Friday, June 10, 2011

എസ്.എസ്.എ. ഇടപാടുകളില്‍ വിജിലന്‍സ് അന്വേഷണം

Posted on: 12 Jun 2011
അന്വേഷണം കേന്ദ്രസഹായ പദ്ധതിയായ എസ്.എസ്.എ.യില്‍ അഞ്ചുവര്‍ഷത്തിനിടെ നടന്ന സാമ്പത്തിക തിരിമറിയെക്കുറിച്ച്


തിരുവനന്തപുരം: സര്‍വ ശിക്ഷാ അഭിയാനിലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സാമ്പത്തിക ഏര്‍പ്പാടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്തരവിട്ടു. കേന്ദ്ര സഹായ പദ്ധതിയായ എസ്.എസ്.എ.യില്‍ സാമ്പത്തിക തിരിമറിയുണ്ടെന്ന് നേരത്തേ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. എസ്.എസ്.എ. തുടങ്ങിയിട്ട് പത്തുവര്‍ഷമായി.

എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സാമ്പത്തിക ഏര്‍പ്പാടുകളെക്കുറിച്ചാണ് അന്വേഷണം നടത്താന്‍ ഉത്തരവായത്. ഇടതുപക്ഷ അധ്യാപക സംഘടനയുടെ നിയന്ത്രണത്തിലായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ എസ്.എസ്. എ. പ്രവര്‍ത്തനമെന്ന് പരാതിയുണ്ട്.

432 കോടി രൂപയാണ് പ്രതിവര്‍ഷം കേന്ദ്രത്തില്‍ നിന്ന് എസ്.എസ്.എ.യ്ക്ക് ലഭിക്കുന്നത്. അധ്യാപക പരിശീലനം, പാഠപുസ്തക അച്ചടി, കുട്ടികളുടെ കണക്കെടുപ്പ്, മറ്റ് പഠന സാമഗ്രികളുടെ വിതരണം, സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണം തുടങ്ങിയവയാണ് എസ്.എസ്.എ. നടത്തിവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍. വിദ്യാഭ്യാസ വകുപ്പിന്റെ ഗുണമേന്മാ പരിശോധനാ സമിതിയില്‍ എസ്.എസ്.എ. ഫണ്ടിന്റെ ചെലവഴിക്കല്‍ വിവാദം സൃഷ്ടിച്ചിരുന്നു. അധ്യാപക പരിശീലനത്തിന് 10 കോടി രൂപയാണ് ചെലവിട്ടത്.

ഒരധ്യാപകന് 200 രൂപയാണ് പരിശീലനദിവസം നല്‍കേണ്ടതെങ്കിലും 125 രൂപയാണ് അധികൃതര്‍ നല്‍കിയത്.പുസ്തകങ്ങളുടെ അച്ചടിയുമായി ബന്ധപ്പെട്ടും ആരോപണം ഉയര്‍ന്നിരുന്നു. പ്രവര്‍ത്തനമില്ലാത്ത സ്ഥാപനങ്ങള്‍ക്ക് അച്ചടിയുടെ പേരില്‍ വന്‍തുക നല്‍കിയെന്നും ആരോപണം ഉയര്‍ന്നിരുന്നു.

വിവാദമായതോടെ അധ്യാപകസംഘടനകള്‍ക്ക് എസ്. എസ്.എ.യുടെ കണക്ക് നല്‍കാമെന്നുപറഞ്ഞ് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കണക്കുകള്‍ നല്‍കാന്‍ അധികൃതര്‍ക്കായില്ല. ഇതേത്തുടര്‍ന്ന് കെ.പി.എസ്. ടി.യു. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്.

എട്ടാം ക്ലാസ് വരെയാണ് എസ്.എസ്.എ. ഇപ്പോള്‍ ബാധകം. അടുത്ത വര്‍ഷം ഒമ്പത്, പത്ത് ക്ലാസുകളില്‍ക്കൂടി എസ്.എസ്.എ. വ്യാപിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

വിദ്യാര്‍ഥികളെ ബസ്സില്‍ കയറ്റിയില്ല; പോലീസും ബസ് ജീവനക്കാരും തമ്മില്‍ വാക്കേറ്റം
Posted on: 11 Jun 2011
തൊടുപുഴ: സ്വകാര്യ ബസ്സില്‍ വിദ്യാര്‍ഥികളെ കയറ്റുന്നത് സംബന്ധിച്ച് പോലീസും ബസ് ജീവനക്കാരും തമ്മില്‍ വാക്കേറ്റം. പോര്‍ട്ടറെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ബസ് ജീവനക്കാരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് വിട്ടയച്ചു. തൊടുപുഴ സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ വെള്ളിയാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം.

സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ വൈകുന്നേരം വിദ്യാര്‍ഥികളെ ബസ്സില്‍ കയറ്റുന്നില്ലായെന്ന പരാതി ശക്തമായിരുന്നു. കനത്ത മഴയിലും വിദ്യാര്‍ഥികള്‍ ദീര്‍ഘനേരം കാത്തുനിന്നാണ് സ്വകാര്യ ബസ്സില്‍ കയറുന്നത്. ഇത് 'മാതൃഭൂമി' ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഗോപാലകൃഷ്ണന്‍ ബസ്സ്റ്റാന്‍ഡിലെത്തി.
ട്രാഫിക് എസ്.ഐ. കെ.കെ.ശശിധരന്‍നായരുടെ നേതൃത്വത്തില്‍ പോലീസ് സംഘവും ബസ്സ്റ്റാന്‍ഡിലുണ്ടായിരുന്നു.

ഈ സമയം തൊടുപുഴ-വൈക്കം റൂട്ടലോടുന്ന 'എസ്.എന്‍.ടി.' സ്വകാര്യ ബസ്സിന്റെ വാതിലിനു മുന്നില്‍ അകത്ത്കയറാന്‍ ജീവനക്കാരുടെ അനുവാദവും പ്രതീക്ഷിച്ച് വിദ്യാര്‍ഥികള്‍ കാത്തുനില്‍ക്കുകയായിരുന്നു. ഇത്കണ്ട പോലീസ് ഉദ്യോഗസ്ഥന്‍ എത്തി ബസ് ജീവനക്കാരോട് ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പോര്‍ട്ടര്‍ ഡോര്‍ തുറക്കാന്‍ തയ്യാറാകാതെ പോലീസിനു നേരെ കയര്‍ത്തു. തുടര്‍ന്ന് ട്രാഫിക് എസ്.ഐ. ശശിധരന്‍നായര്‍ എത്തി ബസ്സിലെ പോര്‍ട്ടറായ ഇലഞ്ഞി മുക്കന്‍കുഴിയില്‍ സജി(29)യെ കസ്റ്റഡിയിലെടുത്തു.

സമീപത്തുണ്ടായ ബസ് ജീവനക്കാരും അസോസിയേഷന്‍ പ്രവര്‍ത്തകരും സജിയെ വിട്ടയച്ചില്ലെങ്കില്‍ ബസ് സമരം ആരംഭിക്കുമെന്ന് ഭീഷണി മുഴക്കി. ജീവനക്കാരുടെ സമ്മര്‍ദം ശക്തമായപ്പോള്‍ പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കിയെന്ന പരാതിയില്‍ പോര്‍ട്ടര്‍ സജിയ്‌ക്കെതിരെ കേസെടുത്ത് പോലീസ് വിട്ടയച്ച് രംഗം ശാന്തമാക്കി.

ബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ സ്റ്റാന്‍ഡില്‍ ബഹളമുണ്ടാക്കുന്നത് പതിവാണ്. കനത്തമഴയിലും പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികളെ ബസ്സിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ ബസ് ജീവനക്കാര്‍ അനുവദിക്കാറില്ല.
ബസ് പുറപ്പെടുന്നതിനു തൊട്ടുമുമ്പ് മാത്രമാണ് ഇവര്‍ വിദ്യാര്‍ഥികളെ അകത്ത് കയറാന്‍ അനുവദിക്കുന്നത്. വിദ്യാര്‍ഥികള്‍ ആദ്യം കയറിയാല്‍ 'ഫുള്‍ടിക്കറ്റ്' ലഭിക്കാറില്ലെന്നാണ് ജീവനക്കാരുടെ ആക്ഷേപം. ബസ്സ്റ്റാന്‍ഡില്‍ പോലീസുകാര്‍ ഡ്യൂട്ടിക്കുണ്ടാകാറുണ്ടെങ്കിലും ഇവര്‍ തിരിഞ്ഞുനോക്കാറില്ല.
സ്വകാര്യ ബസ്സില്‍ കയറിപ്പറ്റുന്നതിനായി വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് മാധ്യമങ്ങള്‍ വാര്‍ത്തനല്‍കിയാല്‍ പിറ്റേന്നുമാത്രം പോലീസുകാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കും. രണ്ടു ദിവസത്തിനുശേഷം കാര്യം വീണ്ടും പഴയ രീതിയിലാകും.

ജീവനക്കാരുടെ സമീപനത്തെ ചോദ്യംചെയ്യുന്ന വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുന്നതും പതിവാണ്. ബസ് പോര്‍ട്ടര്‍മാര്‍ നീലനിറത്തിലുള്ള യൂണിഫോം ധരിക്കണമെന്ന് നിയമമുണ്ടെങ്കിലും പാലിക്കാറില്ല. അധികൃതര്‍ നടപടി സ്വീകരിക്കാറുമില്ല.
ജില്ലയിലെ മറ്റു ബസ്സ്റ്റാന്‍ഡുകളിലും വിദ്യാര്‍ഥികള്‍ ഇതേപോലെ ദുരിതമനുഭവിക്കുന്നുണ്ട്. ഈ ദുരിതത്തിനൊരു ശാശ്വതപരിഹാരം ബന്ധപ്പെട്ട അധികൃതര്‍ ഉണ്ടാക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം
---

സ്വാശ്രയ മെഡിക്കല്‍ പി.ജി. കുഴഞ്ഞു മറിയുന്നു

Posted on: 12 Jun 2011
സീറ്റ് വിട്ട് നല്‍കില്ലെന്ന് മാനേജ്‌മെന്റുകള്‍

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലേക്കുള്ള മെഡിക്കല്‍ പി. ജി പ്രവേശന നടപടികള്‍ വീണ്ടും കുഴഞ്ഞു മറിയുന്നു. പി. ജി സീറ്റുകളില്‍ അമ്പത് ശതമാനം ഏറ്റെടുത്ത സര്‍ക്കാര്‍ ഉത്തരവിനെതിരെ മാനേജ്‌മെന്റുകള്‍ രംഗത്ത് എത്തി. ഇതിനോടകം പ്രവേശനം നല്‍കിയ സീറ്റുകള്‍ വിട്ടുനല്‍കാനാവില്ലെന്ന നിലപാടിലാണ് ഒരുവിഭാഗം മാനേജ്‌മെന്റുകള്‍. സര്‍ക്കാര്‍ ഉത്തരവ് സ്വീകാര്യമല്ലെന്ന് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലും വ്യക്തമാക്കിട്ടുണ്ട്. സീറ്റ് ഏറ്റെടുത്ത സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കണമെങ്കില്‍ സുപ്രീം കോടതിയുടെ അനുമതി വേണ്ടിവരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതേ സമയം പ്രവേശന നടപടികളുമായി മുന്നോട്ട് പോവുകയാണ് മെഡിക്കല്‍ വിദ്യഭ്യാസ വകുപ്പ്. ഫീസ് നിശ്ചയിക്കുന്ന മുറയ്ക്ക് ഇതിനുള്ള കൗണ്‍സിലിങ്ആരംഭിക്കും. പരിയാരം അടക്കം പത്ത് കോളേജുകളിലായി മൊത്തം 131 പി. ജി സീറ്റുകളുണ്ട്. അതില്‍ 62 എണ്ണമാണ് സര്‍ക്കാര്‍ മെരിറ്റില്‍ നിന്ന് പ്രവേശനം നടത്താന്‍ ഉത്തരവ് ഇട്ടിട്ടുള്ളത്. 16 ഡിപ്ലോമ കോഴ്‌സുകളില്‍ എട്ടെണ്ണവും സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. നേരത്തെ പ്രവേശനം നല്‍കിയിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ഒഴിച്ചിട്ടിട്ടുള്ള സീറ്റുകള്‍ സര്‍ക്കാരിന് വിട്ടുനല്‍കാന്‍ തയ്യാറാണെന്നാണ് മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ നിലപാട്. എം. ഇ. എസ്, ഗോകുലം, കരുണ, കണ്ണൂര്‍, കാരക്കോണം മെഡിക്കല്‍ കോളേജുകളാണ് അസോസിയേഷനില്‍ ഉള്ളത്. എന്നാല്‍ ഇതിനോടകം പ്രവേശനം നടത്തിയിട്ടുള്ള സീറ്റുകള്‍ വിട്ടുനല്‍കാന്‍ തയ്യാറല്ലെന്നും അസോസിയേഷന്‍ പ്രസിഡന്റെ സാജന്‍ പ്രസാദ് പറഞ്ഞു. അമ്പത് ശതമാനം സീറ്റ് സര്‍ക്കാരിനെന്ന മാനദണ്ഡം പാലിക്കുന്നതില്‍ ബുദ്ധിമുട്ടില്ല. പക്ഷേ ഇത് അമൃത മെഡിക്കല്‍ കോളേജിനും ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനും ബാധകമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗോകുലം മെഡിക്കല്‍ കോളേജില്‍ പീഡിയാട്രിക്‌സിന് അനുവദിച്ച ഒരു സീറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ഈ സീറ്റില്‍ ഇതിനോടകം മാനേജ്‌മെന്റ് പ്രവേശനം നടത്തിക്കഴിഞ്ഞു. അതിനാല്‍ത്തന്നെ ഇത് വിട്ടുനല്‍കാന്‍ കോളേജ് അധികൃതര്‍ തയ്യാറല്ല. നേരത്തെ പ്രവേശനം ലഭിച്ചയാളെ ഒഴിവാക്കിയാല്‍ അവര്‍ കോടതിയെ സമീപിക്കാനുമിടയുണ്ട്. എം. ഇ. എസിന് അനുവദിച്ച പീഡിയാട്രിക്‌സിന്റെ ഏക സീറ്റും സര്‍ക്കാരിനാണ്. ഇതിനോടകം പ്രവേശനം നടത്തിയ ഈ സീറ്റ് വിട്ട് നല്‍കില്ലെന്ന് എം. ഇ. എസും അറിയിച്ചിട്ടുണ്ട്.

കാരക്കോണത്ത് പതോളജിക്ക് അനുവദിച്ച ഏക സീറ്റും സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ബാങ്ക് ഗ്യാരണ്ടി നല്‍കാന്‍ വൈകിയതിനാല്‍ കാരക്കോണത്തെ പ്രവേശന നടപടികള്‍ തുടങ്ങാനായിട്ടില്ല. സുപ്രീം കോടതി അനുമതിയോടെ മാത്രമേ അവിടെ ഈ വര്‍ഷം പ്രവേശനം തുടങ്ങാനാകൂ.

പാലക്കാട് കരുണ മെഡിക്കല്‍ കോളേജില്‍ മൈക്രോബയോളജിക്ക് അനുവദിച്ച ഏക സീറ്റും കോലഞ്ചേരിയിലെ ജനറല്‍ സര്‍ജറിയുടെ ഏകസീറ്റും സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.

മാനേജ്‌മെന്റുകളുമായുണ്ടാക്കിയ കരാര്‍ അനുസരിച്ച് മെയ് 31 നകം പി. ജി സീറ്റുകളില്‍ പ്രവേശനം നടത്തണമായിരുന്നു. ഇത് വൈകിയതിനെത്തുടര്‍ന്നാണ് മാനേജ്‌മെന്റുകള്‍ സ്വന്തം നിലയ്ക്ക് ഈ സീറ്റുകളില്‍ പ്രവേശനം നടത്തിയത്. അഖിലേന്ത്യാ ക്വാട്ടയിലെ പ്രവേശനം പൂര്‍ത്തിയാവുന്ന മുറയ്ക്ക് പി. ജി സീറ്റുകളില്‍ പ്രവേശനം നടത്താമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതിന് അനുകൂലമായ സുപ്രീം കോടതി വിധിയുണ്ടെന്നും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. പ്രവേശനത്തിന് മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയിരുന്ന സമയവും മെയ് 31 ആയിരുന്നതിനാല്‍ ഇപ്പോള്‍ അമ്പത് ശതമാനം സീറ്റുകള്‍ ഏറ്റെടുത്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് നിലനില്ക്കണമെങ്കില്‍ സുപ്രീം കോടതിയുടെ വ്യക്തമായ വിധി സമ്പാദിക്കേണ്ടി വരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഭരണമാറ്റം മൂലം വന്ന കാലതാമസവും മറ്റും ചൂണ്ടിക്കാട്ടി സര്‍ക്കാരിന് കോടതിയെ സമീപിക്കാനാകും. സ്വാശ്രയ കോളേജുകള്‍ക്ക് അനുവദിച്ച ഏക സീറ്റ് വിട്ടുനല്‍കാന്‍ കോളേജുകള്‍ തയ്യാറായില്ലെങ്കില്‍ അത് ഈ വര്‍ഷം അവര്‍ക്ക് തന്നെ നല്‍കേണ്ടി വന്നേക്കും. പകരം അടുത്ത വര്‍ഷം സീറ്റുകള്‍ വിട്ടുനല്‍കാന്‍ മാനേജ്‌മെന്റുകളോട് ആവശ്യപ്പെടാം.

No comments: