Monday, June 13, 2011

പൊതുവിദ്യാഭ്യാസമേഖലയുടെ മുന്നേറ്റം തടയാന്‍ നീക്കം

Posted on: 14-Jun-2011 12:50 AM
തിരു: അഞ്ചുവര്‍ഷത്തെ സര്‍വശിക്ഷാ അഭിയാന്‍ പ്രവര്‍ത്തനം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്താനുള്ള യുഡിഎഫ് തീരുമാനത്തിനു പിന്നില്‍ പൊതുവിദ്യാഭ്യാസമേഖലയെ തകര്‍ക്കാനുള്ള നീക്കം. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയുടെ പരാതിയിലാണ് വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉത്തരവിട്ടത്. ആരോപണത്തെക്കുറിച്ച് പ്രാഥമികമായ പരിശാധനപോലും നടത്താതെ തിരക്കിട്ട് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് സിബിഎസ്ഇ- ഐസിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കാനുള്ള മന്ത്രിസഭാ തീരുമാനത്തിനു തൊട്ടുപിന്നാലെയാണ്. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതില്‍ എസ്എസ്എ സജീവ ഇടപെടല്‍ നടത്തുന്ന ഘട്ടത്തിലാണ് രാഷ്ട്രീയലക്ഷ്യത്തോടെ അന്വേഷണം വരുന്നത്. ഇത് എസ്എസ്എയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും. സര്‍ക്കാര്‍ മാറുന്ന ഉടന്‍ ഏകപക്ഷീയമായി അന്വേഷണം പ്രഖ്യാപിക്കുന്നത് എസ്എസ്എയുമായി ബന്ധപ്പെട്ടവരുടെ മനോവീര്യം തകര്‍ക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അധ്യാപക പരിശീലനത്തിനുള്ള തുക വകമാറ്റിയെന്നാണ് കോണ്‍ഗ്രസ് സംഘടനയുടെ പ്രധാന ആരോപണം. 200 രൂപയ്ക്കു പകരം 125 രൂപ വീതമാണ് പരിശീലനത്തിനു വന്ന അധ്യാപകര്‍ക്ക് കൊടുത്തതെന്നും ബാക്കി തട്ടിയെടുത്തെന്നുമാണ് ആക്ഷേപം. 75 രൂപവീതം ഹാള്‍ , താമസം, പേപ്പര്‍ , ചാര്‍ട്ട്, ആര്‍പിമാരുടെ ഓണറേറിയം വിഹിതം, പഠനോപകരണനിര്‍മാണം, ഡോക്യുമെന്റേഷന്‍ തുടങ്ങി പരിശീലനവുമായി ബന്ധപ്പെട്ട ഇതര കാര്യങ്ങള്‍ക്കാണ് നീക്കിവയ്ക്കുന്നത്. പരിശീലനം സംബന്ധിച്ച മാര്‍ഗരേഖയില്‍ത്തന്നെ ഇതേക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. അഞ്ചു ദിവസത്തെ ലീവ് സറണ്ടര്‍ അടക്കം 10 ദിവസത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മികച്ച ആനുകൂല്യമാണ് നല്‍കുന്നത്. ഫണ്ടുപയോഗിച്ച് ടൂര്‍ നടത്തി എന്നും ആരോപണമുണ്ട്. പരാതി നല്‍കിയ സംഘടനയുടെ സംസ്ഥാനനേതാക്കള്‍തന്നെയാണ് ടൂര്‍ സംഘത്തില്‍ കൂടുതലുമുണ്ടായിരുന്നത്. ഇവരില്‍ ചിലര്‍ ഭാര്യയുമൊത്താണ് പോയത്. എസ്്എസ്എ പ്രവര്‍ത്തനം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസമേഖലയില്‍ കാര്യമായ മാറ്റത്തിനാണ് വഴിയൊരുക്കിയത്. അധ്യാപകപരിശീലനം, വിദ്യാഭ്യാസത്തിന്റെ മികവ് ഉയര്‍ത്തല്‍ , പശ്ചാത്തല സൗകര്യങ്ങളുടെ വികസനം, ഏഴാംക്ലാസുവരെ സൗജന്യമായി പാഠപുസ്തക വിതരണം തുടങ്ങിയവ സര്‍ക്കാര്‍ , എയ്ഡഡ് വിദ്യാലയങ്ങളുടെ അന്തരീക്ഷത്തില്‍ കാര്യമായ പുരോഗതിയുണ്ടാക്കി. എല്‍ഡിഎഫ് ഭരണത്തില്‍ എസ്എസ്എ പ്രവര്‍ത്തനങ്ങളില്‍ വലിയ മുന്നേറ്റമാണുണ്ടായത്. യുഡിഎഫ് ഭരണകാലത്ത് 35 മുതല്‍ 58 ശതമാനം വരെയായിരുന്നു വിനിയോഗമെങ്കില്‍ എല്‍ഡിഎഫ് അധികാരമേറ്റ ആദ്യവര്‍ഷം ഇത് 86 ശതമാനമായി കുതിച്ചുയര്‍ന്നു. കഴിഞ്ഞവര്‍ഷം വിനിയോഗം 90 ശതമാനത്തിനു മുകളിലായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സ്കൂള്‍ പിടിഎകളുമായി ബന്ധപ്പെടുത്തിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ നേട്ടം കൈവരിച്ചത്. 2006-07ല്‍ 171 കോടിയും 2007-08ല്‍ 159ഉം 2008-09ല്‍ 188ഉം 2009-10ല്‍ 212ഉം 2010-11ല്‍ 432ഉം കോടി രൂപയാണ് എസ്എസ്എയ്ക്കായി വകയിരുത്തിയത്. ഇതില്‍ 35 ശതമാനം ഫണ്ട് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിവിഹിതത്തില്‍നിന്നാണ് നല്‍കുന്നത്. 10 ശതമാനം തുക സംസ്ഥാനസര്‍ക്കാരും ബാക്കി കേന്ദ്രവും നല്‍കുന്നു. യുഡിഎഫ് നിയന്ത്രണത്തിലുള്ള തദ്ദേശസ്ഥാപനങ്ങള്‍ അടക്കം സ്തുത്യര്‍ഹമായ രീതിയിലാണ് എസ്എസ്എ ഫണ്ട് വിനിയോഗിച്ചത്.
-ദേശാഭിമാനി.

No comments: