Posted on: 22 Jun 2011
ചെന്നൈ: ഉദിച്ചുയരുന്ന സൂര്യബിംബത്തിന്റെ ചിത്രമോ, ക്ലാസിക്കല്‍ തമിഴ്, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, കലൈഞ്ജര്‍ തുടങ്ങിയ വാക്കുകളോ ചുവപ്പു കറുപ്പു നിറം കലര്‍ന്ന കളങ്ങളോ ഇനി തമിഴ്നാട്ടിലെ സ്കുള് പാഠപുസ്തകങ്ങളിലൊന്നും കാണില്ല, അഥവാ കണ്ടാല്‍ സ്കൂള്‍ അധികൃതരും അധ്യാപകരും 'വിവരം അറിയു'മെന്ന് തീര്‍ച്ച. അനഭിമതമായ പാഠഭാഗങ്ങള്‍ നീക്കം ചെയ്തു മാത്രമേ മുന്‍ ഡി.എം.കെ. സര്‍ക്കാറിന്റെ കാലത്ത് തയാറാക്കിയ സ്കൂള്‍ ടെക്സ്റ്റ് പുസ്തകങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാവൂ എന്നാണ് സ്കൂള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കര്‍ശന ഉത്തരവ്.
ഏകീകൃത വിദ്യാഭ്യസ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ അധ്യയനവര്‍ഷം പരിഷ്കരിച്ച ഒന്ന്, ആറ് ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് സമ്പൂര്‍ണമായ വെട്ടിത്തിരുത്തലിന് വിധേയമാക്കാന്‍ ഡി.പി.ഐ. നിര്‍ദേശിച്ചിരിക്കുന്നത്. പഠന യോഗ്യമല്ലെന്ന് കണ്ടെത്തിയ പാഠഭാഗങ്ങള്‍ ഏതൊക്കെയെന്ന് പേജും പാരഗ്രാഫും വരിയും സഹിതം ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പാഠഭാഗമടങ്ങിയ പേജുകളും ചിത്രങ്ങളും പൂര്‍ണമായി സ്റ്റിക്കറൊട്ടിച്ചു മറയ്ക്കുക, ചില ഭാഗങ്ങളോ വരികളോ മാത്രം പെര്‍മനന്റ് മഷി കൊണ്ട് കറുപ്പിച്ചു മായ്ക്കുക തുടങ്ങി തമസ്കരണം എങ്ങനെയാവണമെന്ന പ്രയോഗിക നിര്‍ദേശങ്ങളും ഉത്തരവിലുണ്ട്. സുപ്രീംകോടതി ഇടപെടലിനെത്തുടര്‍ന്ന് ഒന്ന്, ആറ് ക്ലാസുകളിലെ ഏകീകൃത പാഠ്യപദ്ധതി പരിഷ്കാരം പിന്‍വലിക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് പാഠപുസ്തക ശുദ്ധീകരണ പദ്ധതിയുമായി എ.ഐ.എ.ഡി.എം.കെ. സര്‍ക്കാര്‍ രംഗത്തിറങ്ങിയത്.
ഒന്നാം ക്ലാസിലെ തമിഴ്, ഇംഗ്ലീഷ് പുസ്തകങ്ങളും ആറാം ക്ലാസിലെ തമിഴ്, സാമൂഹിക ശാസ്ത്രം, സയന്‍സ് ടെക്സ്റ്റുകളുമാണ് കാര്യമായ തിരുത്തല്‍ പ്രക്രിയയ്ക്ക് വിധേയമാകുക. തമിഴിനൊപ്പം ഇംഗ്ലീഷ് മീഡിയത്തിലെയും ടെക്സ്റ്റ് പുസ്തകങ്ങള്‍ക്കും തിരുത്തല്‍ ബാധകമാണ്.
പ്രശസ്ത തമിഴ് പണ്ഡിതനും കവിയുമായ അബ്ദുറഹ്മാന്റെ കവിത ഉള്‍പ്പെടെയുള്ള പാഠഭാഗങ്ങള്‍ക്കാണ് ആറാം ാസിലെ തമിഴ്ഭാഷാ പുസ്തകത്തില്‍ തമസ്കരണം വിധിച്ചിരിക്കുന്നത്.
പുതുക്കവിതാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പുസ്തകത്തിന്റെ 56-ാം പേജില്‍ ഇടംപിടിച്ചിരുന്ന കവിത പൂര്‍ണമായും സ്റ്റിക്കര്‍ പതിച്ച് മറയ്ക്കണമെന്നാണ് നിര്‍ദേശം. ഡി.എം.കെ. സര്‍ക്കാറിന്റെ നേതൃത്വത്തില്‍ കോയമ്പത്തൂരില്‍ അരങ്ങേറിയ രാജ്യാന്തര തമിഴ് ക്ലാസിക്കല്‍ സമ്മേളനത്തിന്റെ മുഖ്യ സംഘാടകനായിരുന്നു എന്നതാണ് അബ്ദുറഹിമാന് അനഭിമതനാകാന്‍ കാരണം. തൈപ്പൊങ്കലിനെ തമിഴ് പുതുവര്‍ഷാരംഭമായി ചിത്രീകരിക്കുന്ന പേജ് 129, ചെന്നൈ സംഗമത്തെക്കുറിച്ച് സൂചനയുള്ള പേജ് 53 എന്നിവയും കറുപ്പു മഷിപുരട്ടി മായ്ക്കണം.
സയന്‍സ് ടെക്സ്റ്റില്‍ പദാര്‍ഥങ്ങളുടെ കാന്തിക സ്വഭാവം വിശദീകരിക്കുന്ന 81-ാം പേജിലെ പാഠഭാഗത്തിനൊപ്പം കൊടുത്ത വര്‍ണ ചിത്രത്തിലാണ് സ്റ്റിക്കര്‍ പതിക്കേണ്ടത്. മാഗ്നറ്റിന്റെ ചിത്രത്തിന് ഡി.എം.കെയുടെ കൊടിനിറമായ ചുവപ്പും കറുപ്പുമായിപ്പോയതാണ് നിരോധനത്തിനു പിന്നിലെ പ്രേരണയെന്നുവ്യക്തം. സാമൂഹ്യപാഠം ഭാഗം നാലില്‍ ഡി.എം.കെ. സര്‍ക്കാറിന്റെ കാലത്ത് നടപ്പാക്കിയ വിവിധ ജനക്ഷേമ ഇന്‍ഷുറന്‍സ് പദ്ധതികളെ പരാമര്‍ശിക്കുന്ന 11, 12, 17 പേജുകളിലെ ഉള്ളടക്കമെല്ലാം കറുത്ത മഷി തേച്ച് കണാതാക്കണം.
ജനാനുകൂല പദ്ധതികള്‍ക്കെല്ലാം തുടക്കമിട്ടത് കലൈഞ്ജര്‍ കരുണാനിധിയാണെന്ന പേജ് 24-ലെ വരികളും കരുണാനിധിയുടെ നിരന്തര ശ്രമഫലമായാണ് തമിഴ് ഭാഷയ്ക്ക് 2004-ല്‍ ക്ലാസിക്കല്‍ പദവി ലഭിച്ചതെന്ന പേജ് 24-ലെ വിവരണവും വെട്ടിമാറ്റണം. സൂര്യഗ്രഹണത്തെക്കുറിച്ച് പേജ് 35-ലെ പാഠത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന സൂര്യബിംബ ചിത്രം, ഡി.എം.കെ.യുടെ തിരഞ്ഞെടുപ്പു ചിഹ്നമായ ഉദയസൂര്യനോട് സാദ്യശ്യമുള്ളതിനാലാവണം വിദ്യാര്‍ഥികള്‍ കാണേണ്ടെന്നുവെച്ചിട്ടുള്ളത്.
അക്കാദമിക്ക് പരിഗണന മാത്രമാണ് സ്കൂള്‍ പാഠപുസ്തക ശുദ്ധീകരണത്തിനു പിന്നിലുള്ളതെന്നും ഇതിനു രാഷ്ട്രീയനിറം കൊടുക്കുന്നത് തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നുമാണ് ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ക്ക് സംസ്ഥാന വിദ്യാഭ്യാസ അധികൃതര്‍ നല്കുന്ന മറുപടി. പ്ലസ് ടു ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ പിന്ചട്ടയില് അച്ചടിച്ചിരുന്ന തമിഴ് ക്ലാസിക്കല്‍ സമ്മേളനത്തിന്റെ മുദ്ര സ്റ്റിക്കര്‍ പതിച്ചുമറച്ചതിനെത്തുടര്ന്നുണ്ടായ വിവാദം കെട്ടടങ്ങും മുന്‍പാണ് സ്കൂള്‍ ടെക്സ്റ്റ് പുസ്തകഭാഗങ്ങള് വ്യാപകമായി തമസ്കരിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പടപ്പുറപ്പാട്
2 comments:
അധികം വൈകാതെ കേരളത്തിലും പൂരം വരും ഏകീകൃത സിലബസ് (c ബി S ഇ) നടപ്പില്‍ വരുത്താന്‍ റബ് മന്ത്രിക്കു ചുമതല
പാഠപുസ്തക പരിഷ്കരണത്തിന് ഒരു പുത്തന്‍ മാതൃക !...കേരളം ഈ വഴിയെ പോകില്ലെന്ന് ആശിക്കാം.
Post a Comment