Posted on: 10 Jun 2011
നടപടി ബസ്ഫീസ് അടയ്ക്കാത്തതിന്റെപേരില്കൊല്ലം:ബസ് ഫീസ് അടയ്ക്കാത്തതിന്റെപേരില്‍ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ ബസ്സില്‍ വീട്ടില്‍ എത്തിച്ചില്ലെന്ന് ആക്ഷേപം. വീട്ടുകാരെ അറിയിക്കാതെ പെണ്‍കുട്ടികളെ ഉള്‍പ്പെടെ വൈകിട്ട് പെരുവഴിയിലാക്കിയ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മാതാപിതാക്കളില്‍ ചിലര്‍ കുട്ടികളുടെ ടി.സി.വാങ്ങാന്‍ അപേക്ഷ നല്‍കി. മുഖത്തലയിലെ സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളിലാണ് സംഭവം.
ആദ്യ ടേമിലെ ബസ് ഫീസ് അടച്ചില്ലെന്ന പേരില്‍ ബുധനാഴ്ച വൈകിട്ടാണ് അഞ്ചാംക്ലാസ്മുതലുള്ള വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റാതിരുന്നത്. കൈയില്‍ പൈസ ഇല്ലാതിരുന്നതിനാല്‍ അധ്യാപകരില്‍നിന്നും തൊട്ടടുത്ത കടകളില്‍നിന്നും പണം കടംവാങ്ങിയാണ് പല കുട്ടികളും വീട്ടില്‍ എത്തിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.ചിലര്‍ ഫോണില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ സ്‌കൂളിലെത്തി കുട്ടികളെ കൊണ്ടുപോയി. അഞ്ചാംക്ലാസില്‍ പഠിക്കുന്ന കൊച്ചുകുട്ടികളെ ചില പ്ലസ്ടു വിദ്യാര്‍ത്ഥികളാണ് ബസ് കയറ്റിവിട്ടത്.
വൈകിട്ട് കുട്ടികളെ സ്‌കൂള്‍ ബസ്സില്‍ കയറ്റിയില്ലെന്ന വിവരം രക്ഷാകര്‍ത്താക്കളെ വിളിച്ചറിയിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ലെന്ന് അവര്‍ പറഞ്ഞു. രാവിലെ പതിവുപോലെ സ്‌കൂള്‍ ബസെത്തി വീടുകളില്‍നിന്ന് കുട്ടികളെ കൊണ്ടുപോയതിനാല്‍ ഇങ്ങനെയൊരു നടപടി മാതാപിതാക്കള്‍ പ്രതീക്ഷിച്ചില്ല. ഫീസ് അടയ്ക്കാത്ത കുട്ടികളെ വൈകിട്ട് വണ്ടിയില്‍ കയറ്റില്ലെന്ന് രാവിലെ കുട്ടികളെ കൊണ്ടുപോകുമ്പോള്‍പ്പോലും പറഞ്ഞിരുന്നില്ലെന്ന് രക്ഷാകര്‍ത്താക്കള്‍ പറഞ്ഞു. അഞ്ചാംക്ലാസ്സിലെ കുട്ടികളുടെ മാതാപിതാക്കളാണ് ഏറെ ബുദ്ധിമുട്ടിയത്. വൈകിട്ട് ആറ് മണിയായിട്ടും കുട്ടികള്‍ വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ കുട്ടിയെ അന്വേഷിച്ചിറങ്ങിയ സംഭവവും ഉണ്ടായി. ബസ് ജീവനക്കാരെ വിളിച്ച് അന്വേഷിച്ചപ്പോള്‍ 'കുട്ടി വണ്ടിയില്‍ കയറിയില്ലേ' എന്ന മറുചോദ്യമായിരുന്നു പ്രതികരണമെന്നും ആക്ഷേപം ഉണ്ട്. വെള്ളിയാഴ്ച രാവിലെ ബസ് ഫീസ് അടയ്ക്കാമെന്ന് കുട്ടികള്‍ പറഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ സമ്മതിച്ചില്ലെന്ന് മാതാപിതാക്കള്‍ പരാതിപ്പെട്ടു.
സംഭവത്തെ തുടര്‍ന്ന് നിരവധി മാതാപിതാക്കള്‍ വ്യാഴാഴ്ച രാവിലെ സ്‌കൂളിലെത്തി അധികൃതരോട് വിശദീകരണം തേടി. എന്നാല്‍ വളരെ നിരുത്തരവാദപരമായ സമീപനമാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് രക്ഷാകര്‍ത്താക്കള്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് ചിലര്‍ കുട്ടികളുടെ ടി.സി.ക്കായി സ്‌കൂളില്‍ അപേക്ഷ നല്‍കി.
അതേസമയം ഫീസ് അടച്ച് ബസ് കാര്‍ഡ് എടുക്കുന്നവരെ മാത്രമേ സ്‌കൂള്‍ ബസ്സില്‍ കൊണ്ടുപോകൂ എന്ന് കഴിഞ്ഞ അഞ്ചു ദിവസമായി കുട്ടികളോട് പറയുന്നുണ്ടെന്ന് സ്‌കൂള്‍ മാനേജരും പ്രിന്‍സിപ്പലും പറഞ്ഞു. സ്‌കൂള്‍ ബസ്സില്‍ കുട്ടികളെ കുത്തിനിറച്ചുകൊണ്ടുപോകുന്നത് ഒഴിവാക്കുന്നതിനാണ് ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചത്. സ്‌കൂള്‍ ബസ്സില്‍ കയറ്റാതിരുന്നതിനെ തുടര്‍ന്ന് വീട്ടില്‍ പോകാന്‍ കഴിയാതിരുന്ന കുട്ടികളില്‍ പലരെയും വീടുകളില്‍ എത്തിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നെന്നും ചിലരുടെ കാര്യത്തില്‍ മാത്രമാണ് ആശയക്കുഴപ്പം ഉണ്ടായതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
----
പൊതുവിദ്യാലയങ്ങളില്‍ കുറഞ്ഞത് 85000-ല്‍ അധികം കുട്ടികള്‍
Posted on: 10 Jun 2011
സി.ബി.എസ്.ഇ. സ്‌കൂളുകള്‍ വ്യാപകമാകുന്നുതിരുവനന്തപുരം: സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള തീരുമാനം സര്‍ക്കാര്‍ എടുക്കുമ്പോള്‍ മറുഭാഗത്ത് പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയുന്നതിന്റെ കണക്കുകള്‍ പുറത്തുവരുന്നു. 85,000 - 1,00,000 വരെ കുട്ടികളുടെ കുറവ് ഈ വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഉണ്ടായെന്നാണ് പ്രാഥമിക കണക്കുകള്‍ നല്‍കുന്ന സൂചന. ഇതിനുള്ള കണക്കെടുപ്പ് നടക്കുന്ന ദിവസം തന്നെയാണ് പുതുതായി സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി. നല്‍കാനുള്ള തീരുമാനം സംസ്ഥാന മന്ത്രിസഭായോഗം എടുത്തത്.
അംഗീകാരത്തിനായി 2500 സി.ബി.എസ്.ഇ. സ്‌കൂളുകളുടെ അപേക്ഷകളാണ് സര്‍ക്കാരിന്റെ മുമ്പാകെയുള്ളത്. ഇവയില്‍ ഏറിയപങ്കും വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവയാണ്. കുട്ടികള്‍ പത്താം ക്ലാസിലാകുമ്പോള്‍ ബോര്‍ഡ് പരീക്ഷയെഴുതാനായി അംഗീകാരമുള്ള ഏതെങ്കിലും ഒരു സ്‌കൂളിന്റെ ലേബലായിരിക്കും ഉപയോഗിക്കുക. സര്‍ക്കാരിന്റെയും പഞ്ചായത്തിന്റെയും അനുമതിയോടെ മാത്രമേ സ്‌കൂള്‍ തുടങ്ങാന്‍ നിയമം അനുവദിക്കുന്നുള്ളൂവെങ്കിലും സാധാരണ ഈ നിയമങ്ങള്‍ അവഗണിക്കപ്പെടുകയാണ് . ഒരംഗീകാരവുമില്ലാതെ തുടങ്ങാവുന്ന സ്ഥാപനമാണ് സ്‌കൂള്‍ എന്നതാണ് വര്‍ഷങ്ങളായി കേരളത്തില്‍ നിലനില്‍ക്കുന്ന സ്ഥിതി.
മുന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ 500-ഓളം സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. തുടര്‍ന്നാണ് 2500 അപേക്ഷകള്‍ വന്നത്. തുടര്‍ന്നുവന്ന ഇടതുപക്ഷ സര്‍ക്കാര്‍ ആദ്യം ഇക്കാര്യത്തില്‍ കടുത്ത നിലപാട് സ്വീകരിച്ചെങ്കിലും അവസാനമായപ്പോള്‍ 42 സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. പുതിയ യു.ഡി.എഫ്. സര്‍ക്കാരാകട്ടെ ഒറ്റയടിക്കുതന്നെ അപേക്ഷിക്കുന്നവക്ക് അംഗീകാരം നല്‍കാനുള്ള പുറപ്പാടിലാണ്. അടിസ്ഥാന സൗകര്യമുള്ളവയേ്ക്ക അംഗീകാരം നല്‍കൂവെന്ന് പറയുന്നുണ്ടെങ്കിലും നല്ലൊരു പങ്ക് സ്‌കൂളുകളും ഇപ്പോള്‍ത്തന്നെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവയാണ്. ഇവയ്ക്ക് കേന്ദ്ര ബോര്‍ഡുകളുടെ അംഗീകാരം ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ എന്‍.ഒ.സി. ആവശ്യമാണ്. ആദ്യപടിയായി ഇവയ്ക്കും പിന്നീട് അപേക്ഷിക്കുന്നവര്‍ക്കെല്ലാം എന്‍.ഒ.സി ലഭിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.
ഇതിനിടെ ചില മാനേജ്‌മെന്റുകള്‍ സുപ്രീംകോടതിയെ സമീപിച്ച് അപേക്ഷ സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനം എടുക്കണമെന്ന വിധിയും സമ്പാദിച്ചിരുന്നു.
ഈ വര്‍ഷത്തെ കണക്കെടുപ്പില്‍ 85,000 മുതല്‍ ഒരുലക്ഷം വരെ കുട്ടികള്‍ കുറയുമെന്നാണ് ആദ്യസൂചന. കോട്ടയം, ആലപ്പുഴ ജില്ലകളിലെ കണക്കുകള്‍ പൂര്‍ണമാകാത്തതിനാല്‍ അന്തിമ കണക്കായിട്ടില്ല. തൃശ്ശൂരിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ കുറഞ്ഞത് - 19,867. രണ്ടാംസ്ഥാനം പാലക്കാട്- 10,000. ഇതേസമയം 6, 9, 10 ക്ലാസുകളില്‍ കഴിഞ്ഞവര്‍ഷത്തെക്കാള്‍ കുട്ടികള്‍ കൂടിയിട്ടുമുണ്ട്. 6910 കുട്ടികളുടെ വര്‍ധനയാണ് ഈ ക്ലാസുകളിലുള്ളത്.
മുന്‍വര്‍ഷം 1.15 ലക്ഷം കുട്ടികളുടെ കുറവാണ് ഉണ്ടായിരുന്നത്. ഇക്കുറി കുട്ടികളുടെ എണ്ണത്തില്‍ വന്ന കുറവ് കഴിഞ്ഞ പ്രാവശ്യത്തിന്റെയത്രയില്ല. പ്ലസ്ടു വിന്റെ മാര്‍ക്ക് എന്‍ജിനീയറിങ് പ്രവേശനത്തിന് കണക്കാക്കാന്‍ തുടങ്ങിയതും സംസ്ഥാന സിലബസിലെ ഉയര്‍ന്ന വിജയവുമാണ് ഇതിനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്.
പൊതുവിദ്യാലയങ്ങളിലേക്കുള്ള കൊഴിഞ്ഞുപോക്ക് കുറഞ്ഞുവരുന്നഘട്ടത്തില്‍ത്തന്നെ ഇത്രയധികം സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള നീക്കമുണ്ടായ അനുകൂലതരംഗത്തെ ഇല്ലാതാക്കുമെന്നാണ് കരുതുന്നത്. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രാഷ്ട്രീയ ഭേദമെന്യേ അധ്യാപക സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് അനുകൂല സംഘടനകളായ ജി.എസ്.ടി.യു. പരസ്യമായി രംഗത്തുവന്നു. കെ.പി.എസ്.ടി.യുവാകട്ടെ ഇതിനെതിരെ മുഖ്യമന്ത്രിക്ക് ഒരു ലക്ഷം കത്തയക്കും. പ്രതിപക്ഷ സംഘടനകളായ കെ.എസ്.ടി. എ, എ.കെ.എസ്.ടി.യു, കെ.എസ്.ടി.എഫ് എന്നിവയും സര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
--
സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് എതിര്‍പ്പില്ലാ രേഖ നല്‍കരുത്-മാനേജ്‌മെന്റ് അസോസിയേഷന്‍
Posted on: 10 Jun 2011
തിരുവനന്തപുരം: സംസ്ഥാനത്ത് സി.ബി.എസ്.ഇ. സ്‌കൂളുകള്‍ നടത്തുന്നതിന് എതിര്‍പ്പില്ലാരേഖ നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനം സംസ്ഥാന സിലബസില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളെ പ്രതികൂലമായി ബാധിക്കുമെന്ന് കേരള അംഗീകൃത സ്‌കൂള്‍ മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി രാഘവചേറാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.എതിര്‍പ്പില്ലാരേഖ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം പുനപ്പരിശോധിക്കണമെന്നും കൂടുതല്‍ അംഗീകൃത സ്‌കൂളുകള്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
--
സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കരുത് -ഡി.വൈ.എഫ്.ഐ.
Posted on: 10 Jun 2011
തിരുവനന്തപുരം: സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി. നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ കച്ചവടത്തിന് അനുകൂലമായ ഈ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാവണമെന്നും സെക്രട്ടേറിയറ്റ് അറിയിച്ചു.--
പാഠപുസ്തക അട്ടിമറിക്കെതിരെ സാമൂഹ്യപാഠശാല
Posted on: 09-Jun-2011 11:46 PM
കണ്ണൂര്‍ : സാമുദായിക സമ്മര്‍ദത്തിന് വഴങ്ങി പാഠപുസ്തകത്തിലെ അധ്യായങ്ങള്‍ പിന്‍വലിക്കുന്നതിനെതിരെ സമൂഹ മനസ്സാക്ഷിയുണര്‍ത്തി സാമൂഹ്യപാഠശാല. എസ്എഫ്ഐ നേതൃത്വത്തിലാണ് കണ്ണൂര്‍ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സാമൂഹ്യപാഠശാലയിലൂടെ അധ്യയനം സംഘടിപ്പിച്ചത്്. പത്താംതരത്തിലേക്ക് എസ്സിആര്‍ടി തയ്യാറാക്കിയ സാമൂഹ്യപാഠത്തിലെ ഒന്നാം അധ്യായമായ "ആധുനിക യുഗത്തിലേക്ക്" പിന്‍വലിക്കണമെന്ന് മതതീവ്രവാദികള്‍ ആവശ്യപ്പെട്ടതിന് സര്‍ക്കാര്‍ സമ്മതം മൂളിയ സാഹചര്യത്തിലാണ് "മതേതര കേരളം, മതനിരപേക്ഷ കേരളം" എന്ന സന്ദേശമുയര്‍ത്തി പാഠശാല ഒരുക്കിയത്. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ സി ഹരികൃഷ്ണന്‍ ക്ലാസെടുത്തുകൊണ്ട് സാമൂഹ്യപാഠശാല ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ബി ഷംസുദ്ദീന്‍ അധ്യക്ഷനായി. റോബര്‍ട്ട് ജോര്‍ജ്, കെ ടി നിധീഷ്, എം ഷാജിര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി കെ സനോജ് സ്വാഗതം പറഞ്ഞു.
പരിയാരത്ത് നടക്കുന്നത് സീറ്റ് കച്ചവടം തന്നെ; നാലുവര്‍ഷംകൊണ്ട് നേടിയത് 29 കോടി
Posted on: 10 Jun 2011
കണ്ണൂര്‍: നാലുവര്‍ഷംകൊണ്ട് പരിയാരം മെഡിക്കല്‍ കോളേജില്‍ പി.ജി.കോഴ്‌സിന് 33 പേരാണ് പ്രവേശനം നേടിയത്. ഇതില്‍ സര്‍ക്കാരിന്റെ മെറിറ്റ് ലിസ്റ്റില്‍നിന്ന് പ്രവേശനം നേടിയതാകട്ടെ ഒരാള്‍ മാത്രം.കഴിഞ്ഞവര്‍ഷം പി.ജി.മെഡിസിന്‍ വിഭാഗത്തിലാണ് സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നടന്നത്. അതിനുമുമ്പുള്ള എല്ലാവര്‍ഷവും നൂറുശതമാനം സീറ്റിലും മാനേജ്‌മെന്റ്തന്നെ പ്രവേശനംനടത്തി.
മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനംനേടുന്ന വിദ്യാര്‍ഥിയുടെ വാര്‍ഷിക ഫീസ് ശരാശരി 20 ലക്ഷമെന്ന് കണക്കാക്കിയാല്‍ പി.ജി., ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകളില്‍നിന്നായി കോളേജ് മാനേജ്‌മെന്റ് നേടിയത് 29 കോടിയോളം രൂപയാണ്.
സ്വാശ്രയ കോളേജിനെതിരായ സമരത്തിന് നേതൃത്വം കൊടുത്ത സി.പി.എം. നേതാക്കള്‍ പരിയാരം കോളേജിന്റെയും ഇടതുമുന്നണി സംസ്ഥാനത്തിന്റെയും ഭരണത്തിലിരിക്കുമ്പോഴാണ് മെറിറ്റ് സീറ്റുകള്‍ അട്ടിമറിക്കപ്പെട്ടത്.
2007 ല്‍ സി.എം.പിയുടെ നേതൃത്വത്തിലുള്ള പരിയാരം മെഡിക്കല്‍ കോളേജ് ഭരണസമിതിയും നൂറുശതമാനം സീറ്റിലും മാനേജ്‌മെന്റ് ക്വാട്ടയിലാണ് പ്രവേശനം നല്‍കിയത്.
മെഡിസിന്‍, പീഡിയാട്രിക്‌സ്, സ്‌കിന്‍ വിഭാഗങ്ങളിലായാണ് പരിയാരത്ത് പി.ജി. ഡിഗ്രി- ഡിപ്ലോമ കോഴ്‌സുകളുള്ളത്. കഴിഞ്ഞവര്‍ഷംവരെ 10 സീറ്റാണ് ആകെയുണ്ടായിരുന്നത്. ഈവര്‍ഷം 11 സീറ്റുകള്‍കൂടി അധികമായി പരിയാരത്തിന് ലഭിച്ചു.
ഇതില്‍ 16 സീറ്റിലും മാനേജ്‌മെന്റ് സ്വന്തംനിലക്ക് പ്രവേശനംനടത്തിയതും അരക്കോടി ഫീസുള്ള എം.ബി.ബി.എസ് എന്‍.ആര്‍.ഐ. ക്വാട്ടയില്‍ ഡി.വൈ.എഫ്.ഐ. നേതാവിന്റെ മകള്‍ക്ക് പ്രവേശനം നല്‍കിയതുമാണ് സി.പി.എമ്മിന്റെയും ഭരണസമിതിയുടെയും നിലപാടുകള്‍ വിവാദമാകാന്‍ ഇടയാക്കിയത്.
--
പൊതു-സ്വകാര്യപങ്കാളിത്തത്തോടെ സെക്കന്‍ഡറി സ്‌കൂളും ഐ.ഐ.ടികളും
Posted on: 10 Jun 2011
ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസമേഖലയില്‍ പൊതു-സ്വകാര്യപങ്കാളിത്തം നടപ്പാക്കിയതുപോലെ സ്‌കൂള്‍ വിദ്യാഭ്യാസരംഗത്തും ഇത്തരം പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ പച്ചക്കൊടി. സെക്കന്‍ഡറി വിദ്യാഭ്യാസം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. വിദ്യാഭ്യാസത്തില്‍ പിന്നാക്കംനില്‍ക്കുന്ന പ്രദേശങ്ങളില്‍ മോഡല്‍ സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ സ്വകാര്യപങ്കാളിത്തം ആവശ്യപ്പെടാമെന്നാണ് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ നിലപാട്. കഴിഞ്ഞദിവസം നടന്ന സംസ്ഥാന വിദ്യാഭ്യാസമന്ത്രിമാരുടെ യോഗത്തില്‍ സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കി.വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ വേണ്ടിയായിരുന്നു യോഗം.
രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസമേഖലയിലേക്കും വ്യാപിപ്പിക്കും. സര്‍ക്കാര്‍ സ്‌കൂളുകളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. 12-ാം പഞ്ചവത്സരപദ്ധതിയില്‍ കേന്ദ്ര-സംസ്ഥാനപങ്കാളിത്തം 75:25 ശതമാനമായി തുടരും. ജനസംഖ്യയുടെ അനുപാതമനുസരിച്ച് ഗേള്‍സ്, ഉര്‍ദു, സംസ്‌കൃത സ്‌കൂളുകള്‍ സ്ഥാപിക്കാനുള്ള ദൂരപരിധി അഞ്ചുകിലോമീറ്ററില്‍ നിന്ന് മൂന്നു കിലോമീറ്ററാക്കി കുറച്ചു.
പുതിയ സ്‌കൂളുകള്‍ നിര്‍മിക്കാനും ഉള്ളവ വ്യാപിപ്പിക്കാനുമുള്ള സഹായധനവിഹിതം വര്‍ധിപ്പിക്കും. രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍, സര്‍വ്വശിക്ഷാ അഭിയാന്‍ എന്നിവയുടെ കീഴില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് വികസനസമിതികള്‍ രൂപവത്കരിക്കും. ആദിവാസിമേഖലകളില്‍ മോഡല്‍ സ്‌കൂളുകള്‍ക്കു സമീപം ഹോസ്റ്റലുകള്‍ നിര്‍മിക്കും.
ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസരംഗത്തെ സ്ഥിതിവിവരവും പ്രശ്‌നങ്ങളും മനസ്സിലാക്കാനും പരിഹരിക്കാനുമായി വിശദമായ വിവരപ്പട്ടിക തയ്യാറാക്കും. ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസമേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന അഖിലേന്ത്യാ സര്‍വ്വെ സംസ്ഥാന സര്‍ക്കാറുകളുടെ നേതൃത്വത്തില്‍ നടത്തും. വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന 374 ജില്ലകളെ തിരഞ്ഞെടുത്ത് മോഡല്‍ കോളേജുകള്‍ സ്ഥാപിക്കും. ഇ-വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഓരോ സംസ്ഥാനത്തിനും കുറഞ്ഞ ചെലവില്‍ 3000 കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ നല്‍കും.
പൊതു-സ്വകാര്യപങ്കാളിത്തത്തില്‍ 29 ഐ.ഐ.ടികള്‍ സ്ഥാപിക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാറുകളുടെ അഭിപ്രായം തേടി. റാഗിങ് തടയാനുള്ള യു.ജി.സി നിര്‍ദേശങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ സംസ്ഥാന- കേന്ദ്രഭരണപ്രദേശങ്ങളില്‍ ബോധവത്കരണം ഊര്‍ജിതമാക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ലൈന്‍ സൗകര്യവും കാര്യക്ഷമമാക്കും.
വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രചാരണം, അധ്യാപകനിയമനം, അയല്‍ സ്‌കൂള്‍ പദ്ധതി, പിന്നാക്കം നില്‍ക്കുന്ന 25 ശതമാനം വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കല്‍ തുടങ്ങിയ വിവിധ നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനും കേന്ദ്ര മാനവശേഷി വികസനമന്ത്രാലയം നിര്‍ദേശിച്ചു.
1 comment:
വിദ്യ അഭ്യാസം ആകുമ്പോള്‍ :(
Post a Comment