിയിരുന്നില്ലെന്ന് ഒരു വേള എജി പറഞ്ഞു. സര്‍ക്കാരിന് വിദ്യാര്‍ഥികളെ ബാധിക്കുന്ന കാര്യത്തില്‍ താല്‍പ്പര്യമില്ലെന്നാണോ കരുതേണ്ടതെന്ന് കോടതി ചോദിച്ചു. സര്‍ക്കാര്‍ നിലപാടിന്റെ പശ്ചാത്തലത്തില്‍ , സ്വാശ്രയനിയമത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച അര്‍ധ ജുഡീഷ്യല്‍ അധികാരങ്ങളുള്ള മുഹമ്മദ് കമ്മിറ്റിയുടെ അപ്പീല്‍ നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ വിശദമായ പരിശോധന ആവശ്യമാണ.് ഈ നിയമപ്രശ്നം വിലയിരുത്താന്‍ അഡ്വക്കറ്റ് ജനറല്‍ കോടതിയെ സഹായിക്കണമെന്നും താല്‍പ്പര്യമുള്ള അഭിഭാഷകര്‍ക്ക് വാദം നടത്താമെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഹര്‍ജി പരിഗണിച്ചപ്പോള്‍തന്നെ സ്വാശ്രയ ഫീസ് കാര്യത്തില്‍ സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചിരുന്നു.

പ്രശ്നത്തിന്റെ പേരില്‍ മുഹമ്മദ് കമ്മിറ്റിയും കോടതിയും വിമര്‍ശത്തിന് വിധേയമാകുമ്പോള്‍ പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ ക്രിയാത്മക നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. സാമൂഹ്യനീതി സംരക്ഷിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയെന്ന നിലയില്‍ മുഹമ്മദ് കമ്മിറ്റിയുടെ തീരുമാനത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. സര്‍ക്കാര്‍നിലപാട് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു. മുഹമ്മദ് കമ്മിറ്റിയുടെ അപ്പീലില്‍ കോടതി വ്യാഴാഴ്ച വിശദമായ വാദം കേള്‍ക്കും.

--

മാനേജ്മെന്റ് ചൂഷണത്തിന് കോടതിയിലും സര്‍ക്കാര്‍ ഒത്താശ
Posted on: 22-Jun-2011 12:19 AM
തിരു: സ്വകാര്യ സ്വാശ്രയ മാനേജ്മെന്റുകളുടെ ചൂഷണത്തിന് വിദ്യാര്‍ഥികളെ എറിഞ്ഞുകൊടുക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ എടുത്തത്. സ്വാശ്രയ കോളേജുകളിലെ ഫീസ് നിര്‍ണയം സംബന്ധിച്ച് സര്‍ക്കാരിന് പ്രത്യേക നിലപാടില്ലെന്നും മുഹമ്മദ് കമ്മിറ്റിയുമായി സര്‍ക്കാരിന് ബന്ധമില്ലെന്നുമാണ് അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചത്. ഫീസിന് എന്തെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്ന് ഇതില്‍നിന്ന് വ്യക്തമായി. സ്വാശ്രയസ്ഥാപനങ്ങളിലെ പ്രവേശനവും ഫീസും നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രത്യേക കമ്മിറ്റി രൂപീകരിക്കാമെന്ന് ഇനാംദാര്‍ കേസില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. 2006ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ പ്രവേശനത്തിനും ഫീസ് നിര്‍ണയത്തിനും പ്രത്യേക കമ്മിറ്റി രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. അതുപ്രകാരമാണ് ജസ്റ്റിസ് പി എ മുഹമ്മദ് അധ്യക്ഷനായി പ്രവേശനത്തിനും ഫീസ് നിര്‍ണയത്തിനും രണ്ട് കമ്മിറ്റി രൂപീകരിച്ചത്. രണ്ടിലും ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാര്‍ക്ക് പുറമെ അക്കാദമിക് വിദഗ്ധനും എസ്സി- എസ്ടി പ്രതിനിധിയും ഉള്‍പ്പെടെ അംഗമാണ്. ഈ കമ്മിറ്റികള്‍ നിലവില്‍വന്നതിനെ തുടര്‍ന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ കോളേജുകളും 2006ല്‍ സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കി 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ മെറിറ്റ് ഫീസില്‍ പ്രവേശനം നല്‍കാന്‍ നിര്‍ബന്ധിതരായിരുന്നു. എന്നാല്‍ , പിന്നീട് കമ്മിറ്റിക്കെതിരെ നിയമയുദ്ധം നടത്തിയാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ധാരണയില്‍നിന്ന് പിന്മാറിയത്. എങ്കിലും മറ്റ് കോളേജുകള്‍ സര്‍ക്കാരുമായി ധാരണയില്‍ എത്തിയിരുന്നു. അഞ്ച് വര്‍ഷമായി ഈ ധാരണ നിലനില്‍ക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നതോടെ ഈ ധാരണയെല്ലാം ലംഘിക്കപ്പെട്ടു. മെഡിക്കല്‍ പിജി സീറ്റുകള്‍ മുഴുവന്‍ മാനേജ്മെന്റുകള്‍ക്ക് കൈയടക്കാന്‍ സൗകര്യം ചെയ്തുകൊടുത്തു. തുടര്‍ന്ന് എംബിബിഎസ് പ്രവേശനവും ഫീസും നിര്‍ണയിക്കുന്നതിനുള്ള ചര്‍ച്ച പ്രഹസനമാക്കി. ഇക്കൊല്ലം സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി കെ എം മാണിയും പ്രഖ്യാപിച്ചതോടെ ഇനിയൊന്നും പ്രതീക്ഷിക്കാനില്ലെന്നും ബോധ്യമായി. മെഡിക്കല്‍ പിജി കോഴ്സുകളിലേക്ക് സര്‍ക്കാര്‍ ക്വോട്ടയില്‍ സര്‍ക്കാര്‍ പ്രവേശനം നടത്തുമെന്ന് ജൂണ്‍ ഏഴിന് വിജ്ഞാപനമിറക്കിയെങ്കിലും ഇത് സംബന്ധിച്ച് മാനേജ്മെന്റുകള്‍ സര്‍ക്കാരിനെതിരെ നല്‍കിയ കേസില്‍ പോലും എതിര്‍ സത്യവാങ്മൂലം നല്‍കിയില്ല. ഈ കേസിലും സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് 24നാണ് കോടതി പരിഗണിക്കുന്നത്. സര്‍ക്കാര്‍ ഏറ്റെടുത്ത പിജി സീറ്റുകളിലേക്ക് ഉള്‍പ്പെടെ 28ന് അലോട്ട്മെന്റ് നടത്തുമെന്ന് കാണിച്ച് മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് ചൊവ്വാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചു. എന്നാല്‍ , ഈ അലോട്ട്മെന്റ് 24ന്റെ ഹൈക്കോടതി നടപടിക്ക് വിധേയമായിരിക്കും എന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസാണ് അടയ്ക്കേണ്ടത് എന്നും പറയുന്നു. എന്നാല്‍ , സര്‍ക്കാരാകട്ടെ ഇതുവരെ ഫീസ് നിശ്ചയിച്ചിട്ടുമില്ല.
--
--
പുഷ്പഗിരിയില്‍ എസ്എഫ്ഐ മാര്‍ച്ചിനുനേരെ ലാത്തിച്ചാര്‍ജ്്
Posted on: 22-Jun-2011 12:03 AM
തിരുവല്ല: സ്വാശ്രയ കോളേജുകളില്‍ മുഴുവന്‍ സീറ്റിലും സ്വന്തം നിലയ്ക്ക് പ്രവേശനം നടത്താനുള്ള ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ തീരുമാനത്തിലും ഇതിന് കൂട്ടുനില്‍ക്കുന്ന സര്‍ക്കാര്‍ നിലപാടിലും പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജിലേക്ക് നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് ലാത്തിച്ചാര്‍ജ്. പത്തോളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആര്‍ മനു, ജില്ലാ സെക്രട്ടറി പ്രകാശ്ബാബു, സംസ്ഥാനകമ്മിറ്റി അംഗം ബി നിസാം, ജില്ലാ കമ്മിറ്റിയംഗങ്ങളായ ജയകൃഷ്ണന്‍ , അദീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. മാര്‍ച്ച്ചെയ്തുവന്ന വിദ്യാര്‍ഥികളെ പുഷ്പഗിരിയുടെ കവാടത്തില്‍ ബാരിക്കേഡ് നിരത്തി പൊലീസ് തടഞ്ഞു. ഇത് മറികടന്ന് മുന്നോട്ടുപോകാന്‍ ശ്രമിക്കവെയാണ് തിരുവല്ല ഡിവൈഎസ്പി വി ജി വിനോദ്കുമാര്‍ , സിഐ സഖറിയാ മാത്യു, എസ്ഐ വിനോദ് കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളെ ലാത്തിച്ചാര്‍ജ് ചെയ്തത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രകാശ് ബാബു തലയ്ക്കയടിയേറ്റ്് വീണു. സംസ്ഥാന കമ്മിറ്റി അംഗം ബി നിസാമിന്റെ കൈയ്ക്ക് പൊട്ടലുണ്ട്. ലാത്തിച്ചാര്‍ജിനെ തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന വിദ്യാര്‍ഥികളെ പൊലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ച് വാനിലും ജീപ്പിലും കയറ്റി തിരുവല്ല സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നൂറോളം വരുന്ന വിദ്യാര്‍ഥികള്‍ തിരുവല്ല ഹെഡ് പോസ്റ്റോഫീസ് കേന്ദ്രീകരിച്ചാണ് പുഷ്പഗിരിയിലേക്ക് മാര്‍ച്ച് നടത്തിയത്.
-കടപ്പാട് ദേശാഭിമാനി .
--

അധ്യാപകനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി

Posted on: 21 Jun 2011

കൊണ്ടോട്ടി: അധ്യാപകനെ മാനേജ്‌മെന്റ് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് സ്വാശ്രയ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി സമരം തുടങ്ങി. വാഴയൂരിലെ വേദവ്യാസ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ് തിങ്കളാഴ്ച സമരത്തിനിറങ്ങിയത്.

കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനിയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകന്‍ പ്രമോദ് നായരെ കഴിഞ്ഞദിവസം മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. അധ്യാപകനെ തിരിച്ചെടുക്കണമെന്നും കോളേജ് എ.ഐ.സി.ടി മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം തുടങ്ങിയത്.

ബസ്ചാര്‍ജ് വര്‍ധിപ്പിച്ചത് പിന്‍വലിക്കുക, കായിക പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, ടൈംടേബിളില്‍ ഉള്‍പ്പെടുത്തി ഫിസിക്കല്‍ എജുക്കേഷന് സമയം അനുവദിക്കുക, കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്തുക, കാന്റീനിന്റെ ശോച്യാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാര്‍ഥികള്‍ ഉന്നയിച്ചത്. ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പലിന് കത്ത് നല്‍കിയിട്ടുണ്ട്.

എ.ഐ.സി.ടി മാനദണ്ഡപ്രകാരം കോളേജ് പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെ
ട്ടതാണ് തന്നെ പുറത്താക്കിയതിന് കാരണമെന്ന് പ്രമോദ് നായര്‍ പറഞ്ഞു.

അധ്യാപകനെ തിരിച്ചെടുക്കുകയും എ.ഐ.സി.ടിയിലെ വിദഗ്ധസംഘം പരിശോധിക്കുകയുംചെയ്തശേഷം കോളേജ് തുറന്നാല്‍ മതിയെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്. വിദ്യാര്‍ഥികള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ കോളേജ് ചെയര്‍മാന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് പ്രിന്‍സിപ്പല്‍ ജോണ്‍ തോമസ് പറഞ്ഞു.

No comments: